എന്റെ കൗമാരക്കാലം കഴിയുന്ന നാളുകളിൽ നാട്ടിൽ ഒരു തർക്കം ഉണ്ടായി. ഒരു സംബന്ധത്തെക്കുറിച്ച് ആയിരുന്നു അത്. സംബന്ധം എന്ന വാക്കിന്റെ അർത്ഥം ഇപ്പോഴത്തെ തലമുറയ്ക്ക് അറിയുമോ, ആവോ! പ്രത്യേകിച്ച് ആരും നട്ടുവളർത്താതെ മുളച്ചുണ്ടാകുന്ന വൃക്ഷം പോലെ സംഭവിക്കുന്ന ഒരു സ്ത്രീ പുരുഷ ബന്ധം എന്നാണ് അതിന്റെ അർത്ഥം. അത് ആ കാലങ്ങളിൽ അംഗീകാരം ഉള്ള സംഗതി ആയിരുന്നു.
ആർക്കും പരാതിയൊന്നും ഉണ്ടായിരുന്നില്ല. പെണ്ണിന്റെ തറവാട്ടു കാരണവരുടെ അനുമതിയോടുകൂടി സംഭവിക്കുന്ന ഒരു ബന്ധം. ഒരു ഔപചാരികതയും ഇല്ല എന്നതാണ് അതിന്റെ പ്രധാന കാര്യം. തുടങ്ങുന്നത് സുപ്രഭാതത്തിൽ അല്ല എന്ന് മാത്രം, സൂപ്രദോഷത്തിലാണ്. ഓരോ ബാന്ധവവും അവസാനിക്കുന്നതാണ് സുപ്രഭാതത്തിൽ.
അത്താഴം കഴിഞ്ഞാണ് വരൻ വരിക. പുലരുമ്പോൾ പോവുകയും ചെയ്യും. കുട്ടികളുണ്ടായാൽ അവരെ പുലർത്തുക എന്ന ഭാരം അയാൾക്ക് ഇല്ല. അതൊക്കെ തറവാട്ടിൽ നടക്കും. 'കാരി'യുടെ വയറ്റിൽ കുഞ്ഞുണ്ടായാലും വിശപ്പ് ഉണ്ടായാലും 'കാര'ന് ശുഭരാത്രി. ഈ കഥയിലെ നായകൻ ഒരു നാട്ടുപ്രമാണി. പ്രായം ഏറെയൊന്നും ആയില്ല എങ്കിലും ചെറിയ പ്രായം തൊട്ട് കണ്ണ് കാണില്ല. പക്ഷേ രാത്രി നടക്കുമ്പോൾ ഒരു റാന്തൽ വിളക്കുമായാണ് നടക്കുക. അത് മറ്റു മനുഷ്യരോ ജന്തുക്കളോ വന്നു തന്റെ ദേഹത്ത് മുട്ടാതിരിക്കാൻ ആണ്.
പെൺകിടാവിന് നന്നേ ചെറുപ്പമായിരുന്നു. ഈ കാര്യം അവൾക്കിഷ്ടമായിരുന്നില്ല എന്ന് പറയപ്പെടുന്നു. തറവാട്ടിലെ കാരണവർ തീരുമാനിച്ചതാണ്. അക്കാലത്തൊക്കെ അതിനു മേലെ പരുന്തും പറക്കില്ല. കാര്യങ്ങൾ ഇങ്ങനെ ആർക്കും ആക്ഷേപം ഒന്നും ഇല്ലാതെ പോകേയാണ് ഒരു പ്രഭാതത്തിൽ സംബന്ധക്കാരി മരിച്ചു കിടക്കുന്നതായി കാണപ്പെട്ടത്. 'കാരൻ' പതിവുപോലെ പുലരുമ്മുമ്പ് സ്ഥലം വിട്ടിരുന്നു.
അടുത്ത വീട്ടിലെ ചെറുപ്പക്കാരനാണ് കൊലയാളി എന്ന് കാരണവർ പറഞ്ഞു. അവന്റെ ഇഷ്ടം നിരസിച്ചത് കൊണ്ട് കൊന്നതാണ് എന്നും. ബന്ധം സഹിക്കവയ്യാതെ ആയപ്പോൾ ഒരു ദിവസം അവൾ വഴങ്ങാതിരുന്നതിനാൽ 'കാരൻ' തന്നെയാണ് കൊന്നത് എന്ന് ജനം പറഞ്ഞു. 'കാരൻ' കാരണവരെ കാര്യമായി പരിപാലിക്കുന്നുണ്ട് എന്നും.
തന്റെ കുട്ടി രാത്രി വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടിയില്ല എന്ന് പ്രതിയുടെ അമ്മ കരഞ്ഞു പറഞ്ഞു. കണ്ണു കാണാത്ത ഒരാൾക്ക് മറ്റൊരാളെ എങ്ങനെ കൊല്ലാൻ കഴിയും എന്ന് കാരണവരും സിൽബന്ദികളും മറുപടിയും ഉരുവിട്ടു. സമൂഹമാധ്യമങ്ങൾ പലതും പറഞ്ഞു. എല്ലാവർക്കും രസകരമായ ഒരു ചർച്ചാവിഷയം കിട്ടി. പലരും സ്വന്തം ഇഷ്ടത്തിന് മസാല ചേർത്തു. ഫലം എന്താകും എന്ന അന്തിമ വിധി വരാൻ എല്ലാവരും കാത്തിരിക്കുന്നു.
കാത്തിരിക്കാൻ ഒന്നുമില്ല എന്ന് അറിയാത്തവർ ആരും ഇല്ല. പക്ഷേ പ്രമേഹം എത്ര കലശലായി ഉള്ളവർക്കും കഴിക്കാവുന്ന മധുരമാണല്ലോ പരദൂഷണം! അതുകൊണ്ട് മറ്റൊരു സംബന്ധം കിട്ടുന്നതുവരെ ഞങ്ങൾക്ക് ഈ കഥയില്ലായ്മ മതി.
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1