ഒക്ടോബര്‍ ഏഴിന്റെ ഓര്‍മ്മ: ഇസ്രായേല്‍ ആരെയൊക്കെ വിറപ്പിക്കും?

OCTOBER 9, 2024, 11:47 AM

2023 ഒക്ടോബര്‍ ഏഴ് സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്തത്ര ഭീകരമായ തിരിച്ചടിയുടെ ദിനമായിട്ടാണ് ഇസ്രായേല്‍ ഓര്‍മ്മിക്കപ്പെടുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സി എന്ന് അറിയപ്പെടുന്ന മൊസാദ് പോലും അറിയാതെ ഹമാസ് പ്രവര്‍ത്തകര്‍ എങ്ങനെ ഇസ്രായേലിന് ഉള്ളിലേക്ക് കടന്നുകയറി എന്നത് ലോകത്തെ അമ്പരിപ്പിച്ചു. പേരുകേട്ട ഇസ്രായേല്‍ പ്രതിരോധങ്ങളെ ഹമാസ് മറികടന്നു എന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇസ്രായേലിന് വലിയ നാണക്കേട് സൃഷ്ടിച്ചു.

'അല്‍ അഖ്‌സ പ്രളയം' എന്ന് പേരിട്ട് വിളിച്ച അക്രമണത്തില്‍ ജറുസലം, റാമല്ല തുടങ്ങിയ പല പ്രധാന നഗരങ്ങളില്‍ വരെ ഹമാസ് പ്രവര്‍ത്തകര്‍ എത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം തന്നെ വ്യക്തമാക്കിയത്. ആകാശ മാര്‍ഗം നൂറ് കണക്കിന് റോക്കറ്റുകള്‍ ഇസ്രായേല്‍ ല്യക്ഷമാക്കി കുതിച്ചപ്പോള്‍ കരയിലൂടെ ഹമാസ് പ്രവര്‍ത്തകര്‍ അതിര്‍ത്തി കടന്നും ആക്രണം നടത്തി. തോക്കുകള്‍, ഗ്രനേഡുകള്‍ എന്നീ ആയുധങ്ങളുമായി എത്തിയ സംഘം വന്‍ ആക്രമണം തന്നെ ഇസ്രായേല്‍ നഗരത്തില്‍ അഴിച്ചുവിട്ടു. മിന്നലാക്രമണത്തില്‍ ഇസ്രായേല്‍ ശരിക്കും പകച്ചുപോയിരുന്നു.

ആക്രമണത്തോടൊപ്പം ഹമാസ് നൂറ് കണക്കിന് ഇസ്രായേലികളെ ബന്ദികളാക്കുകയും ചെയ്തു. ഇവരില്‍ ചിലരെയൊക്കെ മോചിപ്പിച്ചെങ്കിലും ശേഷിക്കുന്നവരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. ഗാസയിലെ തുരങ്കങ്ങളിലായി ഇവരെ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് സൂചന. ബന്ദി മോചനത്തിനായുള്ള നീക്കങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലില്‍ ഇപ്പോഴും പ്രതിഷേധം നടക്കുന്നുണ്ട്.

ഇസ്രായേല്‍ തിരിച്ചടിയില്‍ തകര്‍ന്ന് ഗാസ

ഹമാസ് ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണം വലിയ വിജയമായിരുന്നെങ്കിലും അതിന് കൊടുക്കേണ്ടി വന്ന വില അതിലും വലുതായിരുന്നു എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് ഈ അടുത്തകാലങ്ങളിലായി കടന്നുപോയത്. ഗാസയില്‍ വലിയ പ്രത്യാക്രമണം തന്നെയാണ് ഇസ്രായേല്‍ സേന നടത്തിയത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. അതായത് യുദ്ധം ആരംഭിച്ച് ഇതുവരെയായി 41,870 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതിലേറെ ആളുകള്‍ക്ക് പാലായനം ചെയ്തു പോകേണ്ടി വന്നു. ഹമാസിന്റെ ഒട്ടുമിക്ക പ്രമുഖ നേതാക്കളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

ഒക്ടോബറിന്റെ ചരിത്രം

ഒക്ടോബര്‍ മാസവും പശ്ചിമേഷ്യയിലെ ഇസ്രായേല്‍ അനുബന്ധ സംഘര്‍ഷങ്ങളും തമ്മില്‍ ചരിത്രപരമായ ചില ബന്ധമുണ്ട്. ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങള്‍ നടത്തിയ 1973 ലെ യുദ്ധം ആരംഭിച്ചത് ഒക്ടോബര്‍ മാസത്തിലായിരുന്നു. യോംകിപ്പൂര്‍ യുദ്ധം എന്ന് അറിയപ്പെടുന്ന ഈ യുദ്ധത്തിന്റെ വാര്‍ഷികത്തിലായിരുന്നു 2023 ലെ ഹമാസിന്റെ തിരിച്ചടി. വളരെ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലൂടെയാണ് മേഖല ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രായേല്‍ ഏതെങ്കിലും വിധത്തില്‍ കനത്ത തിരിച്ചടി നല്‍കുമോയെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍.

ഹിസ്ബുള്ള, ലബനന്‍

ഹമാസ്, ഹിസ്ബുള്ള, ഇറാന്‍ തുടങ്ങിയവരോടൊക്കെയായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേല്‍. പേജര്‍ ആക്രമണം, ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ളയെ വധിക്കാന്‍ കഴിഞ്ഞത് തുടങ്ങിയ നിര്‍ണ്ണായക വിജയങ്ങളും ഇസ്രായേലിന് ഇതിനോടകം നേടാന്‍ സാധിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുകൊണ്ടാണ് ലബനനില്‍ യുദ്ധം നടത്തുന്നത്. ഇതിനോടകം രണ്ട് ലക്ഷത്തോളം ആളുകള്‍ സിറിയയിലേക്ക് പാലായനം ചെയ്തു. കഴിഞ്ഞ ദിവസം മുതല്‍ മേഖലയില്‍ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഗാസ, ഹമാസ്

ഗാസയിലും ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. പള്ളികളിലും സ്‌കൂളുകളിലും ഇസ്രായേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇറാന്‍

തങ്ങള്‍ക്കെതിരെ ഇരുന്നൂറോളം മിസൈലുകള്‍ അയച്ച ഇറാനെതിരേയും ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി കഴിഞ്ഞു. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ളയുടേയും ഇറാനിയന്‍ ജനറല്‍ അബ്ബാസ് നില്‍ഫൊറൗഷാന്റെയും കൊലപാതകത്തിനുള്ള മറുപടിയായിട്ടായിരുന്നു ഇറാന്‍ ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തിയത്. ടെല്‍ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപം വരെ ഇറാനിയന്‍ മിസൈലുകള്‍ പതിച്ചിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam