മലയാളയുടെ ഉത്സവക്കാലമായ ഓണം ഇങ്ങ് പടിക്കലെത്തി. താളമേളവാദ്യ അകമ്പടിയില്‍ വീട്ടിലേയ്‌ക്കെത്തുന്ന മാവേലി തമ്പുരാനെ വരവേല്‍ക്കുന്ന മലയാളിയുടെ ഗൃഹാതുരനിമിഷങ്ങളാണ് ഓണം. ഈ സമ്പദ് സമൃദ്ധിയുടെ കാലത്തെ ആഘോഷമാക്കുമ്പോള്‍ നാം മറന്നുപോകുന്ന ചില ഓണക്കളികള്‍ക്കൂടിയുണ്ട്. ചിലതൊക്കെ ഇപ്പോഴും നമുക്കൊപ്പം തന്നെയുണ്ടെങ്കിലും ചിലതാകട്ടെ പേരുകള്‍ കേട്ടാല്‍പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം നാം മറന്നുകഴിഞ്ഞു. അവയെ ഒന്ന് ഓര്‍മ്മിച്ചാലോ!
പുലിക്കളി
ഓണക്കാലത്തെ ഏറ്റവും ജനപ്രിയമായ കളികളില്‍ ഒന്നാണ് പുലിക്കളി. പുലിയുടെയോ കടുവയുടേയോ വേഷം കെട്ടി പ്രത്യേക ചെണ്ട മേളത്തിലാണ് പുലിക്കളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓണക്കാലത്തിന് തൃശൂരില്‍ പുലിക്കളിക്കാണുകയെന്നാല്‍ അത് പൂരക്കാഴ്ചയോളം സംതൃപ്തിതരുന്ന ഒന്നാണ്. നാലാമോണത്തിനാണ് തൃശൂരില്‍ പുലിക്കളി നടക്കുക. 70 വര്‍ഷം മുമ്പ് തോട്ടുങ്കല്‍ രാമന്‍കുട്ടി ആശാന്‍ ചിട്ടപ്പെടുത്തിയതാണ് പുലിമേളം എന്ന ഈ പ്രത്യേക താളക്കൊട്ട്.
കുമ്മാട്ടിക്കളി
ഓണനാളുകളില്‍ വടക്കന്‍ കേരളത്തില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന കലയായിരുന്നു കുമ്മാട്ടി. പ്രത്യേകിച്ച് തൃശൂരിന്റെ നാടന്‍ കലകളില്‍ ഉള്‍പ്പെടുന്ന കുമ്മാട്ടിക്കളി പാലക്കാട് വയനാട് എന്നീ ജില്ലകളിലും പ്രചാരത്തിലുണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ മകരം - കുംഭം മാസങ്ങളില്‍ വിളവെടുപ്പ് ആഘോഷത്തിന്റെ ഭാഗമാണ് കുമ്മാട്ടി. പാലക്കാട്ടെ ചില കുമ്മാട്ടി ഉത്സവങ്ങള്‍ ഏറെ പ്രശസ്തമാണ്.
കുമ്മാട്ടിപ്പാട്ടും പാടി വില്ലു കൊട്ടി വീടു വീടാന്തരം ഉത്രാടം മുതല്‍ നാലാം ഓണം വരെ കുമ്മാട്ടികള്‍ കളിക്കും. കുമ്മാട്ടിക്കളിയില്‍ ഏറ്റവും പഴക്കം ചെന്ന നൂറ്റാണ്ടുകള്‍ പിന്നിട്ട കളി നടക്കുന്നത് തൃശൂര്‍ കിഴക്കുംപാട്ടുകര വടക്കും മുറി തെക്കും മുറി വിഭാഗങ്ങളുടേതാണ്. കുമ്മാട്ടി ഉത്സവങ്ങളില്‍ പാലക്കാട് ഏറ്റവും പ്രശസ്തമായത് കുനിശേരി കുമ്മാട്ടിയാണ്.
തിരുവാതിരക്കളി
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്ത കലാരൂപമായാണ് തിരുവാതിരക്കളിയെ കണക്കാക്കുന്നത്. കൈകൊട്ടിക്കളി, കുമ്മികളി എന്നൊക്കെ അറിയപ്പെടുന്ന കലാരൂപം. സ്ത്രീകള്‍ പാട്ടു പാടി കൈകൊട്ടി കൊണ്ടാണ് തിരുവാതിര കളിക്കുക. കത്തിച്ചു വച്ച നിലവിളക്കിന് ചുറ്റും നിന്നാണ് കളി. നിലവിളക്കിന് സമീപത്തായി അഷ്ടമംഗല്യവും നിറപറയും കിണ്ടിയില്‍ വെള്ളവും വെക്കും. ഒന്നര മുണ്ടും വേഷ്ടിയുമാണ് തിരുവാതിര വേഷം. തലയില്‍ മുല്ലപ്പൂവും ദശപുഷ്പവും ചൂടുന്ന പതിവും ഉണ്ട്.
വടംവലി
ഓണത്തോടനുബന്ധിച്ച് കേരളത്തിലെ ഓണാഘോഷങ്ങളില്‍ നിര്‍ബന്ധമായും കാണാവുന്ന ഒരു വിനോദ മത്സര ഇനമാണ് വടംവലി. രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നടത്തപ്പെടുന്ന കായിക വിനോദം. വടം വലിയ്ക്കും അതിന്റേതായ നിയമങ്ങളുണ്ട്. എട്ട് അംഗങ്ങള്‍ ഉള്ള രണ്ട് ടീമുകളാണ് സാധാരണയായി വടംവലിയില്‍ പങ്കെടുക്കുക. മത്സര ബുദ്ധിയ്ക്ക് അപ്പുറം ആഘോഷങ്ങളിലെ വിനോദം മാത്രമായി വടംവലി മാറിയാല്‍ അംഗങ്ങളുടെ എണ്ണം പത്തും പതിനഞ്ചുമൊക്കെയായി മാറാം.
തലപ്പന്തുകളി
ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന നാടന്‍ കായിക വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി. തലമപ്പന്തെന്നും ഓണപ്പന്തെന്നും ഈ കളി അറിയപ്പെടുന്നുണ്ട്. ഓണക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ വീട്ടു മുറ്റങ്ങളിലും മൈതാനങ്ങളിലുമൊക്കെ തലപ്പന്തു കളി കളിക്കാറുണ്ട്. തലയ്ക്ക് മീതെ കൂടി പന്തടിച്ച് കളിയ്ക്കുന്ന കളിയായതിനാലാകം ഇതിന് തലപ്പന്തുകളിയെന്ന പേര് ലഭിച്ചത്. കളിക്കാര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ്, ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ കാക്കുകയും ചെയ്യുന്നതാണ് തലപ്പന്തുകളിയുടെ രീതി.
ഓണത്തല്ല്
മധ്യ കേരളത്തില്‍ ഉത്ഭവമെന്ന് കരുതുന്ന ഏറ്റവും പഴക്കം ചെന്ന ഓണക്കളികളില്‍ ഒന്നാണ് ഓണത്തല്ല്. ഓണക്കാലത്ത് നാടുവാഴികള്‍ക്കും സവര്‍ണ്ണ വിഭാഗങ്ങള്‍ക്കും കണ്ടാസ്വദിക്കാന്‍ നടത്തിയിരുന്ന ആയോധന കലാരൂപമാണ് ഓണത്തല്ലെന്ന് പറയപ്പെടുന്നു. കൈകള്‍ ഉപയോഗിച്ചുള്ള ആയോധന വ്യായാമം ആണ് ഇത്. ഓണത്തല്ല് ചേരമാന്‍ പെരുമാക്കള്‍മാരുടെ കാലത്തോ അതിനും മുമ്പോ ഉദയം കൊണ്ടതാകാമെന്നും വിവിധ അഭിപ്രായങ്ങളുണ്ട്. കര്‍ക്കിടക മാസത്തിന്റെ കളരി ചികിത്സയും പിന്നീട് അഭ്യാസവും കഴിഞ്ഞ് ചിങ്ങമാസത്തില്‍ ശക്തി പരീക്ഷിക്കാനുള്ള പ്രായോഗികാഭ്യാസം കാണിക്കാനുള്ള അവസരമെന്ന രീതിയിലും ഓണക്കാലത്തെ ഓണത്തല്ലിനെ കാണുന്നു.
