ന്യൂറലിങ്കിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. തലയോട്ടിക്ക് ഉള്ളില്‍ ചെറിയ ചിപ്പ് സ്ഥാപിച്ച് തലച്ചോര്‍ തരംഗങ്ങളെ പിടിച്ചെടുത്ത് കമ്പ്യൂട്ടറിന് കൈമാറുന്നതാണ് പരീക്ഷണം. തലയോട്ടിക്കുള്ളില്‍ ന്യൂറലിങ്ക് ചിപ്പ് സ്ഥാപിക്കപ്പെട്ട വ്യക്തി ചിന്തകളിലൂടെ മൗസിനെ ചലിപ്പിച്ചെന്നാണ് ന്യൂറോലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ അവകാശ വാദം.
എന്നാല്‍ പരീക്ഷണത്തിന്റെ ഭാഗമായ വ്യക്തിയുടെ പേര് ന്യൂറലിങ്ക് പുറത്തുവിട്ടിട്ടില്ല. ശരീരം തളര്‍ന്നവര്‍ക്ക് ഈ സാങ്കേതിക വിദ്യ അനുഗ്രഹമാകുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍(എഫ്.ഡി.എ.) ന്യൂറലിങ്കിന് അനുമതി നല്‍കിയത്. റൊബോട്ടുകളുടെ സഹായത്തോടെയാണ് ന്യൂറലിങ്കിന്റെ ചിപ്പുകള്‍ തലയോട്ടിക്കുള്ളില്‍ സ്ഥാപിച്ചത്.
തലയോട്ടി തുരന്ന ശേഷം കൃത്യമായി ചിപ്പ് സ്ഥാപിക്കാന്‍ 25 മിനിറ്റ് വേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്. രോഗിയെ ബോധരഹിതനാക്കാതെയാണ് ചിപ്പ് സ്ഥാപിക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. ശസ്ത്രക്രിയയുടെ അന്നുതന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാമത്രേ. കൈകള്‍, കണം കൈ, കൈത്തണ്ടകള്‍ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്താണ് ന്യൂറലിങ്ക് ചിപ്പ് സ്ഥാപിക്കുന്നത്. ചിന്തകളെ കമ്പ്യൂട്ടറിന് മനസിലാക്കാന്‍ കഴിയുന്ന കമാന്‍ഡുകളുടെ ശ്രേണിയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ന്യൂറലിങ്കിന്റെ ശ്രമമാണ് വിജയിച്ചതെന്നാണ് മസ്‌ക് അറിയിച്ചത്.
പന്നികളിലും കുരങ്ങുകളിലും പരീക്ഷിച്ച ശേഷമാണ് ന്യൂറലിങ്ക് ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചത്. മൈക്രോ ചിപ്പുകളുടെ സഹായത്തോടെ തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ച് പക്ഷാഘാതം, അന്ധത തുടങ്ങിയവ ചികിത്സിക്കാന്‍ കഴിയുമെന്നാണ് മസ്‌കിന്റെ അവകാശവാദം. ആ പ്രതീക്ഷയാണ് പരീക്ഷണത്തിന്റെ ഭാഗമാകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. അടുത്ത വര്‍ഷം 11 ആളുകളില്‍ െമെക്രോചിപ് സ്ഥാപിക്കും. 2030 ആകുമ്പോള്‍ ചിപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 22,000 ആകുമെന്നാണ് ന്യൂറലിങ്ക് ഗവേഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മനുഷ്യ തലച്ചോറിനെ അമ്മാനം ആട്ടാന്‍ കരുത്തുള്ള ഈ കണ്ടുപിടുത്തത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഈ സാഹചര്യത്തില്‍ ഒരു വിലയിരുത്തല്‍ അത്യാവശമാണ്.
ന്യൂറ ലിങ്കിന്റെ ഭാവി പ്രതീക്ഷ
മനുഷ്യമസ്തിഷ്‌കത്തിലേക്കുള്ള പ്രധാനപ്പെട്ടൊരു താക്കോല്‍ കയ്യരികിലെത്തിയെന്ന് ശാസ്ത്രലോകം അവകാശപ്പെടുമ്പോള്‍ അതു തരുന്ന പ്രതീക്ഷ ചെറുതല്ല. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യമസ്തിഷ്‌കത്തിലാദ്യമായി വയര്‍ലെസ് ചിപ് (ഇംപ്ലാന്റ്) സ്ഥാപിച്ചുവെന്നതിലും ആ പ്രതീക്ഷയാണ് നിഴലിച്ച് നില്‍ക്കുന്നത്. മനുഷ്യ ജീവിതത്തിന് കൂടുതല്‍ ബലവും ആത്മ വിശ്വാസവും പകരാന്‍ ഈ ശാസ്ത്രനേട്ടത്തിന് സാധിച്ചേക്കാമെന്ന പ്രത്യാശ. അത് മനുഷ്യന് നല്‍കുന്ന മാനസിക ഉല്ലാസം ചെറുതല്ല.
ആരോഗ്യ മേഖല: പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം, അപസ്മാരം തുടങ്ങിയ ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ഉള്ളവരുടെ നഷ്ടപ്പെട്ട ശാരീരിക പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിലൂടെയോ രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിലൂടെയോ ആ വ്യക്തിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ന്യൂറലിങ്ക് സഹായിക്കുന്നു.
വൈജ്ഞാനിക മെച്ചപ്പെടുത്തല്‍: വൈകല്യമില്ലാത്ത വ്യക്തികളുടെ മെമ്മറി, ഫോക്കസ്, പഠന കഴിവുകള്‍ എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ആശയവിനിമയവും ആവിഷ്‌കാരവും: ആശയ വിനിമയത്തിനും ക്രിയാത്മകമായ ആവിഷ്‌കാരത്തിനും പ്രത്യേകിച്ച് പരിമിതമായ ശാരീരിക കഴിവുകളുള്ള ആളുകള്‍ക്ക് സാങ്കേതിക വിദ്യയ്ക്ക് പുതിയ വഴികള്‍ തുറക്കാന്‍ ഇതുമൂലം സാധിക്കും.
അപകട സാധ്യതകള്‍:
സുരക്ഷയും സ്വകാര്യതയും: ഒരു ന്യൂറലിങ്ക് ഇംപ്ലാന്റിലേക്ക് ഹാക്ക് ചെയ്യുന്നത് ഒരാള്‍ക്ക് ഒരു വ്യക്തിയുടെ ചിന്തകളിലേക്കും ഓര്‍മ്മകളിലേക്കും വികാരങ്ങളിലേക്കും എങ്ങനെയും എപ്പോള്‍ വേണമെങ്കിലും പ്രവേശനം നല്‍കുന്ന തരത്തിലാണ്.
സാമൂഹിക അസമത്വം: വിപുലമായ വൈജ്ഞാനിക മെച്ചപ്പെടുത്തലിലേക്കുള്ള പ്രവേശനം നിലവിലുള്ള സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെ വര്‍ധിപ്പിക്കും.
ഐഡന്റിറ്റിയും സ്വയംഭരണാവകാശവും നഷ്ടപ്പെടുന്നു: വ്യക്തിത്വവും സ്വതന്ത്ര ഇച്ഛാശക്തിയും നഷ്ടപ്പെടാന്‍ സാധ്യതയുള്ള, മനുഷ്യര്‍ക്കും യന്ത്രങ്ങള്‍ക്കും ഇടയിലുള്ള ലൈനുകള്‍ മങ്ങിക്കാന്‍ BCI സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമോ എന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു.
ഉദ്ദേശിക്കാത്ത അനന്തരഫലങ്ങള്‍: ഏതൊരു പുതിയ സാങ്കേതിക വിദ്യയും പോലെ ഇനിയും പരിഗണിക്കപ്പെടാത്ത അപ്രതീക്ഷിത അപകടങ്ങളും വെല്ലുവിളികളും ഉയര്‍ന്നു വന്നേക്കാം. സുരക്ഷാ പ്രോട്ടോക്കോളുകളുടെ പേരില്‍ ഇപ്പോഴും സൂക്ഷ്മ പരിശോധനകള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ് ന്യൂറാലിങ്ക്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1