കൊച്ചി: വൻതോതിലുള്ള ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ടു പോന്ന നൂറു കണക്കിനു മലയാളികൾക്കെതിരെ കേരള ക്രൈംബ്രാഞ്ച് രാജ്യാന്തര തലത്തിലുള്ള അന്വേഷണത്തിനു തയ്യാറെടുക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരുന്ന ഇവരിൽ പലരും വിവിധ രാജ്യങ്ങളിലേക്കു താമസം മാറ്റിയെന്നു വ്യക്തമായതോടെയാണ് വിദേശകാര്യ വകുപ്പിന്റെ സഹായത്തോടെയുള്ള വിപുലമായ നടപടികളിലേക്കു കടക്കാൻ ക്രൈം ബ്രാഞ്ച് നിർബന്ധിതമായത്.
ലക്ഷക്കണക്കിനു രൂപയുടെ കുടിശിക വരുത്തി അപ്രത്യക്ഷരായ മലയാളികളെ പ്രതികളാക്കി ഗൾഫ് ബാങ്കും അൽ ആലി ബാങ്ക് ഓഫ് കുവൈറ്റും നൽകിയ പരാതികൾ പ്രകാരം കേരളത്തിലുടനീളം രജിസ്റ്റർ ചെയ്യപ്പെട്ട ക്രിമിനൽ കേസുകളുടെ അന്വേഷണച്ചുമതലയുള്ളത് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കൊച്ചിയിലെ കേരള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തിനാണ്. കുടിശ്ശിക വരുത്തിയവർ ഇന്ത്യയിൽ ക്രിമിനൽ പ്രോസിക്യൂഷൻ നേരിടേണ്ടിവരുന്നതു മൂലം അവരുടെ കുടിയേറ്റത്തിനു ബുദ്ധിമുട്ടുവരുമെന്നും റെസിഡൻസി പെർമിറ്റ് ലഭ്യമാകില്ലെന്നും നിയമ വിദഗ്ധർ പറയുന്നു.
കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇത്തരം കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡി.ജി.പിയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ഗൾഫ് ബാങ്ക് കഴിഞ്ഞ മെയ് മാസത്തിൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സർക്കാരും അത് അംഗീകരിച്ചു. അക്കാലത്ത്, 700 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട 1425 മലയാളികൾക്കെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട് വന്നു. ഇതിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും അവരിൽ പലരും ആരോഗ്യ മേഖലയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.
വായ്പ തിരിച്ചടയ്ക്കാതെ കുവൈറ്റിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോയ ആയിരക്കണക്കിന് ഇന്ത്യക്കാരിൽ ഭൂരിഭാഗവും കേരളീയരാണെന്ന് ബാങ്ക് പ്രതിനിധികൾ പോലീസിനെ ബോധിപ്പിച്ചിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരുന്നവരാണ് കുടിശികക്കാരിൽ ഏറെപ്പേരും. അയർലൻഡ്, യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവരിൽ പലരും കുടിയേറിയതായി ബാങ്കുകൾക്ക് ലഭിച്ച വിവരം പോലീസും സ്ഥിരീകരിക്കുന്നു.
അപേക്ഷകരുടെ ജോലിയുടെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തിൽ ബാങ്കുകൾ വായ്പ നൽകി. അവരിൽ ചിലരാണ് മാസങ്ങൾക്കുള്ളിൽ രഹസ്യമായി ജോലി ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലെ ഉയർന്ന ശമ്പളമുള്ള ജോലി സ്വീകരിച്ചു പോയത്. തങ്ങൾ നൽകിയ വായ്പ തുക കൊണ്ടാണ് മൈഗ്രേഷൻ ചെലവുകൾ പോലും വഹിച്ചതെന്ന് ബാങ്ക് ഓഫീസർമാർ പറയുന്നു. ഈ കാര്യങ്ങൾ വ്യക്തമാക്കി അൽ ആലി ബാങ്ക് ഓഫ് കുവൈറ്റും (എ.പി.കെ) കേരള ഡിജിപി, എഡിജിപി, വിവിധ എസ്പിമാർ, കമ്മീഷണർമാർ എന്നിവർക്ക് കത്ത് അയച്ചിരുന്നു. പരാതികളിൽ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിൽ അൽ ആലി ബാങ്ക് നൽകിയ ക്രിമിനൽ പരാതിയിലെ പ്രതിയുടെ വായ്പ കുടിശ്ശിക പലിശ ഉൾപ്പെടെ 24,390.20 കുവൈറ്റ് ദിനാർ (73,17,060 ഇന്ത്യൻ രൂപ) ആണ്. യഥാക്രമം 86,45,937 രൂപയുടെയും 61,90,929 രൂപയുടെയും കടം തിരിച്ചടയ്ക്കാത്ത രണ്ട് വ്യക്തികൾക്കെതിരെയും കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. ബാങ്ക് പറയുന്നതനുസരിച്ച്, വെള്ളൂർ പോലീസ് സ്‌റ്റേഷനിലെ കേസിൽ പ്രതിയായി ചേർത്തിട്ടുള്ളയാൾ 6317270 ഇന്ത്യൻ രൂപയുടെ കുടിശ്ശിക വരുത്തിയിട്ടുണ്ട്.
1,17,46,077 ഇന്ത്യൻ രൂപ കുടിശ്ശികയുള്ളപ്പോൾ രഹസ്യമായി കുവൈറ്റിൽ നിന്ന് ഒളിച്ചോടിയതായി ആരോപിച്ച് തലയോലപ്പറമ്പ് സ്‌റ്റേഷനിൽ മറ്റൊരു പ്രതിക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തു.
കുവൈറ്റിലെ ബാങ്കുകൾ ഇപ്പോൾ കേരളീയർക്കുള്ള വായ്പാ നയങ്ങൾ പുനഃപരിശോധിക്കാൻ തുടങ്ങിയിട്ടുള്ളതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയ്ക്കും. സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രത സംരക്ഷിക്കുന്നതിൽ കുവൈറ്റിലെ അൽ ആലി ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് എബികെയുടെ വക്താവ് കൊച്ചിയിൽ പറഞ്ഞു.
മനഃപൂർവ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ ബോധപൂർവമായ നടപടികൾ ബാങ്കിന് ദോഷം ചെയ്യുക മാത്രമല്ല, വിദേശത്തുള്ള വിശാലമായ ഇന്ത്യൻ സമൂഹത്തിന്റെ പ്രശസ്തിയെയും അവസരങ്ങളെയും ബാധിക്കുകയും ചെയ്യും. ഉത്തരവാദിത്തം ഉറപ്പാക്കാൻ എല്ലാ നിയമപരമായ വഴികളും തങ്ങൾ തുടർന്നും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദേശ സ്ഥാപനങ്ങളിൽ നിന്ന് നേടിയ വായ്പകൾ തിരിച്ചടയ്ക്കാതെ ഇന്ത്യയിലേക്ക് മടങ്ങുന്നത് ആശാസ്യമായ കാര്യമല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406, 420 പ്രകാരം വഞ്ചനയും വിശ്വാസവഞ്ചനയും ഉൾപ്പെടുന്ന ജാമ്യമില്ലാത്ത തരം കുറ്റകൃത്യങ്ങളാണിവ. കൂടാതെ മുൻകൂർ ജാമ്യാപേക്ഷകൾ 'അർഹതയില്ലാത്ത ഹർജികൾ' എന്ന നിരീക്ഷണവുമായാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്.
ഇത്തരം അനാരോഗ്യകരമായ പ്രവണതകൾ ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ യശസ്സു നശിപ്പിക്കുകയും ആതിഥേയ രാജ്യങ്ങളിലെ പ്രവാസികളുടെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് കോടതി ഊന്നിപ്പറയുകയും ചെയ്തു.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1