ഉറിയടി
ഓണാഘോഷത്തിന്റെ ഭാഗമായും അഷ്ടമി രോഹിണിയ്ക്ക് ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായും നടത്തപ്പെടുന്ന വിനോദമാണ് ഉറിയടി. മണ്‍പാത്രങ്ങളും കലങ്ങളും അടുക്കി വയ്ക്കുന്ന കയറു കൊണ്ടുണ്ടാക്കിയ ലളിതമായ കുടുക്കാണ് ഉറി. അടുക്കളയില്‍ ഒരു ഭാഗത്ത് തൂക്കിയിടുകയാണ് പതിവ്. പാല്‍, വെണ്ണ, തൈര് എന്നിവ ഉറിയില്‍ വച്ച് സൂക്ഷിക്കുക പരമ്പരാഗത ഗൃഹരീതിയാണ്.
കുസൃതിയായ ശ്രീകൃഷ്ണന്‍ ഇത്തരത്തിലുള്ള ഉറിയിലെ കലം പൊട്ടിച്ച് വെണ്ണ കട്ട് തിന്നുന്ന കഥ നമ്മളെല്ലാം എത്രയോ തവണ കേട്ടിട്ടുള്ളതാണ്. അമ്മയായ യശോദ ഉണ്ണിക്കണ്ണനെ അന്വേഷിച്ച് നടക്കുന്നതും ഉറിയില്‍ ഒളിപ്പിച്ച വെണ്ണ കട്ടു തിന്നുന്നത് കണ്ട് ശകാരിക്കുന്നതുമൊക്കെയാണ് ഉറിയടിയെന്ന വിനോദത്തിന്റെ പശ്ചാത്തലം.
കളിത്തട്ടുകളി
ഓണക്കാലത്തെ പഴയ കളികളിലൊന്ന്. നമുക്ക് അന്യം നിന്നു പോകുന്ന നാടന്‍ കളികളിലൊന്ന് കൂടിയാണ് കിളിത്തട്ടു കളി. തട്ടുകളിയെന്നും പേരുണ്ട്. മണ്ണില്‍ ദീര്‍ഘ ചതുരാകൃതിയിലാണ് കിളിത്തട്ട് വരയ്ക്കുന്നത്. തട്ടിനെ നീളത്തില്‍ രണ്ട് തുല്യ ഭാഗങ്ങളാക്കും. എന്നിട്ട് കുറുകെ 5 തട്ടുകളായി വിഭജിക്കുന്നു. രണ്ട് ടീമായി ആണ് കളിക്കുക. 5 പേര്‍ അടങ്ങുന്നതാണ് ഒരു ടീം. കളിക്കാരില്‍ ഒരാള്‍ കിളി എന്ന് പറയുന്ന ആളാകും. റഫറിയുടെ പണിയാണ് കിളി എടുക്കുക. ബാക്കിയുള്ളവര്‍ ഓരോ തട്ടിലേയും കളങ്ങളുടെ വരകളില്‍ നില്‍ക്കണം.
കിളി കൈകള്‍ കൊട്ടി കഴിഞ്ഞാല്‍ കളി തുടങ്ങി. എതിര്‍ ടീമിലുള്ളവര്‍ ഓരോ കളത്തിലും കയറണം. എന്നാല്‍ കിളിയുടേയോ വരയില്‍ നില്ക്കുന്നവരുടേയോ അടി കിട്ടാതെ വേണം ഒരു കളത്തില്‍ നിന്ന് മുന്നോട്ടുള്ള കളത്തിലേക്ക് ചാടാന്‍. അടി കിട്ടിയാല്‍, കിട്ടിയ ആള്‍ കളിയില്‍ നിന്ന് പുറത്താകും. അടി കിട്ടാതെ ഓരോ കളവും ചാടി പുറത്ത് ഇറങ്ങുന്നവര്‍ അതുപോലെ തിരിച്ചും കയറണം.
കിളിക്ക് കളത്തിന്റെ ഏത് വരയില്‍ കൂടി നീങ്ങി വേണമെങ്കിലും എതിരാളിയെ അടിച്ചു പുറത്താക്കാം. ആരുടെയും അടി കിട്ടാതെ തട്ടുകള്‍ കടന്ന് പുറത്ത് വരുന്നവര്‍ അവസാന ആളും കടന്ന് കഴിഞ്ഞ് 'ഉപ്പ്' വയ്ക്കണം. അകത്തെ കളങ്ങളില്‍ നില്‍ക്കുന്നവര്‍ 'പച്ച' ആണ്. ഉപ്പും പച്ചയും ഒരു കളത്തില്‍ വന്നാല്‍ അത് ഫൗള്‍ ആയി പ്രഖ്യാപിക്കും. കിളികള്‍ ചിലപ്പോള്‍ സമവായത്തിലൂടെ ഇരു ടീമിനും സ്വീകാര്യമായ ആളായി വരാറുണ്ട്. ഇയാള്‍ നിഷ്പക്ഷനായിരിക്കണമെന്നതാണ് ചട്ടം. ഇങ്ങനെ രണ്ടു പക്ഷത്തിനും സ്വീകാര്യനായ കിളിയെ ഇരുപക്ഷം കിളി എന്നു പറയും. കിളിക്കാണ് കിളിത്തട്ടുകളില്‍ കൂടുതല്‍ കായികമായ അഭ്യാസങ്ങള്‍ കാണിയ്ക്കാന്‍ കഴിയുക.
തുമ്പിതുള്ളല്‍
വളരെ രസകരമായൊരു കളിയാണ് തുമ്പിതുള്ളല്‍. പെണ്‍കുട്ടികളാണ് തുമ്പി തുളളുക. കയ്യില്‍ തുമ്പച്ചെടിയുടെ കുടമോ മരത്തൂപ്പോ ഉണ്ടാകും. ചുറ്റും നില്‍ക്കുന്നവര്‍ പാട്ടു പാടുകയും ആര്‍പ്പും കുരവയുമായി പെണ്‍കുട്ടിയെ തുമ്പി തുള്ളിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും. പാട്ടുകളുടെ താളത്തിനനുസൃതമായി സംഘങ്ങളായ പെണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ മൃദുവായി അടിച്ചു നീങ്ങും. ഇവര്‍ മധ്യത്തിലിരിക്കുന്ന പെണ്‍കുട്ടിയെ വലം വെയ്ക്കുകയും ചെയ്യും. ഗാനത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് പെണ്‍കുട്ടി തുമ്പിയെ പോലെ തുള്ളാന്‍ തുടങ്ങുന്നു. 'പൂവു പോരാഞ്ഞോ, പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ', 'ഒന്നാം തുമ്പിയും അവര്‍ പെറ്റ മക്കളും പോയി നടപ്പറ തുമ്പി തുള്ളാന്‍' തുടങ്ങിയ തുമ്പി തുള്ളലിലെ പാട്ടുകള്‍ ഏറെ പ്രശസ്തമാണ്.
വള്ളംകളി
കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയില്‍ പ്രധാനം ചുണ്ടന്‍ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണവുമായി മാറിയിരിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1