യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്-1ബി വിസയ്ക്ക് വാര്‍ഷിക അപേക്ഷാ ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുകയാണ്. എച്ച്-1 ബി വിസയ്ക്കുമേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഇരുട്ടടിയിലൂടെ പ്രതിസന്ധിയിലായത് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളാണ്. കരിയറില്‍ മികച്ച ഭാവിയും ഉന്നത ജീവിത നിലവാരവും സ്വപ്നം കണ്ടാണ് പലരും എച്ച്-1ബി വിസയില്‍ അമേരിക്കയില്‍ എത്തുന്നത്. എന്നാല്‍ സ്വന്തം നാട്ടിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കിയിട്ട് മതി ഇനി പുറത്തുള്ളവര്‍ എന്നാണ് ട്രംപിന്റെ നിലപാട്.
ട്രംപിന്റെ ഈ നയം നിരവധി ഇന്ത്യന്‍ ടെക്കികളുടെ സ്വപ്നങ്ങള്‍ക്ക് മേലാണ് കരിനിഴല്‍ വീഴ്ത്തിയത്. പുതിയ മാറ്റം എങ്ങനെ സ്വാധീനിക്കും എന്ന് നോക്കാം.
എച്ച്-1ബി വിസകള്‍ക്ക് വര്‍ഷംതോറും 100,000 ഡോളര്‍ നല്‍കേണ്ടി വരും. വലിയ കമ്പനികളെല്ലാം ഈ മാറ്റത്തിന് തയ്യാറാണെന്നും അവരുമായി സംസാരിച്ചുവെന്നുമാണ് പുതിയ എച്ച്-1ബി വിസ ഫീസിനെക്കുറിച്ച് യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് പറഞ്ഞത്. ഈ നയത്തിന്റെ പ്രധാന ലക്ഷ്യം യു.എസ് ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുക ഉണ്ടായി. ഈ മാറ്റത്തെ സാങ്കേതിക മേഖല പിന്തുണയ്ക്കുമെന്നും പുതിയ വിസ ഫീസില്‍ അവര്‍ക്ക് സന്തോഷമുണ്ടാകുമെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്. അതേസമയം പ്രമുഖ ടെക് കമ്പനികളായ ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികള്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇന്ത്യക്കാരെ ബാധിക്കുന്നതെങ്ങനെ?
എച്ച്-1ബി വിസ 1990 ലാണ് നിലവില്‍ വന്നത്. അന്ന് മുതല്‍ ഇന്നുവരെയുള്ള പദ്ധതിയുടെ ഏറ്റവും വലിയ പരിഷ്‌കരണങ്ങളിലൊന്നാണിത്. നിലവില്‍ എച്ച്-1ബി അപേക്ഷകര്‍ക്ക് വളരെ കുറഞ്ഞ ഫീസ് മാത്രമാണുള്ളത്. ഇത് സാധാരണയായി കമ്പനികളാണ് നല്‍കുന്നത്. യു.എസ് സാങ്കേതിക കമ്പനികള്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്ര മേഖലകളിലെ ഒഴിവുകള്‍ നികത്താന്‍ ഉപയോഗിക്കുന്ന എച്ച്-1ബി വിസ സംവിധാനം അമേരിക്കന്‍ വേതനങ്ങളെ കുറയ്ക്കുന്നുവെന്ന് ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും നേരത്തെയും വിമര്‍ശിച്ചിട്ടുള്ളതാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, എച്ച്-1ബി വിസ ലഭിക്കുന്നവരില്‍ 71% ഇന്ത്യക്കാരാണ്. 11.7% ചൈനക്കാരും. എച്ച്-1ബി വിസകള്‍ക്ക് സാധാരണയായി മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ കാലാവധിയുണ്ട്. യു.എസ് ഓരോ വര്‍ഷവും 85,000 എച്ച്-1ബി വിസകളാണ് ലോട്ടറി സംവിധാനത്തിലൂടെ അനുവദിക്കുന്നത്. ഈ വര്‍ഷം ആമസോണിനാണ് ഏറ്റവും കൂടുതല്‍ വിസകള്‍ ലഭിച്ചത്. 10,000-ത്തിലധികം വിസകളാണ് ലഭിച്ചത്. തൊട്ടുപിന്നില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നിവയുണ്ട്. കാലിഫോര്‍ണിയയിലാണ് എച്ച്-1ബി തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ളതെന്ന് യു.എസ്.സി.ഐ.എസ്. റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനികള്‍, യു.എസ്. പൗരന്മാരായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കി, വേതനം കുറയ്ക്കാന്‍ വിദേശ തൊഴിലാളികളെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഇത് ടെക് മേഖലയിലും തൊഴില്‍ വിപണിയിലും വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും വിസ ഫീസ് വര്‍ധിപ്പിച്ചതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
