ജോഡോ 272: രാഹുൽ ആൻഡ് ടീം കോൺഗ്രസിന് നൽകുന്ന പ്രതീക്ഷകൾ

MARCH 28, 2024, 11:20 AM

ലോക്‌സഭാ സീറ്റുകളിൽ 272 എന്ന മാജിക് നമ്പർ തൊടാൻ ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യനിരയ്ക്ക് കഴിയുമോ? ആഗ്രഹങ്ങളും അനുമാനങ്ങളും പോലെയല്ല, വോട്ടിലെ കണക്കുകൾ. വോട്ടിങ് ശതമാനത്തിലെ കണക്കും സീറ്റുകളുടെ എണ്ണവും നോക്കിയാലും ചിലപ്പോൾ അമ്പരപ്പിച്ചേക്കാം. ഇന്ത്യയുടെ ജനാധിപത്യത്തിൽ ഇത്തരം പ്രവചനാതീതമായ പലകാര്യങ്ങളുമുണ്ട്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ജോഡോ യാത്രയും പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ മുന്നണി ഐക്യനിരയും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ തുടർഭരണ സങ്കല്പത്തെ ഉലയ്ക്കുമോ എന്നതാണ് ചോദ്യം.

2019ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വോട്ട് വിഹിതം 45ശതമാനം ആയിരുന്നു. ബി.ജെ.പിക്ക് മാത്രം 38 ശതമാനം വോട്ട്. 45 ശതമാനം വോട്ട് ഉണ്ടായ എൻ.ഡി.എക്ക് 65 ശതമാനം സീറ്റുകൾ ലഭിച്ചു. 27 ശതമാനം വോട്ട് ഉണ്ടായിരുന്ന യുപിഎയ്ക്ക് 17 ശതമാനം സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. വോട്ട് ശതമാനവും സീറ്റുകളുടെ എണ്ണവും പ്രകടമായ വ്യത്യാസം കാണാം. ബി.ജെ.പി തുടർച്ചയായി ജയിച്ചപ്പോഴും അവരെ എതിർക്കുന്ന വലിയൊരു ശതമാനം വോട്ട് വിഹിതം രാജ്യത്തുണ്ട് എന്നതാണ് ആ ചിത്രം.

vachakam
vachakam
vachakam

അധികം പഴക്കമല്ലാത്ത ഒരു ചരിത്രം ഓർക്കാം

2004: ഇന്ത്യ തിളങ്ങുന്നു എന്നായിരുന്നു വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ പ്രചാരണം. ആ തിളക്കം ജനങ്ങൾക്ക് തോന്നിയില്ല. അവർ ബി.ജെ.പിയെ തോൽപ്പിച്ചു. മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഇതര പാർട്ടികൾ ചേർന്ന് യു.പി.എ സർക്കാർ രൂപീകരിച്ചു. ബി.ജെ.പി നിരയിൽ അന്ന് അതികായർ വാജ്‌പേയിയും അദ്വാനിയും.

2009: മൻമോഹൻസിങിന്റെ സർക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇടതുപക്ഷം പോലും പിന്തുണ പിൻവലിച്ച സന്ദർഭം. ഒരു തുടർ ജയസാധ്യത കോൺഗ്രസ് പോലും സ്വപ്‌നം കണ്ടില്ല. എന്നാൽ, ജനം യു.പി.എ മുന്നണിൽ തിളക്കം കണ്ടു. വീണ്ടും മൻമോഹൻസിങ് പ്രധാനമന്ത്രിയായി.

vachakam
vachakam
vachakam

അസാധ്യമെന്ന രാഷ്ട്രീയ പ്രവചനങ്ങൾ നടന്ന ഘട്ടത്തിൽ ബി.ജെ.പി ഇതര സർക്കാരിനെ തെരഞ്ഞെടുത്ത മനസ്സുണ്ട് ഇന്ത്യയക്ക്. 2024ൽ അത് എത്ത്രോളമുണ്ടാകും. രാജ്യം ഉറ്റുനോക്കുന്നത് അതിലേക്ക് ആകുന്നത് സ്വാഭാവികം.

കോൺഗ്രസ് നേതാക്കൾ പലരും പാർട്ടിയെയും രാഹുൽ ഗാന്ധിയെയും കൈവിട്ടു. ഒരുകാലത്ത് അതികായർ എന്ന വിശേഷണം കിട്ടിയ പലരും ഭിക്ഷാന്തേഹികളായി ബി.ജെ.പിയുടെ ഷാൾ തോളിലണിഞ്ഞു. എങ്കിലും ഒരുകാര്യം കാണാതിരുന്നുകൂട. രാഹുൽ ഗാന്ധി കഴിഞ്ഞ 10 വർഷമായി ഒരേയൊരു ലക്ഷ്യത്തിനായി പോരാടുകയാണ്. സർവ ഊർജ്ജവും അതിനായി ചെലവഴിക്കുകയാണ്. ജോഡോ യാത്രയിലൂടെ ഇന്ത്യയിൽ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും യാത്ര ചെയ്ത് ജനമനസ്സ് അറിയാൻ ശ്രമിച്ചു. ജനങ്ങൾ രാഹുലിനെ അറിഞ്ഞുവോ?

കോൺഗ്രസും രാഹുലും മാത്രമല്ല ഇന്ത്യാ സംഖ്യം. 26 പാർട്ടികളുണ്ട്. ഒത്തുപിടിച്ചാൽ അതാത് നാടുകളിൽ വിജയം പിടിക്കാൻ ശക്തിയുള്ളവർ. തെരഞ്ഞെടുപ്പിൽ ജയം തന്നെയാണ് പ്രധാനം. തൊട്ടരികിൽ കപ്പ് നഷ്ടപ്പെട്ട് മികച്ച കളി കാഴ്ചവെച്ചു എന്ന പറയാവുന്ന സ്‌പോട്‌സ്മാൻ സ്പിരിറ്റ് അല്ല തെരഞ്ഞെടുപ്പ് ഫലം. അടുത്ത അഞ്ച് വർഷം, അത് രാജ്യത്ത് നിർണായകമാണ്, ആര് ഭരിക്കണം എന്ന് നിശ്ചയിക്കലാണ്.

vachakam
vachakam

ഉത്തർപ്രദേശ് തന്നെയാണല്ലോ മുഖ്യ ശ്രദ്ധാ കേന്ദ്രം. ഇന്ത്യാ സഖ്യത്തിൽ സമാജ്‌വാദി പാർട്ടി 63 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും ഇത്തവണ മത്സരിക്കുന്നു. ചിത്രത്തിൽ ഇല്ലാതെ പോകുന്ന മായാവതിയുടെ ബി.എസ്.പി അണികൾ ഇന്ത്യസംഖ്യത്തെ തുണച്ചാൽ യു.പിയിൽ ബി.ജെ.പിക്ക് തിരിച്ചടിയാകും. 2022ൽ യുപി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റുകളിൽ 111 ഇടത്ത് ജയിക്കാൻ എസ്പിക്ക് കഴിഞ്ഞിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ അതിലും വലിയ പ്രകടനം സാധ്യമാകുമെങ്കിൽ യുപിയിലെ ബി.ജെ.പി കുതിപ്പിന് കടിഞ്ഞാൺ ഇടാൻ എസ്.പി-കോൺഗ്രസ് സംഖ്യത്തിന് സാധിക്കുമെന്നതിൽ സംശയമില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ശക്തിയും ഏകീകരണവും ഫലപ്രദമായി പ്രവർത്തിക്കാൻ കോൺഗ്രസിന്റെ സംഘടനാ ശക്തി ഇപ്പോൾ അനുവദിക്കുന്നുണ്ടോ?

മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ ഇത്തവണ കഴിഞ്ഞ തവണ ബി.ജെ.പി 23 ശിവസേന 18 സീറ്റും സ്വന്തമാക്കിയിരുന്നു. ശിവസേനയെയും എൻ.സി.പിയെയും അടർത്തിയെടുത്ത് ദുർബലമാക്കിയിട്ടുണ്ട് ബി.ജെപി. പാർട്ടിയും ചിഹ്നവും നഷ്ടമായ എൻ.സി.പിയും ഉദ്ധവ് താക്കറെ പക്ഷവും അണികളെ എത്രത്തോളും തങ്ങളുടെ നിലപാടിനൊപ്പം പിടിച്ചുനിർത്തുന്നു എന്നത് അനുസരിച്ചാണ് മഹാരാഷ്ട്രയുടെ ഫലം.

ദക്ഷിണേന്ത്യയാണ് ബി.ജെ.പിക്കുള്ള ഇന്ത്യാസഖ്യത്തിന്റെ മറുപടി. കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ 131 സീറ്റുകളിൽ 2019ൽ ബി.ജെ.പിക്ക് നേടാനായത് 29 സീറ്റ് മാത്രമായിരുന്നു. അതിൽ 25ഉം കർണാടകത്തിൽനിന്ന്. ഇത്തവണ കർണാടകത്തിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തിയാൽ ബി.ജെ.പിക്ക് അത് ആഘാതമാകും. ഈ തെരഞ്ഞെടുപ്പിൽ കർണാടത്തിൽ ചില പച്ചത്തുരുത്തുകൾ കോൺഗ്രസ് കാണുന്നുണ്ട്.

ബിഹാർ മഹാസഖ്യത്തെ തള്ളിക്കളയാൻ പറ്റില്ല. നിതിഷിന്റെ പാളയത്തിലുണ്ടായ ആദർശവന്മായ സോഷ്യലിസ്റ്റുകൾ ആർജെഡിയിൽ പ്രതീക്ഷയർപ്പിച്ചാൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റും. 

നിലമെച്ചപ്പെടുത്തുക എന്നത് നിസ്സാര സംഗതിയല്ല. 400 സീറ്റ് ലക്ഷ്യം വെച്ച് കുതിക്കുന്ന ബി.ജെ.പിക്ക് കയ്യിലുള്ളത് കൂടി നഷ്ടപ്പെടാനുള്ള രാഷ്ട്രീയ സാഹചര്യം ഏറെയുണ്ട്. അഴിമതിരഹിത വാഗ്‌ധോരണികൾ ഇലക്ടറൽ ബോണ്ടിലൂടെ പ്രത്യക്ഷത്തിൽ തന്നെ തകർന്ന പശ്ചാത്തലത്തിൽ ഇന്ത്യാ മുന്നണിക്ക് പ്രതീക്ഷകളുടെ കണക്കൂകൂട്ടലുകൾ നടത്താൻ കാരണങ്ങൾ പലത് തേടേണ്ടതില്ല.

ചൗക്കിദാർ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam