ജയിച്ചുകൊണ്ടിരിക്കുന്ന ടീമിൽ കയറിപ്പറ്റി മാൻ ഓഫ് ദ മാച്ച് ആകാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ചിന്തിച്ചത് ആ വഴിയിലാണ്. ജസ്റ്റിസിന്റെ കോട്ട് ഊരി വച്ചു. നേരേ നടന്നു കയറി ബി.ജെ.പി കുപ്പായം അണിഞ്ഞു. ലക്ഷ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയം തന്നെ. വളച്ചുകെട്ടില്ലാതെ അത് പറഞ്ഞു. സ്ഥാനാർഥിത്വം അന്തിമായി തീരുമാനിക്കുക ബി.ജെ.പി നേതൃത്വമെന്ന് അദ്ദേഹം അറിയിച്ചു.
അഴിമതിക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ് ജസ്റ്റിസിന് ബി.ജെ.പി പ്രവേശം. കാരണം മമത അടിമുടി അഴിമതിയിൽ മുങ്ങിയെന്ന് കോടതിമുറിയിൽ ഇരുന്ന് അദ്ദേഹം കണ്ടു. അത് തുടച്ചുനീക്കണം. 2009ൽ സി.പി.എമ്മിന് നേരിട്ടത് എന്തോ അത് ഇതാ 2024ൽ മമതാ ബാനർജിയെ വിഴുങ്ങാനിരിക്കുന്നു എന്ന് വാർത്താസമ്മേളനം വിളിച്ച് അദ്ദേഹം പ്രവചിച്ചു.
ജസ്റ്റിസ് ഗംഗോപാധ്യായ ബംഗാളിൽ ബി.ജെ.പിയുടെ ക്ലീൻ സ്വീപ്പ് സ്വപ്‌നം കാണുകയാണ്. മമത സി.പി.എമ്മിനെ ഏതാണ്ട് വീഴ്ത്തിയത് അതേ രൂപത്തിൽ ആയിരുന്നുവല്ലോ. ബംഗാളിൽ ആകെ 42 ലോക്‌സഭാ സീറ്റുകൾ ഉണ്ട്. 2019ൽ തൃണമൂൽ 22ൽ ജയിച്ചു. ബി.ജെ.പി 18. കോൺഗ്രസ് 2. അഞ്ച് കൊല്ലം മുമ്പ് 2014ൽ ഇതായിരുന്നില്ല സ്ഥിതി. അന്ന് തൃണമൂലിന് 34 ഉണ്ടായിരുന്നു. കോൺഗ്രസിന് നാലും സി.പി.എമ്മിനും ബി.ജെ.പിക്കും രണ്ട് വീതവും. ആ രണ്ടിൽനിന്ന് 18ലേക്ക് തങ്ങളുടെ ശക്തി കൂട്ടാൻ പറ്റിയെന്നതാണ് ബി.ജെ.പി.യുടെ ആത്മവിശ്വാസം. മമതയുടെ സ്ഥിതി 34ൽനിന്ന് 22 ലേക്ക് കുറഞ്ഞു എന്നതും. സി.പി.എം കഴിഞ്ഞ തവണ ചിത്രത്തിലേ ഇല്ലാതായി. കോൺഗ്രസ് പേരിന് മാത്രം. ഈ കളത്തിൽ ഇത്തവണ മമതയെ വീഴ്ത്തി ബംഗാളിൽ കുതിപ്പാണ് ബി.ജെ.പിയുടെ ലക്ഷ്യം. അവരുടെ സ്വപ്‌നം.
അങ്ങനെ ജയിച്ചു കയറുന്ന ടീമിലേക്കാണ് ജസ്റ്റിസ് ഗംഗോപാധ്യായ പ്രധാന കളിക്കാരനായി വരുന്നത്. വിധികളിലൂടെ കയ്യടി നേടിയ ആളാണ് ജസ്റ്റിസ് ഗംഗോപാധ്യായ. മമതയെ ശ്വാസം മുട്ടിച്ച വിധികൾ പലതും പുറപ്പെടുവിച്ചിരുന്നു. കോടതിയിൽനിന്ന് ഇറങ്ങി രാഷ്ട്രീയത്തിലേക്ക് എന്ന് പറഞ്ഞപ്പോൾ മൂന്ന് സാധ്യതകളായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം.
'ഞാൻ ഒരു ഹിന്ദുവാണ്. ദൈവത്തിൽ വിശ്വസിക്കുന്നു. അതിനാൽ സി.പി.എമ്മിലേക്കും കോൺഗ്രസിലേക്കും ഇല്ല.' ഒട്ടും സംശയത്തിന് ഇടകൊടുക്കാതെ അദ്ദേഹം നിലപാട് വ്യക്തമാക്കി. ബംഗാളിലെ എയ്ഡഡ് സ്‌കൂളുകളിൽ ടീച്ചിംഗ്, നോൺ ടീച്ചിംഗ് തസ്തികളിലേക്കുള്ള നിയമനങ്ങളിൽ അഴിമതി നടന്നു എന്ന കേസിൽ സി.ബി.ഐ, ഇഡി അന്വേഷണത്തിന് ഉത്തരവിട്ട് മമതയെ വിരട്ടിയിരുന്നു ഗംഗോപാധ്യായ. ബി.ജെ.പിയെ തൃപ്തിപ്പെടുത്തിയ വിധി. ആ വിധിയിൽ കോൺഗ്രസിനും സി.പി.എമ്മിനും സന്തോഷം ഉണ്ടായെങ്കിലും നേട്ടം ബി.ജെ.പി കൊയ്യുമെന്ന അവർക്ക് വ്യക്തമായി അറിയാം.
അഴിമതിക്കെതിരെ പോരാടാൻ കോടതി മുറി പോര, അതിന് പുറത്ത് രാഷ്ട്രീയം തന്നെ വേണം എന്നാണ് ജസ്റ്റിസിന്റെ അഭിപ്രായം. കേവലം ഒരു പഞ്ചായത്ത് അംഗമായി അഴിമിതി വിരുദ്ധ പോരാട്ടം നടത്താനാകില്ലല്ലോ ജസ്റ്റിസിന്റെ പുറപ്പാട്. തീർച്ചയായും ലക്ഷ്യം വലുതായിരിക്കും. പ്രത്യേകിച്ച് ഹൈക്കോടതി ജഡ്ജിയായിരുന്ന ആൾ.
സംസ്ഥാനത്ത് നേട്ടമുണ്ടാക്കുന്ന ബി.ജെ.പിക്ക് ക്ലീൻ ഇമേജുള്ള ഒരു നേതാവിനെ ആവശ്യമാണ്. രാഷ്ട്രീയത്തിൽ നിലവിലുള്ളവരുടെ കുപ്പായം നോക്കിയാൽ അതിലെല്ലാം ചെളിപുരണ്ടിരിപ്പുണ്ട്. തൃണമൂലൂം കോൺഗ്രസും വിട്ട് വന്നവരാണ് പല ബി.ജെ.പി നേതാക്കളും. സി.ബി.ഐ, ഇഡി അന്വേഷണം നേരിട്ടവർ കൂട്ടത്തോടെ ബി.ജെ.പിയിലെത്തി അന്വേഷണം അവസാനിപ്പിച്ച് സ്വസ്ഥത തേടി. മറ്റ് രാഷ്ട്രീയ നേട്ടത്തേക്കാൾ അവർ അതിൽ തൃപ്തിയടയും.
മമതയുടെ അഴിമതി മുഖ്യ ആയുധമാക്കുമ്പോൾ, അഴിമതിക്കാരനല്ലാത്ത ഒരാളെ ഉയർത്തിക്കാട്ടാൻ ബി.ജെ.പിക്ക് വേണം. അതാണ് ഗംഗോപാധ്യയുടെ സ്ഥാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയ്ക്ക് ചെക്ക് പറയാൻ ബി.ജെ.പി കണ്ടെത്തിയ കരു. കോടതി മുറിയിലിരുന്ന് എഴുതിയ പഴയ വിധികൾ ഇനി ഈ ലക്ഷ്യം കൂടി ചേർത്തതായിരുന്നോ എന്ന് ആരെങ്കിലും സംശയിക്കില്ലായിരിക്കും.