നിയമപരമായ ചോദ്യങ്ങള്‍
പുതുക്കിയ എച്ച്-1ബി ഫീസ് നിയമപരമാണോ എന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിന്റെ പോളിസി ഡയറക്ടറായ ആരോണ്‍ റെയ്ച്‌ലിന്‍-മെല്‍നിക് ചോദ്യം ചെയ്യുന്നു. ഒരു അപേക്ഷയുടെ ചിലവ് തിരിച്ചുപിടിക്കാന്‍ മാത്രമാണ് ഫീസ് നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരം നല്‍കിയിട്ടുള്ളൂവെന്ന് അദ്ദേഹം ബ്ലൂസ്‌കൈയില്‍ കുറിച്ചു. നിയമപരമായ കുടിയേറ്റത്തില്‍ നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഈ നിര്‍ദേശം. കഴിഞ്ഞ മാസം വിനോദസഞ്ചാര ബിസിനസ് വിസകള്‍ക്ക് 15,000 ഡോളര്‍ വരെ ബോണ്ട് ആവശ്യപ്പെടുന്ന ഒരു പൈലറ്റ് പ്രോഗ്രാമും യു.എസ് അവതരിപ്പിച്ചിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിട്ടാണ് ഈ നടപടി.
ഇന്ത്യക്കാരെ സ്പോണ്‍സര്‍ ചെയ്യുന്ന 10 യു.എസ് ടെക് കമ്പനികള്‍
പുതിയ നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ നയത്തിലൂടെ കുറഞ്ഞ ചെലവില്‍ അതി വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്ക് എടുക്കാനുള്ള അവസരമാണ് അമേരിക്കയിലെ മുന്‍നിര ടെക് കമ്പനികള്‍ക്ക് നഷ്ടമാകുന്നത്. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം എല്ലാം ട്രംപ് ഭരണകൂടം അവഗണിക്കുകയാണ്. യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക എന്നതു മാത്രമാണ് ട്രംപിന്റെ ലക്ഷ്യം.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും എന്ന് ഉറപ്പാണ്. എച്ച്-1ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. രണ്ടാമത് ചൈനക്കാരും. എന്നാല്‍ ഇന്ത്യക്കാരെ അപേക്ഷിച്ച് ചൈനീസ് പ്രൊഫഷണലുകള്‍ വളരെ കുറവാണ്. അതിനാല്‍ തന്നെ ഈ ഉത്തരവു മൂലം തിരിച്ചടി നേരിടുന്നതും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായിരിക്കും.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഏതൊക്കെ യുഎസ് കമ്പനികളാണ് വിദേശ ജീവനക്കാരെ എച്ച്-1ബി വിസകള്‍ നല്‍കി നിയമിക്കുന്നതെന്ന് നോക്കാം. ഫെഡറല്‍ ഡേറ്റാ പ്രകാരം ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന 10 കമ്പനികളുടെ ചുവടെ:
ആമസോണ്‍.കോം സര്‍വീസസ് - 10,044 എച്ച്1-ബി വിസ
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് - 5,505
മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍- 5,189
മെറ്റാ പ്ലാറ്റ്‌ഫോമുകള്‍- 5123
ആപ്പിള്‍ - 4,202
ഗൂഗിള്‍ - 4,181
കോഗ്നിസാന്റ് ടെക്നോളജി സൊല്യൂഷന്‍ - 2,493
ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി - 2,440
വാള്‍മാര്‍ട്ട് അസോസിയേറ്റ്സ് - 2,390
ഡെലോയിറ്റ് കണ്‍സള്‍ട്ടിങ് - 2353 എന്നിവയാണ് അവ.
എങ്ങനെയാണ് ഫീസ് ഈടാക്കുന്നത്
നിലവിലുള്ള വെറ്റിംഗ് ചാര്‍ജുകള്‍ക്ക് പുറമേ ആണ് ഈ ഫീസ് ഈടാക്കുക. പുതുക്കലുകള്‍ക്കും ഫീ വര്‍ധനവ് ബാധകമാകും. മുഴുവന്‍ തുകയും മുന്‍കൂറായി ശേഖരിക്കണോ അതോ വാര്‍ഷികമായി ശേഖരിക്കണോ എന്ന് ഭരണകൂടം പിന്നീട് തീരുമാനിക്കും. ശമ്പള നിലവാരമോ നൈപുണ്യ ആവശ്യകതയോ പരിഗണിക്കാതെ എല്ലാ എച്ച്-1ബി തസ്തികകള്‍ക്കും ഫീസ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനത്തിനും വികസനത്തിനുമായി പരിചയക്കുറവുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്ന തസ്തികകള്‍ ഇതിലൂടെ ഇല്ലാതാക്കാനാകും എന്നാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ പോലുള്ള ഇന്ത്യന്‍ ഐടി കമ്പനികളെ ഈ മാറ്റം സാരമായി ബാധിച്ചേക്കാം. ഈ കമ്പനികള്‍ ക്ലയന്റ് പ്രോജക്റ്റുകള്‍ക്കും നൈപുണ്യ വികസനത്തിനുമായി ജൂനിയര്‍, മിഡ്-ലെവല്‍ എഞ്ചിനീയര്‍മാരെ യുഎസിലേക്ക് കൊണ്ടുവരാന്‍ എച്ച്-1ആ വിസകള്‍ ഉപയോഗിച്ചിട്ടുണ്ട്.
അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതില്‍ കൃത്യതയും വേഗതയും നല്‍കുന്നതിനാല്‍ ടെക് കമ്പനികള്‍ പുതിയ മാറ്റങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് സെക്രട്ടറി ലുട്നിക് അവകാശപ്പെട്ടു. അതേസമയം എച്ച്-1ബി വിസ ക്വാട്ടകള്‍ മാറ്റമില്ലാതെ തുടരും. പക്ഷേ ഫീ കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തില്‍ കുറവ് അപേക്ഷകള്‍ മാത്രമേ ഇനി പ്രതീക്ഷിക്കുന്നുള്ളൂ എന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ മെച്ചപ്പെടുത്തിയ വെറ്റിംഗ് നടപടിക്രമങ്ങള്‍ക്കൊപ്പം പുതിയ ഫീസും നടപ്പിലാക്കുമെന്ന് ലുട്നിക് പറഞ്ഞു. പ്രത്യേക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. പുതിയ ഫീസ് ഘടന നടപ്പിലാക്കിയ ശേഷം പ്രോസസ് ചെയ്ത എല്ലാ അപേക്ഷകള്‍ക്കും ബാധകമാകും. അതുകൊണ്ടു തന്നെ പുതുക്കല്‍ കാലയളവ് വരുമ്പോള്‍ നിലവില്‍ എച്ച്-1ബി തൊഴിലാളികളുള്ള കമ്പനികള്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
എന്താണ് എച്ച്-1ബി വിസ?
വിദേശത്ത് നിന്നുള്ള മികച്ച പ്രഫഷണലുകളെ അമേരിക്കയില്‍ നിയമിക്കാന്‍ കമ്പനികളെ അനുവദിക്കുന്ന താത്കാലിക വര്‍ക്ക് വിസയാണ് എച്ച്-1ബി. ശാസ്ത്രം, ഐടി, എഞ്ചിനീയറിങ്, ഗണിതം തുടങ്ങിയ മേഖലകളില്‍ യുഎസില്‍ ജോലി സുരക്ഷിതമാക്കാന്‍ ഈ വിസ സഹായിക്കും. ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ള ആളുകളെ ലക്ഷ്യമിട്ട് 1990ല്‍ ആണ് എച്ച്-1ബി വിസ ആരംഭിക്കുന്നത്. അമേരിക്കന്‍ പൗരന്മാരുടേതിനു തുല്യമായ ശമ്പളവും മികച്ച തൊഴില്‍ സാഹചര്യങ്ങളും വിസ ഉറപ്പാക്കുന്നു.
മൂന്ന് വര്‍ഷത്തേക്കാണ് വിസ അനുവദിക്കുന്നത്. പിന്നീടിത് പരമാവധി ആറ് വര്‍ഷം വരെ നീട്ടാന്‍ കഴിയും. പെര്‍മെനന്റ് റസിഡന്‍സ് ലഭിച്ചവര്‍ക്ക് വിസ അനിശ്ചിതമായി പുതുക്കാന്‍ കഴിയും. അപേക്ഷകര്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ (യുഎസ്സിഐഎസ്) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ നിന്നാണ് ആളുകളെ തെരഞ്ഞെടുക്കുക. അപേക്ഷകരെ തെരഞ്ഞെടുക്കുന്ന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നീക്കമുണ്ട്.
ഇന്ത്യക്കാരെ ബാധിക്കുന്നതെങ്ങനെ?
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് എച്ച്-1ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അംഗീകരിക്കപ്പെട്ട അപേക്ഷകരില്‍ 71 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 11.7%. പുതിയ നിയമത്തോടെ ഈ സാഹചര്യം മാറും.
88 ലക്ഷം മധ്യ വര്‍ഗ ഇന്ത്യന്‍ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ബാധ്യതയായിരിക്കും. ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ സമയം കൂടുതല്‍ എടുക്കും എന്നതിനാല്‍ വിസ പുതുക്കലും അധിക ബാധ്യതയാകും. ഓരോ തവണ പുതുക്കുമ്പോഴും ഏകദേശം 88 ലക്ഷം രൂപയിലധികം നല്‍കേണ്ടി വരും.
കൂടാതെ, പൗരത്വ അപേക്ഷകര്‍ക്കായി യുഎസ് സര്‍ക്കാര്‍ പരീക്ഷയും അവതരിപ്പിക്കുന്നുണ്ട്. 2020ല്‍ പ്രസിഡന്റ് പദവിയില്‍ ഇരുന്നപ്പോള്‍ ട്രംപ് നടപ്പിലാക്കിയ ഈ നയം ജോ ബൈഡന്‍ ഭരണകൂടം റദ്ദാക്കിയിരുന്നു. ഈ പരീക്ഷ താരതമ്യേന കഠിനമെണെന്നാണ് അഭിപ്രായം. യുഎസ് ചരിത്രവും രാഷ്ട്രീയവും ഉള്‍ക്കൊള്ളുന്ന 128 ചോദ്യങ്ങള്‍ പഠിക്കുകയും, 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിനു വാക്കാലുള്ള പരീക്ഷയില്‍ ശരിയുത്തരം നല്‍കുകയും വേണമെന്നാണ് നിബന്ധന.
വ്യക്തികള്‍ക്ക് 10 ലക്ഷം യുഎസ് ഡോളറും വ്യവസായങ്ങള്‍ക്ക് 20 ലക്ഷം യുഎസ് ഡോളറും ഫീസ് നിശ്ചയിച്ചിട്ടുള്ള 'ഗോള്‍ഡ് കാര്‍ഡ്' വിസ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1