ട്രംപിന്റെ ഗോള്‍ഡ് കാര്‍ഡ് ഇന്ത്യക്കാര്‍ക്ക് ഗുണമോ? 

MARCH 5, 2025, 11:54 AM

50 ലക്ഷം ഡോളറിന് സ്ഥിരതാമസത്തിനുള്ള അനുമതി വാഗ്ദാനം ചെയ്ത് സമ്പന്നരായ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് ഗോള്‍ഡ് കാര്‍ഡ് വിസ പദ്ധതി. ഇത് ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ചില ആശങ്കകളും സൃഷ്ടിച്ചിട്ടുണ്ട്.

നിലവിലുള്ള ഇബി-5 ഇമിഗ്രന്റ് പ്രോഗ്രാമിന് പകരമായി ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക് യുഎസ് പൗരത്വത്തിലേക്കുള്ള പുതിയ പാത തുറന്നു നല്‍കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ജോലി അടിസ്ഥാനമാക്കി സ്ഥിരതാമസത്തിനുള്ള അപേക്ഷയുമായി യുഎസില്‍ വര്‍ഷങ്ങളായി കാത്തു കിടക്കുന്നത്. ഈ സാഹചര്യത്തില്‍ സമ്പത്ത് അടിസ്ഥാനമാക്കി കുടിയേറ്റ മാതൃകയിലേക്കുള്ള മാറ്റം അവര്‍ക്ക് മുന്നിലുള്ള സാധ്യതകളെ ബാധിച്ചേക്കാം.

ഗോള്‍ഡ് കാര്‍ഡ് വിസ എന്താണ് വാഗ്ദാനം ചെയ്യുന്നത്, ആര്‍ക്കെല്ലാമാണ് ഇത് പ്രയോജനപ്പെടുക, ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും, ഇബി-5 വിസ മാറ്റുന്നതിന്റെ കാരണം എന്നതെല്ലാം വിശദമായി പരിശോധിക്കാം.

എന്താണ് ഗോള്‍ഡ് കാര്‍ഡ് വിസ?

50 ലക്ഷം ഡോളര്‍ (ഏകദേശം 43.5 കോടി രൂപ) നല്‍കിയാല്‍ ഗ്രീന്‍ കാര്‍ഡും യുഎസ് പൗരത്വവും നല്‍കുന്ന പദ്ധതിയാണിത്. ഇബി-5 ഇന്‍വെസ്റ്റര്‍ വിസ പദ്ധതിയില്‍ ഒരു വ്യക്തി എട്ട് ലക്ഷം മുതല്‍ 1.05 മില്ല്യണ്‍ ഡോളര്‍ വരെ ഒരു ബിസിനസില്‍ നിക്ഷേപം നടത്തുകയും 10 പേര്‍ക്ക് യുഎസില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യണം. എന്നാല്‍, ഗോള്‍ഡ് കാര്‍ഡിന് ഇത്തരമൊരു ആവശ്യകതയില്ല.

''ഇത് യുഎസ് പൗരത്വം ലഭ്യമാക്കുന്നതിനുള്ള ഒരു വഴിയായിരിക്കും. ഈ കാര്‍ഡ് വാങ്ങുന്നതിലൂടെ സമ്പന്നരായ ആളുകള്‍ നമ്മുടെ രാജ്യത്തേക്ക് വരും. അവര്‍ സമ്പന്നരായിരിക്കും, അവര്‍ വിജയിക്കുകയും ചെയ്യും. അവര്‍ ധാരാളം പണം ചെലവഴിക്കുകയും നികുതി ഇനത്തില്‍ നല്ലൊരു തുക രാജ്യത്തിന് നല്‍കുകയും ചെയ്യും,'' ചൊവ്വാഴ്ച ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിസിനസ് നേതാക്കളെയും തൊഴില്‍ സൃഷ്ടാക്കളെയും ആകര്‍ഷിക്കുന്നതിനൊപ്പം യുഎസ് സര്‍ക്കാരിന് ഗണ്യമായ വരുമാനം സൃഷ്ടിക്കുക എന്നതാണ് പരമ്പരാഗ ഗ്രീന്‍ കാര്‍ഡിന് ബദലായി നടപ്പാലാക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതി ആരംഭിക്കുന്നതിന് പിന്നിലെ ആശയം.

ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്ന ഇന്ത്യന്‍ അപേക്ഷകരെ ഇത് എങ്ങനെ ബാധിക്കും?

ഇബി-5 നിക്ഷേപക വിസ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് സ്ഥിര താമസത്തിനുള്ള അര്‍ഹത തേടുന്ന എച്ച്-1 ബി വിസ ഉടമകള്‍. ചില തൊഴില്‍ അധിഷ്ഠിത വിഭാഗങ്ങളില്‍ ഗ്രീന്‍ കാര്‍ഡുകള്‍ ലഭ്യമാകാന്‍ 50 വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരും. അതേസമയം, ഗോള്‍ഡ് കാര്‍ഡ് സമ്പന്നരായ ഇന്ത്യക്കാര്‍ക്ക് യുഎസിലേക്ക് വേഗത്തിലുള്ള വഴി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇബി -5 വിസ പ്രോഗ്രാമിന്റെ ഭാഗമായിരുന്ന മധ്യനിര നിക്ഷേപകരെ ഗ്രീന്‍ കാര്‍ഡുകള്‍ നേടുന്നതില്‍ നിന്ന് ഒഴിവാക്കുകയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് പകരം ബിസിനസ് പ്രമുഖരിലേക്ക് ശ്രദ്ധ തിരിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.

ഇബി-5 ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്ന ഇന്ത്യക്കാര്‍ക്ക് 50 ലക്ഷം ഡോളര്‍ നിക്ഷേപം നടത്തി ഗോള്‍ഡ് കാര്‍ഡ് നേടിയെടുക്കുക എന്നത് താങ്ങാനാവാത്തതാക്കും. ഇബി-5 നിക്ഷേപകര്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുകയോ വായ്പയെടുക്കുകയോ ചെയ്യേണ്ടി വരും. എന്നാല്‍, ഗോള്‍ഡ് കാര്‍ഡ് നേടുന്നതിന് മുന്‍കൂറായി പണം നല്‍കേണ്ടിയും വരും. ഇത് അതിസമ്പന്നരായ ആളുകള്‍ക്ക് നേട്ടമുണ്ടാക്കും.

എന്തുകൊണ്ട് ഇബി-5 വിസയ്ക്ക് പകരം ഗോള്‍ഡ് കാര്‍ഡ്?

രണ്ടാഴ്ചയ്ക്കുള്ളില്‍ ഗോള്‍ഡ് കാര്‍ഡ് വിസ പദ്ധതി നിലവില്‍ വരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇബി-5 വിസ പദ്ധതിയ്ക്ക് പകരമായാരിക്കും ഇത് നിലവില്‍ വരിക. ഇബി-5 വിസയെ ട്രംപ് വിമര്‍ശിച്ചിരുന്നു. അതിനെ അസംബന്ധമെന്നും വഞ്ചന നിറഞ്ഞ പദ്ധതിയുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

യുഎസില്‍ മൂലധന നിക്ഷേപവും തൊഴില്‍ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1990ലാണ് ഇബി-5 വിസ പ്രോഗ്രാം ആരംഭിച്ചത്. എന്നിട്ടും ക്ലെയിം ചെയ്ത സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാതെ നിക്ഷേപകര്‍ക്ക് താമസസ്ഥലം ലഭിക്കാന്‍ അനുവദിക്കുന്ന തട്ടിപ്പ്, ദുരുപയോഗം, പോരായ്മകള്‍ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഈ പദ്ധതിയ്‌ക്കെതിരെ ഉയരുന്നുമുണ്ട്.

പ്രധാനമായും രണ്ട് വിഭാഗങ്ങളിലാണ് ഇബി-5 നിക്ഷേപകര്‍ വരുന്നത്

ഉയര്‍ന്ന് തൊഴില്‍മേഖലയിലെ പദ്ധതികള്‍: ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ലോസ് ആഞ്ചിലിസ്, മിയാമി തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഇവ. അതില്‍ മള്‍ട്ടി-ഫാമിലി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, മിക്സ്ഡ്-യൂസ് ഡെലവപ്മെന്റുകള്‍, വാണിജ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഗ്രാമീണ പദ്ധതികള്‍: 20000ല്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ നിക്ഷേപകര്‍ക്ക് വലിയ നിക്ഷേപകള്‍ നടത്താനുള്ള അവസരമാണിത്. അവയില്‍ ഹോസ്പിറ്റാലിറ്റി പദ്ധതികള്‍, മള്‍ട്ടി-ഫാമിലി പ്രോജക്ടുകള്‍, സ്‌കീ റിസോര്‍ട്ടുകള്‍, വ്യാവസായിക പാര്‍ക്കുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇവയ്ക്ക് കുറഞ്ഞത് എട്ട് ലക്ഷം ഡോളറിന്റെ മൂലധന നിക്ഷേപം ആവശ്യമാണ്.

ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് ആര്‍ക്കൊക്കെയാണ് അര്‍ഹത?

ഗോള്‍ഡ് കാര്‍ഡ് പദ്ധതിയുടെ കൃത്യമായ പരിശോധന പ്രക്രിയയെക്കുറിച്ച് പൂര്‍ണമായും വിശദീകരിച്ചിട്ടില്ലെങ്കിലും അപേക്ഷകര്‍ക്ക് താമസാനുമതി നല്‍കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം സംബന്ധിച്ച് കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തിന് ശേഷം ഏര്‍പ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട റഷ്യന്‍ അപേക്ഷകരുടെ, പ്രത്യേകിച്ച് പ്രഭുക്കന്മാരുടെ യോഗ്യത സംബന്ധിച്ചും ഗോള്‍ഡ് കാര്‍ഡ് പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 50 ലക്ഷം ഡോളര്‍ നല്‍കുന്ന പക്ഷം റഷ്യന്‍ ബിസിനസുകാര്‍ക്കും അപേക്ഷ നല്‍കാമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് എന്തെങ്കിലും ഇളവുകളോ അധികമായുള്ള സൂക്ഷ്മപരിശോധനയോ ഉണ്ടാകുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ആഴ്ചകള്‍ക്കുള്ളില്‍ ഗോള്‍ഡ് കാര്‍ഡ് വില്‍പ്പന നിലവില്‍ വരും. എങ്കിലും അത് നടപ്പിലാക്കുന്ന രീതിയും മേല്‍നോട്ടവും സംബന്ധിച്ച വിശദാംശങ്ങള്‍ വൈകാതെ നല്‍കുമെന്ന് യുഎസ് ഭരണകൂടം സൂചന നല്‍കിയിട്ടുണ്ട്. ഇബി-5 വിസയ്ക്ക് പരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍, ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് ഇത് ബാധകമല്ല. മാത്രവുമല്ല ഇത് പൂര്‍ണമായും വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പദ്ധതിയാണ്.

എച്ച്- ബി വിസയിലുള്ള ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡ് കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയുമോ?

50 ലക്ഷം ഡോളര്‍ നല്‍കാന്‍ കഴിയുന്ന ആര്‍ക്കും ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് അര്‍ത്ഥം കമ്പനികള്‍ക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല.

ഇന്ത്യയിലെ സമ്പന്നരായ സംരഭകര്‍, ടെക് എക്സിക്യുട്ടിവുകള്‍, വ്യവസായികള്‍ എന്നിവര്‍ക്കാണ് ഈ പദ്ധതി കൂടുതല്‍ പ്രയോജനകരമാകുന്നത്. എച്ച്-1 ബി വിസ ലോട്ടറികളും ഇബി-1/ഇബി-3 എന്നിവയിലെ കാലതാമസം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് ആകര്‍ഷകമായ തിരഞ്ഞെടുപ്പാണ്.

ഗോള്‍ഡ് കാര്‍ഡ് വിസ വാങ്ങാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് പരമ്പരാഗ തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍(ഇബി-1, ഇബി-2, ഇബി-3), എച്ച്1-ബി പ്രോഗ്രാം എന്നിവ ഉപയോഗിച്ച് ഇപ്പോഴും ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. എങ്കിലും ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് കാലതാമസം നേരിടും.

ഗോള്‍ഡ് കാര്‍ഡ് യുഎസിന് നേട്ടമാകുന്നത് എങ്ങനെ?

ഈ പദ്ധതിയുടെ കീഴില്‍ പത്ത് ലക്ഷം കാര്‍ഡുകള്‍ വരെ വില്‍ക്കാന്‍ കഴിയുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ധനക്കമ്മി കുറയ്ക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ധാരാളം പണം ഈ പദ്ധതി കൊണ്ടുവരും. യുഎസില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കുറഞ്ഞ അളവില്‍ മൂലധനം നിക്ഷേപിക്കേണ്ട ഇബി-5 വിസ പദ്ധതിയില്‍നിന്ന് വ്യത്യസ്തമായി ഗോള്‍ഡ് കാര്‍ഡ് ഉയര്‍ന്ന സാമ്പത്തിക പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഏറ്റവും സമ്പന്നരായ വ്യക്തികള്‍ക്ക് മാത്രമെ യോഗ്യത നേടാനാകൂ എന്ന് ഉറപ്പാക്കുന്നു.

ബിസിനസും തൊഴിലവസരങ്ങളും സൃഷ്ടിച്ച് യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് അര്‍ത്ഥവത്തായ സംഭാവന നല്‍കാന്‍ കഴിയുന്ന വ്യക്തികളെ ഗോള്‍ഡ് കാര്‍ഡ് ആകര്‍ഷിക്കുമെന്ന് ട്രംപ് എടുത്തു പറഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam