ജപ്പാന് കിട്ടിയ വന്‍ നിധി

JANUARY 22, 2025, 1:09 AM

ലോകത്താകമാനം മണ്ണില്‍ ഒളിഞ്ഞിരിക്കുന്ന വിലപിടിപ്പുള്ള ലോഹങ്ങളും മറ്റ് വസ്തുക്കളും കൂടുതലായി കണ്ടെത്തുന്ന സമയമാണിത്. അടുത്തിടെ ചൈനയിലും അതിന് മുന്‍പ് പാകിസ്ഥാനിലും ലക്ഷക്കണക്കിന് കോടി രൂപയുടെ മൂല്യമുള്ള സ്വര്‍ണ ശേഖരം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ജപ്പാനിലും അത്തരത്തിലൊരു അമൂല്യമായ നിധിശേഖരം കണ്ടെത്തിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഇത് സ്വര്‍ണമോ ഡയമണ്ടോ ഒന്നുമല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വളരെ അപൂര്‍വമായി ഭൂമിയില്‍ കാണാവുന്ന ധാതുക്കളുടെ ശേഖരമാണ് കണ്ടെത്തിയത്. ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ തന്നെ അപ്പാടെ മാറ്റിമറിച്ചേക്കാവുന്ന ഒരു കണ്ടെത്തലാണിത് എന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല ഇതിന് ധാതുക്കളുടെ ആഗോള വിതരണ ശൃംഖലയുടെ സന്തുലിതാവസ്ഥയെ സ്വാധീനിക്കാനും കഴിയും.

ഒന്നോ രണ്ടോ കോടി രൂപ വിലവരുന്ന, അല്ലെങ്കില്‍ മൂല്യമുള്ള ശേഖരമല്ല ഇവിടെ കണ്ടെത്തിയത്. ടോക്കിയോയില്‍ നിന്ന് ഏകദേശം 1200 മൈല്‍ അകലെയുള്ള മിനാമി-ടോറി-ഷിമ ദ്വീപിന് സമീപം സ്ഥിതിചെയ്യുന്ന മേഖലയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തല്‍ അപൂര്‍വ ധാതുക്കളുടെ വിപണിയില്‍ ചൈനയുടെ ആധിപത്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.

കടലില്‍ ഒളിഞ്ഞിരിക്കുന്ന നിധി

കടലിലാണ് ഈ ശേഖരം കണ്ടെത്തിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടില്‍ നിന്ന് 5700 മീറ്റര്‍ താഴെയായി നിലനില്‍ക്കുന്ന ഈ ഭീമന്‍ നിക്ഷേപങ്ങളില്‍ 230 ദശലക്ഷം ടണ്‍ അപൂര്‍വ ഭൗമ മൂലകങ്ങള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ മൂല്യം സാധാരണ നിലയിലും വളരെയധികമാണ് എന്ന കാര്യവും പ്രത്യേകം ഓര്‍മ്മയില്‍ വയ്ക്കണം. ഏതാണ്ട് 2 ലക്ഷം കോടി രൂപയിലധികം വിലവരുന്ന ശേഖരമാണ് ഇത്.

നിപ്പോണ്‍ ഫൗണ്ടേഷനും ടോക്കിയോ സര്‍വകലാശാലയും ചേര്‍ന്ന് അത്യാധുനിക വിദൂരമായി പ്രവര്‍ത്തിക്കുന്ന അണ്ടര്‍വാട്ടര്‍ വെഹിക്കളുകള്‍ ഉപയോഗിച്ച് നടത്തിയ സഹകരണ സര്‍വേയിലൂടെയാണ് ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്. ഈ ധാതുക്കള്‍ ഏതൊക്കെ ആണെന്നും അവയുടെ ഉപയോഗം എന്താണെന്നും നോക്കാം.

നിക്കല്‍, കൊബാള്‍ട്ട് എന്നീ മൂലകങ്ങളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഏരിയ ആദ്യമായി കണ്ടെത്തിയത് 2016ലാണ്. അടുത്തിടെ വിശദമായി ഇവിടുത്തെ സാധ്യതകള്‍ പഠിക്കുകയായിരുന്നു. 610,000 മെട്രിക് ടണ്‍ കൊബാള്‍ട്ടും 740,000 മെട്രിക് ടണ്‍ നിക്കലും ഉള്‍പ്പെടുന്ന ശേഖരത്തിന്റെ വ്യാപ്തി പുതിയ പഠനത്തിലാണ് വ്യക്തമായത്.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തില്‍ ഇവയുടെ പങ്ക് വളരെ വലുതാണ്. ഈ ധാതുക്കള്‍ ഇവി ബാറ്ററികള്‍ക്ക് മാത്രമല്ല, ജെറ്റ് എഞ്ചിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍, വിവിധ ഹൈടെക് നിര്‍മ്മാണ പ്രക്രിയകള്‍ എന്നിവയ്ക്കും ആവശ്യമാണ്. അതുകൊണ്ട് തന്നെ ജപ്പാന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാകും എന്നാണ് കരുതുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam