കേരളീയമോ, അതല്ലേ കുളിച്ചില്ലെങ്കിലും പുരപ്പുറത്ത് ഉണക്കാനിടുന്ന തുണിവാൽക്കഷ്ണം !

JULY 10, 2024, 11:01 PM

ഏതായാലും 2024 ഡിസംബർ വരെയെങ്കിലും മുഖ്യമന്ത്രി പദവിയിൽ പിണറായി ഉണ്ടാകും. കാരണം, ഡിസബറിലാണ് കേരളീയത്തിന്റെ രണ്ടാം സീസൺ അരങ്ങേറുന്നത്. കഴിഞ്ഞ കേരളീയത്തിന്റെ പിന്നിലുണ്ടായിരുന്ന താപ്പാനകൾ ചൊവ്വാഴ്ച (ജൂലൈ 9) തലസ്ഥാനത്ത് യോഗം ചേർന്നിരുന്നു. അന്നുതന്നെ ഒരു പൊതു പരിപാടിയിലും മുഖ്യമന്ത്രി കേരളീയം 2024 ഡിസബറിൽ നടത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. സർക്കാർ ഇതിനായി കഴിഞ്ഞ തവണ അനുവദിച്ചത് 28 കോടി രൂപയായിരുന്നു. ഇത്രയും പണം കൊണ്ട് കേരളത്തിൽ നിർമ്മാണം മുടങ്ങിക്കിടക്കുന്ന  ദുർബല വിഭാഗങ്ങൾക്കുള്ള 800 ലൈഫ് വീടുകളെങ്കിലും നിർമ്മിക്കാമായിരുന്നുവെന്ന് ഒരാൾ ചാനലിൽ പറയുന്നതു കേട്ടു.

കേരളീയത്തിനായുള്ള മറ്റ് ചെലവുകൾ സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. പ്രതിപക്ഷ എം.എൽ.എ.മാർ പലവട്ടം നിയമസഭയിൽ ചോദിച്ചിട്ടും സർക്കാർ നൽകിയ 28 കോടി രൂപയുടെ കണക്ക് പുറത്തുവിടാൻ സർക്കാർ വിമുഖരായിരുന്നു. ഒടുവിൽ ആ കണക്ക് നിയമസഭയിൽ വന്നു. ഉദ്ഘാടകനായ സൂപ്പർ സ്റ്റാറിന്റെ വിമാനയാത്രക്കൂലിയടക്കം ഈ പട്ടികയിലുണ്ടായിരുന്നു. സ്‌പോൺസർഷിപ്പ് തുകകൾ പിരിക്കാൻ കേരളത്തിലെ ജി.എസ്.ടി. തലവനെയാണ് സർക്കാർ രംഗത്തിറക്കിയത്. പി.ആർ.ഡി.യുടെ അക്കൗണ്ട് വഴിയാണ് ഈ തുകയത്രയും ശേഖരിച്ചത്.

എന്നാൽ ആ പിരിവിന്റെ കണക്ക് സർക്കാർ ഇതുവരെ ജനങ്ങളെ അറിയിച്ചിട്ടില്ല. ഇത്തവണ സെപ്തംതബർ ആറിനാണ് ഓണാഘോഷങ്ങളുടെ തുടക്കം. തിരുവനന്തപുരം ഒന്നാകെ ഓണദിനങ്ങളിൽ വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കപ്പെടുമെങ്കിലും, അതേ ആഘോഷങ്ങളുടെ പൊടിയടങ്ങുന്നതിനു മുമ്പേയാണ് ഇത്തവണ കേരളീയത്തിന്റെ രണ്ടാം സീസൺ അരങ്ങേറുക. മലയാളികൾ ജാതിമതഭേദമില്ലാതെ നടത്തുന്ന  ഓണഘോഷങ്ങൾ ഒന്നുകൂടി പകിട്ട് കൂട്ടിയാൽ അതുമതി ലോകമെങ്ങും കേരളത്തിന്റെ ഖ്യാതിയെത്താൻ എന്നിട്ടും 'കേരളീയ' മെന്ന വഴിപാട് പരിപാടി ആരെയോ പോഷിപ്പിക്കാനുള്ളതെന്നാണ് പരാതികളുള്ളത്.

vachakam
vachakam
vachakam

എല്ലാം സി.എം.ന്റെ പി.ആർ. പരിപാടിളോ?

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ ശിവകാശിയിലെ ഏതോ പ്രസ്സിൽ അച്ചടിച്ച കളർ പോസ്റ്ററുകളിലൂടെ ഇനി കൂടുതൽ മിഴിവോടെ ജനഹൃദയങ്ങളിലേക്ക് പകരാനുള്ള ശ്രമമാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്ന പല ഇവന്റുകളും. നവകേരള സദസ്സിനായി അച്ചടിച്ച പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെ ബിഗ് സൈസ് ഫോട്ടോയും മന്ത്രിമാരുടെ സ്റ്റാമ്പ് സൈസ് ഫോട്ടോയുമാണുണ്ടായിരുന്നത്. ലോക കേരള സഭയും കേരളീയവുമെല്ലാം നടത്തുമ്പോൾ പിണറായിയുടെ 'മൈലേജ്' ഉയരുമെന്ന കണക്കുകൂട്ടൽ ആരുടേതാണാവോ ? കഴിഞ്ഞ കേരളീയത്തിന് മുഖ്യമന്ത്രിയുടെ തലയുള്ള 4 ലക്ഷം പോസ്റ്ററുകളാണ് ഒട്ടിച്ചത് !

ലോക്‌സഭാ ഇലക്ഷൻ തോൽവിയോടു കൂടി സർക്കാരിന്റെ പണം ചെലവഴിക്കുന്നതിലെ മുൻഗണനാക്രമം തിരുത്തുമെന്ന് പാർട്ടിയുടെ സെക്രട്ടറി തന്നെ പറഞ്ഞിരുന്നു. ഗ്രാമങ്ങളുടെ വികസനമാണ് ഇടതു സർക്കാരിന്റെ അജണ്ടയെന്നും പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞ ബജറ്റിൽ വരുമാനത്തിന്റെ 1 ശതമാനം (7290 കോടി രൂപ) മാത്രമാണ് മാറ്റിവച്ചതെന്നത് മറക്കരുത്. ഉപ്പിനും  കർപ്പൂരത്തിനും ഓട്ടോ ചാർജിലും വർക്ക് ഷോപ്പിലെ പണിക്കൂലിക്കും, സ്‌കൂൾ കുട്ടികൾക്കായുള്ള പുസ്തക സഞ്ചിക്കും വരെ അമിത നികുതി നൽകുന്ന ജനങ്ങളുടെ 'പിച്ചക്കാശ് നികുതി' തോന്നിയതു പോലെ ചെലവഴിക്കുന്നത് ശരിയോ തെറ്റോ ? ഇക്കാര്യം ജനം ചിന്തിക്കട്ടെ.

vachakam
vachakam
vachakam

പത്തനംതിട്ടയിൽ പണക്കിലുക്കം, പടല പിണക്കം

പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഉന്തും തള്ളുമുണ്ടായത് നവകേരള സദസിനായി പിരിച്ച പണത്തെ ചൊല്ലിയായിരുന്നു. അവിടെ 'ഇഡ്ഡലി' കൂട്ടി വിളിപ്പേരുള്ള കാപ്പക്കേസ് പ്രതിയെ മന്ത്രി വീണാ ജോർജ് മാലയിട്ട് സ്വീകരിച്ചതും, ജില്ലാ സെക്രട്ടറി ഉദയഭാനു ചെങ്കൊടി നൽകി  സ്വീകരിച്ചതും ജനം ചാനലുകളിൽ കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ക്രിമിനലുകൾക്കായി സി.പി.എം. തുടങ്ങിയ 'മാനസാന്തര സെന്ററുകൾ' ഇനി പലയിടത്തും പതിവു കാഴ്ചയാകും. ആശുപത്രിയിൽ കയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ ആരോഗ്യസ്ത്രീ സുരക്ഷാ വകുപ്പ് മന്ത്രി തന്നെ മാലയിട്ട് സ്വീകരിച്ചതിന് എന്തു ന്യായീകരണമാണ് പഴയ ദൃശ്യ മാധ്യമ പ്രവർത്തക   കൂടിയായ മന്ത്രി വീണാ ജോർജിന് പറയാനുള്ളത് ?

പാർട്ടിയുടെ ഉന്നതങ്ങളിലെ ദുഷ്പ്രവണതകൾ പ്രാദേശിക ഘടകങ്ങളിലേക്കും 'ആഫ്രിക്കൻ പായൽ' പോലെ പരന്നു നിറയുന്നത് എന്തേ ഇടതു സഖാക്കൾ കാണാതെ പോകുന്നത് ? ജനത്തിന് അറിയാത്ത പല അവിഹിത ഇടപാടുകളും പാർട്ടിയിൽ ചേക്കേറിയ ചില പുതു തലമുറ നേതാക്കൾ നടപ്പാക്കുമ്പോൾ, ആ പ്രവണതകളെ പ്രതിരോധിക്കാൻ സഖാവ് കൃഷ്ണ പിള്ളയുടെയും ഇ.എം.എസിന്റെയും അനുയായികൾക്ക് കഴിയാതെ പോകുന്നുണ്ട്.

vachakam
vachakam
vachakam

അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള 'ഇറക്കുമതി' യുടെ നിയന്ത്രണം പണ്ടു മുതലേ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ കൈകളിൽ ഭദ്രമാണ്. ബംഗ്ലാദേശ് ഇന്ത്യാ അതിർത്തിയിലെ ഒരു പുഴ കടന്നുവരുന്നതോടെ, ഒരു അഭയാർത്ഥി പാർട്ടിയുടെ തണലിലേക്കാണ്   പ്രവേശിക്കുന്നത്. ഇപ്പോൾ ആ വരവ് കുറഞ്ഞിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ  പ്രവർത്തിച്ചിരുന്ന 'വ്യാജ ആധാർ നിർമ്മാണ കേന്ദ്രം' 50,000ൽ ഏറെ പേർക്കാണ് വ്യാജ ഐ.ഡി. കാർഡുകളും മറ്റും നിർമ്മിച്ചു നൽകിയത്. അന്വേഷണ വിവരം ചോർന്നതോടെ, ഈ 'വ്യാജ ആധാർ കേന്ദ്രം' നടത്തിയ ആൾ അപ്രത്യക്ഷനായി. ഇതു സംബന്ധിച്ച പൊലീസ് അന്വേഷണവും ഇതോടെ നിലച്ചു. 

പാലക്കാട് വിജയരാഘവന്റെ പരാജയ വിലാപം

പാലക്കാട്ട് എട്ടു നിലയിൽ പൊട്ടിയ എ. വിജയരാഘവൻ, സി.പി.എം. പൂതലിച്ചുവെന്നാണ് പറഞ്ഞത്. പത്തനംതിട്ടയിലെ 'ബലിയാട്' ഡോ. തോമസ് ഐസക്കാകട്ടെ, പാർട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടപ്പെട്ടതായി കുറ്റപ്പെടുത്തി. എം.എ. ബേബിയാകട്ടെ, നാലുപേർ വായിക്കുന്ന എല്ലാ മാധ്യമങ്ങളെയും ഒഴിവാക്കി രവി ഡീസിയുടെ പുസ്തക കച്ചവടത്തിന്റെ കാറ്റ് ലോഗെന്നു പറയാവുന്ന പച്ചക്കുതിരയിൽ പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾ നിരത്തുകയുണ്ടായി. പാലക്കാട്ട് തോറ്റ വിജയരാഘവൻ ഒരു കാര്യം മറന്നു. അദ്ദേഹത്തിന്റെ സഹധർമ്മിണി മന്ത്രി ആർ. ബിന്ദുവിന്റെ നിയമസഭാ മണ്ഡലത്തിൽ ഇടതു വോട്ടുകളിൽ അരലക്ഷത്തിലേറെ കുറവുണ്ടായെന്നത് വിജയരാഘവൻ സൗകര്യപൂർവം പറയാതെ പോയതെന്ത് ?

പിരിക്കുന്ന നികുതിയത്രയും 'പുട്ടടിക്കുന്ന' വർഗം !

ജനങ്ങൾ നൽകേണ്ട എല്ലാ നികുതികളും നിരക്കുകളും രണ്ടാം പിണറായി സർക്കാർ കുത്തനെ കൂട്ടി. ഒറ്റ കാര്യം മാത്രം പറയട്ടെ: വൈദ്യുതി ചാർജ് ഇടതു ഭരണകാലത്ത് വർധിപ്പിച്ചത് നാല് തവണയാണ്! എന്നാൽ വേണ്ടപ്പെട്ടവർക്ക് പണം വാരി വാരി കൊടുക്കുകയാണ് ഈ സർക്കാർ. കേരളത്തിന്റെ ഡെൽഹി പ്രതിനിധി കെ.വി. തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചത് 2024 ജനുവരിയിലാണ്.

എന്നാൽ ആ സെക്രട്ടറിയുടെ ശമ്പള കുടിശ്ശിക മുൻകാല   പ്രാബല്യത്തോടെ നൽകാൻ ഈ സർക്കാർ തയ്യാറായി. 5 ലക്ഷം രൂപയാണ് സർക്കാർ ഇങ്ങനെ 'ഔദാര്യ പൂർവം' സെക്രട്ടറിക്ക് നൽകിയത്. ഇനി വേറൊരു ഉദാഹരണം കൂടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ നഷ്ടം 132 കോടി രൂപയായിരുന്നു. അവിടെയുള്ള 'പുന്നാര എം.ഡി'ക്ക് സർക്കാർ ഇപ്പോൾ വേതനം കൂട്ടി. മൂന്നരലക്ഷം രൂപയായിരുന്ന ശമ്പളം  ഇപ്പോൾ 4 കോടി 18 ലക്ഷം രൂപ!

കേരള കലാ മണ്ഡലത്തിന്റെ ചെയർമാനായി ശ്രീമതി മല്ലികാ സാരാഭായ് വന്നത് 'ഫ്രീസർവീസ്' നൽകുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു. ഇപ്പോൾ 2 ലക്ഷം രൂപയാണ് മല്ലികയുടെ മാസ ശമ്പളം. യാത്രാ ബത്തയും മറ്റ് ചെലവുകളും വേറെ. കാരുണ്യ പദ്ധതിയിൽ 217 കോടി രൂപ കുടിശ്ശികയായിരിക്കെ, ആശുപത്രികളൊന്നും തന്നെ കാരുണ്യ പദ്ധതിയിലില്ലെന്നതാണ് സത്യം. ആശുപത്രികൾക്കു മാത്രമുള്ള കുടിശ്ശിക 217 കോടി രൂപയാണ്. രാഷ്ട്രീയ കുറ്റവാളികളുടെ കേസുകൾ വമ്പൻ വക്കീൽമാരെക്കൊണ്ട് വാദിപ്പിക്കാൻ സർക്കാർ കഴിഞ്ഞ വർഷം ചെലവഴിച്ചത് 2 കോടി 86 ലക്ഷം രൂപയാണ്. കേന്ദ്രവുമായി 'സാമ്പത്തിക വ്യവഹാര'ത്തിനുപോയ വകയിൽ കപിൽ സിബലിന്റെ വക്കീൽ ഫീസ് 1 കോടി കവിഞ്ഞിട്ടുണ്ട്.

ചില സാമ്പത്തിക യാഥാർത്ഥ്യങ്ങൾ മറക്കരുതേ

ഒരിക്കലും ഇടതുപാർട്ടികളെ കണ്ണുമടച്ച് കുറ്റപ്പെടുത്തുകയാണെന്നു വായനക്കാർ കരുതരുത്. കേന്ദ്ര ബജറ്റിനു മുമ്പ് സംസ്ഥാന ധനമന്ത്രിമാർ കേന്ദ്രമന്ത്രിയെ നേരിട്ടു കണ്ട് ചില നിർദ്ദേശങ്ങൾ സമർപ്പിക്കാറുണ്ട്. ഇത്തവണ നമ്മുടെ സംസ്ഥാന ധനമന്ത്രി രണ്ട് കാര്യങ്ങളാണ് കേന്ദ്രത്തിനു മുമ്പിൽ സമർപ്പിച്ചത്. ഒന്നാമത്തേത് 24000 കോടി കടമെടുക്കാൻ കഴിയുന്നവിധം സ്‌പെഷ്യൽ പാക്കേജ് വേണം. രണ്ടാമത്തേത് സിൽവർ ലൈൻ പദ്ധതി അനുവദിക്കണം. ആദ്യം കടമെടുപ്പിന്റെ കാര്യം. ഏതു സംസ്ഥാനമായാലും വരുമാനത്തിന്റെ 10 ശതമാനം പലിശയായി നൽകാവുന്ന വായ്പ മാത്രമേ എടുക്കാവൂ എന്നാണ് കീഴ് വഴക്കം. ഇക്കാര്യത്തിൽ ദേശീയ ശരാശരി പോലും 13.39 ശതമാനമാണ്. പക്ഷെ പലിശയായി കേരളം ഇപ്പോൾ നൽകുന്നത് വരുമാനത്തിന്റെ 20 ശതമാനത്തോളമാണ് !