ജസ്റ്റിസ് ആയി നേരിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ആദ്യ ആളല്ല ഗംഗോപാധ്യായ. ഇതിന് മുമ്പ് രണ്ട് ഉയർന്ന ജഡ്ജിമാർ പദവി രാജിവെച്ച് നേരിട്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ചവരാണ്. 1966ൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയ കോക സുബ്ബ റാവു ആണ് ഇത് ആദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് ആയി ഒരു കൊല്ലം കഴിഞ്ഞപ്പോൾ അദ്ദേഹം രാജിവെച്ചു. വിരമിക്കാൻ മൂന്ന് മാസം കൂടി ബാക്കിയുണ്ടായപ്പോൾ. 1967ൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയാകാൻ അന്ന് പ്രധാന പ്രതിപക്ഷമായ സ്വതന്ത്രതാ പാർട്ടി അദ്ദേഹത്തെ ക്ഷണിച്ചു. പക്ഷെ ജയം കോൺഗ്രസ് സ്ഥാനാർഥി സക്കീർ ഹുസൈന് തന്നെയായിരുന്നു.
സുപ്രീംകോടതി ജഡ്ജിയായിരുന്ന ബഹറുൽ ഇസ്ലാം ആയിരുന്നു ഇതേ വഴി സ്വീകരിച്ച രണ്ടാമൻ. വിരമിക്കാൻ ആറ് മാസം ബാക്കിയുണ്ടായപ്പോൾ അദ്ദേഹം രാജിവെച്ച് അസമിൽ കോൺഗ്രസ് സ്ഥാനാർഥിയായി. പക്ഷെ അസം കുഴപ്പം നടക്കുന്ന കാലമായതിനാൽ തെരഞ്ഞെടുപ്പ് നടന്നില്ല. പിന്നീട് കോൺഗ്രസ് അദ്ദേഹത്തെ രാജ്യസഭയിൽ എത്തിച്ചു. അഭിഭാഷകനായ അദ്ദേഹം രാഷ്ട്രീയത്തിൽ നേരത്തേ പ്രവർത്തിച്ച വ്യക്തിയായിരുന്നു. അസം സോഷ്യലിസ്റ്റ് പാർട്ടിയുടെ യുവജ വിഭാഗത്തിലും പിന്നീട് കോൺഗ്രസിലും അദ്ദേഹം സജീവമായി തന്നെ പ്രവർത്തിച്ചു. രാജ്യസഭാ അംഗമായിരിക്കെ 1972ലാണ് അദ്ദേഹം അത് രാജിവെച്ച് ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് നേരിട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കാതെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു.
ഇത്തരം ചരിത്രങ്ങൾ ഗംഗോപാധ്യയുടെ വഴിയിൽ അപ്രധാനമാണ്. ജസ്റ്റിസ് ആയ ശേഷം വിരമിച്ച് വീട്ടിൽ വിശ്രമിക്കുന്നതിന് പകരം, നേരിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങി പുതിയൊരു ഇന്നിങ്‌സ് തുടങ്ങുകയാണ്. ബംഗാളിന്റെ ഇപ്പോഴെത്തെ രാഷ്ട്രീയ സ്ഥിതി കണ്ടുള്ള ഒരു ദീർഘകാല നിക്ഷേപം എന്ന് തന്നെ പറയാം. ഇന്നല്ലെങ്കിൽ നാളെ മമതെ വീഴ്ത്താൻ കഴിയുമെന്നതായും അദ്ദേഹത്തിന്റെ പ്രതീക്ഷ. അതെന്തായാലും ബംഗാളിലെ അഴിമതി മാത്രമേ ജഡ്ജിയെ ഉത്കണ്ഠപ്പെടുത്തൂ എന്നതാകും വരുകാലത്തെ ചോദ്യം
ചൗക്കിദാർ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1