കൊടും ക്രിമിനൽ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും അയാൾക്കുവേണ്ടിയുള്ള തെരയലും പിന്നീടു പിടികൂടിയതും ഒരു ക്രൈം സിനിമ കാണുന്ന കൗതുകത്തോടെയാണ് കേരളം കണ്ടതും ചർച്ച ചെയ്തതും. പക്ഷേ അതൊരു കൗതുകവാർത്തയായി മാത്രം കണക്കാക്കാനാവില്ല. അതിലുപരി കേരളം പോലൊരു സംസ്ഥാനത്തെ ജയിൽ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന രീതികളും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
ചില ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ കുറ്റവാളികൾ നിയന്ത്രിക്കുന്ന ഭരണകൂടങ്ങളും പോലീസ് സംവിധാനവുമൊക്കെ ഉള്ളതായി കേട്ടിട്ടുണ്ട്. യെമൻ പോലയുള്ള ചില രാജ്യങ്ങളിലാകട്ടെ, ആഭ്യന്തര കലാപവും ഗോത്രവർഗങ്ങളുമൊക്കെ ഇപ്പോഴും നിയമവാഴ്ചയെ ജലരേഖകളാക്കി മാറ്റുന്നതു നാം കാണുന്നു. യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന മുറവിളികളും അതിനു നേരിടുന്ന തടസങ്ങളുമൊക്കെ നാം കണ്ടുകൊണ്ടിരിക്കുന്നു.
നമ്മുടെ രാജ്യത്ത് ഇതൊന്നും അല്ലല്ലോ സ്ഥിതി. സുശക്തമായൊരു ഭരണഘടയും ജനാധിപത്യ ഭരണവ്യവസ്ഥിതിയും നിലനിൽക്കുന്ന രാജ്യം. ചട്ടങ്ങളും നിയമങ്ങളും ഏറെ. ജയിൽ ചട്ടങ്ങൾ വേറെ. പക്ഷേ എല്ലാ ചട്ടങ്ങളെയും നിയമങ്ങളെയും മറികടക്കുന്ന പലതും നമ്മുടെ നാട്ടിൽ സംഭവിക്കുന്നു.
സൈ്വരജീവിതം കാംക്ഷിക്കുന്ന സാധാരണ പൊതുജനങ്ങൾക്ക് ഉള്ളതിനേക്കാൾ അവകാശങ്ങളും സുഖസൗകര്യങ്ങളുമല്ലേ ജയിലിൽ കഴിയുന്നവർക്കു ലഭിക്കുന്നത്. അതിക്രൂരമായൊരു കൊലപാതകക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു ജയിലിൽ കഴിയുമ്പോഴും ഗോവിന്ദച്ചാമിക്ക് എല്ലാവിധ സൗകര്യങ്ങളും അവിടെ സജ്ജമായിരുന്നു.
ജയിൽ ഭക്ഷണമൊക്കെ കഴിച്ച് ഗോവിന്ദച്ചാമി തടിച്ചുകൊഴുത്തെന്നൊക്കെ മുമ്പ് വാർത്ത വന്നിരുന്നു. ആ ഗോവിന്ദച്ചാമി ദൃശ്യമാധ്യമങ്ങളിൽ ഇപ്പോൾ കൂടുതൽ അരോഗ ദൃഢഗാത്രനായി കാണപ്പെടുന്നു. ജയിൽ ചാടാനുള്ള സൗകര്യത്തിനായി ഗോവിന്ദച്ചാമി ഡയറ്റിംഗ് ആയിരുന്നുവെന്നും വാർത്തയുണ്ട്. ചോറു കുറച്ച് ചപ്പാത്തി ഭക്ഷണമാക്കിയത് അതിന്റെ ഭാഗമായിരുന്നുവത്രേ. തടി കുറച്ച് സെല്ലിലെ കമ്പികൾക്കിടയിലൂടെ കടക്കാനുള്ള മുന്നൊരുക്കമായിരുന്നുവ്രേത ഈ ഭക്ഷണക്രമം.
ഒരു കൈ നഷ്ടപ്പെട്ടിരുന്നുവെങ്കിലും തടവുകാരെ കായിക പരിശീലനത്തിനിറക്കുമ്പോൾ ഗോവിന്ദച്ചാമി നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ സഹതടവുകാരെ അത്ഭുതപ്പെടുത്തുമായിരുന്നു. കണ്ണൂർ തളാപ്പിലെ ഒഴിഞ്ഞ വീടിന്റെ പരിസരത്തെ കിണറ്റിൽനിന്നു കയറിവന്ന ഗോവിന്ദച്ചാമിയുടെ കായികക്ഷമതയും ശരീരത്തിന്റെ ആരോഗ്യാവസ്ഥയും വാർത്താചിത്രങ്ങളിൽനിന്നും വ്യക്തമാണ്.
ജയിൽ ഭക്ഷണത്തെക്കുറിച്ചുള്ള പല വിവരങ്ങളും കൗതുകമുണർത്തുന്നതാണ്. തടവുകാർക്കു നല്ല ഭക്ഷണം നൽകേണ്ടതുതന്നെ. പക്ഷേ ആട്ടിറച്ചി ഉൾപ്പെടെയുള്ള വിഭവങ്ങൾ നൽകണമെന്നതു വലിയ ഉദാരത തന്നെ. കിലോഗ്രാമിന് ആയിരം രൂപ വിലയുള്ള ആട്ടിറച്ചി നാട്ടിൽ എത്ര സാധാരണക്കാർക്കു വാങ്ങിക്കഴിക്കാൻ സാധിക്കും.
കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെ കേരളത്തിലെ പല ജയിലുകളും നിയന്ത്രിക്കുന്നത് അവിടുത്തെ ചില തടവുകാരോ മറ്റു ചില ബാഹ്യ ശക്തികളോ ആണെന്ന കാര്യം പണ്ടേ പുറത്തുവന്നിട്ടുള്ളതാണ്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും അനുബന്ധ സംഭവങ്ങളും ഇക്കാര്യം ഒരിക്കൽക്കൂടി അടിവരയിടുന്നു.
കണ്ണൂർ സെൻട്രൽ ജയിൽ സി.പി.എമ്മുകാരായ ക്രിമിനൽ കേസ് പ്രതികളുടെ തടവറ താവളമാണെന്നും അവിടെ ജയിൽ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ഈ തടവുകാരാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമപ്രവർത്തരോടു പറഞ്ഞ ആരോപണം വളരെ ഗുരുതരമായൊരു സാഹചര്യമാണ്.
താടിയും മുടിയും വളർത്തിയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സാധാരണഗതിയിൽ തടവുകാർ താടിയും മുടിയും വളർത്താൻ അനുവദിക്കുന്നതല്ല. നിശ്ചിത സമയം ഇടവിട്ട് മുടി മുറിക്കണമെന്നുമുണ്ട്. ഗോവിന്ദച്ചാമിക്ക് അതിനു ഇളവു കിട്ടിയതെങ്ങിനെയാണ്. ഷേവിംഗ് നടത്തുമ്പോൾ അലർജി ഉണ്ടെന്നു പറഞ്ഞാണ് താടി വളർത്താൻ അനുവദിച്ചതെന്നൊരു വിശദീകരണമുണ്ട്. ജയിലിനുള്ളിൽ കള്ളും കഞ്ചാവും വരെ കിട്ടുമ്പോൾ ഇത്തരം സൗകര്യങ്ങൾ നിസാരമാവാം.
ജയിലിലെ കമ്പി അഴികൾ മുറിക്കാനുള്ള ഉപകരണവും പിടിച്ചിറങ്ങാനുള്ള വസ്ത്രങ്ങളുമൊക്കെ ഗോവിന്ദച്ചാമി എങ്ങിനെ സംഘടിപ്പിച്ചു എന്നതും ദുരൂഹമാണ്. ജയിലിനുള്ളിലെ ജയിൽ എന്നറിയപ്പെടുന്ന, കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന, അതീവ സുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിൽനിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.
നാടിനെ പിടിച്ചുകുലുക്കിയ ചില രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്ക് കണ്ണൂർ ജയിലിൽ ലഭിച്ചിട്ടുള്ള വഴിവിട്ട സൗകര്യങ്ങൾ ഇതിനുമുമ്പും ഏറെ വിവാദമായിട്ടുണ്ട്. അവകാശ സമരങ്ങൾക്കും തൊഴിലാളി വർഗ പോരാട്ടങ്ങൾക്കും വേണ്ടി ജയിലിൽ കഴിഞ്ഞിട്ടുള്ള നേതാക്കളുടെ പാരമ്പര്യം പാർട്ടിക്കൂറുള്ള കുറ്റവാളികൾ തിരുത്തുമ്പോൾ അതു കേരളത്തിലെ ജനായത്ത ഭരണത്തിന്റെ കടുത്ത ദൗർബല്യമാണ് വ്യക്തമാക്കുന്നത്.
ഒരു കൊടും കുറ്റവാളിയുടെ ജയിൽ ചാട്ടവും അയാളെ പിടികൂടാനുള്ള ശ്രമവും പിടികൂടിയ ശേഷമുള്ള വിശകലനങ്ങളുമാണ് ജൂലൈ 25ന് മലയാളിയുടെ വാർത്താ മണിക്കൂറുകളെ സജീവമാക്കിയത്. ഗോവിന്ദച്ചാമി എന്ന കുറ്റവാളിയുടെ ക്രിമിനൽ ചരിത്രവും മുൻ ഡിജിപി ഉൾപ്പെടെയുള്ള പ്രമുഖ പോലീസ് ഉദ്യോഗസ്ഥരുടെ വിശകലനങ്ങളുമൊക്കെ മണിക്കൂറുകളോളം മാധ്യമങ്ങളുടെ സമയം കവർന്നു.
താടി വളർത്തി അരോഗ ദൃഢഗാത്രനായ ഗോവിന്ദച്ചാമിയെ കേരളം ഇന്നു രാവിലെ വീണ്ടും വിശദമായി കണ്ടു. പുറം ലോകം കാണാൻ യോഗ്യതയില്ലാത്ത കുറ്റവാളി എന്നു സുപ്രീംകോടതി വിശേഷിപ്പിച്ചയാളാണ് ഗോവിന്ദച്ചാമി എന്ന ക്രിമിനൽ.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട വാർത്തയും അതെക്കുറിച്ചുള്ള ചർച്ചകളും രസകരമാണെങ്കിലും അതു ഗുരുതരവുമായ ചില സാഹചര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്.
കണ്ണൂർ സെൻട്രൽ ജയലിൽ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. സെല്ലിൽ ഒറ്റയ്ക്കു താമസിപ്പിച്ചിരുന്ന ഗോവിന്ദച്ചാമി ജയിലഴികൾ അറുത്തുമാറ്റിയും അലക്കാനിട്ടിരുന്ന തുണി ചേർത്തു കെട്ടി അതു വടമാക്കി ഉപയോഗിച്ചു മതിൽ ചാടിയുമാണ് പുറത്തുകടന്നതെന്നാണ് പറയപ്പെടുന്നത്. ഇടതു കൈ മുട്ടിനുതാഴെ മുറിച്ചുമാറ്റപ്പെട്ട ഗോവിന്ദച്ചാമിക്ക് ഇത്തരമൊരു രക്ഷപ്പെടൻ എങ്ങിനെ സാധ്യമായി എന്നത് ദുരൂഹമായിരിക്കുന്നു.
ജയിൽ ചാടാൻ ഇയാൾ ചില പ്ലാനിംഗ് നടത്തിയിരുന്നതായി ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പറയുന്നുണ്ട്. രാവിലെ ജയിൽ അധികൃതർ സെല്ലിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇയാൾ അവിടെ ഇല്ലെന്നു കണ്ടെത്തിയത്. കണ്ണൂർ ജയിലിനു സമീപമുള്ള തളാപ്പ് എന്ന പ്രദേശത്ത് രാവിലെ ഒമ്പതോടെ ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. അവരിൽ ചിലർ വിവരം പോലീസിനെയും അറിയിച്ചിരുന്നു. പതിനൊന്നു മണിയോടെ തളാപ്പിലെ ആൾതാമസമില്ലാത്ത ഒരു വീടിനോടു ചേർന്നുള്ള കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ പിടികൂടിയത്. അതിന്റെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി.
നമ്മുടെ ജയിലുകളുടെ അവസ്ഥയും കൊടും കുറ്റവാളികളെപ്പോലും പാർപ്പിക്കുന്നതിന്റെ അശാസ്ത്രീയതയുമൊക്കെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട കഥയിലൂടെ ഒരിക്കൽക്കൂടി വ്യക്തമാകുന്നു. അതിസുരക്ഷാ ജയിലിൽനിന്ന് ഇത്തരമൊരു രക്ഷപ്പെടൽ എങ്ങിനെ സാധ്യമായി എന്നതു ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽനിന്നു സൗമ്യ എന്നു പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പടുത്തുകയും ചെയ്ത കേസിലാണ് ഗോവിന്ദച്ചാമി കേരളമാകെ ശ്രദ്ധിക്കപ്പെട്ടത്. അതിനുമുമ്പുതന്നെ തമിഴ്‌നാട്ടിൽ ഇയാൾക്കെതിരേ ഒരു ഡസനിലേറെ ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പ്രത്യേക സ്വഭാവ വൈകൃതമുള്ളയാളാണ് ഗോവിന്ദച്ചാമി എന്ന് ഇയാളെ പിടികൂടിയ ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടിത്തിയിട്ടുണ്ട്. ജയിലിൽ ബിരിയാണി വിളമ്പിയില്ലെന്നു പറഞ്ഞു അക്രമം കാട്ടിയതിനു കേസെടുക്കുകയും അതിനു വേറെ ശിക്ഷ ലഭിക്കുകയും ചെയ്തിട്ടുണ്ട്.ജയിലിൽ സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. പിടികൂടപ്പെട്ടശേഷം ഗോവിന്ദച്ചാമി യാതൊരു ഭാവഭേദവുമില്ലാതെയാണ് പോലീസിനും മാധ്യമങ്ങൾക്കും മുന്നിൽ നിന്നത്.
സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകാൻ പ്രമുഖ അഭിഭാഷകരെത്തിയതും വിവാദമായിരുന്നു. തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തിരുന്നു. കണ്ണൂർ ജയിലിൽ ആഘോഷപൂർവമായ താമസമാണ് ഗോവിന്ദച്ചാമിയും മറ്റു പല തടവുകാരും അനുഭവിക്കുന്നതെന്നും വാർത്തകൾ വന്നിട്ടുണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികളായിട്ടുള്ളവരും ശിക്ഷ അനുഭവിക്കുന്നവരുമൊക്കെ ദീർഘകാലം പരോളിൽ പുറത്തു വിലസുന്നതും ജയിലിൽ എല്ലാ വിധ സൗകര്യങ്ങളും അനുഭവിക്കുന്നതും സംബന്ധിച്ച വിവരങ്ങളും പുറംലോകം കൗതുകപൂർവം കേൾക്കാറുണ്ട്. ജയിൽ അധികൃതരും പോലീസുമൊക്കെ പലപ്പോഴും ഇതിൽ പ്രതിസ്ഥാനത്തു നിൽക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണവാർത്തയും അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയും ആലപ്പുഴ വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങുകളുമായിരുന്നു ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങളുടെയും പ്രധാന വാർത്ത. മറ്റു വാർത്തകളെല്ലാം മാറ്റിവച്ച് മണിക്കൂറുകളോളം അതിന്റെ സജീവ സംപ്രേക്ഷണം നടന്നു. അത് അദ്ദേഹം അർഹിക്കുന്ന ആദരവു തന്നെ. തൊട്ടടുത്ത ദിവസം തന്നെ ഗോവിന്ദച്ചാമി എന്ന ക്രിമിനലിന്റെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട വാർത്തയ്ക്കും അതിന്റെ തത്സമയ സംപ്രേക്ഷണത്തിനുമൊക്കെ ഇത്രമാത്രം സമയം ചെലവഴിക്കണോ എന്നൊരു സന്ദേഹം ചിലർ ഉയർത്തുന്നുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട വാർത്ത തങ്ങളാണ് ആദ്യമായി റിപ്പോർട്ട് ചെയ്തതെന്നൊക്കെ
വീരവാദം മുഴക്കുന്ന ചാനൽ അവതാരകരെയും കാണാനായി. അതേസമയം ദൃശ്യമാധ്യമങ്ങളുടെ ഉൾപ്പെടെയുള്ള ഈ തുടർച്ചയായ വാർത്താ പ്രക്ഷേപണം ഗോവിന്ദച്ചാമിയെ പിടികൂടുന്നതിനു സഹായകമായി എന്നതും വസ്തുതയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു അന്വേഷണം ത്വരിതപ്പെടുത്താനും പോലീസിനു സാധിച്ചു. പോലീസിനു വളരെ വിലപ്പെട്ട വിവരങ്ങൾ നൽകിയ മാധ്യമങ്ങളെയും പൊതുജനങ്ങളെയും അന്വഷണത്തിനു നേതൃത്വം കൊടുത്ത കണ്ണൂർ എസ്പി ശ്ലാഘിക്കുകയും ചെയ്തു. കൊടുംകുറ്റവാളികളുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങൾ വെറും കൗതുക വാർത്തകൾമാത്രമായി മാറാതിരിക്കട്ടെ.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1