ജെസ്‌ന മുതൽ സിദ്ധാർഥൻ വരെ; ദുരൂഹ മൂടുപടമണിയുന്ന ക്രിമിനൽ കേസുകൾ

MARCH 20, 2024, 8:31 PM

ജനങ്ങൾ ഭീതിയോടെ കാണുന്ന ക്രിമിനൽ കേസുകളുടെ അന്വേഷണത്തിലെ നിയമ വീഴ്ചയും മനപ്പൂർവമുള്ള തിരിമറികളും ഉന്നത ഇടപെടലുകളും നിമിത്തം വലിയ ആശങ്ക ഉളവാക്കുന്ന സാഹചര്യം കേരളത്തിൽ കുറേക്കാലമായുïെന്നത് ഭരണ നേതൃത്വത്തിനു ശിങ്കിടി പാടുന്നവർക്കല്ലാതെ നിഷേധിക്കാനാകില്ല. അതീവ ഉത്ക്കണ്ഠ ജനിപ്പിക്കുന്ന ഈ നിരീക്ഷണം പരസ്യമായി പങ്കുവയ്ക്കുന്നവരിൽ മുൻ ഹൈക്കോടതി ജഡ്ജിമാർ വരെയുണ്ട്. ഏറ്റവുമൊടുവിൽ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും ആറു വർഷം മുമ്പു പത്തനംതിട്ട കൊല്ലമുളയിൽനിന്നു കാണാതായ ജെസ്‌നയുടെ കേസന്വേഷണത്തിലുമൊക്കെ കുറ്റകരമായ അനാസ്ഥയുടെ പുതിയ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിവൃത്തി കെട്ട് സി.ബി.ഐക്കു വിട്ടിരിക്കുകയാണിപ്പോൾ. കേസുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ വിദ്യാർഥികളുടെ രാഷ്ട്രീയ പിന്തുണയും സ്വാധീനവും വലിയ വിവാദമായതു സ്വാഭാവികം. സി.ബി.ഐ കേസ് ഏറ്റെടുക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. അഥവാ അതുണ്ടായാലും സി.ബി.ഐ എത്തുന്നതിനു മുമ്പുതന്നെ കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ചില പദ്ധതികൾ പ്രകാരം 'സജ്ജമാക്കാൻ' സംസ്ഥാന പോലീസ് കിണഞ്ഞു പരിശ്രമിച്ചെന്ന വാർത്ത തള്ളിക്കളയാനാകില്ല. ഏത് ഉന്നത അന്വേഷണത്തിനും അടിസ്ഥാനമാകുന്നത് ഇത്തരം സുപ്രധാന വിവരങ്ങളാണ്.

സി.ബി.ഐ അതിനപ്പുറവും കാര്യങ്ങൾ കാണും എന്നതാണ് സാധാരണ ജനത്തിന്റ വിശ്വാസമെങ്കിലും സിനിമാക്കഥകളിൽ കാണുന്ന തരം 'ട്വിസ്റ്റു'കളൊന്നും യഥാർഥ അന്വേഷണത്തിലും കണ്ടെത്തലിലും ഉണ്ടാകണമെന്നില്ല.പ്രതികളെയെല്ലാം അറസ്റ്റു ചെയ്തുവെന്നാണ് സിദ്ധാർഥൻ കേസിൽ സംസ്ഥാന പോലീസിന്റെ ഭാഷ്യം. എന്നാൽ യഥാർത്ഥ പ്രതികളെ എല്ലാവരെയും പിടികൂടിയിട്ടില്ലെന്ന് സിദ്ധാർഥന്റെ ബന്ധുക്കൾ ആരോപിക്കുന്നു. മർദനം നടക്കുന്ന സമയത്ത് സിദ്ധാർഥന്റെ മൊബൈൽ ഫോൺ കൈകാര്യം ചെയ്തിരുന്നയാളെ ഇതുവരെ ചോദ്യം ചെയ്തിട്ടുപോലുമില്ലെന്നാണ് സിദ്ധാർഥന്റെ പിതാവ് പറയുന്നത്.

vachakam
vachakam
vachakam

പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിദ്ധാർഥന്റെ മരണത്തിലെ ക്രൂരത വ്യക്തമാക്കുന്നതാണെങ്കിലും സുപ്രധാന തെളിവുകൾ നശിപ്പിക്കാൻ ഭരണ പാർട്ടിയും പോലീസും ചേർന്ന് തന്ത്രപൂർവം ശ്രമിച്ചെന്നും ബന്ധുക്കൾക്കു പരാതിയുണ്ട്.
പത്തനംതിട്ട കൊല്ലമുളയിലെ ജെസ്‌നയെന്ന കോളേജ് വിദ്യാർത്ഥിനിയുടെ തിരോധാനത്തിന്റെ ദുരൂഹത ആറു വർഷം കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. ഡിജിപിയും എസ്പിയും ഉൾപ്പെടെ സർവീസിൽനിന്നു വിരമിച്ച ചില പ്രമുഖർ ജെസ്‌നയെ കണ്ടെത്തുമെന്ന സൂചന നൽകിയിരുന്നത് ഇതുവരെ വെറുതെയായി.

കാല്പനിക കഥകൾക്കും മാധ്യമവാർത്തകൾക്കുമുള്ള തുമ്പുകളേ അതു തന്നുള്ളൂ. ജെസ്‌നയുടെ കാര്യത്തിൽ ശുഭവാർത്ത പ്രതീക്ഷിക്കാമെന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാമർശങ്ങൾ ജെസ്‌ന എവിടെയോ ഒളിവിൽ കഴിയുന്നു എന്ന പ്രചാരണത്തിനിടയാക്കിയെന്നു സി.ബി.ഐ റിപ്പോർട്ടിലുണ്ട്. ഈ കേസിൽ ഇതുപോലുള്ള പല വഴിത്തിരിവുകളും ഉണ്ടായി. അതെല്ലാം സംശയങ്ങൾ ബലപ്പെടുത്തിയതേയുള്ളൂ. സി.ബി.ഐയുടെ വിശ്വാസ്യതയും അന്വേഷണ മികവും പോലും ഇത്തരം കേസുകളുടെ മേലുള്ള ദുരൂഹത അവതാളത്തിലാക്കുന്നു.

കേരളത്തിനു പുറമേ വിവിധ സംസ്ഥാനങ്ങളിലും വിശദമായ അന്വേഷണം നടത്തിയിരുന്നു. സഹപാഠിയെയും പിതാവിനെയും പോളിഗ്രാഫ് ടെസ്റ്റിനും മറ്റു ചില ആധുനിക ശാസ്ത്രീയ പരീക്ഷണങ്ങൾക്കും വിധേയരാക്കി. പക്ഷേ, പ്രയോജനമൊന്നും ഉണ്ടായില്ല. പ്രണയിച്ച് ആർക്കെങ്കിലുമൊപ്പം ജെസ്‌ന പോകാൻ സാധ്യതയില്ലെന്നു ജെസ്‌നയുടെ സുഹൃത്തുക്കളും മൊഴി നൽകിയിരുന്നു. ഇതല്ലാമാണ് സി.ബി.ഐ റിപ്പോർട്ടിലുള്ളത്. ആൾക്ക് എന്തു പറ്റിയെന്ന ചോദ്യത്തിനാകട്ടെ മറുപടിയില്ല.

vachakam
vachakam
vachakam

'സുവർണ മണിക്കൂറുകൾ'

അന്വേഷണം തുടങ്ങും മുമ്പും തുടരുമ്പോഴും ചില കïെത്തലുകൾ പുറത്തുവരുമ്പോഴും ദുരൂഹത വർധിക്കുന്ന ചില കേസുകളുണ്ട്. അത്തരമൊന്നായി മാറി ജെസ്‌ന കേസ്. ജെസ്‌ന മരിയ ജയിംസ് എന്ന ബിരുദ വിദ്യാർഥിനിയുടെ തിരോധാനക്കേസ് അന്വേഷിച്ച കേരള പോലീസ് അന്വേഷണത്തിന്റെ 'സുവർണ മണിക്കൂറുകൾ' നഷ്ടമാക്കി എന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറഞ്ഞത് പുതിയ ദുരൂഹ നിഗമനങ്ങൾ പരക്കാൻ ഇടയാക്കിയിട്ടുണ്ട്. സംഭവം നടന്നതിനു ശേഷമുള്ള ആദ്യ 48 മണിക്കൂറികളെയാണ് ഇത്തരം കേസുകളിലെ സുവർണ മണിക്കൂർ എന്നു പറയുന്നത്.

കേസിന്റെ സുപ്രധാന വിവരങ്ങൾ ശേഖരിക്കാനും നഷ്ടപ്പെടുത്താനും ഈ സമയം നിർണ്ണായകമാകാം. പല കേസുകളിലും ഇതു സംഭവിച്ചതായി കോടതികൾ ചൂണ്ടിക്കാട്ടാറുണ്ട്. തിരോധാന കേസുകളിൽ പ്രത്യേകിച്ചും ആദ്യ മണിക്കൂറുകൾ ഏറെ പ്രധാനമാകുക സ്വാഭാവികം. തട്ടിക്കൊണ്ടുപോകലും മയക്കുമരുന്നു വ്യാപാരവും ദൂരൂഹമരണങ്ങളുമൊക്കെ കേരളത്തിൽ പതിവു സംഭവങ്ങളാകുമ്പോൾ നാടിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക രൂക്ഷമാകുകയാണ്. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മൂന്നു യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയത് ഇത്തരത്തിലെ പുതിയ സംഭവമാണ്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിൽ ചോരത്തുള്ളികളുണ്ടായിരുന്നു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായെങ്കിലും ദുരൂഹത അവശേഷിക്കുന്നു.

vachakam
vachakam


കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വഴിയെ നടന്നുപോകുകയായിരുന്ന യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും സ്വർണം കവരുകയും ചെയ്ത സംഭവം നടന്നത് പട്ടാപ്പകലാണ്. അറുപതു കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ കൊടും ക്രിമിനൽ.

കൊടും കുറ്റവാളികളെ നിരന്തര നിരീക്ഷണത്തിൽ നിറുത്തുകയും അവരെ നിയമപരമായി നേരിടുകയും ചെയ്താൽ മാത്രമേ ഇതുപോലുള്ള സംഭവങ്ങൾക്കു തടയിടാനാവൂ എന്ന് പോലീസും നിയമജ്ഞരുമെല്ലാം പറയാറുണ്ട്. പക്ഷേ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർപോലും ഇത്തരം കേസുകളിൽ നിരുത്തരവാദപരമായാണ് പലപ്പോഴും പെരുമാറുന്നത്. കേസ് അന്വേഷണങ്ങളും കോടതി നടപടികളുമൊക്കെ കൂടുതൽ കരുത്താർജിക്കാതെ ജനങ്ങൾക്കു സ്വസ്തമായി ജീവിക്കാനാകില്ല. അതിനു നീതിബോധം മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും നിരന്തരമായ ജാഗ്രതയും അധികൃത കേന്ദ്രങ്ങളിൽ നിന്നുള്ള ധീരമായ നിലപാടുകളും കൂടിയേ കഴിയൂ.

ഇതിനിടെ, മോൻസൻ മാവുങ്കൽ കേസിൽ പരാതിക്കാർ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നത് ക്രൈംബ്രാഞ്ചിനു മേൽ ആരോപണങ്ങൾ ചൊരിഞ്ഞുകൊണ്ടാണ്. ഡിവൈ.എസ്.പി. വൈ.ആർ. റസ്റ്റത്തിനെതിരായ തെളിവുകൾ ഇ.ഡിക്ക് മുന്നിൽ ഹാജരാക്കുമെന്ന് പരാതിക്കാരനായ ഷെമീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹവാല ഇടപാടുകൾ നടന്നിട്ടുïെങ്കിൽ അന്വേഷിക്കണം. റസ്റ്റവുമായി നടത്തിയ ഇടപാടുകളുടെ തെളിവുകൾ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.


മോൻസൺ മാവുങ്കൽ കേസിൽ നീതിപൂർവമായ അന്വേഷണമാണ് ഇ.ഡി. നടത്തുന്നതെന്ന് പരാതിക്കാർ പറയുന്നു. മോൻസന് പരാതിക്കാർ നൽകിയത് ഹവാല പണം ആണെന്നായിരുന്നു ഡിവൈ.എസ്.പിയുടെ ആരോപണം. എന്നാൽ ഡിവൈ.എസ്.പി. റസ്റ്റത്തിന്റെ ആരോപണം പരാതിക്കാരെ ഭിന്നിപ്പിക്കാൻ വേണ്ടിയാണെന്നും ഡിവൈ.എസ്.പിയുടെ വ്യക്തിപരമായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പരാതിക്കാർ ആരോപിക്കുന്നു.

മോൻസൻ പണം ക്രയവിക്രയം നടത്തിയത് മോൻസന്റെ സ്റ്റാഫിന്റെ അക്കൗണ്ടിലൂടെയാണ്. എന്നാൽ അവരേയും കേസിൽ പ്രതി ചേർത്തില്ല. പണം എവിടെയെന്ന് കïെത്താൻ ക്രൈംബ്രാഞ്ചിന് സാധിച്ചില്ല. പണം കïെത്താൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. മോൻസന്റെ പാർട്ണർമാരിലേക്ക് അന്വേഷണം പോയില്ല. ഇക്കാരണങ്ങളാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തങ്ങൾക്കു വിശ്വാസമില്ലെന്ന നിലപാടാണ് പരാതിക്കാരുടേത്. കെ.പി.സി.സി പ്രസിഡന്റിനെ പ്രതിയാക്കിയതിനപ്പുറമായി ദുരൂഹത മാറ്റുന്നതായില്ല ക്രൈംബ്രാഞ്ചിന്റെ അന്വേഷണമെന്ന കാര്യം വ്യക്തം.

ബാബു കദളിക്കാട്‌


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam