ക്രിസ്തുമസ് പുതിയൊരു സൃഷ്ടിപ്പിന്റെ ചരിത്രം?

DECEMBER 24, 2024, 12:50 AM

പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങൾ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ശാപഗ്രസ്തമായ ഭൂമിയിൽ പ്രവേശിച്ചു ബെത്‌ലഹേമിലെ ഒരു പശു തൊട്ടിയിൽ പിറവിയെടുക്കുന്നതിനും, ജനനം മുതൽ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ മരുഭൂമിയിലും കാനനങ്ങളിലും സഞ്ചരിച്ചു നിലവിലുണ്ടായിരുന്ന അനാചാരങ്ങൾക്കെതിരെ, ന്യായ ശാസ്ത്രിമാർ, പരിശന്മാർ, പളളി പ്രമാണികൾ എന്നിവരുടെ അനീതികൾക്കെതിരെ പോരാടി കുരിശിൽ മരിക്കുന്നതിനും സ്വയം ഏല്പിച്ചുകൊടുത്ത ദൈവകുമാരന്റെ ജന്മദിനസ്മരണകൾ മനുഷ്യ മനസ്സിനെ മഥിക്കുന്ന ദിനമാണ് ക്രിസ്മസ്. 

പൂർവ്വ മാതാപിതാക്കളായ  ആദമും ഹവ്വയും തിന്നരുതെന്ന് ദൈവം കല്പിച്ച ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി. എന്നന്നേക്കുമായി മനുഷ്യന് നൽകപ്പെട്ടിരുന്ന നിത്യജീവനും ദൈവീക തേജസും അവർ നഷ്ടപ്പെടുത്തി. പാപം ചെയ്തതിലൂടെ മനുഷ്യന് നഷ്ടപെട്ടതെന്തോ അത്  വീണ്ടെടുക്കുന്നതിനും, മനുഷ്യവർഗത്തിന്റെ രക്ഷക്കായും ദൈവം തന്റെ കരുണയിലും മുൻനിർണയത്തിലും ഒരുക്കിയ ഒരു പദ്ധതിയാണ് യേശുക്രിസ്തുവിന്റെ കന്യകാജനനം.

ക്രിസ്തുമസ് പുതിയൊരു സൃഷ്ടിപ്പിന്റെ ചരിത്രം കൂടിയാണ്. ദൈവം നമ്മോടുകൂടെ വസിക്കുവാൻ തയ്യാറെടുക്കുന്ന, നമ്മെ അവന്റെ സ്വരൂപത്തിലേക്കും സാദ്യശ്യത്തിലേക്കും മടക്കിയെടുക്കുന്നു. പ്രത്യാശയുടേയും സന്തോഷത്തിന്റേയും അവസരമാണ് ക്രിസ്തുമസ്. പിതാവിന് മക്കളോടുള്ള സ്‌നേഹം എപ്രകാരമാണോ അപ്രകാരമാണ് ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹം. ദൈവീക സ്വരൂപത്തിൽ ദൈവത്തെക്കാൾ അൽപം മാത്രം താഴ്ത്തി ദൈവീക കരങ്ങളാൽ സൃഷ്ടിക്കപെട്ട  മനുഷ്യനെ എന്നന്നേക്കുമായി തള്ളിക്കളയുവാൻ സൃഷ്ടി കർത്താവിനാകുമോ? ഒരിക്കലുമില്ല. മാലാഖമാരുടെ സ്തുതിഗീതങ്ങളും സ്വർഗീയസുഖങ്ങളും വെടിഞ്ഞ് തന്റെ ഏകജാതനായ  പുത്രനെത്തന്നെ പാപം മൂലം മരണത്തിനധീനരായ മാനവജാതിയെ വീണ്ടെടുത്ത് നിത്യജീവൻ പ്രദാനം ചെയ്യുന്നതിന് കന്യക മറിയത്തിലൂടെ മനുഷ്യവേഷം നൽകി ഭൂമിയിലേക്കയക്കുവാൻ പിതാവിന് ഹിതമായി. ഇതിലും വലിയ സ്‌നേഹം എവിടെയാണ് നമുക്ക് ദർശിക്കുവാൻ കഴിയുക? വചനം മാംസമായതിലൂടെ അഥവാ ദൈവം മനുഷ്യനായതിലൂടെ അഭൗമികമായത് ഭൗമികതയെ സ്വീകരിച്ചു.

vachakam
vachakam
vachakam

ബെത്‌ലഹേമിലെ പുൽകൂട്ടിൽ പിറന്നുവീണ ഉണ്ണി യേശുവിനെ തേടി വിദ്വാന്മാർ യാത്ര തിരിച്ചത് അവർക്ക് മുകളിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ ലക്ഷ്യമാക്കിയാണ്. ദൈവം അവർക്ക് നൽകിയ അടയാളമായിരുന്നു നക്ഷത്രം. എന്നാൽ ആ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് യാത്ര ചെയ്ത് രാജാവിന്റെ കൊട്ടാരത്തിലാണ് അവർ എത്തിചേർന്നത്. ദൈവകുമാരൻ ജനിക്കുക ഒരു രാജകൊട്ടാരത്തിലല്ലേ? ദൈവീക ജ്ഞാനത്തിനും ലക്ഷ്യങ്ങൾക്കും അപ്പുറമായി വിദ്വാന്മാർ ചിന്തിച്ചതും വിശ്വസിച്ചതും അവർക്ക് വിനയായി ഭവിച്ചു. പരിണിതഫലമോ ആയിരകണക്കിന് നവജാത ശിശുക്കളുടെ ജീവനാണ് ബലിയർപ്പിക്കേണ്ടിവന്നത്.

ഇന്ന് പലരും വിദ്വാന്മാരുടെ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. സ്വയത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്ത് ദൈവീക ജ്ഞാനത്തേയും അരുളപ്പാടുകളെയും തള്ളി കളയുന്നു. ഇതു അവർക്ക് മാത്രമല്ല സമൂഹത്തിനും ശാപമായി മാറുന്നു. മനം തിരിഞ്ഞ് ദൈവീക ജ്ഞാനത്തിൽ ആശ്രയിക്കുകയും അവന്റെ വഴികളെ പിന്തുടരുകയും ചെയ്യുമ്പോൾ മാത്രമാണ്  നമുക്ക് യഥാർത്ഥമായി ഉണ്ണി യേശുവിനെ കാണുവാനും പൊന്നും മൂരും കുന്തിരിക്കവും  സമർപ്പിക്കുവാനും സാധിക്കുന്നത്. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം, ക്രിസ്തു എന്ന ഏക ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ യഥാർത്ഥമായി രക്ഷിതാവിനെ കണ്ടെത്തുന്നതിനുള്ള അവസരമായി മാറട്ടെയെന്ന് ആശംസിക്കുന്നു.

ദൈവം മാംസം ധരിക്കുകവഴി വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. മാംസധാരികളായ നാം ദൈവത്തെ ഉൾകൊള്ളുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കുമോ ? ദൈവാത്മാവ് നമ്മുടെ ജഡത്തിൽ വ്യാപാരിക്കുവാൻ നാം നമ്മെ തന്നേ ഏല്പിച്ചുകൊടുക്കുമോ? താഴ്മയുടെയും, സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതിഫലനമായിരിക്കേണ്ടതല്ലേ നമ്മുടെ ജീവിതം?. അതാണ് മറ്റുള്ളവർ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നതും. ക്രിസ്തുവിന് വലിയ ആഘോഷങ്ങളും വിരുന്നു സൽക്കാരങ്ങളും സംഘടിപ്പിക്കുമ്പോൾ നമ്മിലർപ്പിതമായിട്ടുളള ഉത്തരവാദിത്വം വിസ്മരിക്കരുത്.

vachakam
vachakam
vachakam

സ്വർഗ്ഗം നിരസിക്കുമ്പോൾ, വിശന്നിരിക്കുന്നവർക്ക് ഭക്ഷണം ലഭിക്കാതെയിരിക്കുമ്പോൾ, ദൈവത്തെ വിളിച്ചപേക്ഷിച്ചിട്ടും ഉത്തരം ലഭിക്കാതെയിരിക്കുമ്പോൾ, ഉണ്ടാകുന്ന അനുഭവങ്ങൾ നേരിട്ട് രുചിച്ചറിയുവാൻ ക്രിസ്തുവിന് കഴിഞ്ഞു. എന്തുകൊണ്ട് ഇത്തരം അനുഭവങ്ങൾ നമുക്ക് പരീക്ഷിച്ചു നോക്കി കൂടാ? ചില ദിവസങ്ങളെങ്കിലും പട്ടിണി കിടന്ന് പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കുവാൻ എന്തുകൊണ്ട് നമുക്കൊന്ന് ശ്രമിച്ചു കൂടാ? ക്രിസ്തു പഠിപ്പിച്ചത് സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്നാണ്. ഇവിടെയാണ് ക്രിസ്മസിന്റെ യഥാർത്ഥ സന്ദേശം പ്രതിഫലിക്കുന്നത്.

ദൈവപുത്രനായ ക്രിസ്തുവിന്റെ തിരുപിറവി ആഡംബരങ്ങൾ ഉപേക്ഷിച്ചും പൂർവ്വ പിതാക്കന്മാർ ഉയർത്തി പിടിച്ച സനാതന സത്യങ്ങൾ സ്വായത്തമാക്കിയും നമുക്ക് ലളിതമായി ആഘോഷിക്കാം. ക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ രക്ഷകനായി സ്വീകരിച്ചു ഓരോരുത്തരുടേയും ഹൃദയാന്തർഭാഗത്ത് ദിനംതോറുമുളള ആഘോഷമാക്കി ക്രിസ്മസ് മാറും' എന്ന പ്രതിജ്ഞയോടെ ഈ വർഷത്തെ തിരുപിറവിയെ എതിരേൽക്കാം.

എല്ലാവർക്കും സന്തോഷകരമായ ക്രിസ്തുമസും സമ്പൽ സമൃദ്ധമായ നവവത്സരവും ആശംസിക്കുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam