വീണ്ടും ... വീണ്ടും...കമല! 

AUGUST 20, 2024, 8:53 PM

വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന്റെ മേല്‍ക്കൈ പ്രകടമാക്കുന്ന മറ്റൊരു സര്‍വേ ഫലം കൂടി പുറത്തുവന്നിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കമലയ്ക്ക് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ എതിരാളിയുമായ ഡൊണാള്‍ഡ് ട്രംപിന് മേല്‍ നേരിയ മുന്‍തൂക്കം ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് വാഷിംഗ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ് സര്‍വേ വ്യക്തമാക്കുന്നത്.

കേവലം നാല് പോയിന്റ് മുന്‍തൂക്കമാണ് സര്‍വേ പറയുന്നതെങ്കിലും ഇതിന് കൃത്യമായ രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വ്യക്തമാക്കുന്നത്. കാരണം നേരത്തെ ജോ ബൈഡന്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന സമയത്ത്, അതായത് ഒരു മാസം മുന്‍പ് വരെ ഇരുവരും തമ്മില്‍ കടുത്ത പോരാട്ടമാണെന്ന നിലയിലായിരുന്നു സര്‍വേകള്‍ പറഞ്ഞിരുന്നത്. അവിടെ നിന്നാണ് കമലയുടെ നേതൃത്വത്തില്‍ ഡെമോക്രാറ്റുകള്‍ മികച്ച മുന്നേറ്റം തുടര്‍ച്ചയായി ഉണ്ടാക്കി എടുക്കുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന് മുന്നോടിയായി വന്ന സര്‍വേ ഫലം കമലയ്ക്ക് കൂടുതല്‍ മൈലേജ് നല്‍കുമെന്നാണ് വിലയിരുത്തല്‍. ഈ കണ്‍വെന്‍ഷനില്‍ വച്ചാവും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് തന്റെ നാമനിര്‍ദ്ദേശം ഔദ്യോഗികമായി സ്വീകരിക്കുക. അതിന് മുന്‍പ് തന്നെ സര്‍വേ ഫലം വന്നത് കമലയ്ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ഉറപ്പാണ്.

കമല ഹാരിസ് 49 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ട്രംപ് 45 ശതമാനവുമായി ഒട്ടും പിന്നിലല്ലെന്ന് സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നാം കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ കമല ഹാരിസ് 47 ശതമാനവും ട്രംപിന് 44 ശതമാനവും റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ 5 ശതമാനവും പിന്തുണയാണ് നേടിയതെന്ന് വ്യക്തമാകുന്നു.

ജൂലൈയില്‍ ട്രംപ് 43 ശതമാനവും ബൈഡന്‍ 42 ശതമാനവും കെന്നഡി 9 ശതമാനവും പിന്തുണയോടെ നിന്നിരുന്ന സ്ഥാനത്താണ് കമലയുടെ മുന്നേറ്റം. അതേസമയം, പുതിയ സര്‍വേ കമല ഹാരിസിന് മുന്‍തൂക്കം നല്‍കുന്ന സാഹചര്യത്തില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടുതല്‍ ശക്തമായ പോരാട്ടത്തിന് തന്നെ സാക്ഷ്യം വഹിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ, അരിസോണ, നെവാഡ എന്നീ ഏഴ് സംസ്ഥാനങ്ങളാവും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക. ഇവിടെ മുന്നേറ്റം നടത്തുന്നയാള്‍ക്ക് തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെടാന്‍ കഴിഞ്ഞേക്കും. മറ്റ് സര്‍വേകളില്‍ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങളില്‍ കമല ഹാരിസിന് മേല്‍ക്കൈ ഉണ്ടെന്നാണ് പറയുന്നത്.

ജോ ബൈഡന്‍ മത്സരിക്കുമെന്ന് കരുതിയ സമയത്ത് ഉള്ളതിനേക്കാള്‍ മികച്ച നിലയാണ് ഇപ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് ഉള്ളതെന്നാണ് വിവരം. പ്രായക്കൂടുതലും ട്രംപിനൊപ്പം പങ്കെടുത്ത സംവാദത്തിലും മോശം പ്രകടനവും ഒക്കെ കാരണം മത്സര രംഗത്ത് നിന്ന് ബൈഡന്‍ പിന്മാറിയിട്ട് ഒരു മാസം തികയും മുന്‍പാണ് കമല ഹാരിസിന്റെ മികച്ച പ്രകടനം ചര്‍ച്ചയാവുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam