വ്യാജ ബോംബ് ഭീഷണി വിമാനക്കമ്പനികള്‍ക്ക് നഷ്ടം ഉണ്ടാക്കുന്നതെങ്ങനെ ?

OCTOBER 30, 2024, 2:31 PM

ഇന്ത്യയില്‍ വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ വര്‍ധിച്ചുവരികയാണ്. ആഭ്യന്തര സര്‍വീസുകളെയും ഇന്റര്‍നാഷണല്‍ സര്‍വീസുകളെയുമാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രതിസന്ധിയിലാക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാരെ മാത്രമല്ല ഇത്തരം ഭീഷണി സന്ദേശങ്ങള്‍ ബാധിക്കുന്നത്. ഓരോ തവണ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുമ്പോഴും റദ്ദാക്കുമ്പോഴും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് എയര്‍ലൈനുകള്‍ക്ക് ഉണ്ടാകുന്നത്.

കഴിഞ്ഞ ആഴ്ച മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനം ബോംബ് ഭീഷണി സന്ദേശത്തിന് പിന്നാലെ ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത് വാര്‍ത്തയായിരുന്നു. സുരക്ഷിത ലാന്‍ഡിംഗിനായി 100 ടണ്ണിലേറെ ഇന്ധനമാണ് കളഞ്ഞത്. ഇതിലൂടെ ഒരു കോടിയിലധികം രൂപയാണ് കമ്പനിയ്ക്ക് നഷ്ടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടിയന്തര ലാന്‍ഡിംഗ് ചാര്‍ജ്, യാത്രക്കാരുടെ താമസ സൗകര്യം ഏര്‍പ്പെടുത്തല്‍ എന്നിവയ്ക്കെല്ലാം വലിയൊരു തുകയാണ് ചെലവാകുന്നത്. ഡല്‍ഹിയില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഈയിനത്തില്‍ 3 കോടിയോളം രൂപയാണ് വിമാന കമ്പനികള്‍ക്ക് ചെലവായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ 40ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശമാണ് ഇന്ത്യയിലെ വിവിധ എയര്‍ലൈനുകള്‍ക്ക് ലഭിച്ചത്. ഏകദേശം 60-80 കോടി രൂപയുടെ നഷ്ടമാണ് ഇത്തരം വ്യാജ ബോംബ് ഭീഷണി കാരണമുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിമാനങ്ങളിലെ ക്രൂ അംഗങ്ങള്‍ക്കും പ്രത്യേകം താമസ സൗകര്യം ഒരുക്കേണ്ടി വരുന്നുണ്ട്. അതിനായുള്ള ഹോട്ടല്‍ ചെലവുകളും കമ്പനി വഹിക്കുന്നുണ്ടെന്ന് പ്രമുഖ എയര്‍ലൈന്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ കൃത്യ സമയത്ത് ഫ്ളൈറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് നിരവധി പേര്‍ വിമാന കമ്പനിയ്ക്കെതിരെ പരാതിയുമായി രംഗത്തുവരാനും സാധ്യതയുണ്ട്. ഇതും എയര്‍ലൈനുകള്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെയ്ക്കുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യന്‍ വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വ്യോമയാന മന്ത്രാലയത്തിലേയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം (എ.ഐ.-127), ജയ്പുര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐ.എക്‌സ്-765), ദര്‍ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം (എസ്.ജി.-116), സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം (ക്യു.പി.-1373), ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം(6 ഇ-98), അമൃത്സര്‍-ദെഹ്റാദൂണ്‍ അലയന്‍സ് എയര്‍ (9എല്‍-650) എന്നിവയുള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam