ഉപതെരഞ്ഞെടുപ്പുകളും രാഷ്ട്രീയ വിവാദങ്ങളും കൊണ്ട് ശബ്ദായമാനമാണ് ഇപ്പോൾ കേരളം. തുലാമാസം കഴിഞ്ഞതോടെ, എവിടെ നിന്നോ, ഓടിയെത്തി, വൈകുന്നേരം തകിലടിമേളം നടത്തുന്ന പ്രകൃതി. മിന്നലും കാറ്റും അകമ്പടിയായുണ്ട്. മലബാർ പ്രദേശങ്ങളിൽ വിനീത് ശ്രീനിവാസൻ 'തട്ടത്തിൻ മറയത്ത്' എന്ന സിനിമയിൽ പരിചയപ്പെടുത്തിയ വൃശ്ചികക്കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. കോവിഡാനന്തര രോഗ ദുരിതങ്ങളുടെ ചുമട് പേറുന്ന മലബാറിലെ പാവം ജനം ഈ കാറ്റ് കൊണ്ടുവരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ വലഞ്ഞേക്കാം.
ഭരണം നിശ്ചലം, വിവാദങ്ങൾ നിറയെ....
കേരളത്തിൽ ഭരണം നിശ്ചലമാണെന്ന പരാതിയുയരുന്നുണ്ട്. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥന്മാർ പൂർണ്ണമായും അസംതൃപ്തരാണ്. ഒന്നിനും പണമില്ല. കിട്ടുന്ന പണം മുഴുവനും ശമ്പളം, പെൻഷൻ, വായ്പകളുടെ പലിശ എന്ന മട്ടിൽ ഖജനാവിലെത്തുന്നതിനു മുമ്പേ ചോർന്നുപോകുന്നു. ഒന്നരവർഷം കഴിഞ്ഞുള്ള ഭരണമാറ്റം ഇടതുപക്ഷത്തിന് അനുകൂലമാവില്ലെന്ന തോന്നൽ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനുമുണ്ട്. ഇടതുപാർട്ടിക്കാരുടെ 'പറ്റു പടിക്കാരിൽ' പെട്ടവർ മാത്രമാണ് ഇപ്പോൾ ഭരണത്തിന് സ്തുതി പാടുന്നത്. കിട്ടുമ്പോഴെല്ലാം 'കണ്ണൂർ സ്‌ക്വാഡിന്' എങ്ങനെ പണി കൊടുക്കാമെന്ന ചിന്ത സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്മാർക്കുണ്ട്. മാധ്യമങ്ങളിൽ വരുന്ന പല 'ഭരണ വിരുദ്ധ' വാർത്തകളുടെയും ഉറവിടം ഈ അസംതൃപ്തരുടെ നിരയിലുള്ളവരാണ്. ഇതുമൂലം, സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം മന്ദഗതിയിലായിക്കഴിഞ്ഞിട്ടുണ്ട്.
കർമ്മ പദ്ധതിയെല്ലാം ജോർ ജോർ!
2020 ഓഗസ്റ്റ് മാസത്തിലാണ് കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനുള്ള കർമ്മപദ്ധതിക്ക് തുടക്കമായത്. എല്ലാം 'ഓൺലൈനാ'ക്കി സദ്ഭരണം കാഴ്ചവയ്ക്കുന്നുവെന്ന ഇടതുസർക്കാരിന്റെ അവകാശവാദം വെറും തമാശയാണിപ്പോൾ. പുതിയ കണക്കു പ്രകാരം ധനവകുപ്പിൽ കെട്ടിക്കിടക്കുന്നത് 26,257 ഫയലുകളാണ്. സേവനം ജനങ്ങളുടെ അവകാശമായി 2012 നവംബറിൽ പ്രഖ്യാപിച്ച കേരളം, 12 വർഷം കഴിഞ്ഞുള്ള ഈ നവംബർ മാസത്തിലും ഫയൽനീക്കത്തിൽ ആമയേക്കാൾ വേഗം കുറഞ്ഞ രീതിയിലാണ് പ്രവർത്തിക്കുന്നത്.
ഫയൽനീക്കം മന്ദഗതിയിലാകാനുള്ള മുഖ്യ കാരണം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവാണ്. 231 ഐ.എ.എസു.കാർക്കു പകരം ഇപ്പോൾ സംസ്ഥാനത്തുള്ളത് 126 പേർ. മുതിർന്ന പല ഐ.എ.എസ്. ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ചില ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് നിരീക്ഷകരായി പോയിട്ടുമുണ്ട്. നാലും അഞ്ചും വകുപ്പുകളാണ് ഇപ്പോൾ ഓരോ ഉദ്യോഗസ്ഥരുടെയും ചുമലിലുള്ളത്. ഇതോടൊപ്പം ഡി.എ.യുടെ വൻകുടിശ്ശികയും റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ കാലതാമസവുമെല്ലാം ഉദ്യോഗസ്ഥരിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മകളെ സർക്കാർ നിരോധിച്ചതു തന്നെ, ഇത്തരം അതൃപ്തിയുള്ളവരുടെ കൂട്ടിച്ചേരലുകൾ ഒഴിവാക്കാനായിരുന്നു.
പഴയ സിനിമകളും പോലീസും
പ്രേംനസീറും മറ്റും നായകന്മാരായുള്ള സിനിമകളിൽ 'സംഭവസ്ഥലത്ത്' പോലീസെത്തിയിരുന്നത് വളരെ വൈകിയാണ്. ഇപ്പോൾ കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ കേസിലും പ്രത്യേക അന്വേഷണസംഘം തീരെ ചൊടിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ജനം സംശയിക്കുന്നു. ജില്ലാ ഭരണകൂടത്തിലെ രണ്ടാം നമ്പറുകാരൻ മരണപ്പെട്ടതിന്റെ അന്വേഷണം ഇത്രയേറെ ഉഴപ്പുന്നതിനെക്കുറിച്ച് കരക്കമ്പികൾ ഏറെ പരന്നിട്ടുണ്ട്.
നവീൻബാബു ആത്മഹത്യ ചെയ്തുവെന്ന ധാരണപരത്തിയ കണ്ണൂർ കളക്ടറും പോലീസ് ഉന്നതരുമാണ് ഇവിടെ പ്രതിക്കൂട്ടിലുള്ളത്. നവീൻ ബാബുവിന്റെ മരണശേഷം, പോസ്റ്റ്‌മോർട്ടം കുടുംബാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യമില്ലാതെ നടത്താൻ തിടുക്കത്തിൽ നടപടി സ്വീകരിച്ച ജില്ലാ കളക്ടർ ഇപ്പോഴും നവമാധ്യമങ്ങളിൽ സംശയനിഴലിലാണ്. നവീൻ ബാബുവിന്റെ മരണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം തനിക്ക് തെറ്റ് പറ്റിയെന്ന് കളക്ടർ മുദ്രവച്ച കവറിൽ നൽകിയ മൊഴിക്കു പിന്നിലും വൈരുദ്ധ്യമുണ്ട്. നവീൻബാബു അഴിമതിക്കാരനാണെന്നും, കൈക്കൂലി സി.പി.ഐയുടെ സർവീസ് സംഘടനയ്ക്ക് വേണ്ടിയായിരുന്നുവെന്നുമുള്ള കിംവദന്തി സി.പി.എംന്റെ സൈബർ സേനകൾ ഇതിനകം പരത്തിക്കഴിഞ്ഞിട്ടുണ്ട്. കൂടാതെ പത്തനംതിട്ടയിൽ സി.പി.എം നവീൻബാബുവിന്റെ കുടുംബത്തിന്റെ കൂടെയും, കണ്ണൂരിൽ പി.പി. ദിവ്യയ്‌ക്കൊപ്പവും നിലകൊള്ളുന്നുവെന്ന 'താത്വികചിന്ത'യും ഇടതുപക്ഷത്തെ വെട്ടിലാക്കിയിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട തെളിവുകളായ സംഭവദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളും, നവീൻ ബാബുവിന്റെ മൊബൈൽ സംഭാഷണങ്ങളും പോലീസ് ഇനിയും പിന്തുടരാത്തതിലും ദുരൂഹതയുണ്ട്. സി.പി.എം.ന്റെ ബിനാമി സ്വത്തുക്കൾ സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ പാർട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ട്, കാലപ്പഴക്കത്തിലൂടെ ഇത്തരം പ്രശ്‌നങ്ങൾ ജനങ്ങൾ മറന്നുകൊള്ളുമെന്ന് പാർട്ടി നേതൃത്വം കരുതുന്നു.
തമസ്‌കരിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങൾ
കോഴിക്കോട്ട് ഹൃദയ നഗരത്തിൽ കോടികൾ വിലമതിക്കപ്പെടുന്ന ഒരു സർക്കാർ കമ്പനി സ്ഥലം തുച്ഛമായ വിലയ്ക്ക് ഒരു അന്യസംസ്ഥാന ബിസിനസ് ഗ്രൂപ്പ് വാങ്ങിയെടുത്തിട്ട് മാസങ്ങളായി. മുഖ്യമന്ത്രിയുടെ മരുമകന്റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പ്, പഴയ ട്രേഡ് യൂണിയൻ നേതാവിന്റെ സംഘത്തെ മറികടന്ന് ഈ കച്ചവടത്തിൽ കോടികൾ തട്ടിയ വാർത്തകൾ ഒരു പാവം ഡിഫിക്കാരനെ ബലിയാടാക്കിയും, ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ നാട്ടിൽ നിന്നോടിച്ചും പരിഹരിക്കാനുള്ള കുരുട്ട് ബുദ്ധിക്ക് പിന്നിലാരെന്നതിനെക്കുറിച്ചും ഇപ്പോൾ ആരുമൊന്നും പറയുന്നതേയില്ല. എ.ഡി.എംന്റെ മരണത്തിനു പിന്നിലും സി.പി.എം ഉൾപ്പെട്ട ചില ഭൂമി കുംഭകോണങ്ങളുണ്ടെന്നു പലരും കരുതുന്നു. ദിവ്യയ്ക്കു പിന്നിലും പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വനിതാ നേതാവ് ചെങ്ങലായിക്കാരിയാണ്. ചെങ്ങലായിലെ ദേവസ്വം ഭൂമി പാർട്ടിക്കാർ അനധികൃതമായി കൈയേറിയെന്ന പരാതി നവമാധ്യമങ്ങളിൽ പരന്നിട്ടുണ്ട്. ആറളം കൃഷി ഫാമും ഏതോ സ്വകാര്യ ഗ്രൂപ്പിന് കൈമാറാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ടത്രെ. മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്ന്, പോലീസ് നൽകുന്ന ചില തെറ്റായ വാർത്തകൾ പ്രസിദ്ധീരിച്ചുവരികയാണ്. ഈ മാധ്യമങ്ങളൊന്നും തന്നെ പാർട്ടിയിലെ ചിലർ നടത്തിവരുന്ന അനധികൃത ചെങ്കല്ല് ഖനനത്തെക്കുറിച്ചൊന്നും മിണ്ടുന്നതേയില്ല. സിദ്ധാർത്ഥനെന്ന കോളേജ് വിദ്യാർത്ഥി മരണപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്ന വിദ്യാർത്ഥി നേതാവിന് ഡോക്ടറേറ്റ് നൽകാനുള്ള 'അണിയറ നീക്കം' തലസ്ഥാനത്ത് തകൃതിയായി നടക്കുന്നുണ്ടത്രെ.
ഈ അളിഞ്ഞവനാണോ അളിയൻ?
എം.ബി. രാജേഷ് കേരളം കണ്ട ഏറ്റവും നല്ല പാർലിമെന്റേറിയനായിരുന്നു, നിയമസഭാ സ്പീക്കറായിരുന്നു. പക്ഷെ ഇപ്പോൾ മന്ത്രി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനും ചേർന്നാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ ചുക്കാൻ കൈയിലേന്തിയിട്ടുള്ളത്. ഡോ.പി.സരിന്റെ പാർട്ടി മാറ്റം, ട്രോളി വിവാദം, ഇരട്ട വോട്ട് എന്നിങ്ങനെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ രാജേഷും അളിയനും കൂടി കമ്പിത്തിരികൾ കുറെ കത്തിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ 'അടിപ്പണി'കളത്രയും പാളിപ്പോയെന്ന് പറയാതെ വയ്യ.
പാലക്കാട്ട് ബി.ജെ.പി. മൂന്നാം സ്ഥാനത്തും സി.പി.എം. രണ്ടാം സ്ഥാനത്തുമായിരിക്കാം. യു.ഡി.എഫിന്റെ വിജയം വയനാട്ടും ചേലക്കരയിലും പാലക്കാട്ടും ഏതാണ്ട് ഉറപ്പിക്കാമെന്നാണ് നിഷ്പക്ഷ വിലയിരുത്തലുകളുള്ളത്. പിന്നെയും ചെറിയ ചാഞ്ചാട്ടമുള്ളത് ചേലക്കരയിലാണ്. രമ്യ അവിടെ തോറ്റാൽ അതിനുകാരണഭൂതൻ അൻവറായിരിക്കില്ല, കോൺഗ്രസിലെ പടലപിണക്കക്കാർ തന്നെയായിരിക്കും.
വയനാടും പ്രിയങ്കയും കോൺഗ്രസും
കേന്ദ്രസർക്കാർ വയനാട്ടിൽ നൽകേണ്ട സഹായം നൽകാതിരിക്കുന്നതിനു പിന്നിൽ നെഹ്‌റു കുടുംബത്തോടുള്ള പക തന്നെയാണെന്ന് ജനം കരുതുന്നുണ്ട്. തീർച്ചയായും പ്രിയങ്കഗാന്ധി വയനാട്ടിൽ ജയിക്കുമെന്ന കാര്യവും ഉറപ്പ്. ഈ വിജയത്തോടെ, കോൺഗ്രസ് പാർട്ടി മുണ്ടക്കൈ, ചൂരൽമല, പുത്തുമല ദേശത്തുള്ള ദുരന്തബാധിതഗ്രാമങ്ങൾ ദത്തെടുക്കാനുള്ള പദ്ധതികൾ തയ്യാറാക്കണം. പതിവ് പ്രഹസനങ്ങൾക്കപ്പുറം, ദുരന്തബാധിതർക്കായി ധനസഹായം രൂപീകരിക്കാനും, അവിടെ നടത്തേണ്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയുന്ന വിധത്തിലും യുവകർമ്മ സമിതികൾ രൂപീകരിക്കാനും ജനങ്ങളുടെ കണ്ണീരൊപ്പാനും തയ്യാറാകണം. സമയബന്ധിതമായി ദുരിതാശ്വാസം ആവശ്യമുള്ളവരുടെ അരികിലെത്താനും, അവരെ ചേർത്തുപിടിക്കാനും പാർട്ടിനടത്തുന്ന ഏതൊരു ശ്രമവും ദേശീയതലത്തിൽ തന്നെ ശ്രദ്ധനേടുമെന്ന കാര്യം തീർച്ച.
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1