ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ ബോംബ് ഭീഷണിക്ക് ഇറാനും തിരിച്ച് ഭീഷണി മുഴക്കിയിരിക്കുകയാണ്. ആവശ്യമെങ്കില്‍ യുഎസുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ ഭൂഗര്‍ഭ മിസൈല്‍ ആയുധശേഖരം തയ്യാറാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ കരാര്‍ അംഗീകരിക്കാന്‍ ടെഹ്‌റാന്‍ വിസമ്മതിച്ചാല്‍ ഇറാനില്‍ ബോംബിടും എന്ന് ട്രംപ് ഭീഷണിമുഴക്കിയതിന് പിന്നാലെ ആയിരുന്നു ഇത്.
ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന രാജ്യത്തുടനീളമുള്ള ഭൂഗര്‍ഭ സൗകര്യങ്ങളില്‍ ഇറാന്‍ തങ്ങളുടെ മിസൈലുകള്‍ റെഡി-ടു-ലോഞ്ച് മോഡില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസില്‍ നിന്നുള്ള ഭീഷണികള്‍ കൂടുതല്‍ ശക്തമായതോടെ ഇറാന്‍ അടുത്തിടെ പുറത്തിറക്കിയ ഒരു വീഡിയോയില്‍ അവരുടെ ഭൂഗര്‍ഭ മിസൈല്‍ സൗകര്യം വെളിപ്പെടുത്തിയിരുന്നു.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഇതിനെ 'മിസൈല്‍ നഗരം' എന്നാണ് വിശേഷിപ്പിക്കുന്നത്. 85 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ക്ലിപ്പില്‍ ഇറാന്റെ നൂതന ആയുധങ്ങളും സൈനികര്‍ നിലത്ത് വരച്ച ഇസ്രായേലി പതാകയില്‍ ചവിട്ടുന്നതും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ആണവ കരാര്‍ സംബന്ധിച്ച് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയത്.
'അവര്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ഒരു ബോംബിംഗ് ഉണ്ടാകും. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബിംഗ് ആയിരിക്കും അത്. മാത്രമല്ല ഇറാനെ ദ്വിതീയ താരിഫുകള്‍ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും,' എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ആണവ പദ്ധതി പൊളിച്ചുമാറ്റണമെന്ന ആവശ്യം വാഷിംഗ്ടണില്‍ നിന്ന് ശക്തമായി ഉയരുന്നുണ്ട്.
എന്നാല്‍ യുഎസുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല എന്നും പരോക്ഷ ചര്‍ച്ചകള്‍ പരിഗണിക്കാം എന്നുമാണ് ഇറാന്റെ നിലപാട്. തങ്ങള്‍ ചര്‍ച്ചകള്‍ ഒഴിവാക്കുന്നില്ല. ഇതുവരെ തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് വാഗ്ദാനങ്ങളുടെ ലംഘനമാണ്. അവര്‍ക്ക് വിശ്വാസം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിക്കണം. ഒരു ടെലിവിഷന്‍ പ്രസംഗത്തിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇറാനെ അവരുടെ ആണവ പദ്ധതി വികസിപ്പിക്കാനും ഒരു ആണവായുധം സ്വന്തമാക്കാനും അനുവദിക്കാന്‍ കഴിയില്ല എന്ന് അമേരിക്ക അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു. കരാര്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചാല്‍ ഇറാന്‍ മോശം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1