ഇസ്രായേല്‍-ഹമാസ് യുദ്ധം മിഡില്‍ ഈസ്റ്റിനെ ബാധിച്ചോ?

JANUARY 23, 2024, 1:41 PM

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് നൂറ് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1948-ല്‍ ഇസ്രയേല്‍ സ്ഥാപിതമായതിന് ശേഷം കണ്ട ഏറ്റവും രക്ത രൂക്ഷിതവും ദൈര്‍ഘമേറിയതുമായ ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടമായി ഇത് മാറിയിരിക്കുന്നു. എന്നാല്‍ യുദ്ധത്തിന് സമീപ ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള തീര്‍പ്പുണ്ടാകുമെന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനയും പുറത്തുവന്നിട്ടില്ല.

2023 ഒക്ടോബറിലായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെ ഇസ്രായേലിന്റെ പ്രതിരോധങ്ങളെ കാറ്റില്‍ പറത്തി ഹമാസ് ആക്രമണം നടത്തിയത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരായിരുന്നു. തുടര്‍ന്ന് 250 ല്‍ പരം ആളുകളെ തട്ടിക്കൊണ്ടുപോയി. തൊട്ടുപിന്നാലെ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചു. ഗാസയില്‍ ആഴ്ചകളോളം കനത്ത ബോംബാക്രമണം നടത്തിയാണ് ഇസ്രയേല്‍ ഇതിന് മറുപടി നല്‍കിയത്.

ഹമാസിനെ ഇല്ലാതാക്കണമെന്നതും അവര്‍ ഇപ്പോഴും ബന്ധിയാക്കി വെച്ചിരിക്കുന്ന തടവുകാരെ മോചിപ്പിക്കുകയെന്നതുമാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുന്നു. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഗാസയിലെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്നുകഴിഞ്ഞു. യുദ്ധം ഇത്രത്തോളമായിട്ടും ഹമാസിന്റെ ഭാഗത്ത് കാര്യമായ നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്നതും ബന്ദികള്‍ മോചിക്കപ്പെട്ടിട്ടില്ലയെന്നതുമാണ് വാസ്തവം.

2024 ലും യുദ്ധം നീളുമെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം ഇസ്രായേലിനെ അന്ധരാക്കി. ഇത് ഇസ്രായേല്‍ പൗരന്മാര്‍ക്കിടയില്‍ പോലും നേതൃത്വത്തിനെതിരേ അതൃപ്തിക്ക് വഴിവെച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈന്യത്തിന്റെ യുദ്ധ ശ്രമങ്ങള്‍ക്ക് പിന്നില്‍ പൊതുജനങ്ങള്‍ അണിനിരന്നെങ്കിലും അത് അവര്‍ക്കേല്‍പ്പിച്ച ആഴത്തിലുള്ള ആഘാതത്തിന്റെ പ്രതിഫലനമാണ്. ഏറെ സന്തോഷമുള്ള ദിനമാണ് ഇസ്രായേല്‍ ജനതയെ സംബന്ധിച്ച് ഒക്ടോബര്‍ ഏഴ്. എന്നാല്‍ ഹമാസിന്റെ ആക്രമണത്തില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കൊലചെയ്യപ്പെട്ടു. സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ആക്രമിക്കപ്പെടുകയും കുട്ടികളെയും പ്രായമായവരെയും ഹമാസ് അനുകൂലികള്‍ മോട്ടോര്‍ സൈക്കിളിലും മറ്റും തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ ജനങ്ങള്‍ പൊതുനിരത്തില്‍ ഉയര്‍ത്തി. ആളുകള്‍ ടീ ഷര്‍ട്ടുകള്‍ ധരിച്ച് നേതാക്കളോട് അവരെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇസ്രായേലി വാര്‍ത്താ ചാനലുകള്‍ തങ്ങളുടെ പ്രക്ഷേപണങ്ങള്‍ 24 മണിക്കൂറും യുദ്ധകവറേജിനായി നീക്കിവെച്ചു. ഗാസയിലെ മരണസംഖ്യ കുതിച്ചുയരുന്നതിനെക്കുറിച്ചും മാനുഷിക സ്ഥിതി വഷളാകുന്നതിനെക്കുറിച്ചും ചര്‍ച്ചയോ സഹതാപം പ്രകടിപ്പിക്കലോ വളരെ കുറവാണ്. യുദ്ധത്തിന് ശേഷമുള്ള ഗാസയെക്കുറിച്ചുള്ള പദ്ധതികള്‍ വളരെ അപൂര്‍വമായാണ് പരാമര്‍ശിക്കപ്പെടുന്നത്.

ശിക്ഷിക്കപ്പെട്ട ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ മാപ്പ് പറയുകയും യുദ്ധാനന്തരം രാജിവെക്കുമെന്ന് സൂചന നല്‍കുകയും ചെയ്തപ്പോഴും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. തന്റെ പൊതുജന സമ്മതിയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ വീഴ്ചകളെക്കുറിച്ച് മാപ്പ് പറയാനോ രാജിവെക്കാനോ അന്വേഷിക്കാനുള്ള ആഹ്വാനങ്ങളെ അദ്ദേഹം എതിര്‍ത്തു. കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തെ നയിക്കുന്ന നെതന്യാഹു യുദ്ധത്തിന് ശേഷം അന്വേഷണം നടത്താനുള്ള സമയമുണ്ടെന്ന് പറയുന്നു. യുദ്ധം രാജ്യത്തെ വരും വര്‍ഷങ്ങളെ പിടിച്ചുകുലുക്കുമെന്ന് ചരിത്രകാരനായ ടോം സെഗേവ് പറഞ്ഞു. ചിലപ്പോള്‍ അത് അടുത്ത തലമുറകളോളം നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ഗാസയ്ക്കും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവില്ല


2007 ല്‍ ഗാസ ഹമാസ് ഏറ്റെടുത്തതിനെതുടര്‍ന്ന് ഇസ്രായേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഒക്ടോബര്‍ ഏഴിന് മുമ്പും അവസ്ഥ പരിതാപകരമായിരുന്നു. ഇന്ന് ഈ പ്രദേശം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം തകര്‍ന്നിരിക്കുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് ഇസ്രായേല്‍ നടത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. മരണസംഖ്യ ഇതിനോടകം തന്നെ 23,000 കടന്നതായി ഗാസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

യുദ്ധം മിഡില്‍ ഈസ്റ്റിനെ ബാധിച്ചോ?

ഹമാസിന്റെ ആക്രമണത്തിന് തൊട്ടുപിന്നാലെ, ലെബനനിലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു തുടങ്ങി. ഇത് ഇസ്രായേലിന്റെ പ്രതികാരം വര്‍ധിപ്പിച്ചു. യമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ചെങ്കടലില്‍ സിവിലിയന്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. ഇറാന്‍ പിന്തുണയുള്ള ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും യുഎസ് സേനയെ ആക്രമിച്ചു.

അക്രമം നിയന്ത്രിക്കാന്‍ അമേരിക്ക മെഡിറ്ററേനിയന്‍, ചെങ്കടല്‍ എന്നിവിടങ്ങളിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിട്ടുണ്ട്. യുദ്ധം തുടരുകയും മരണസംഖ്യ ഭീമമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുദ്ധം എന്നു അവസാനിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഗാസയില്‍ ദീര്‍ഘകാല സൈനിക സാന്നിധ്യം നിലനിര്‍ത്താനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. പുനര്‍നിര്‍മാണത്തിന് വര്‍ഷങ്ങളെടുക്കും. അതിന് ആര് പണം മുടക്കും എന്നതിനും യാതൊരു വ്യക്തതയുമില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam