പുതിയ രാഷ്ട്രീയ പാര്‍ട്ടിയിലൂടെ മസ്‌കിന്റെ ലക്ഷ്യം ട്രംപോ ?

JULY 9, 2025, 2:45 AM

അമേരിക്കയില്‍ വീണ്ടും ഒരു രാഷ്ട്രീയ ബോംബിന് തിരികൊളുത്തിയിരിക്കുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഏറ്റവും പുതിയ നിര്‍ണായക നീക്കത്തില്‍ യുഎസില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് 'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്.

മസ്‌കും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പരസ്യമായ അഭിപ്രായ വ്യത്യാസത്തിനിടയിലാണ് പുതിയ പ്രഖ്യാപനം. അതിനുശേഷം മസ്‌ക് ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അദ്ദേഹം പുറത്തുപോയിരുന്നു. ഫെഡറല്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള വിവാദ ശ്രമങ്ങള്‍ക്ക് നേരത്തെ അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

യു.എസ് സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനാണ് മസ്‌ക് ഒരു പൊതു വോട്ടെടുപ്പിനെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍മാരുടെയും നിലവിലുള്ള ദ്വികക്ഷി ഘടനയെ വെല്ലുവിളിക്കുന്നതിനായി ഒരു പുതിയ രാഷ്ട്രീയ ശക്തി സൃഷ്ടിക്കുന്നതിനെ അനുകൂലിച്ച് ഏകദേശം 65 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു. ട്രംപിനോട് നേരിട്ടുള്ള വെല്ലുവിളിയാണ് ഇതെന്നായിരുന്നു പൊതുവെ ഉള്ള വിലയിരുത്തല്‍.

നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നായിരുന്നു മസ്‌ക് എക്സില്‍ കുറിച്ചത്. മേല്‍പറഞ്ഞ വോട്ടെടുപ്പിന്റെ ഫലങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ഒരു പുതിയ രാഷ്ട്രീയ ബദലിനായുള്ള പകുതിയില്‍ അധികം അനുപാതത്തിലുള്ള പൊതുജന താല്‍പര്യം വോട്ടെടുപ്പില്‍ പ്രകടമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

നമ്മുടെ രാജ്യത്തെ മാലിന്യവും അഴിമതിയും കൊണ്ട് പാപ്പരാക്കുന്ന കാര്യം വരുമ്പോള്‍, നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണ് എന്നാണ് മസ്‌ക് നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ഇവിടെയാണ് തന്റെ പാര്‍ട്ടിയുടെ സാന്നിധ്യം നിര്‍ണായകമാവുക എന്നും മാസിക ചൂണ്ടിക്കാണിക്കുന്നു.

ഇതോടെ മസ്‌കിനും ട്രംപിനും ഇടയിലുള്ള അകലം കൂടുകയാണ് ചെയ്യുന്നത്. വിവാദമായ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ ബൃഹത്തായ ചെലവ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മസ്‌ക് നിലപാട് മാറ്റി. ദേശീയ കടം വര്‍ദ്ധിപ്പിക്കുകയും സര്‍ക്കാരിന്റെ ഫലപ്രാപ്തിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്നാണ് മസ്‌ക് അതിനെ വിശേഷിപ്പിച്ചത്.

അമേരിക്ക പാര്‍ട്ടിയുമായി ചേര്‍ന്ന്, 2026ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് മസ്‌ക് പ്രതീക്ഷിക്കുന്നത്. 2 അല്ലെങ്കില്‍ 3 സെനറ്റ് സീറ്റുകളും 8 മുതല്‍ 10 വരെ ഹൗസ് ഡിസ്ട്രിക്റ്റുകളും നേടുക എന്നതാവും പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യം. ഇത്രയൊക്കെ ആണെങ്കിലും പാര്‍ട്ടി ഇതുവരെ ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ കൃത്യതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചരിത്രപരമായ സൈനിക തന്ത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, യുഎസ് രാഷ്ട്രീയത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഇടുങ്ങിയതും എന്നാല്‍ ആക്രമണാത്മകവുമായ ഒരു തന്ത്രം ഉപയോഗിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ഇതോടെ മസ്‌ക്-ട്രംപ് പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍.

ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താര സാന്നിധ്യം പോലെ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ഇലോണ്‍ മസ്‌ക്. ശേഷം സര്‍ക്കാരില്‍ ചെറിയ രീതിയിലുള്ള പദവികളും വഹിക്കുകയുണ്ടായി. അത്യാവശ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണവും മാസ്‌ക് ഒഴുക്കിയിരുന്നു. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇരുവരും തമ്മില്‍ ഭിന്നത രൂക്ഷമാകുകയായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam