ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വ്യാപാര പങ്കാളിയാണ് ഇറാഖ്. 2022 ലെ ഉക്രൈയിന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യ വലിയ വിലക്കിഴിവുകളുമായി കടന്ന് വരുന്നതിന് മുമ്പ് ഇന്ത്യന്‍ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത് ഇറാഖില്‍ നിന്നായിരുന്നു. റഷ്യന്‍ ക്രൂഡ് ഓയില്‍ വന്‍തോതില്‍ ഒഴുകിയെത്തിയതോടെ ഇറാഖ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇറാഖില്‍ നിന്നും വീണ്ടും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള പദ്ധതി പ്ലാന്‍ ചെയ്യുകയാണ് ഇന്ത്യന്‍ ഓയില്‍ റിഫൈനറി സ്ഥാപനം.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇറാഖുമായുള്ള വാര്‍ഷിക ക്രൂഡ് ഇറക്കുമതി നിരക്ക് ഉയര്‍ത്താന്‍ പോകുന്നുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025-ല്‍ പ്രതിദിനം 100000 ബി പി ഡി എണ്ണ ഇറാഖില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് തീരുമാനം. അതായത് നിലവിലേതില്‍ നിന്നും 43% വളര്‍ച്ചയാണിതെന്നും കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.
2024ല്‍ 70000 ബി പി ഡി ഇറാഖി എണ്ണ വാങ്ങാന്‍ എച്ച് പി സി എല്ലിന് വാര്‍ഷിക ഡീല്‍ ഉണ്ടെന്നും സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 274000 ബി പി ഡി സംഭരണ ശേഷിയുള്ള വിസാഗ് റിഫൈനറിയിലെ ചില പുനഃരുദ്ധാരണങ്ങള്‍ നടക്കുന്നതിനാല്‍ കമ്പനിയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി അടുത്ത വര്‍ഷം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ റിഫൈനറിയുടെ സംഭരണ ശേഷി 300000 ബി പി ഡിയായി ഉയര്‍ത്തും.
മുംബൈയില്‍ 190000 ബി പി ഡി സംഭരണ ശേഷിയുള്ള റിഫൈനറിയും ബി പി സി എല്ലിന് സ്വന്തമായിട്ടുണ്ട്. രാജസ്ഥാനില്‍ നിര്‍മ്മാണം നടക്കുന്ന ബാര്‍മര്‍ റിഫൈനറി ഡിസംബര്‍ അവസാനമോ അടുത്ത വര്‍ഷം ആദ്യമോ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 180000 ബി പി ഡി എണ്ണ സംഭരിക്കാനുള്ള ശേഷിയാണ് ബാര്‍മര്‍ റിഫൈനറിക്കുള്ളത്. അതേസമയം പുതിയ വിവരങ്ങളോട് ബി പി സി എല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.
ബി പി എസി എല്ലിന്റെ ഈ നീക്കത്തോടെ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണയിലെ നിര്‍ണ്ണായക ശക്തിയായി വീണ്ടും ഇറാഖ് മാറും. അതേസമയം, മറ്റൊരു പരമ്പരാഗത പങ്കാളികളായ സൗദി അറേബ്യയും ഇന്ത്യന്‍ വിപണി തിരിച്ച് പിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ്. റഷ്യ ഇപ്പോഴും ഇറക്കുമതി വന്‍തോതില്‍ തുടരുന്നതിനാല്‍ സൗദി അറേബ്യ തങ്ങളടെ പഴയ നിലയിലേക്ക് എപ്പോള്‍ എത്തുമെന്ന് അറിയില്ല.
അതേസമയം, രാജ്യത്തെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതി ഒക്ടോബറില്‍ 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. കപ്പല്‍ ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ പ്രമുഖരില്‍ നിന്നെല്ലാമുള്ള ഇറക്കുമതി നിരക്ക് കുറഞ്ഞു. ഒക്ടോബറില്‍, ഇന്ത്യന്‍ റിഫൈനര്‍മാര്‍ 4.35 ദശലക്ഷം ബാരല്‍ ക്രൂഡാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ മാസത്തേതില്‍ നിന്നും 7.6 ശതമാനം കുറവാണിത്.
റഷ്യയില്‍ നിന്നുള്ള വിതരണം തുടര്‍ച്ചയായി 9.2 ശതമാനം ഇടിഞ്ഞ് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.73 ദശലക്ഷം ബിപിഡിയിലെത്തി. ഒക്ടോബറിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നുമാണ്. റിഫൈനറി മെയിന്റനന്‍സ് സീസണ്‍, എണ്ണ വിപണിയിലെ ചാഞ്ചാട്ടം എന്നിവയ്ക്ക് പുറമേ, ചില ഗ്രേഡുകളിലുള്ള റഷ്യന്‍ ക്രൂഡിന്റെ ചൈനീസ് റിഫൈനര്‍മാരില്‍ നിന്നുള്ള ഉയര്‍ന്ന തോതിലുള്ള മത്സരവും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്നതില്‍ ഒരു പങ്കുവഹിച്ചു.
ഇറാഖില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി അളവ് യഥാക്രമം 3.3 ശതമാനം കുറഞ്ഞ് 0.84 ദശലക്ഷം ബി പി ഡിയിലും 10.9 ശതമാനം കുറഞ്ഞ് 0.65 ദശലക്ഷം ബി പി ഡിയിലും എത്തി. അതേസമയം നവംബറില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി വീണ്ടും ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിലെ ആദ്യ രണ്ടാഴ്ചകളില്‍ ഇന്ത്യന്‍ തുറമുഖങ്ങളിലേക്കുള്ള എണ്ണ ചരക്ക് വരവ് ഏകദേശം 5 ദശലക്ഷം ബി പി ഡി ആയിരിക്കുമെന്നാണ് കപ്പല്‍ ട്രാക്കിങ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1