കബാലി, പടയപ്പ, മുറിവാലൻ.. കണ്ടും കേട്ടും ജനം മടുത്തു

ഞെട്ടേണ്ട ! ഇതെല്ലാം കാട്ടാനകളുടെ പേരുകളാണ്. ഇന്ന് (ബുധൻ) രാവിലെ ചാനലിൽ കണ്ടത് മലയാറ്റൂരിനടുത്തുള്ള ഇല്ലിത്തോട് നിവാസികളുടെ ജനപക്ഷമായിരുന്നു. രാവിലെ ഉറക്കമെഴുന്നേറ്റ ഒരു വീട്ടുകാർ കാണുന്നത് അവരുടെ കിണറ്റിൽ വീണ കുട്ടിയാനയെ വലിച്ചു കയറ്റാൻ പാടുപെടുന്ന 'അമ്മയാന'യെയാണ്. ഏതായാലും ഒരു വിധത്തിൽ 'അമ്മ' 'മകനെ' വലിച്ചു കയറ്റി. ഇരുവരും കാട്ടിലേക്ക് കയറിപ്പോയി. എന്നാൽ ഈ 'സാഹസിക യജ്ഞം' കാണാൻ ഫോറസ്റ്റുകാർ ആരുമെത്തിയില്ല. സ്റ്റേഷനിൽ വിളിച്ചപ്പോൾ വാഹനമില്ലെന്നായിരുന്നു മറുപടി. ചൊവ്വാഴ്ച രാവിലെ അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ രണ്ട് മണിക്കൂർ നേരം ട്രാഫിക് നിയന്ത്രിച്ചത് കഴിഞ്ഞ ആഴ്ചക്കുറിപ്പിലെ കരി വീരൻ കബാലിയായിരുന്നു.

രോഗികൾ ഇല്ലാതിരുന്ന ഒരു ആംബുലൻസും ഒരു കെ.എസ്.ആർ.ടി.സി ബസ്സും ഭാഗ്യം കൊണ്ടുമാത്രമാണ് കബാലിയിൽ നിന്ന് രക്ഷപ്പെട്ടത്. വനം വകുപ്പ് എന്തോ ഒരു സംഘർഷ ലഘൂകരണ സംവിധാനം ഏർപ്പെടുത്തിയിരുന്നതായി കഴിഞ്ഞ ആഴ്ചക്കുറിപ്പിൽ എഴുതിയിരുന്നുവല്ലൊ. ഏതായാലും മൊബൈലിന് റേഞ്ചില്ലാത്തതുകൊണ്ട് നാട്ടുകാർക്ക് ഈ സംവിധാനം പ്രയോജനപ്പെടുന്നതേയില്ല 

കള്ളക്കർക്കിടകത്തിന്റെ സാമ്പിൾ തന്നെ പൊടി പൂരം

പണമില്ലാത്തതിനാൽ ജനക്ഷേമ പദ്ധതികൾ ഇഴയുന്നു. കേരളത്തിലെ ദേശീയ പാതാ നിർമ്മാണം അദാനിയുടെ കമ്പനി ഏറ്റെടുത്തിട്ടുണ്ടെങ്കിലും, അവർ ചെറുകിട കരാറുകാർക്ക് 'പണി' വീതിച്ചു നൽകിയിരിക്കുകയാണ്. അതാകട്ടെ, തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജനങ്ങൾക്ക്  'മുട്ടൻ പണി'യായിക്കഴിഞ്ഞു. അരൂർ ഇടപ്പള്ളി ദേശീയ പാതയിലെ ആകാശപ്പാതയുടെ നിർമ്മാണത്തുടക്കത്തിലേ കുണ്ടന്നൂരും, അരൂരിലും നെട്ടൂരിലുമുള്ള ജനം 'എയറി'ലാണ്. ഇപ്പോഴും സമരം നടക്കുന്നു.

ഹൈക്കോടതി ഇടപെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ കൈകഴുകി നിൽപ്പാണ്. എല്ലാ റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ടും 'പഞ്ച് ഡയലോഗ്' പറയുന്ന പഴയ ഡിഫിക്കാരനായ മന്ത്രിക്കു മുന്നിൽ പെടാതെ വഴിമാറി നടക്കുന്നതാണ് ബുദ്ധിയെന്നു തോന്നുന്നു. അതുകൊണ്ട്, ഭരണത്തിന്റെ 'ചെളിക്കുണ്ട്' തീർത്ത് അർമാദിക്കുന്ന എല്ലാ മന്ത്രിമാർക്കും വരാൻ പോകുന്ന കള്ളക്കർക്കിടകത്തിന്റെ നമോവാകം.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam