കേരളത്തിൽ ഉദ്യോഗം കിനാവിൽ: കണക്കുകളുമായി കേന്ദ്ര സർവേ

OCTOBER 3, 2024, 10:42 AM

ഓർക്കാപ്പുറത്ത് എന്ന മലയാള ഹിറ്റ് സിനിമയിലെ ഫ്രെഡി എന്നു പേരുള്ള മോഹൻലാലിന്റെ ആംഗ്‌ളോ ഇന്ത്യൻ കഥാപാത്രം നെടുമുടി വേണു അനശ്വരനാക്കിയ നിക്കോളാസ് എന്ന 'പപ്പ'യോടു പറയുന്ന അനശ്വര ഡയലോഗ്: 'എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ കുറച്ചുദിവസം ലീവെടുത്ത് വീട്ടിൽ ചുമ്മാ ഇരിക്കാമായിരുന്നു.' മോഹൻലാൽ കയ്യിൽ നിന്ന് ഇട്ടതാണ് മൂന്നര പതിറ്റാണ്ടിനിപ്പുറവും മലയാളിയുടെ ദൈനംദിന സംഭാഷണങ്ങളിൽ തമാശയായി കടന്നുവരുന്ന ഈ തിരിപ്പടക്കമെന്ന് സംവിധായകൻ കമൽ സമ്മതിച്ചിരുന്നു.

ലാലിന്റെ ഡയലോഗ് ഏകദേശം അതേ അർത്ഥത്തിൽ ഓർമ്മിപ്പിച്ച് ഉത്തരേന്ത്യയിൽനിന്നുള്ള ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ഈയിടെ കേരളത്തിനെതിരേ വൻതോതിൽ ട്രോളുകൾ പ്രചരിച്ചു. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ(പി.എൽ.എഫ്.എസ്)യുടെ കണക്കുകളിൽ കേരളത്തിലെ ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് പുറത്തുവന്നതോടെയാണതുണ്ടായത്. ഏപ്രിൽ ജൂൺ മാസങ്ങളിലായി പതിനഞ്ചിനും ഇരുപത്തൊമ്പതിനും വയസുകാർക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കേരളത്തിൽ 27.7% ശതമാനമാണെന്നാണ് പി.എൽ.എഫ്.എസ് വ്യക്തമാക്കിയത്. തൊഴിലില്ലായ്മാ നിരക്കിന്റെ ദേശീയ ശരാശരിയായ 16.8 ശതമാനത്തെക്കാൾ കുറവാണ് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ തൊഴിലില്ലായ്മയെന്ന് ചേർത്തുവച്ചായിരുന്നു ട്രോളുകൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ 'ഗൾഫ്' കേരളമാണെന്നതു വേറെ കാര്യം.

യഥാർഥത്തിൽ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് അത്രയെളുപ്പത്തിൽ വിശകലനം നടത്താൻ സാധിക്കുന്നതണോ? സംസ്ഥാനത്ത് തൊഴിലുകളൊന്നുമില്ലെന്ന തീർപ്പിലേക്ക് എത്താൻ സാധിക്കുമോ? കൂടാതെ, ഈയൊരു സാഹചര്യം സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയെ വല്ലാതെ ഉലയ്ക്കുന്നുവെന്നു കരുതേണ്ടതുണ്ടോ? പി.എൽ.എഫ്.എസ് റിപ്പോർട്ട് പുറത്തുവന്നശേഷം ഇങ്ങനെ പല ചോദ്യങ്ങളാണ് സാമൂഹിക, സാമ്പത്തിക ശാസ്ത്രജ്ഞർ പരസ്പരം പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

vachakam
vachakam
vachakam

മൂന്നു ദശലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിൽ തൊഴിൽ ലഭിക്കുന്നുവെന്നിരിക്കേ എന്തുകൊണ്ടാണ് കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് വർധിക്കുന്നതെന്ന ചോദ്യത്തിലേക്കു സംക്രമിക്കുന്നു ഇവരുടെ ചർച്ചകളെല്ലാം. പീരിയോഡിക് ലേബർഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗോവയാണ് (8.5) മുന്നിലുള്ളത്. 7.2 ശതമാനം നിരക്കുമായി കേരളം രണ്ടാം സ്ഥാനത്ത്.

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് പറയുന്ന പി.എൽ.എഫ്.എസ് റിപ്പോർട്ട് സംസ്ഥാനത്തെ യുവജനങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്നു.

2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലെ കണക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട പി.എൽ.എഫ്.എസ് റിപ്പോർട്ടിലുള്ളത്. 2017-18 വർഷത്തിൽ 11.4 ശതമാനമായിരുന്ന നിരക്ക് ഇപ്പോൾ 7.2 ൽ എത്തി എന്നത് കേരളത്തിന് ആശ്വാസകരമാണെങ്കിലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതാണെന്ന കണക്ക് ഗൗരവതരം തന്നെ.

vachakam
vachakam
vachakam

അര ദിവസത്തിൽ ഒരു മണിക്കൂർ പോലും തൊഴിൽ ലഭിക്കാത്ത വ്യക്തികളെയാണ് സാമ്പത്തിക വിദഗ്ധർ തൊഴിൽ രഹിതരായി കണക്കാക്കുന്നത്. 2017മുതൽ 2022 വരെയുള്ള കേരളത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ, 2022-2023 കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് കുറവാണെന്ന് കാണാൻ കഴിയും. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി അത് മാറ്റമില്ലാതെ തുടരുകയാണ്. അതുപോലെ, ഈ വർഷങ്ങളിലെല്ലാം കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എസ്.ഡി.എസ്-ലോക്‌നീതി നടത്തിയ സർവ്വെ പ്രകാരം ആർക്ക് വോട്ട് ചെയ്യണമെന്ന തീരുമാനത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഘടകം തൊഴിലില്ലായ്മ ആയിരുന്നു. കൂടാതെ നരേന്ദ്ര മോദി സർക്കാരിനെ ഇഷ്ടപ്പെടാതിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയാണെന്നും സർവ്വെ കണ്ടെത്തി. തെരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ എൻ.ഡി.എയ്ക്ക് എതിരെയുണ്ടായ ജനവികാരത്തിന് ഒരു മുഖ്യകാരണം തൊഴിലില്ലായ്മയാണ് എന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു. യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ ലഭ്യമല്ലാത്തതും കുറഞ്ഞ നിരക്കിലുള്ള ശമ്പള വ്യവസ്ഥയും തൊഴിലില്ലായ്മ രൂക്ഷമാക്കാൻ കാരണമായിട്ടുണ്ട്. പി.എൽ.എഫ്.എസ് സർവ്വെ ആ നിഗമനങ്ങൾക്ക് അടിവരയിടുന്നു.

ഏറ്റവും പ്രധാനമായി കണേണ്ട ഒന്നാണ് ഉന്നതവിദ്യാഭ്യാസം ലഭിച്ച സ്ത്രീകളുടെ അവസ്ഥ. മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരുന്നിട്ടും 11.6 ശതമാനം സ്ത്രീകൾ കേരളത്തിൽ തൊഴിൽരഹിതരാണ്. അതിൽത്തന്നെ ബിരുദം പൂർത്തിയാക്കിയ 26.6 ശതമാനം സ്ത്രീകൾ തൊഴിൽരഹിതരായുണ്ട്. ബിരുദാനന്തര ബിരുദമുള്ള 23.7 ശതമാനം സ്ത്രീകളും, വിവിധ കോഴ്‌സുകളിൽ ഡിപ്ലോമയുള്ള 18.3 ശതമാനം സ്ത്രീകളും, പ്ലസ്ടു യോഗ്യതയുള്ള 20.7 ശതമാനം സ്ത്രീകളും കേരളത്തിൽ തൊഴിലില്ലായ്മ നേരിടുന്നതായി സർവേയിൽ കണ്ടെത്തി.

vachakam
vachakam
vachakam

പി.എൽ.എഫ്.എസ് സർവ്വെ റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരിലാണ് കേരളത്തിൽ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി നിലനിൽക്കുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും 7.2 ശതമാനം വ്യക്തികൾ കേരളത്തിൽ തൊഴിൽ രഹിതരാണ്. എന്തുകൊണ്ടാണ് വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിന് ഇത്തരമൊരു അവസ്ഥയെന്നത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.

ബിരുദം പൂർത്തിയാക്കിയ 21.3 ശതമാനം ആളുകളാണ് കേരളത്തിൽ തൊഴിൽ രഹിതരായി കണക്കാക്കപ്പെടുന്നത്. ബിരുദാനന്തര ബിരുദവും അതിന് മുകളിലുള്ള യോഗ്യതയുമുള്ള 18.2 ശതമാനം ആളുകളും കേരളത്തിൽ തൊഴിൽ രഹിതരാണ്. ഡിപ്ലോമയും മറ്റ് സർട്ടിഫിക്കറ്റ് കോഴ്‌സുകളും പൂർത്തിയാക്കിയ 10.2 ശതമാനം ആളുകൾക്ക് കേരളത്തിൽ തൊഴിലില്ല. പ്ലസ്ടു വിജയിച്ചിട്ടും തൊഴിൽ രഹിതരായി തുടരുന്നത് 10.9 ശതമാനം ആളുകളാണെന്നും സർവ്വെ റിപ്പോർട്ട് പറയുന്നു.

1980 കളുടെ തുടക്കം മുതൽ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ അതിരൂക്ഷമായ സംസ്ഥാനമാണ് കേരളം. തൊഴിലിനെക്കുറിച്ചും തൊഴിലിന്റെ മാന്യതയെക്കുറിച്ചുമെല്ലാം സമൂഹം ഉണ്ടാക്കിവെച്ച തെറ്റായ മൂല്യങ്ങളുടെ ഒരു പ്രതിഫലനമാണിത്. സർക്കാർ ജോലി എന്ന് പറയുന്നതിന് മാത്രമേ മാന്യതയുളളൂ,സർക്കാർ ജോലിയാണ് ഏറ്റവും എളുപ്പമുള്ളത് എന്ന ധാരണയുണ്ട്. കായികാധ്വാനം ആവശ്യമില്ലാത്ത തൊഴിലുകൾ ആണ് ജോലി എന്ന തെറ്റിദ്ധാരണ കേരള സമൂഹത്തിലുണ്ട്.

ഒരു സർക്കാർ ഉദ്യോഗസ്ഥന് ഒരു വർഷം ശരാശരി 220 ദിവസമേ ജോലിയുളളൂ. ഗുജറാത്തിലൊക്കെ സർക്കാർ ജോലിക്ക് പോകുന്നത് രണ്ടാംതരം സംഗതിയായാണ് കാണുന്നത്. സംരംഭകർ ആവാൻ കഴിവില്ലാത്തവർ സർക്കാർ ജോലിക്ക് പോകുന്നു. വിവാഹ മാർക്കറ്റിൽ എല്ലാം സർക്കാർ ജോലിക്കാർ പിന്തള്ളപ്പെട്ടുപോകുന്നുണ്ട്. നേരെ തിരിച്ചാണ് കേരളത്തിൽ. ഇവിടുത്തെ സർക്കാർ ഓഫീസിലെ പ്യൂണിന്, തൊഴിലില്ലാതെ നടക്കുന്ന പിഎച്ച്.ഡിക്കാരനെക്കാൾ വിവാഹ മാർക്കറ്റിൽ സ്ഥാനമുണ്ട്. ഇതിന്റെ വേരുകൾ തേടേണ്ടത് ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ്.

'എജ്യൂക്കേറ്റഡ് അൺഎംപ്ലോയ്‌മെന്റ്'
കേരളത്തിലെ 'എജ്യൂക്കേറ്റഡ് അൺഎംപ്ലോയ്‌മെന്റ്' എന്നത് സമൂഹത്തിലെ മൂല്യങ്ങളുടെ പ്രശ്‌നമാണ്. യുവാക്കളെ സ്വയംപര്യാപ്തതയുള്ളവരാക്കി മാറ്റുകയല്ല, മറിച്ച് ഡിഗ്രികൾ ജയിപ്പിക്കുകയും ജീവിതത്തിലവരെ പരാജയപ്പെടുത്തുകയുമാണ് സമൂഹം ചെയ്യുന്നത്. 'ആവശ്യാധിഷ്ഠിതമായ സാർവത്രിക പെൻഷൻ കേരളത്തിൽ ഏർപ്പെടുത്തണം.ഇത്തരത്തിലുള്ള സാമൂഹിക സുരക്ഷിതത്വം നൽകിയാൽ കൂടുതൽ ചെറുകിട സംരംഭകർ ഉണ്ടാവുകയും വിദ്യാഭ്യാസത്തിന് പുറകെ മാത്രം പോകുന്നത് കുറയ്ക്കാൻ സാധിക്കുകയും ചെയ്യും.

കുടിയേറ്റം ഒരു പരിധി കഴിഞ്ഞാൽ പരിഹാരമല്ല. കാരണം വിദേശ നാടുകൾ കുടിയേറ്റത്തെ നിയന്ത്രിക്കും. മാത്രമല്ല ഇത്തരം രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റേബോടിക്‌സ് എന്നീ സങ്കേതികവിദ്യകൾ വരുമ്പോൾ മാനുവൽ ആയി ചെയ്യുന്ന പല ജോലികളുടെയും സാധ്യത ഇല്ലാതെയാകും. തൊഴിലിന് മാന്യതയുണ്ടാവുക, ചെറുകിട സംരംഭങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഏർപ്പെടുത്തുക എന്നീ ആശയങ്ങളാണ് ഇനി വേണ്ടത്.'

തൊഴിലിനുവേണ്ടിയുള്ള കനത്ത പ്രതിഷേധങ്ങളോ അല്ലെങ്കിൽ വലിയൊരു കൂട്ടം ആളുകൾ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ഒന്നും ഇതേ തൊഴിലില്ലായ്മ നിലനിൽക്കുന്ന കേരളത്തിൽ കാണാൻ സാധിക്കില്ല. കേരളത്തിലെ ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് എന്തുകൊണ്ടാണെന്നതിനു രണ്ടു കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു

ട്രേഡ് യൂണിയൻ നേതാക്കൾ. 'ഒന്നാമതായി വിദ്യാസമ്പന്നരായ ജനത പൂർണ വൈദഗ്ധ്യമില്ലാത്തതോ വിദഗ്ധപരിശീലനം ആവശ്യമില്ലാത്തതോ ആയ തൊഴിലുകൾ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുന്നു. എല്ലാ തൊഴിലുകളും ബഹുമാനമർഹിക്കുന്നതല്ലെന്ന കാഴ്ചപ്പാടാണ് കേരളീയർക്കുള്ളത്. ഇക്കാരണംകൊണ്ടുതന്നെയാണ് ഭൂരിപക്ഷം പേരും ഓഫിസ് ഉദ്യോഗങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നത്.'

കേരളാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ലൈവ് രജിസ്റ്റർ പ്രകാരം അഞ്ചു ലക്ഷത്തിലധികം ബിരുദധാരികളും 1.2 ലക്ഷത്തോളം ബിരുദാനന്തര ബിരുദക്കാരും 37000 എൻജിനീയർമാരും 2000 ഡോക്ടർമാരും സർക്കാർ ജോലിക്കായുള്ള വിളിയും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. കൂടുതൽ തൊഴിലവസരങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന വ്യാവസായിക മേഖലകൾ കേരളത്തിൽ കുറവാണെന്നതും തൊഴിലില്ലായ്മയുടെ മറ്റൊരു കാരണമാണ്.

ജനുവരി 2024ൽ പ്രസിദ്ധീകരിച്ച 2023ലെ കേരളാ എകണോമിക് റിവ്യൂയിൽ, കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്നു വിളിക്കാവുന്നത് സേവനമേഖലയിലുൾപ്പെടുന്ന വിദ്യാഭ്യാസമേഖലയാണ്. കശുവണ്ടി, കയർ എന്നിങ്ങനെ കയറ്റുമതി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഒരിക്കൽ കേരളം. നിർഭാഗ്യവശാൽ ആക്രമണോത്സുക തൊഴിലാളി സംഘടനാപ്രവർത്തനംമൂലം വ്യാവസായിക ഉൽപാദനമേഖലയ്ക്ക് വളരാൻ സാധിച്ചില്ല. ഏതൊരു സംസ്ഥാനത്തും ഏറ്റവും കൂടുതൽ തൊഴിലുൽപാദിപ്പിക്കപ്പെടുന്നത് ഉൽപ്പാദനമേഖലകളിൽ നിന്നാണ്.

കാലാവസ്ഥാവ്യതിയാനം, വേതന പരിഷ്‌കരണംപോലെ കൃത്യമായി രൂപകൽപ്പന ചെയ്യാത്ത നയങ്ങൾ എന്നിവയാൽ കാർഷികമേഖലയും തകർന്നു.
തൊഴിലില്ലായ്മയാൽ കേരളത്തിൽനിന്ന് അപ്രത്യക്ഷരായ യുവാക്കൾ ഗൾഫ് നഗരങ്ങൾ നിർമിക്കുന്ന തൊഴിലാളികളായി. പെട്രോൾ പണം കേരളത്തിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഇവിടത്തെ സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികൾ മെച്ചപ്പെട്ടു. ഇത് വിദ്യാഭ്യാസ നിലവാരം വർധിപ്പിച്ചു.

കാലം കഴിഞ്ഞപ്പോൾ വൈദഗ്ധ്യമില്ലാത്ത തൊഴിലുകളോട് ആളുകൾക്ക് വൈമുഖ്യം തോന്നിത്തുടങ്ങി. ഇന്ന് എല്ലാവർക്കും ഒന്നുകിൽ സർക്കാർ ജോലി വേണം അല്ലെങ്കിൽ വിദേശത്തു പോണം. സർക്കാർ ജോലി വേണ്ടവർ എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കും. എന്നാൽ മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാരുകളും പരാജയപ്പെട്ടതോടെ തൊഴിലില്ലായ്മാ നിരക്ക് വർധിച്ചു. കണക്കുകൾ പരിശോധിച്ചാൽ 30:30:30 എന്നൊരു സമവാക്യമാണ് നമുക്ക് കേരളത്തിൽ കാണാൻ സാധിക്കുക.

ഏകദേശം മൂന്ന് ദശലക്ഷം പേർക്കാണ് ഇവിടെ തൊഴിലില്ലാത്തത്, മൂന്നു ദശലക്ഷത്തിലധികം പേർ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ മൂന്നു ദശലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നു.
യഥാർഥത്തിൽ കേരളത്തിൽ തൊഴിലുകളുണ്ടെന്നും എന്നാൽ ഇവിടെയുള്ള തൊഴിലുകൾ സ്വീകരിക്കാൻ കേരളത്തിലെ യുവസമൂഹം വിമുഖത കാണിക്കുന്നതാണ് അധികരിച്ച തൊഴിലില്ലായ്മ നിരക്കിനു കാരണമെന്നുമാണ് വിദഗ്ധ നിരീക്ഷണം. ഈ വിമുഖത തന്നെയാണ് അവരെ വിദേശത്തേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്ന ഘടകം.

കാർഷിക, വ്യാവസായികോൽപ്പാദന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നതും കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് വർധിക്കാനുള്ള കാരണമാണെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം വൈദഗ്ധ്യം ആവശ്യമില്ലാത്ത എല്ലാ തൊഴിൽ മേഖലകളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യവുമുണ്ട്. തൊഴിലുറപ്പു പദ്ധതിയാകട്ടെ രചനാത്മകത അന്യമാണെന്ന വിമർശനമേറ്റ്് പാതി തമാശ തന്നെയായി മുന്നോട്ടുപോകുന്നു.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam