കേരളത്തില്‍ വന്യമൃഗങ്ങള്‍ കാടിറങ്ങി തുടങ്ങിയതോടെ മനുഷ്യ ജീവന്‍ ദിവസേന പൊലിയുകയാണ്. വനമേഖലകളിലും മലയോര മേഖലകളിലും ജീവന്‍ പൊലിയുന്നത് സാധാരണ സംഭവമായിരിക്കുന്നു. ആളുകള്‍ക്ക് ഉറക്കം നഷ്ടമായിട്ട് നാളേറെ ആയി. അധികൃതരാകട്ടെ തികഞ്ഞ മൗനത്തിലും.
കാടിറങ്ങി നാട്ടുവഴിയിലേയ്ക്ക്
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കരടി, കടുവ, പുലി ഇവയൊക്കെ ഇപ്പോള്‍ നാട്ടിലാണ് വാസം. വയനാടും ഇടുക്കിയും കോഴിക്കോടും കണ്ണൂരും മാത്രമല്ല സംസ്ഥാനത്ത മിക്ക വനമേഖലകളിലും ജനങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ എണ്ണിത്തുടങ്ങിയിട്ട് നാളേറെയായി. കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വീട് വിട്ട് ജോലിക്ക് പോകണമെങ്കില്‍ പ്രാണ ഭയത്തോടെ അല്ലാതെ പോകാന്‍ പറ്റില്ല.
കക്കയത്തും തൃശൂരുമായി കാട്ടുപോത്തും ആനയും രണ്ട് ജീവനുകള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയുടെ മലയോര മേഖലായ നേര്യമംഗലത്തും കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീക്ക് ജീവന്‍ നഷ്ടമായിരുന്നു. തൃശൂര്‍ പെരിങ്ങല്‍ക്കുത്തിന് സമീപം വാച്ചുമരം കോളനിയിലെ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സല(64) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. കാട്ടില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഇവര്‍. ആന തുമ്പിക്കൈക്കൊണ്ട് ഇവരെ അടിച്ച് വീഴ്ത്തിയിരുന്നു.
കോഴിക്കോട് കക്കയത്താണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരു കര്‍ഷകന് ദാരുണാന്ത്യമുണ്ടായത്. കക്കയം സ്വദേശി അവറാച്ചന്‍ എന്ന് വിളിക്കുന്ന എബ്രഹാം(70) ആണ് മരിച്ചത്. കക്കയം ഡാം സൈറ്റിനടത്തുള്ള കൃഷിയിടത്തില്‍ വച്ചായിരുന്നു സംഭവം. നേരത്തെ കക്കകയം ഡാം സൈറ്റില്‍ സഞ്ചാരികള്‍ക്ക് നേരെയും കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. ജനുവരി 24ന് ഉച്ചയ്ക്ക് ഒരു അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കാട്ടാനക്കലിയില്‍ ഇടുക്കി ജില്ലയില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. കാഞ്ഞിരവേലി സ്വദേശി ഇന്ദിരയ്ക്കാണ് ഏറ്റവും ഒടുവില്‍ ഇവിടെ ജീവന്‍ നഷ്ടമായത്. മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മണി കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിടവയൊണ് മറ്റൊരു ജീവന്‍ കൂടി കാട്ടാന എടുത്തത്.
ജനുവരി 23 ന് തെന്മലയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പാല്‍രാജ് കൊല്ലപ്പെട്ടിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കളോടൊപ്പം എത്തിയതായിരുന്നു പാല്‍രാജ്. ചിന്നക്കനാല്‍ ബിഎല്‍റാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗന്ദര്‍രാജ് ആശുപത്രിയില്‍ മരിച്ചതും ജനുവരി എട്ടിന് തൊണ്ടിമല പന്നിയാര്‍ എസ്റ്റേറ്റില്‍ ജോലിക്ക് പോയ തോട്ടം തൊഴിലാളി പരിമളം കാട്ടാന ആക്രമണത്തില്‍ മരിച്ചതും കാട്ടാനക്കലി തീര്‍ത്ത കണ്ണീരോര്‍മ്മകളാണ്.
വയനാട്ടിലെ കടുവ ശല്യത്തെക്കുറിച്ചുള്ള വാര്‍ത്തകളും ഈയടുത്ത സമയത്താണ് പുറത്ത് വന്നത്. കടുവയുടെ ആക്രമണത്തില്‍ ഒരു യുവാവിന് ജീവന്‍ നഷ്ടമായിരുന്നു. കന്നുകാലികളെ കടുവ ഉപദ്രവിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ പകുതിയോളം കടുവ ഭക്ഷിച്ച നിലയിലുമായിരുന്നു. മരിച്ചവര്‍ക്ക് പുറമെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും നിരവധിയുണ്ട്.
കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും ചില്ലറയല്ല. കഷ്ടപ്പെട്ട് കൃഷി ചെയ്ത് വിളയിക്കുന്ന വിഭവങ്ങള്‍ ആനയും കാട്ടുപന്നിയും തിന്നും ചെവിട്ടിമെതിച്ചും നശിപ്പിക്കുന്നു. ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. വളര്‍ത്തു മൃഗങ്ങള്‍ക്കും ഇവ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല.
വന്യമൃഗങ്ങളുടെ ശല്യത്തെക്കുറിച്ച് അധികൃതരോട് ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി പറഞ്ഞ് മടുത്ത ജനങ്ങള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്. വന്യജീവികളെ സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ ജീവനും ജീവിതോപാധികളും നഷ്ടപ്പെടുന്ന ജനതയുടെ കണ്ണീര് കൂടി കാണമെന്നാണ് ഇവരുടെ ആവശ്യം.
കാടിനോട് ചേര്‍ന്ന് കിടക്കുന്ന മലയോര മേഖലകളിലെ ജനവാസ മേഖലകളിലേക്ക് ഇവ ഇറങ്ങുന്നത് തീറ്റ തേടിയാണ്. കാടിനുള്ളിലെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യ ഇടപെടല്‍ വര്‍ദ്ധിക്കുന്നത് മൂലമാണ് ഇവയ്ക്ക് ഇരതേടി നാട്ടിലേക്ക് ഇറങ്ങേണ്ടി വരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ അടുത്ത ദിവസങ്ങളില്‍ പലയിടങ്ങളിലും നിന്നെത്തിയ ജനരോഷം നാം കണ്ടതാണ്. ജീവനുകള്‍ നഷ്ടമാകുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തടിയൂരുന്ന സര്‍ക്കാര്‍ ഇതിനൊരു ശാശ്വത പരിഹാരമാണ് കാണേണ്ടത്. വന്യജീവികള്‍ നാട്ടിലിറങ്ങാതെ കാക്കാന്‍ അതിര്‍ത്തിയില്‍ ശക്തമായ സംരക്ഷണ കവചങ്ങള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യമൃഗങ്ങള്‍ക്ക് നേരെ കല്ലേറിയാന്‍ പോലും പാടില്ലാത്ത വിധം അവയ്ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ശക്തമാണ്. എന്നാല്‍ കാട്ടുമൃഗങ്ങളില്‍ നിന്ന് മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള യാതൊരു നിയമങ്ങളും നമ്മുടെ നാട്ടില്‍ ഇല്ലെന്നതും എടുത്ത് പറയേണ്ടതുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1