കേരളാരാഷ്ട്രീയത്തിൽ ഇപ്പോൾ 'അയ്യപ്പനും കോശിയും' എന്ന സച്ചി സിനിമയുടെ സീസൺ ടൂ അരങ്ങേറുകയാണ്. കുമ്മാട്ടിക്കളിയിൽ ചിലരെ 'ഊടു പാട് പിടിച്ച്' ഞെരുച്ചുകൊല്ലുന്ന ബിജു മേനോന്റെ അയ്യപ്പനെന്ന കഥാപാത്രവും, പഴയ തമ്പ്രാന്റെ തൊപ്പി തലയിലുള്ള പൃഥ്വിരാജിന്റെ കോശി എന്ന കഥാപാത്രവും തമ്മിലുള്ള ഉരസലും ചൊറിയലുമാണ് അയ്യപ്പനും കോശി എന്ന സിനിമയുടെ ഹൈലൈറ്റ്. ഇപ്പോൾ കേരളാരാഷ്ട്രീയത്തിൽ അയ്യപ്പൻ പൊലീസ് ആരാണെന്നും, മരിക്കാൻ എനിക്ക് ഭയമില്ലെന്നു പറഞ്ഞു കൊണ്ടിരിക്കുന്ന 'കോശി തമ്പ്രാ' ആരാണെന്നും ജനത്തിനു മനസ്സിലായിട്ടുണ്ട്.
എന്തു ചോദിച്ചോളൂ, മറുപടി റെഡി!
മുഖ്യമന്ത്രി ഇപ്പോൾ പഴയ ആളല്ല. അദ്ദേഹത്തിന്റെ ശരീരഭാഷ മാറിയിട്ടുണ്ടെന്ന് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു കേട്ടത് വെറുതെയല്ല. മാധ്യമങ്ങളെ കാണാൻ മുൻകൂർ 'അപ്പോയ്‌മെന്റ്' എടുത്തു കളഞ്ഞു, നമ്മുടെ മുഖ്യൻ. അതു മാത്രമോ? എനിക്ക് പറയാനുള്ളത് കേട്ടാൽ മതിയെന്ന് ശാഠ്യം പിടിക്കാറുള്ള മുഖ്യമന്ത്രി ഇത്തവണ മാ. പ്രകളെ (മാധ്യമ പ്രവർത്തകർ) വിട്ടു പിരിയാതെ ഒരു മണിക്കൂറും 40 മിനിറ്റുമാണ് പ്രസ്‌റൂമിൽ കുത്തിയിരുന്നത്. വാർത്താ ലേഖകർ തിരക്ക് കൂട്ടിയപ്പോൾ ''ഞാൻ ഇവിടെയിരിക്കുകയല്ലേ, എല്ലാറ്റിനും മറുപടി പറയാം'' എന്നൊരു ഉറപ്പും വാർത്താ സമ്മേളന മധ്യേ പിണറായിയുടെ ഭാഗത്തുനിന്നുണ്ടായി. ഭരണമായാലും പാർട്ടിയായാലും അവസാന വാക്ക് തന്റേതാണെന്ന മട്ടിൽ പാർട്ടിക്കു വേണ്ടി പോലും മുഖ്യൻ മറുപടി പറഞ്ഞത് വാർത്താ ലേഖകരുടെ കണ്ണ് തള്ളിച്ചു.
മലബാർ രാഷ്ട്രീയത്തിൽ സി.പി.എമ്മിന് ഗുരുതരമായ വോട്ട് ചോർച്ചയുണ്ടായത്, ഇനിയും കൂടാൻ ഇടയുള്ള വിധം മലപ്പുറം ജില്ലയെ 'കാരണ ഭൂതൻ' പ്രതിക്കൂട്ടിൽ നിർത്തിയെന്ന് ചില സഖാക്കൾ ആകുലപ്പെടുന്നുണ്ട്. മുഖ്യനു നേരെ പടപ്പുറപ്പാടിനിറങ്ങിയ ഇടതുപക്ഷ എം.എൽ.എ. പി.വി. അൻവറിന്റെ പേരിൽ ഇപ്പോൾ തന്നെ 15 പൊലീസ് കേസുകളുണ്ട്. അതോടൊപ്പം തീവ്രവാദ ബന്ധവും അൻവറിനു നേരെ ആരോപിക്കപ്പെടാൻ പൊലീസ് വഴി തേടുന്നതായി വാർത്തകളുണ്ട്. ഒപ്പം, അൻവറിന് സർക്കാരിനെതിരെ തിരിയാൻ മാത്രം 'വെടിമരുന്ന്' നൽകിയതാരാണെന്നും പൊലീസിലെ ഒരു വിഭാഗം അന്വേഷിക്കുന്നു.
വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വെള്ളപൂശാനിടയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ ഫ്‌ളാറ്റ് കച്ചവടം അൻവർ കൃത്യ സമയത്ത് മുൻകൂട്ടി വാർത്താ ലേഖകരെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയാകട്ടെ അതൊന്നും കേട്ട മട്ടിലല്ല വാർത്താ ലേഖകരെ അഭിസംബോധന ചെയ്തത്. അൻവർ എത്രത്തോളം അജിത് കുമാറിനെയും ശശിയെയും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചുവോ അതിന്റെ മൂന്നിരട്ടി പള പളപ്പുള്ള 'ഗുഡ് സർവീസ് എൻട്രി' ഇരുവർക്കും നൽകാനും മുഖ്യമന്ത്രി ശ്രമിക്കുകയും ചെയ്തു. ഒരു സന്ദർഭത്തിൽ പൊളിറ്റിക്കൽ സെക്രട്ടറി 'മാതൃകാപരമായ' സേവനമാണ് കാഴ്ചവയ്ക്കുന്നതെന്ന് തട്ടിവിടാനും മുഖ്യമന്ത്രി മടിച്ചില്ല. അതിനർത്ഥം ഇരുവരും തന്റെ പ്രീതിഭാജനങ്ങളാണെന്നും അവരെ തൊട്ടുള്ള കളി വേണ്ടെന്നുമാണ് മുഖ്യൻ പരോക്ഷമായി വാർത്താ ലേഖകരെ അറിയിച്ചത്.
പറയാക്കഥകളിലും പോരിന്റെ ചൂട് !
വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ സി.പി.എം. വെള്ളം കുടിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. വയനാട്ടിൽ പ്രിയങ്കാഗാന്ധിയെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടത് ഇപ്പോൾ മുസ്ലീം രാഷ്ട്രീയ നേതാക്കൾക്ക് അനിവാര്യമായിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഉപതെരഞ്ഞെടുപ്പുകളും ഇടതുകക്ഷികൾക്ക് ക്ഷീണമുണ്ടാക്കും. ഒരർത്ഥത്തിൽ, ഇതെല്ലാം 'അൻവർ ഇഫക്ടാ' യി ചിത്രീകരിക്കാനും ശ്രമമുണ്ടാകാം. അൻവറിനെ കണ്ണൂർ സഖാക്കൾ കൈവിടാത്തതിനു കാരണം, പി. ശശിയോടുള്ള ആജന്മശത്രുതയാണെന്ന കാര്യവും മറക്കരുത്.
മുഖ്യമന്ത്രിക്കെതിരെ പ്രത്യക്ഷത്തിൽ പോരിനിറങ്ങാത്ത സി.പി.എം. നേതാക്കളിൽ ആരാണ് അൻവറിനെ സഹായിക്കുന്നതെന്ന ആശങ്കയിലാണ് മുഖ്യന്റെ പക്ഷത്തുള്ളവർ. ആരും എന്നെ ന്യായീകരിക്കാനിറങ്ങേണ്ട എന്ന് മേലാവിൽ നിന്നുള്ള കൽപ്പനയുള്ളതുകൊണ്ടോ, അതല്ലെങ്കിൽ ഇനി എന്ത് ന്യായികരിക്കാൻ എന്ന് ചിന്തിക്കുന്നതു കൊണ്ടോ ആകാം ബാലൻ വക്കീൽ പോലും ഇത്തവണ കമാന്ന് മിണ്ടിയതേയില്ല. വാർത്താ ലേഖകികമാരിൽ ഒരാൾ ഏതോ ഉടക്ക് ചോദ്യം ഉന്നയിച്ചപ്പോൾ, താൻ റിപ്പോർട്ടർ ചാനലിൽ നിന്നാണെന്ന് അവർ വിശദീകരിച്ചതും മുഖ്യമന്ത്രി 'ഹഹഹ' എന്ന് ചിരിച്ചതും മാധ്യമ ലേഖകർക്ക് കൗതുകമായി. ചാനലുകളായ ചാനലുകളെല്ലാം ആ ചിരി പകർത്തിയത് അൻവറിനുള്ള താക്കീതായി പിന്നീട് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു'.
പൂഴ്ത്തിവയ്ക്കാനും വേണ്ടേ അൽപ്പം ഉളുപ്പ് ?
ഓരോ വിവാദങ്ങൾക്കുശേഷവും സർക്കാർ കമ്മീഷനുകളെ വയ്ക്കുന്നു. അല്ലെങ്കിൽ അന്വേഷണം പ്രഖ്യാപിക്കുന്നു. പക്ഷെ, ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് നടത്തുന്ന പല അന്വേഷണങ്ങളും പൂർത്തിയാകുന്നതു തന്നെ അപൂർവം. റിപ്പോർട്ട് കിട്ടിയാൽ തന്നെ അത് ജനത്തെ അറിയിക്കുന്നതിലും കാലതാമസമുണ്ടാകാറുണ്ട്. നാലര വർഷങ്ങൾക്കു മുമ്പ് സർക്കാരിന് സമർപ്പിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് ഭാഗികമായെങ്കിലും പുറത്തുവരാൻ ഹൈക്കോടതിയുടെ ഇടപെടൽ വേണ്ടിവന്നു. പൂരം കലക്കൽ റിപ്പോർട്ടും മാസങ്ങളോളം വൈകിയാണ് മുഖ്യന്റെ മേശപ്പുറത്തെത്തിയത്. എ.ഡി.ജി.പി. അജിത് കുമാറിന്റെ അനാസ്ഥയെക്കുറിച്ച് സൂചനകളുള്ള ഡിജിപിയുടെ റിപ്പോർട്ടിന്മേലുള്ള നടപടി ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം പരിഗണിക്കാമെന്നാണ് ഇന്നലത്തെ (ബുധൻ) മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. റവന്യൂ മന്ത്രി കെ. രാജൻ ഏറെ സമ്മർദ്ദം ചെലുത്തിയെങ്കിലും മുഖ്യൻ വഴങ്ങിയില്ലത്രെ.
രാത്രിയും തുറന്നിരിക്കുന്ന വക്കീലാപ്പീസുകൾ
എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിലാണ് അഡ്വ. ബി. രാമൻപിള്ളയുടെ ഓഫീസ്. ദിലീപിന്റെയും സിദ്ദിഖിന്റെയും കേസുകൾ ഇപ്പോൾ വാദിക്കുന്നത് രാമൻപിള്ള വക്കീലാണ്. കുറെ ദിവസങ്ങളായി എറണാകുളത്തെ പല വക്കീലാപ്പീസുകളും 24 X 7 എന്ന മട്ടിലാണ് പ്രവർത്തിക്കുന്നത്. അഭിനയിച്ചു കിട്ടിയ പണമെല്ലാം വക്കീലാപ്പിസിൽ കൊടുത്താലും തടി വട്ടമെത്തിച്ചു കിട്ടണമെന്ന ചിന്തയിലാണ് പല താരങ്ങളും. വെള്ളിത്തിരയിൽ കൊലകൊമ്പന്മാരായ താര രാജാക്കന്മാർ എത്രയോ വിനീതരായിട്ടാണ് വക്കീലാപ്പീസുകൾ കയറിയിറങ്ങുന്നെന്നോ?
ജയസൂര്യയും ഇടവേള ബാബുവുമെല്ലാം മുൻകൂർ ജാമ്യം നേടാനുള്ള തിരക്കിലാണ്. ജയസൂര്യയുടെ ഇമേജ് നഷ്ടം ശതകോടികൾ മുടക്കിക്കഴിഞ്ഞ 'കടമറ്റത്ത് കത്തനാരെന്ന' ത്രീഡി ചിത്രത്തെ ബാധിക്കുമെന്ന അങ്കലാപ്പ് നിർമ്മാതാക്കൾക്കുണ്ട്. 'ഹോം' എന്ന സിനിമയുടെ സംവിധായകനായ റോജിൻ തോമസാണ് കത്തനാരെയും അണിയിച്ചൊരുക്കുന്നത്.
ഇരുട്ടാകാൻ നോക്കിയിരുന്നോ പൊലീസ് ?
ചൊവ്വാഴ്ച (സെപ്ത.24) രാവിലെ 10 മണിയോടെയാണ് നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഈ വാർത്ത കേട്ടതോടെ വക്കീലാപ്പീസിൽ ഉണ്ടായിരുന്ന സിദ്ദിഖ് മുങ്ങി. ഈ കുറിപ്പെഴുതുന്ന സമയത്തും സിദ്ദിഖ് പൊങ്ങിയിട്ടില്ല. സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള പരക്കം പാച്ചിലിലാണ് സിദ്ദിഖിന്റെ സുഹൃത്തുക്കൾ. സിദ്ദിഖിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് തിരുവനന്തപുരത്താണ്. അതുകൊണ്ട് പൊലീസിൽ കീഴടങ്ങാൻ തലസ്ഥാനത്തു പോകേണ്ടിവരുമായിരുന്നു.
എന്നാൽ ജാമ്യാപേക്ഷ തള്ളുമ്പോൾ എറണാകുളം നോർത്ത് കസ്ബാ പൊലീസ് സ്റ്റേഷനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിൽ വക്കീലാപ്പീസിലുണ്ടായിരുന്ന സിദ്ദിഖിനെ രക്ഷപ്പെടാൻ പോലീസ് അനുവദിച്ചുവെന്ന് ചിലർ കരുതുന്നുണ്ട്. മാത്രമല്ല, സിദ്ദിഖിന്റെ സുപ്രീംകോടതിയിലെത്താൻ സാധ്യതയുള്ള ജാമ്യാപേക്ഷയ്‌ക്കെതിരെ തടസ്സ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷകനും സുപ്രീംകോടതിയിലെത്തുന്നുണ്ട്. ഇതോടെ സിദ്ദിഖിന് എളുപ്പത്തിൽ ജാമ്യം കിട്ടില്ലെന്ന് നിയമവിദദ്ധർ കരുതുന്നു.
'വെടല' വേഷങ്ങൾ പണിയായോ?
വില്ലൻ വേഷങ്ങളോട് സിദീഖിന് അടങ്ങാത്ത കൊതിയാണ്. റേപ്പും ക്രൂരതകളുമുള്ള കഥാപാത്രങ്ങളെ ലഭിക്കാൻ സിദ്ദിഖ് ഏതുതരത്തിലുള്ള കോംപ്രമൈസിനും തയ്യാറാകുമായിരുന്നു. ജീത്തു ജോസഫിന്റെ 'നേരിൽ' അന്ധയായ യുവതിയെ ബലാത്സംഗം ചെയ്യുന്ന കഥാപാത്രത്തെ സപ്പോർട്ട് ചെയ്യുന്ന സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രേക്ഷകർ കഠിനമായി തന്നെ വെറുത്തിരുന്നു. അത്തരം കഥാപാത്രങ്ങളിൽ നിന്നു കിട്ടിയ മാനസികാഹ്ലാദമാണ് സിദ്ദിഖിനെ പെണ്ണ് പിടിയനാക്കിയതെന്ന് ചിന്തിക്കുന്നവരുമുണ്ട്. പ്രേക്ഷകർ പ്‌രാകുന്ന വിധം നേരിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ സിദ്ദിഖ് പ്രകടിപ്പിച്ച അഭിനയ വൈദദ്ധ്യം പ്രശംസിക്കപ്പെടുമ്പോഴും പച്ചയായ ജീവിതത്തിലും ആ നടനു ഇങ്ങനെയെല്ലാമാണെന്ന് പ്രേക്ഷകർ ധരിച്ചു വയ്ക്കുന്നതിൽ അവരെ കുറ്റപ്പെടുത്താനാവില്ല.
മുകേഷ് എം.എൽ.എയും നിരവധി സ്ത്രീലമ്പട വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 'ക്രോണിക് ബാച്ചിലർ' എന്ന സിനിമയിൽ സ്വന്തം മകനായ മുകേഷിന്റെ കഥാപാത്രത്തെ ഒറിജിനൽ പേരായ ശ്രീകുമാർ എന്നല്ല 'സ്ത്രീ' കുമാർ എന്നാണ് അച്ഛൻ കഥാപാത്രമായ ജനാർദ്ദനൻ വിളിക്കുന്നത്. സരിത, മേതിൽ ദേവിക എന്നിവരുമായുള്ള വിവാഹമോചനത്തിന്റെ സോഷ്യൽ മീഡിയ ഭാഷ്യങ്ങളിലും മുകേഷിന്റെ 'സ്ത്രീ വിരുദ്ധത' തെളിഞ്ഞു കാണുന്നുണ്ട്. വെള്ളിത്തിരയിലെ ജീവിതം തന്നെ യഥാർത്ഥ ജീവിതത്തിലും പകർത്തി അർമാദിക്കാമെന്ന ചിന്തയാണോ സിദ്ദിഖിനും മുകേഷിനും വിനയായി മാറിയത്?
സിനിമയല്ലേ, എന്തും സംഭവിക്കാം. പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയോട്, നിഴൽ പോലെ അവരെ പിന്തുടരുന്ന വല്യമ്മയെപ്പറ്റി ഒരു സൂപ്പർ താരം ചോദിച്ചത്, കെളവി (വല്യമ്മ) എപ്പോഴും കൂടെയുണ്ടാകുമോ എന്നായിരുന്നുവത്രെ!.
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1