ട്രംപ് ഭരണകൂടത്തിന്റെ രണ്ടാം ഊഴം ആശങ്കയോടെയും ആകാംഷയോടെയുമാണ് നോക്കിക്കാണുന്നത്. വിജയത്തിന് പിന്നാലെ തന്റെ ക്യാബിനറ്റില്‍ ആരൊക്കെ ഉണ്ടാവും എന്നതില്‍ ട്രംപ് വ്യക്തത വരുത്തി രംഗത്തെത്തിയിരുന്നു. അതേസമയം തന്നെ ദിനംപ്രതി താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിതരാവുന്ന കളങ്കിതരുടെ പട്ടിക ദിനം പ്രതി നീണ്ടു വരികയാണ്. കാപ്പിറ്റോള്‍ ഹില്‍ പ്രക്ഷോഭത്തില്‍ കലാപത്തിന് നേതൃത്വം നല്‍കിയവര്‍, പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവര്‍, കമ്യൂണിസത്തോട് വെറുപ്പ് മാത്രം വച്ചു പുലര്‍ത്തുന്നവര്‍ എന്നിങ്ങനെ പട്ടിക നീളുകയാണ്.
കൂടാതെ ശത്രു രാജ്യവുമായി ഉറ്റ സൗഹൃദം സൂക്ഷിക്കുകയും അവരോട് ആശയപരമായി ഐക്യപ്പെടുകയും ചെയ്യുന്ന ഒരു സ്ത്രീയും കൂട്ടത്തിലുണ്ട്. ലൈംഗിക പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ പണം നല്‍കിയ ആളും ട്രംപ് ഭരണകൂടത്തിന്റെ തലപ്പത്തേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, നുണ പ്രചാരണം നടത്തുകയും ഭോഷത്തരങ്ങള്‍ എഴുന്നള്ളിക്കുകയും ചെയ്ത പലര്‍ക്കും ട്രംപിന്റെ മന്ത്രിസഭയില്‍ ഇടം ലഭിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ട്രംപിന്റെ മന്ത്രിസഭയിലെത്താന്‍ നിങ്ങള്‍ക്ക് ആത്മജ്ഞാനം വേണം അല്ലെങ്കില്‍ നല്ല നിര്‍ധാരണ ശേഷി വേണം. അതുമല്ലെങ്കില്‍ ഇവ രണ്ടും വേണം. സ്മാര്‍ട്ട്നെസ് നിര്‍ബന്ധമാണ്. വൈദഗ്ധ്യം ഉണ്ടെങ്കില്‍ കൊള്ളാം എന്നു മാത്രം.
അവബോധവും കണക്കു കൂട്ടലും വച്ച് നേതാക്കള്‍ അവരുടെ ഭരണം നടത്തുന്നു. ഇത്തരം ബോധോദയങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഉദ്ദേശിക്കാത്ത ഫലങ്ങളാണ് സൃഷ്ടിക്കുക. വൈദഗ്ധ്യമേതുമില്ലാത്ത വിശ്വസ്ഥരെ സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള ട്രംപിന്റെ നീക്കം സമനില തെറ്റിയ പോക്കാണ് എന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. ഇത്തരത്തിലുള്ളവര്‍ ട്രംപ് ഭരണകൂടത്തിലെ ഉന്നത പദവികളിലേക്ക് എത്തുന്നത് ചിലരൊക്കെ പറയുന്നതു പോലെ ആപത്തുകള്‍ വര്‍ധിപ്പിക്കുന്നതാണ്.
ട്രംപ് ഭരണകൂടത്തിലേക്ക് നിര്‍ദേശിക്കപ്പെട്ട ചില ആരോപണ വിധേയര്‍
സ്റ്റീഫന്‍ കെ ബാനന്‍:
ക്യാപിറ്റല്‍ ഹില്‍സ് കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട് നാല് മാസം ജയിലില്‍ കിടന്ന സ്റ്റീഫന്‍ കെ ബാനന്‍ (സ്റ്റീവ് ബാനന്‍) ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വളരേ മുന്‍പു തന്നെ പുറത്തിറങ്ങി ട്രംപിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ഏറെ പ്രചാരമുള്ള 'വാര്‍ റൂം' എന്ന തന്റെ പോഡ്കാസ്റ്റ് വഴിയായിരുന്നു പ്രചാരണം. ഹാര്‍വാര്‍ഡില്‍ നിന്ന് പഠിച്ചിറങ്ങിയ ബാനണ്‍ ഒരു പോഡ്കാസ്റ്റര്‍ ആണ്. ഒരിക്കല്‍ ടൈം മാഗസിന്‍ അദ്ദേഹത്തെ 'ലോകത്തിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ മനുഷ്യന്‍' എന്ന് വരെ വിശേഷിപ്പിക്കുകയുണ്ടായി. ഏതാനും വര്‍ഷം അമേരിക്കന്‍ നാവിക സേനയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള മിടുക്കനായ പോഡ്കാസ്റ്റര്‍ ആണ് ബാനന്‍.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവും ബാനനെതിരെയുണ്ട്. ഇക്കാര്യം ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ ഗവേഷണ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ പോഡ്കാസ്റ്റ് ഷോകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മടിയുമില്ലാതെ നുണ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബാനന്റെ പോഡ്കാസ്റ്റിലെത്തുന്ന അതിഥികള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വസ്തുതകള്‍ അതിമനോഹരമായി അവതരിപ്പിക്കും.
റോബര്‍ട്ട് എഫ് കെന്നഡി:
വാക്സിനുകളോട് വിമുഖത കാട്ടിയ റോബര്‍ട്ട് കെന്നഡിയെപ്പോലുള്ളവര്‍ ആരോഗ്യ വിഭാഗത്തിന്റെ ചുമതലക്കാരനായെത്തുന്നതൊക്കെ വിരോധാഭാസം തന്നെയാണ്. കൊവിഡ് മഹാമാരിയുടെ നാളുകളില്‍ ലോകം മുഴുവന്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വാക്സിനുകള്‍ സ്വീകരിച്ചപ്പോള്‍ അതിനോട് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു ആരോഗ്യ രംഗത്ത് ഒരു പരിചയവുമില്ലാത്ത കെന്നഡി ജൂനിയര്‍. ട്രംപ് പറഞ്ഞതും ചെയ്തതും വിലയിരുത്തുമ്പോള്‍ കണക്കെടുപ്പിന്റേയും യുക്തിയുടെയും അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പരാജയപ്പെടുന്നതായി തോന്നുന്നുവെന്നു വേണം കരുതാന്‍.
മാര്‍ക്കോ റൂബിയോ:
ക്യൂബയില്‍ നിന്നുള്ള ഒരു കുടിയേറ്റക്കാരന്റെ മകനായിരുന്നു മാര്‍ക്കോ റൂബിയോ. ക്യൂബന്‍ വിപ്ലവകാരികളുടെ പീഡനത്തില്‍ നിന്ന് രക്ഷ തേടി അദ്ദേഹത്തിന്റെ പിതാവിന് ക്യൂബയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. മാര്‍ക്കോ റൂബിയോയും കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയാണ്. കുടിയേറ്റക്കാര്‍ക്കെതിരെ നീങ്ങുക എന്നതായിരുന്നു ട്രംപിന്റെ അജണ്ടകളിലൊന്ന്. മാര്‍ക്കോ റൂബിയോ ഒരു കുടിയേറ്റക്കാരനല്ലെങ്കിലും ഒരു കുടിയേറ്റക്കാരന്റെ മകനായാണ് ട്രംപ് നിയുക്ത വിദേശകാര്യ സെക്രട്ടറിയെ ചിത്രീകരിക്കുന്നത്.
മാറ്റ് ഗെയ്റ്റ്സ്:
അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് ട്രംപ് നിയമിച്ച മാറ്റ് ഗെയ്റ്റ്സ് ബാല പീഡന കേസ് നേരിടുന്ന വ്യക്തിയാണ്. എട്ട് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മാറ്റ് ഗെയ്റ്റ്‌സ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഒരു സ്ത്രീ മൊഴി നല്‍കിയിരുന്നു. ഫ്‌ളോറിഡയില്‍ ഒരു പാര്‍ട്ടിയ്ക്കിടെ ഗെയ്റ്റ്‌സ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടു എന്ന് സ്ത്രീ വ്യക്തമായി പറഞ്ഞിരുന്നതായി എത്തിക്സ് കമ്മിറ്റിയും വെളിപ്പെടുത്തിയിരുന്നു. അറ്റോര്‍ണി ജനറലിന്റെ പദവിക്കും അന്തസിനും തന്നെ ഇത് പോറലേല്‍പ്പിക്കും. ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ യോഗ്യതയായി ആളുകള്‍ കരുതുകയും ചെയ്യും.
പീറ്റ് ഹെഗ്സെത്തി:
പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത് പീറ്റ് ഹെഗ്സെത്തിനെയാണ്. 2017 ല്‍ ഹെഗ്സെത്ത് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ ഇരയ്ക്ക് പണം നല്‍കി. എന്നാല്‍ പീറ്റ് ആരോപണങ്ങള്‍ നിഷേധിച്ചു. അത് 'ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം' ആയിരുന്നു എന്നാണ് പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടത്.
തുളസി ഗബ്ബാര്‍ഡ്:
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഇഷ്ടക്കാരിയായ തുളസി ഗബ്ബാര്‍ഡാണ് ട്രംപിന്റെ നാഷണല്‍ ഇന്റലിജന്‍സ് മേധാവി. റഷ്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമായാണ് വിദഗ്ധര്‍ കാണുന്നത്. തുളസി ഗബ്ബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് മേധാവിയാക്കിയെന്ന വാര്‍ത്ത വന്നപ്പോള്‍ ഇത് ഒരു റഷ്യന്‍ പദ്ധതിയല്ലേ എന്നായിരുന്നു ഏറെപ്പേരും ഞെട്ടലോടെ പ്രതികരിച്ചത്.
എലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും:
ട്രംപ് ഈ നിയമനങ്ങള്‍ നടത്തുന്നതിനിടെ ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് അധികം മാധ്യമ ശ്രദ്ധ നേടിയില്ല. എലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും ട്രംപ് ഭരണകൂടത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്ന വകുപ്പിന്റെ ചുമതലക്കാരാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോഗ്) വകുപ്പ് ട്രംപ് ഇരുവര്‍ക്കും വേണ്ടി രൂപീകരിച്ചതാണ്. ഈ നിയമനങ്ങളെ ഇന്ത്യ എങ്ങനെ കാണുമെന്നറിയുന്നത് കൗതുകകരമായിരിക്കും.
നിങ്ങള്‍ വ്യാജന്മാരെ മഹത്വവത്കരിക്കുമ്പോള്‍, ലൈംഗിക പീഡകരെ ലാളിക്കുമ്പോള്‍, വിദ്വേഷ പ്രചാരകരെ കൊണ്ടാടുമ്പോള്‍, എതിരാളികളെ നേരിടാന്‍ വിശ്വസ്തരെ വച്ച് ഭരണം നടത്തുമ്പോള്‍ അമേരിക്ക പോലൊരു രാജ്യത്തിന്റെ അടിത്തറ ഇളകാന്‍ സാധ്യതയുണ്ട്. ഇത്തരം നിയമനങ്ങള്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാനും ഒന്നും സംഭവിക്കാതെ എവിടെയും പിടിക്കപ്പെടാതെ പൊടിയും തട്ടിപ്പോകാനും ആളുകള്‍ക്ക് പ്രേരണയാവുമെന്ന് അവര്‍ വിശ്വസിക്കുന്നു. അവിടെ സ്വാഭാവിക ഭരണ ക്രമത്തിനു പകരം അരാജകത്വം പുതിയ ക്രമമായി മാറാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1