ഷെങ്കന്‍ വിസ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതോടെ ഇനി മുതല്‍ യൂറോപ്പിലേക്കുള്ള യാത്ര ചെലവേറും. ജൂണ്‍ 11 മുതല്‍ ആയിരിക്കും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഫീസ് 12.5 ശതമാനം വര്‍ധിപ്പിക്കാന്‍ ആണ് തീരുമാനം. മുതിര്‍ന്നവര്‍ക്ക് ഷെങ്കന്‍ വിസയ്ക്കുള്ള അപേക്ഷാ ഫീസ് നേരത്തെ 80 യൂറോ ആയിരുന്നു. അത് 90 യൂറോ (8,141 രൂപ) ആയി ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇക്കാര്യം സ്ലോവേനിയ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഷെങ്കന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ആറ് വയസ് മുതല്‍ 12 വരെയുള്ള കുട്ടികളുടെ ഫീസ് 40 യൂറോയില്‍ നിന്ന് 45 യൂറോയിലേക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഷെങ്കന്‍ ഫീസ് 12 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം യൂറോപ്യന്‍ കമ്മീഷനും അംഗീകരിച്ചു. നിരക്കിലെ വര്‍ദ്ധനവ് 2024 ജൂണ്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ഷെങ്കന്‍ വിസ ഫീസ് മുതിര്‍ന്നവര്‍ക്ക് 90 യൂറോയും 6 മുതല്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 45 യൂറോയും ആയിരിക്കുമെന്ന് സ്ലോവേനിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഈ തീരുമാനത്തോട് സഹകരിക്കാത്തവരും അധികൃതമായി താമസിക്കുന്നതുമായ മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഫീസായി 135 മുതല്‍ 180 യൂറോ വരെ നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിസ ചാര്‍ജ്ജുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ ഈ ആഴ്ച അവസാനത്തോടെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പവും അംഗ രാജ്യങ്ങളിലെ ജീവനക്കാരുടെ ശമ്പളവും വര്‍ദ്ധിച്ചതിനാലാണ് അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചതെന്നാണ് കമ്മീഷന്റെ വിശദീകരണം.
ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഫീസ് പരിഷ്‌കരിക്കാമെന്നും 2020 ഫെബ്രുവരിയിലാണ് അവസാനമായി വിസ ഫീസില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി. അതേസമയം 2022 നെ അപേക്ഷിച്ച് 2023 ല്‍ വിസ അപേക്ഷകളുടെ എണ്ണത്തില്‍ 36.3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്.
ഷെങ്കന്‍ വിസ തേടുന്ന ഇന്ത്യക്കാര്‍ക്കായി യൂറോപ്യന്‍ കമ്മിഷന്‍ കഴിഞ്ഞ മാസം 5 വര്‍ഷക്കാലാവധിയുള്ള മള്‍ട്ടി-ഇയര്‍ വിസ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം, പിന്നീട് 5 വര്‍ഷം എന്നിങ്ങനെ ദീര്‍ഘകാല കാലാവധിയുള്ള വിസ നേടാം. ഇതുള്ളവര്‍ക്ക് 5 വര്‍ഷം കൊണ്ട് ഏത് ഷെങ്കന്‍ രാജ്യത്തിലേക്കും ഒന്നിലധികം തവണ പ്രവേശിക്കാനും സാധിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1