ബംഗ്ലാദേശിനെ നയിക്കാന്‍ ഈ 84 കാരന്‍ മതിയോ? ആരാണ് മുഹമ്മദ് യൂനുസ്?

AUGUST 7, 2024, 12:37 PM


സമീപകാലത്തെങ്ങുമില്ലാത്ത വിധം കലാപഭൂമിയായിരിക്കുകയാണ് ബംഗ്ലാദേശ്. പ്രധാനമന്ത്രിപദം വിട്ട് ഷെയ്ഖ് ഹസീന രാജ്യം വിടുകയും ഇന്ത്യയില്‍ താല്‍ക്കാലിക അഭയം തേടിയിരിക്കുകയുമാണ്. 1971 ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്യുന്ന സര്‍ക്കാര്‍ ക്വാട്ട സമ്പ്രദായമാണ് പ്രതിഷേധങ്ങള്‍ക്ക് ആധാരം.

ബംഗ്ലാദേശി യുവാക്കളുടെ രോഷത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. അതിനിടെ സൈന്യം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കും എന്നും പ്രക്ഷോഭകര്‍ പ്രതിഷേധം അവസാനിപ്പിക്കണം എന്നും സൈനിക മേധാവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിലും ഉപാധികള്‍ മുന്നോട്ട് വെക്കുകയാണ് പ്രതിഷേധക്കാര്‍. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ആരാണ് മുഹമ്മദ് യൂനുസ്?

1940 ജൂണ്‍ 28 ന് ബംഗ്ലാദേശിലെ ചിറ്റഗോംഗിലാണ് മുഹമ്മദ് യൂനുസിന്റെ ജനനം. ബംഗ്ലാദേശി സാമൂഹിക സംരംഭകനായ യൂനുസ് രാജ്യത്തെ ഏറ്റവും ജനകീയനായ വ്യക്തികളില്‍ ഒരാളാണ്. ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനായ യൂനുസിന് 2006 ല്‍ ആണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹമാണ് രാജ്യത്ത് മൈക്രോക്രെഡിറ്റ്, മൈക്രോഫിനാന്‍സ് എന്നീ ആശയങ്ങള്‍ക്ക് വിത്തുപാകിയത്.

പരമ്പരാഗത ബാങ്ക് വായ്പകളേക്കാള്‍ ദരിദ്രരായ സംരംഭകര്‍ക്ക് മൈക്രോക്രെഡിറ്റും മൈക്രോഫിനാന്‍സും വഴി ചെറിയ വായ്പകള്‍ നല്‍കുന്നതതിന് ഇത് കാരണമായി. സാമ്പത്തിക വികസനത്തിലും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും കാര്യമായ സ്വാധീനം ചെലുത്തി.

നൊബേല്‍ സമ്മാനത്തിന് പുറമേ, 2009-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, 2010-ല്‍ കോണ്‍ഗ്രസ്സ് ഗോള്‍ഡ് മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ യൂനുസിന് ലഭിച്ചിട്ടുണ്ട്. 2012 മുതല്‍ 2018 വരെ സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയന്‍ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലറായി സേവനമനുഷ്ഠിച്ച യൂനസ് മുമ്പ് ചിറ്റഗോംഗ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്നു.

മൈക്രോക്രെഡിറ്റിലെ തന്റെ ശ്രമങ്ങള്‍ തുടരുന്ന ഗ്രാമീണ്‍ അമേരിക്കയിലും ഗ്രാമീണ്‍ ഫൗണ്ടേഷനിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1998 മുതല്‍ 2021 വരെ അദ്ദേഹം യുഎന്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗമായിരുന്നു. ബംഗ്ലാദേശിലെ ധാക്ക സര്‍വകലാശാലയില്‍ പഠിച്ച അദ്ദേഹം വണ്ടര്‍ബില്‍റ്റ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രം പഠിക്കാന്‍ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പും പിഎച്ച്ഡിയും നേടി.

1969-ല്‍ അദ്ദേഹം മിഡില്‍ ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി തന്റെ അക്കാദമിക് ജീവിതം ആരംഭിച്ചു. പിന്നീട് ചിറ്റഗോംഗ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ തലവനായി. സാമ്പത്തിക ശാസ്ത്രത്തിനുള്ള മുഹമ്മദ് ഷബ്ദീന്‍ അവാര്‍ഡ്, വേള്‍ഡ് ഫുഡ് പ്രൈസ്, കിംഗ് ഹുസൈന്‍ ഹ്യൂമാനിറ്റേറിയന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്, വോള്‍വോ എന്‍വയോണ്‍മെന്റ് പ്രൈസ്, റീജിയണല്‍ ഗ്രോത്ത് നിക്കി ഏഷ്യ പ്രൈസ്, ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍റ്റ് ഫ്രീഡം അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

1974-ല്‍ ബംഗ്ലാദേശിലെ പട്ടിണിക്ക് അറുതി വരുത്താനായി ചെറുകിട ബിസിനസ് തുടങ്ങാന്‍ സഹായിക്കുന്നതിനായി ദീര്‍ഘകാല വായ്പകള്‍ അദ്ദേഹം ആരംഭിച്ചു. ഈ വര്‍ഷം ജനുവരിയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് യൂനസിനെ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് മാര്‍ച്ചില്‍ ജാമ്യം അനുവദിച്ചു. 2.3 മില്യണ്‍ ഡോളര്‍ തട്ടിപ്പ് കേസില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ കമ്പനിയായ നോര്‍വേയിലെ ടെലികോം ഭീമനായ ടെലിനോറിന്റെ അനുബന്ധ സ്ഥാപനമായ ഗ്രാമീണ്‍ഫോണിന്റെ 34.2 ശതമാനം ഉടമസ്ഥതയിലുള്ള ഗ്രാമീണ്‍ ടെലികോമിന്റെ തൊഴിലാളികളുടെ ക്ഷേമനിധി തട്ടിപ്പ് കേസിലായിരുന്നു ഇത്.

ഷെയ്ഖ് ഹസീന സര്‍ക്കാര്‍ 190 കേസുകളാണ് യൂനുസിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തങ്ങള്‍ ശുപാര്‍ശ ചെയ്ത സര്‍ക്കാരിനെയല്ലാതെ മറ്റേതെങ്കിലും സര്‍ക്കാരിനെ സ്വീകരിക്കില്ല എന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ പറയുന്നത്. 'ഒരു സൈനിക ഗവണ്‍മെന്റോ അല്ലെങ്കില്‍ സൈന്യത്തിന്റെ പിന്തുണയുള്ളതോ ഫാസിസ്റ്റുകളുടെ സര്‍ക്കാരോ അംഗീകരിക്കില്ല' എന്നാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രധാന കോര്‍ഡിനേറ്ററായ നഹിദ് ഇസ്ലാം പറയുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam