മല നിരകൾ കുഴിച്ച്, കല്ലെടുത്ത്, കല്ലെടുത്ത് കേരളത്തിന് ശവക്കുഴി തീർക്കുന്ന കരിങ്കൽ ക്വാറികൾ

JULY 31, 2024, 6:46 PM

ഇന്നത്തെ (ജൂലൈ 31) മലയാള മനോരമയിൽ ഉരുൾപൊട്ടലിന്റെ വാർത്തകളിൽ ചിതറിക്കിടക്കുന്ന രണ്ടോ മൂന്നോ സൂചകധ്വനികൾ ശ്രദ്ധിക്കൂ. 22 പേജുകളുള്ള ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജിന്റെ മൂന്നാം അനുബന്ധ പേജിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്തെ അനധികൃത ഖനനത്തെക്കുറിച്ച് ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് കേസെടുക്കുമെന്ന ഒരു കൊച്ചു വാർത്തയുണ്ട്. കഷ്ടിച്ച് 5 സെന്റിമീറ്ററിലാണ് ഈ വാർത്ത. ഉരുൾപൊട്ടലിൽ കേരളം ആറാമതാണെന്നുള്ള ഐ.എസ്.ആർ.ഒയുടെ ഒരു റിപ്പോർട്ടിനെക്കുറിച്ച് പേജ് 2ലാണ് മറ്റൊരു വാർത്തയുള്ളത്. 

2019ൽ ചൂരൽമല ടൗൺ സന്ദർശിച്ച മാധവ് ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പ് 4-ാം പേജിലുണ്ട്. യഥാർത്ഥത്തിൽ ചൊവ്വാഴ്ച അരങ്ങേറിയ ഉരുൾപൊട്ടലിന്റെ കാരണങ്ങളുടെ അപകടക്കനലുകൾ ഈ വാർത്തകളിലുണ്ട്. പലപ്പോഴും മാധ്യമങ്ങൾ, ഓരോ ദുരന്തവും വിശദമായി വാർത്തകൾ നൽകി പിൻവാങ്ങിക്കഴിയുമ്പോഴെങ്കിലും കേരളം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് സമഗ്രമായ ചർച്ചകളും ഇടപെടലുകളും വേണ്ടതല്ലേ? ദുരന്തത്തിൽപെട്ടവരോടുള്ള സഹതാപവും അനുകമ്പയും പ്രകടിപ്പിക്കുമ്പോഴും, വരും തലമുറകളെ ഇനി സംഭവിക്കാനിടയുള്ള വൻദുരന്തങ്ങളിലേക്ക് തള്ളിവിടാതിരിക്കാൻ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്.

നരകത്തിന്റെ തീക്കനൽക്കഷണം പോലെ

vachakam
vachakam
vachakam

ചൊവ്വാഴ്ചയും ബുധനാഴ്ചയും (ജൂലൈ 29, 30) ചാനലുകളിലും പത്രങ്ങളിലും നിറയെ നാം കണ്ടതും കേട്ടതും ഉരുൾപൊട്ടലിനെപ്പറ്റിയുള്ള വാർത്തകളാണ്. ചാനലുകളെല്ലാം തന്നെ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടലിന്റെയും ദൃശ്യങ്ങൾ ലൈവായി ചൊവ്വാഴ്ച നൽകിക്കൊണ്ടിരുന്നു. ദേശീയ ചാനലുകളിലും 'ദൈവത്തിന്റെ സ്വന്തം നാട്ടി'ലെ നരകസമാനമായ വാർത്താദൃശ്യങ്ങൾ കാണാനായി.

വയനാട് ജില്ലയിൽനിന്നുള്ള ഈ നൊമ്പരക്കാഴ്ചകൾക്കപ്പുറം, എന്തുകൊണ്ട് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇങ്ങനെ തുടരെത്തുടരെ സംഭവിക്കുന്നുവെന്ന വിശകലനങ്ങൾ നമ്മുടെ ചാനലുകളിൽ കണ്ടില്ല. ആകെക്കൂടി ഏഷ്യാനെറ്റിൽ രാത്രി വൈകി, കേരളത്തിലെ ഉരുൾപൊട്ടലുകളുടെ ഒരു നാൾവഴി പ്രേക്ഷകർക്കായി നൽകിയത് കണ്ടു. മനോരമ ന്യൂസ് ചാനൽ ഗ്രാഫിക്‌സിന്റെ സഹായത്തോടെ ഉരുൾപൊട്ടലിന്റെ പ്രവാഹഗതി വരച്ചിട്ടു. എന്നാൽ, ദേശീയ ചാനലുകൾ ചൊവ്വാഴ്ച രാത്രി 7 മണിമുതൽതന്നെ വിദഗ്ദ്ധരുടെ വിശദീകരണങ്ങളോടെ, വികസനത്തിന്റെ പേരിൽ കേരളത്തിൽ അരങ്ങേറുന്ന പരിസ്ഥിതിക്കെതിരെയുള്ള ഭരണകൂടആക്രമണത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയിരുന്നു.

ഓർക്കണം, എത്ര ചെറുതാണ് നമ്മൾ!

vachakam
vachakam
vachakam

ഇന്ത്യാ മഹാരാജ്യത്തിൽ 38,863 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള സംസ്ഥാനമാണ് നമ്മുടേത്. നീളം 800 കിലോമീറ്റർ. വീതി ശരാശരി 50 കിലോമീറ്റർ. ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ 1.8% മാത്രമാണ് കേരളം. എന്നിട്ടും നമ്മുടെ വികസന നയ വൈകല്യങ്ങൾ തുറന്നുവച്ചിരിക്കുന്ന 'രാക്ഷസവായ്' നമ്മെ പതിയെപ്പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണോയെന്ന് സംശയിക്കണം.

പശ്ചിമഘട്ടമെന്നത് ജൈവ വൈവിധ്യങ്ങളുടെ കാര്യത്തിൽ അടയാളപ്പെടുത്തിയ ലോകത്തിലെ 35 പ്രദേശങ്ങളിൽ ഒന്നാണ്; ഇവിടെ 48 തരം സസ്തനികളുണ്ട്. 278 തരം പക്ഷികളും 60 തരം ഇഴജന്തുക്കളുമുണ്ട്. ഇവിടെയുള്ള സസ്യജാലങ്ങളുടെ വൈവിധ്യവും അതിശയിപ്പിക്കുന്നതാണ്. എന്നിട്ടും, അമൂല്യവും അതിമനോഹരവുമായ ഈ മലനിരകളോട് നാം ചെയ്തുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ ആഴം നമ്മെ ഞെട്ടിക്കേണ്ടതല്ലേ?

പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങൾ 10 ശതമാനമായി കുറയുമെന്ന് പ്രകൃതി നിരീക്ഷകർ 2019ൽ പ്രവചിച്ചിരുന്നു. 1985ൽ 16.21 ശതമാനവും 2018ൽ 11.3%വും നിത്യഹരിത വനങ്ങൾ പശ്ചിമഘട്ടത്തിലുണ്ടായിരുന്നു. 1970 മുതൽ വന്യജീവികളുടെ എണ്ണവും കുറഞ്ഞുകൊണ്ടിരുന്നു. പ്രതിവർഷം ഈ പട്ടികയിൽ 1.7 ശതമാനം കുറവ് രേഖപ്പെടുത്തി. അങ്ങനെ 3 വർഷം മുമ്പുള്ള കണക്കനുസരിച്ച് വന്യജീവികളുടെ കുറവ് 53 ശതമാനമായി. 43 ശതമാനം ഉഭയജീവികളും 37 ശതമാനം ഉരഗ ജീവികളും 21 ശതമാനം പക്ഷികളും ഇവിടെ കുറഞ്ഞതായാണ് കണക്കുകളുള്ളത്.

vachakam
vachakam
vachakam

മുന്നറിയിപ്പുകൾ കാണാതിരുന്നപ്പോൾ...

ചൊവ്വാഴ്ച വെളുപ്പിന് ഒരു മണിക്കാണ് മുണ്ടക്കൈയിൽ ആദ്യത്തെ ഉരുൾപൊട്ടലുണ്ടായത്. 4 മണിക്കൂറിനുള്ളിൽ 3 തവണ ഉരുൾപൊട്ടി. 2020 ആഗസ്റ്റ് 6ന് ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽനിന്ന് 2 കിലോമീറ്റർ ദൂരമേയുള്ളൂ മുണ്ടക്കൈയിലേക്ക്. 5 വർഷം മുൻപ് ഉരുൾപൊട്ടലുണ്ടായ കവളപ്പാറയും ഈ പ്രദേശത്തുനിന്നും അധികം അകലെയല്ല. മുണ്ടക്കൈയിൽനിന്നും 6 കിലോമീറ്റർ ഉള്ളിലേക്ക് മാറി പുന്നപ്പുഴയുടെ (ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ പുന്നപ്പുഴയുടെ തീരത്താണ്) ഉദ്ഭവ പ്രദേശത്താണ് ആദ്യത്തെ ഉരുൾപൊട്ടലുണ്ടായതെന്നാണ് ഔദ്യോഗിക അറിയിപ്പ്. വയനാട് ജില്ലയിൽ ഉദ്ഭവിച്ച് മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ചാലിയാർ പുഴയിൽ പുന്നപ്പുഴ ചെന്നുചേരുന്നു. മുണ്ടക്കൈയിൽനിന്ന് ഏകദേശം 39  കിലോമീറ്റർ ദൂരത്ത് ചാലിയാർപ്പുഴയിൽ, പോത്തുകല്ലിൽവച്ചാണ് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ജഡങ്ങൾ കണ്ടെത്താനായത്. ഇതിനിടയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിലൂടെ ഒഴുകിവന്നതുകൊണ്ടാകാം മൃതശരീരങ്ങൾ പലതും ചിതറിയ നിലയിലായിരുന്നു.

ഉരുൾപൊട്ടലിന് സാധ്യതയുള്ളതാണ് വയനാട് ജില്ലയിലെ 59 ശതമാനം ഭൂപ്രദേശങ്ങളുമെന്ന് ഐ.ഐ.ടി. ഡെൽഹിയുടെ ഒരു പഠനമുണ്ട്. ഈ പഠനത്തിൽ കേരളത്തിന്റെ പകുതി ഭൂപ്രദേശങ്ങളും 20 ഡിഗ്രി ചരിവുള്ളതാകയാൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലായിരിക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഭൂമി കുലുക്കത്തിനുള്ള സാധ്യതയുള്ള പ്രദേശങ്ങൾകൂടി ഈ പഠനത്തിൽ അടയാളപ്പെടുത്തിയിരുന്നു. 2018ൽ നടന്ന ഒരു പഠനത്തിലാകട്ടെ, കേരളത്തിലെ 14.4 ശതമാനം പ്രദേശങ്ങൾ ഉരുൾപൊട്ടാൻ സാധ്യതയുള്ളതായി വ്യക്തമാക്കിയിട്ടും, ഈ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി ഒരു ഭൂപടമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞില്ല. മുണ്ടക്കൈയിൽനിന്നും മറ്റും സുരക്ഷിത മേഖലയെന്ന് കരുതി കുറേ കുടുംബങ്ങൾ, അതിലേറെ ഉരുൾപൊട്ടാൻ സാധ്യതയുള്ള ഇടങ്ങളിലേക്ക് ഓടിമാറിയതും ദുരന്തത്തിൽപെട്ടതും ഇക്കാര്യത്തിൽ അധികൃതർ പുലർത്തിയ അനാസ്ഥയുടേയും അലംഭാവത്തിന്റെയും സൂചനയായി.

യഥാർത്ഥ കാരണങ്ങൾ മറച്ചുവയ്ക്കുന്നുവോ?

കാലാവസ്ഥാ വ്യതിയാനം, അതിതീവ്ര മഴ, മേഘ വിസ്‌ഫോടനം എന്നിങ്ങനെയുള്ള പദാവലികൾക്കുപിന്നിൽ, ഏറെ ശുഷ്‌കാന്തിയോടെ നാം പരിപാലിക്കേണ്ട വനപ്രദേശങ്ങൾ സംബന്ധിച്ച കർക്കശമായ നിയമങ്ങൾ അവഗണിക്കുവാനുള്ള കുതന്ത്രം ഭരണകർത്താക്കൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് പരിസ്ഥിതിവാദികൾ പറയുന്നു.

ഉരുൾപൊട്ടാൻ അതിതീവ്രമായ സാധ്യതയുള്ള 1848.3 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ ഇടുക്കി, പാലക്കാട് ജില്ലകളിലുണ്ട്. കഴിഞ്ഞ വർഷം കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടുകയും ചെയ്തു. എന്നാൽ നിയമങ്ങൾ പൊളിച്ചെഴുതിയും വളച്ചൊടിച്ചും ഭരിക്കുന്നവർ ക്വാറി മാഫിയകളെ സഹായിക്കുന്നതുവഴി ഉരുൾപൊട്ടാനുള്ള സാധ്യത ഏറെ വർദ്ധിച്ചതായി പഠനങ്ങളുണ്ട്. 2019ൽ ഉണ്ടായ കവളപ്പാറ ദുരന്തം നടന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്റർ ദൂരത്തിൽ 12 ക്വാറികളും 10 കിലോമീറ്റർ ദൂരത്തിൽ 9 ക്വാറികളും പ്രവർത്തിച്ചിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉരുൾപൊട്ടിയ വിലങ്ങാടിന് (വടകര) അടുത്തുള്ളത് 42 ക്വാറികളാണ്. ചാലിയാർ പുഴയിൽ ജഡങ്ങൾ കണ്ടെത്തിയ പോത്തുകല്ലിലുമുണ്ട് 17 ക്വാറികൾ. ഗാഡ്ഗിൽ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിൽ 3322 ക്വാറികൾ മാത്രമേ പാടുള്ളൂ എന്ന് നിഷ്‌കർഷിച്ചിരുന്നു.

ഇപ്പോഴുള്ള ക്വാറികളുടെ ഏകദേശ കണക്ക് ഇങ്ങനെയാണ്: പഴയ കണക്കാണെങ്കിലും, നിലവിലുള്ള ക്വാറികളുടെ എണ്ണം കൂടാൻ മാത്രമേ വഴിയുള്ളൂ. അതിനായി ഭരണകൂടം മാറ്റിമറിച്ച നിയമങ്ങളുടെ വിശദാംശങ്ങൾകൂടി വായിക്കുമ്പോൾ, വികസനത്തിന്റെ പേരിൽ നാം തുരന്നെടുത്ത പ്രകൃതിയുടെ കുളിരുകോരുന്ന ശീതളശൈലങ്ങൾ കാണാനാകും.

കേരളത്തിൽ 750 ക്വാറികൾക്കുമാത്രമേ അംഗീകാരമുള്ളതായിട്ടാണ്  സർക്കാർ രേഖകൾ. എന്നാൽ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇപ്പോഴുള്ളത് 1104 ക്വാറികൾ. മലപ്പുറത്തുമാത്രം 129 ക്വാറികളുണ്ട്. കല്ലടിക്കോട് 26ഉം സൗത്ത് മലമ്പുഴയിൽ 40ൽ ഏറെയും ഇടുക്കി ചെറുതോണിയിൽ 22ഉം ക്വാറികളുണ്ട്. ഏറ്റവും കൂടുതൽ ക്വാറികൾ മധ്യകേരളത്തിലാണ് 2438 എണ്ണം. വടക്കൻ കേരളത്തിൽ 1969ഉം തെക്കൻ കേരളത്തിൽ 1517 ക്വാറികളും പ്രവർത്തിക്കുന്നു. 1948ലെ നിയമം ഭേദഗതി ചെയ്ത്, പാട്ടക്കരാർപോലും പുതുക്കാതെ ഖനനത്തിനുള്ള ലൈസൻസ് വീണ്ടും നൽകിയവയാണ് ഇവയിൽ പലതും. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് കൃഷിക്ക് പതിച്ചുകൊടുത്ത ഭൂമിയിൽ ഖനനം പാടില്ലെന്ന നിയമവും സർക്കാർ പൊളിച്ചടുക്കി.

ഇടുക്കി കാർഡമം റിസർവിലെ ഏലപ്പാട്ട, ഏലപ്പട്ടയഭൂമിയിലെ മരം മുറിക്കാമെന്നുള്ള ഉത്തരവാകട്ടെ, മണ്ണൊലിപ്പ് തടയുന്ന വൻമരങ്ങൾ വെട്ടി വിൽക്കാൻ മരംമുറി മാഫിയയ്ക്ക് സഹായകമായി. നദികൾക്കരികെയും വനഭൂമിയിലും ക്വാറികൾ പാടില്ലെന്ന് കോടതിവിധികളുണ്ട്. കേരളത്തിലെ 96 ശതമാനം ക്വാറികളും പ്രവർത്തിക്കുന്നത് നദികൾക്ക് അരികിലാണ്. വനഭൂമിയിൽ 2000 ക്വാറികളിലും റിസർവ് വനത്തിൽ 1378 ക്വാറികളിലും സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടേയും ചില ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ കല്ല് പൊട്ടിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് അനൗദ്യോഗികമായിട്ടാണ് 90 ശതമാനം ക്വാറികളും കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇവയുടെ എണ്ണം എണ്ണായിരത്തോളം വരും. വന്യജീവി സങ്കേതങ്ങളുടേയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതിലോലമല്ലെന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്തതോടെ 300 ക്വാറികൾക്കുകൂടി കരിങ്കല്ലുപൊട്ടിക്കാനുള്ള അനുമതി സർക്കാർതന്നെ പരോക്ഷമായി തരപ്പെടുത്തി നൽകുകയായിരുന്നു.

കേന്ദ്രസർക്കാരും കുറ്റവാളികൾ  തന്നെ

പശ്ചിമഘട്ടങ്ങളിലും പരിസ്ഥിതിലോല പ്രദേശത്തും വൻകിട നിർമ്മാണങ്ങൾക്ക് പാരിസ്ഥിതിക അനുമതി വേണ്ടെന്ന കേന്ദ്ര നിലപാടും, കേരളത്തിലെ അനധികൃത ക്വാറി റിസോർട്ട് മാഫിയകൾക്ക് അനുഗ്രഹമായി. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ  മുണ്ടക്കൈയിലെ എട്ടാം നമ്പറിൽ മാത്രം 46 റിസോർട്ടുകളുണ്ട്.

1983-2015 കാലഘട്ടത്തിൽ മാത്രം സഹ്യപർവത പ്രദേശങ്ങളിലായി നാലായിരത്തോളം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പശ്ചിമ ഘട്ടത്തിലുണ്ടായ ഭൂമി കുലുക്കങ്ങളുടെ പ്രഭവകേന്ദ്രം ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽനിന്ന് വെറും ഒരു കിലോമീറ്റർ ദൂരത്തിലായിരുന്നുവെന്നും പരാതികളുണ്ട്.

എന്തുകൊണ്ട് ക്വാറികൾ മാത്രം?

പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള ക്വാറികൾ എല്ലാംതന്നെ 0.2 ഹെക്ടർ മുതൽ 64.04 ഹെക്ടർ വരെ വിസ്തീർണമുള്ളതാണ്. അതിതീവ്ര മഴയിൽ ക്വാറികളിൽ വെള്ളം നിറയുകയും അതൊരുതരം 'ജലബോംബാ'യി മാറുകയും ചെയ്യും. മാത്രമല്ല, സർക്കാർതന്നെ വരൾച്ചയ്ക്ക് പരിഹാരമെന്നോണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രദേശങ്ങളിൽ കുഴിച്ച 'മഴക്കുഴി'കളും കനത്ത പേമാരിയിൽ അപകടകാരികളായി മാറിയിരിക്കാം. വൻവൃക്ഷങ്ങൾ വനങ്ങളിൽനിന്ന് മുറിച്ചുനീക്കപ്പെട്ടതും മണ്ണൊലിപ്പിനു കാരണമായിട്ടുണ്ട്. വൻമരങ്ങൾ മുറിച്ചുമാറ്റി റബർ മരങ്ങൾ നട്ടുവെങ്കിലും റബറിന്റെ വേരുകൾക്ക് മണ്ണൊലിപ്പ് തടയാനുള്ള കരുത്തില്ലെന്നുകൂടി നാം ചിന്തിക്കണം. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണംപോലും വനപ്രദേശങ്ങളിൽ പാറപൊട്ടിക്കാൻ നടത്തുന്ന ഉഗ്രസ്‌ഫോടനങ്ങളാണെന്ന് മലയോര ജനത കുറ്റപ്പെടുത്തിയിരുന്നു. വയനാട്ടിലെ പാവം ജനം കാടിറങ്ങുന്ന വന്യമൃഗങ്ങൾക്കും കാടുകയറി 'കൊള്ള' നടത്തുന്ന മാഫിയകൾക്കും നടുവിൽ പകച്ചുനിൽക്കുകയാണ്. പെട്ടിമുടിയിലും പുത്തുമലയിലും മാതൃഭൂമി ദിനപത്രവും മലബാർ ഗോൾഡും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കപ്പുറം സർക്കാർ വക എന്തെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതായി അറിവില്ല. സുമനസ്സുകൾ ഈ ദുരിതഭൂമിയിലേക്കും കൈനീട്ടാൻ തയ്യാറാകട്ടെ.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam