ശ്യാമ സുന്ദര കേര കേദാര ഭൂമി, ജനജീവിത ഫല ധാന്യ സമ്പന്ന ഭൂമി..
ഈ സുന്ദര വരികൾ പി.ഭാസ്‌കരന്റെ കവിതയിൽ നിറഞ്ഞു നിൽക്കുന്ന കേരളത്തിന്റെ ചിത്രമാണ്. കാണാനും കേൾക്കാനും ചാരുതയും ഇമ്പവുമുണ്ടായിരുന്ന കേരളം. അന്ന് കവികൾ വാഴ്ത്തിയ ഭൂഭാഗം ഇന്ന് സഹ്യനും കടലിനും മധ്യേ ഭയന്നു വിറച്ചു കഴിയുകയാണ്. കോരിയെടുത്തു കൊണ്ടു പോകാൻ കഴിയും വിധം പ്രകൃതി ചൂഷകരുടെ കുത്തകക്കൈകളിലേയ്ക്ക് വഴുതുകയാണ് കൊച്ചു കേരളം!
സഹ്യന്റെ ശിഖരങ്ങൾ ഒന്നൊന്നായി ഇടിച്ചു നിരത്തിത്തുടങ്ങിയപ്പോൾ കേരളം കുലുങ്ങി വിറച്ചു. പരിസ്ഥിതിവാദം ഒന്നുയർന്നുതാഴ്ന്നു. അത് ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ബാദ്ധ്യതയായിക്കണ്ട് പൊതു സമൂഹവും മാറി നിന്നു. മണ്ണിടിച്ചിലിന്റെയും മലയിടിച്ചിലിന്റെയും കഥകൾ ഒന്നൊഴിയാതെ വന്നപ്പോൾ മലയാളി പാഠങ്ങൾ പഠിച്ചു തുടങ്ങി. രാഷ്ട്രീയ നേതൃത്വങ്ങൾ എന്നിട്ടും ഒന്നും പഠിച്ചില്ല.
കടലെടുക്കുമോ നമ്മളെ?
നമ്മൾ മാറിയില്ലെങ്കിലും പ്രകൃതി മാറുകയാണ്. കടൽ കരയിലേക്ക് കയറി വരുന്ന പ്രതിഭാസം പഴയ സിനിമാപ്പാട്ടിലെ നമ്മുടെ നാലിടങ്ങഴി മണ്ണുകൂടി കവരുമോ? സസ്യ ശ്യാമള സുന്ദര ഭൂമിയായ നമ്മുടെ ഗോഡ്‌സ് ഓൺ കൺട്രി ഒരു പച്ചപ്പു മാഞ്ഞ ഭൂപ്രദേശമായി മാറുമോ ! കടൽ കയറിവരുന്ന പ്രതിഭാസം സമീപ ഭാവിയിൽ ശാസ്ത്രം മുന്നിൽക്കാണുന്ന ഭീകര സത്യമാണ്. വയനാട്ടിൽ ജലം കൊണ്ടു മുറിവേറ്റവരുടെ കണ്ണീർ ഒരു മുന്നറിയിപ്പാണ്. ഇനി കടൽ കയറി വരുന്ന ജലത്തെയാണു പേടിക്കേണ്ടത്. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ അടുത്ത 75 വർഷത്തിനപ്പുറം കടൽ ജലനിരപ്പുയർന്നു കൊച്ചിയിലെ 15.61 ചതുരശ്ര കിലോമീറ്റർ ഭാഗത്തു വെള്ളക്കെട്ടാകാമെന്നാണ് റിപ്പോർട്ട്.
ഒരോ വർഷവും കൂടിക്കൂടി വരുന്ന കടൽ ജലനിരപ്പ് സൃഷ്ടിക്കുന്ന വെല്ലുവിളി ഏറ്റവും കൂടുതൽ നേരിടുന്ന നഗരങ്ങളിലൊന്നാണു വ്യവസായ നഗരമായ കൊച്ചി. ഭാവി ഭീഷണിയായി കടൽ കയറ്റത്തെ നാം കാണണം. കാർബൺ ബഹിർഗമനം മിതമായ നിരക്കിൽ തുടർന്നാൽ പോലും 2100 ആകുമ്പേഴേക്കും കൊച്ചിയിലെ കടൽ ജലനിരപ്പ് 74.9 സെമി വരെ ഉയരാനുള്ള സാധ്യതയാണു ബംഗ്‌ളൂരുവിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠന റിപ്പോർട്ട് പറയുന്നത്.
30 വർഷത്തിനിടയിൽ (1990-2019) കൊച്ചിയിലെ കടൽ ജലനിരപ്പ് 2.213 സെന്റിമീറ്ററാണ് ഉയർന്നത്. പ്രതിവർഷം ഉയരുന്നത് 0.158 സെമി എന്ന കണക്കിൽ. കടൽ ജലനിരപ്പ് ഉയരുന്നതിന്റെ നിരക്കും കാർബൺ ബഹിർഗമന തോതും വിലയിരുത്തിയാണു സിഎസ്ടിഇപി റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. പെയ്തു കഴിഞ്ഞാൽ 24 മണിക്കൂറിനകം വെള്ളം എത്തുന്ന തരത്തിലുള്ള ചരിവാണ് കേരളത്തിന്റെ പ്രത്യേകത. ബഹുമുഖ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശം. സംസ്ഥാനത്തിന്റെറെ പടിഞ്ഞാറൻ തീര മേഖലകളിലെ കടലാക്രമണവും കിഴക്കു പശ്ചിമഘട്ട മേഖലകളിലെ ഉരുൾപൊട്ടലും സാധാരണ ഉണ്ടാകാറുള്ള പ്രകൃതിക്ഷോഭങ്ങൾ ആണ്. ജനസാന്ദ്രത വർധനവും അശാസ്ത്രീയമായ നിർമ്മാണങ്ങളും പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും പ്രകൃതിക്ഷോഭങ്ങളെ വൻദുരന്തങ്ങളായി മാറ്റുന്നു.
കാലാവസ്ഥാവ്യതിയാനം മൂലം താളംതെറ്റി എത്തുന്ന അതിതീവ്രമഴയും ദുരന്തങ്ങൾക്ക് വ്യാപകമായ പ്രേരകഘടകമാകുന്നുണ്ട്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ. വരൾച്ച. ഇടിമിന്നൽ ആഘാതം, കടലാക്രമണം, ചുഴലിക്കാറ്റ് എന്നിവ സമീപകാലത്ത് സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നു എന്നതും കാണണം.
കടൽക്കൊള്ളക്കാർ
കേരളത്തിന്റെ പുറംകടലിൽ നിന്നും വെളുത്ത മണലും, തീരത്തു നിന്നും കരിമണലും ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെയാണ് വരുംകാല ഭീഷണിയായി കാണേണ്ടത്. പരിസ്ഥിതി പ്രത്യാഘാതപഠനമോ, പബ്ലിക് ഹിയറിംഗോ നടത്താതെ കേരള കടലിൽ മണൽ ഖനനം നടത്താനുള്ളതാണ് കേന്ദ്രനീക്കം. തീരദേശത്തുള്ള കരിമണൽ ഖനനത്തിന് സംസ്ഥാന സർക്കാരിനും പൊതുമേഖലയ്ക്കുമുള്ള അവകാശവും കേന്ദ്രം നിയമ ഭേദഗതി വഴി ഏറ്റെടുത്തിരിക്കുകയാണ്. ഇനിയങ്ങോട്ട് ഖനനത്തിനും സംസ്‌ക്കരണത്തിനും വിപണനത്തിനും സ്വകാര്യ മേഖലയ്ക്കുകൂടി അവകാശം ഉറപ്പിച്ചുകൊണ്ടാണ് നിയമഭേദഗതി. ഇതേത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട് മൂന്ന് റൂളുകൾ കൂടി കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കൊണ്ടു വന്നു.
ലോകത്തെ പ്രധാനപ്പെട്ട ഫിഷിംഗ് ഗ്രൗണ്ടു (മത്സ്യസങ്കേതം) കളൊക്കെ തകർന്നിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തുന്നു. കുറച്ചു മത്സ്യങ്ങൾ അവശേഷിക്കുന്ന അറബിക്കടലിനേയും ബംഗാൾ ഉൾക്കടലിനേയും തകർക്കുന്ന നടപടികളാണ് ഇപ്പോൾ തുടരുന്നത്. ഇപ്പോൾ തന്നെ കടലാമയുടെ പേരിലും സസ്തനികളുടെ പേരിലും കയറ്റുമതിക്ക് നിരോധനം നേരിടുന്ന മേഖലയാണിത്. മത്തിയുടെ തകർച്ചയിൽ നിന്ന് ഇതുവരേയായിട്ടും മോചനം ലഭിച്ചിട്ടുമില്ല. ഇങ്ങനെ പ്രതിസന്ധി നിറഞ്ഞ മേഖലയെ പൂർണ്ണമായും തകർക്കുന്ന നടപടിയാണ് ഡ്രഡ്ജിംഗ്. കടൽ മണൽ ഖനനത്തിന് താല്പര്യമുള്ള കമ്പനികളിൽനിന്ന് ടെണ്ടർ സ്വീകരിച്ചുകഴിഞ്ഞു. വേദാന്ത അടക്കമുള്ള കുത്തക കമ്പനികളും ചില സിമന്റു കമ്പനികളും രംഗത്തുണ്ട്.
2011-ലെ തീരപരിപാലന നിയമ ഭേദഗതിയിലൂടെയാണ് മാറ്റം സാധ്യമാക്കിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 246 ഷെഡ്യൂൾ 2 ലിസ്റ്റ് 21 പ്രകാരം 22 കി.മീ. വരെയുള്ള കടൽ ഭാഗത്തിന്റെ അധികാരം സംസ്ഥാനങ്ങൾക്കാണ്. ഇനിയങ്ങോട്ട് ഖനനത്തിനും സംസ്‌ക്കരണത്തിനും വിപണനത്തിനും സ്വകാര്യ മേഖലയ്ക്കുകൂടി അവകാശം ഉറപ്പിച്ചുകൊണ്ടാണ് നിയമഭേദഗതി. ഇതേത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട് മൂന്ന് റൂളുകൾ കൂടി കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം കൊണ്ടുവന്നു.
കേരള തീരത്തും പുറകടലിലുമായി കിടക്കുന്ന നിർമ്മാണാവശ്യങ്ങൾക്കുള്ള വെളുത്ത മണലിന്റെ വില്പനയാണ് ഇപ്പോൾ നടക്കുന്നത്. 745 ദശലക്ഷം ടൺ വരുന്ന ഈ നിക്ഷേപം പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിങ്ങനെ അഞ്ചു സെക്ടറുകളിലായാണുള്ളത്. ഇതിൽ കൊല്ലം സെക്ടറിലെ മൂന്നു ബ്ലോക്കുകളിലെ വില്പനയാണിപ്പോൾ നടക്കുന്നത്. 300 ദശലക്ഷം ടൺ മണൽ നിക്ഷേപം ഇവിടെയുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്ററിലായും 3300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും പരന്നുകിടക്കുന്ന കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന ക്വയിലോൺ ബാങ്കിൽ നിന്നാണ് ഖനനം നടക്കുക.
തീരത്തുനിന്ന് 33 കിലോമീറ്റർ അകലെയുള്ള 1-ാം ബ്ലോക്കിൽ 23 മിനറൽ ബ്ലോക്കുണ്ട്. ഇവിടെനിന്ന് 100.33 ദശലക്ഷം ടൺമണലാണ് ഊറ്റുക. രണ്ടാം സെക്ടർ 30 കിലോമീറ്റർ അകലെയാണ്. അവിടെനിന്ന് 100.64 ദശലക്ഷം ടൺ മണലും 27 കിലോമീറ്റർ അകലെയുള്ള മൂന്നാം സെക്ടറിൽ നിന്ന് 101.45 ദശലക്ഷം ടൺ മണലും ഖനനം ചെയ്യും. മൊത്തത്തിൽ 242 ചതുരശ്ര കിലോമീറ്ററിലായി 302.5 ദശലക്ഷം ടൺ മണലൂറ്റുന്നതിനാണ് ടെണ്ടർ ക്ഷണിച്ചത്. വെളുത്ത മണലിനു മുകളിലായി 1-2 മീറ്റർ കനത്തിലുള്ള ചെളിയും അവശിഷ്ടങ്ങളുമടങ്ങുന്ന മേൽമണ്ണു നീക്കിയാണ് വെളുത്ത മണൽ പുറത്തെടുക്കുക. ഇതു സൃഷ്ടിക്കുന്ന കലക്കൽ, പുറത്തുവരുന്ന വിഷവാതകങ്ങൾ, ഖനലോഹങ്ങൾ ഇതെല്ലാം മത്സ്യമേഖലയെയാണ് പ്രതികൂലമായി ബാധിക്കുക.
ഇവിടെ ജീവിക്കുന്ന നങ്ക്, കരിക്കാടി, തിരണ്ടി കരിക്കാടി ചെമ്മീൻ തുടങ്ങിയവയുടെ സങ്കേതങ്ങൾ തകർക്കപ്പെടും. കണവ-കൂന്തൽ തുടങ്ങിയവ മുട്ടയിട്ട് പാർക്കുന്ന ഇടങ്ങളും നഷ്ടപ്പെടും. പന്ത്രണ്ടു വർഷത്തിനുശേഷം തിരിച്ചുവരുന്ന മത്തി വളർച്ച മുരടിച്ചുപോയതിന്റെ പ്രധാന പ്രശ്‌നം അവയുടെ ഭക്ഷണത്തിന്റെ അഭാവമാണ്. ഈ ഭക്ഷണം രൂപപ്പെടുന്ന പ്രക്രിയ കലക്കൽ മൂലം പൂർണ്ണമായും തകർക്കപ്പെടും. കരയിൽ കൊണ്ടുപോയി ഇടുന്ന മണ്ണ് കഴുകുമ്പോഴുണ്ടാകുന്ന ലവണങ്ങൾ തീരദേശത്തേയും തകർക്കുമെന്ന് മത്സ്യതൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജ് അക്കമിട്ട് തെളിവുകൾ നിരത്തുന്നു.
കടലിന്റെ ഉടമസ്ഥാവകാശികളാണ് മത്സ്യതൊഴിലാളികൾ. ഇന്ത്യയുടെ എട്ടു ശതമാനം തീരക്കടലാണ് നമുക്കുള്ളതെങ്കിലും 15-20 ശതമാനം മത്സ്യം നാം പിടിക്കുന്നുണ്ട്. രണ്ട് ലക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളടക്കം 15 ലക്ഷം പേരുടെ ഉപജീവനത്തിന്റെ അടിസ്ഥാനവും ഈ കടൽ തന്നെ. ഗുജറാത്തിലെ പോർബന്തറിൽ മൂന്നു ബ്ലോക്കുകളിൽ നിന്ന് ചുണ്ണാമ്പു ചെളിയും കേരളത്തിൽ കൊല്ലത്തെ മൂന്നു ബ്ലോക്കുകളിൽ നിന്ന് നിർമ്മാണ ആവശ്യങ്ങൾക്കുള്ള കടൽ മണലും ആന്റമാനിലെ ഏഴു ബ്ലോക്കുകളിൽ നിന്ന് പോളി മെറ്റാലിക് നൊഡ്യൂൾസ് എന്നറിയപ്പെടുന്ന ധാതു വിഭവങ്ങളും കൊബാൾട്ടും ഖനനം ചെയ്‌തെടുക്കാനാണ് കേന്ദ്ര പദ്ധതി. ഒരു തീരദേശ ഹർത്താൽ നടത്തിയാൽ പ്രതിരോധിക്കാവുന്നതല്ല ഈ ചൂഷണം. രാഷ്ട്രീയ വിവാദങ്ങൾക്കും ബഹളമയമായ ചർച്ചാ നാടകങ്ങൾക്കും മധ്യേ നാം മറന്നു പോകുന്നത് നമ്മളെയല്ല, വരും തലമുറയെത്തന്നെയാണ് എന്നു പറയേണ്ടി വരും.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1