അനുധാവനം ചെയ്യുന്ന നിയമപാലകർക്ക് പിടികൊടുക്കാതെയുള്ള പലായനം കാല്പനികമായ അനുഭവമാണ്. സിനിമയിൽ ഉദ്വേഗം നിറഞ്ഞ ദൃശ്യാനുഭവം കാണികൾക്കുണ്ടാകുമെങ്കിലും അനുഭവസ്ഥൻ സാഹസികനല്ലെങ്കിൽ അവസ്ഥ ആസ്വദനീയമാവില്ല. ഭൂമിയിൽ അലഞ്ഞുതിരിയുക എന്ന ശിക്ഷയിൽനിന്ന് വിടുതൽ വേണമെന്നാണ് ഭ്രാതൃഘാതകനായ കായേൻ ദൈവത്തോട് അപേക്ഷിച്ചത്. ഒളിവിലെ ഓർമകൾ രേഖപ്പെടുത്തുന്ന രീതി രാഷ്ട്രീയപ്രവർത്തകർക്കുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൽനിന്ന് അങ്ങനെയൊരു സർഗസംഭാവന പ്രതീക്ഷിക്കുന്നില്ല. യുവതികളുടെ വെളിപ്പെടുത്തലുകളുടെ സമാഹാരമുണ്ടായാൽ കാസനോവയെ വായിച്ചിട്ടില്ലാത്തവർക്ക് നവമായ വായനാനുഭവത്തിന് കാരണമാകും.
ഭയജനകമായ ഗതിവേഗത്തിൽ വളർന്നൊടുങ്ങിയ ധൂമകേതുവാണ് മാങ്കൂട്ടത്തിൽ. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവാനുഗ്രഹം എന്ന ഒന്നുണ്ട്. സഫ്ദർജങ്ങളിലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ ഹിറ്റ്‌ലറുടെ ശോഭ കെടുത്തുന്ന ക്രൂരനായ ഏകാധിപതിയായി സഞ്ജയ് ഗാന്ധി ഇന്ത്യ ഭരിക്കുമായിരുന്നു. ഹു കെയേഴ്‌സ് എന്ന നിസ്സംഗതയിൽ കേരളത്തിലെ രാഷ്ട്രീയപ്രവർത്തകരും മാധ്യമങ്ങളും കഴിഞ്ഞിരുന്നെങ്കിൽ ക്രൂരനായ ഒരു മുഖ്യമന്ത്രിയെ ഭാവിയിൽ കേരളത്തിനു കിട്ടുമായിരുന്നു. തങ്കമണിയിലേക്ക് കരുണാകരൻ കാമാർത്തിയോടെ പോലീസിനെ കെട്ടഴിച്ച് വിട്ടെങ്കിൽ മാങ്കൂട്ടത്തിൽ ആ ഓപ്പറേഷന് നേരിട്ട് നേതൃത്വം നൽകുമായിരുന്നു.
വീക്ഷണത്തിന്റെയും മനോഭാവത്തിന്റെയും പ്രശ്‌നം വരുമ്പോൾ ചില വിഷയങ്ങളിൽ വ്യത്യസ്തനാകേണ്ടിവരും. ജീവശാസ്ത്രപരമായ ചോദനകൾക്കനുസൃതവും നിയമവ്യവസ്ഥയാൽ സാധൂകരിക്കപ്പെടുന്നതുമായ നിലപാടാണ് സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ച് എനിക്കുള്ളത്. അമേരിക്കയിൽനിന്നെത്തിയപ്പോൾ നായനാർ ഇക്കാര്യം സമ്യക്കായി പറഞ്ഞു. ചായകുടിയുമായി കാര്യത്തെ ബന്ധപ്പെടുത്തിയത് ഫ്രീക്വൻസിയെക്കുറിച്ച് ബോധമുണ്ടാക്കുന്നതിനാണ്. നായനാർ നേരിട്ട് മനസ്സിലാക്കിയതും ഞാൻ മനസ്സിലാക്കിയിട്ടില്ലാത്തതുമായ കാര്യമാണത്. നായനാർ ബലാൽസംഗമായി കണ്ടതെല്ലാം ബലാൽസംഗമായിരുന്നില്ലെന്ന് നോവലിൽനിന്നും സിനിമയിൽനിന്നും കിട്ടിയ അറിവ് വച്ച് എനിക്ക് പറയാൻ കഴിയും.
ഹാരൾഡ് റോബിൻസ് തുടങ്ങിയ ജനപ്രിയ എഴുത്തുകാരെ ഒഴിവാക്കി ഡി.എച്ച്്. ലോറൻസിലേക്ക് പോയാൽ ചാറ്റർലി പ്രഭ്വിയുടെ കാമുകന്റെ ക്രീഡകൾ നമ്മെ അമ്പരപ്പിക്കും. ജവാഹർലാൽ നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യയിൽ നിരോധിച്ചതും ഇപ്പോൾ ലഭ്യമായതുമായ നോവൽ മാങ്കൂട്ടത്തിൽ വായിച്ചിട്ടുണ്ടോ എന്നറിയില്ല. കൂടുതൽ പറഞ്ഞാൽ ഞാൻ മാങ്കൂട്ടത്തിലിനുവേണ്ടി വക്കാലത്തെടുത്തതായി ആക്ഷേപമുണ്ടാകും.
ദിലീപ് ജയിലിലായപ്പോൾ ചില കാര്യങ്ങൾ വ്യത്യസ്തമായി പറഞ്ഞതിന്റെ പേരിൽ വല്ലാതെ വിമർശിക്കപ്പെട്ടയാളാണ് ഞാൻ. ഞാൻ പറഞ്ഞതിലെ യുക്തി ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയപ്പോൾ ചിലർക്കെങ്കിലും ബോദ്ധ്യമായിട്ടുണ്ടാകും. പറഞ്ഞു പറ്റിച്ചു എന്നതാണ് മാങ്കൂട്ടത്തിലിന് എതിരായ ആക്ഷേപമെങ്കിൽ പറ്റിക്കപ്പെടാതെ നോക്കുന്നതിനുള്ള ഉത്തരവാദിത്വം സ്ത്രീകൾക്കുണ്ട്. നഷ്ടപ്പെടാനുള്ളത് അവർക്കാണ്; കഷ്ടപ്പെടേണ്ടിവരുന്നതും അവരാണ്. പറ്റിക്കപ്പെട്ട മുനികുമാരിയുടെ കഥയാണ് കാളിദാസന്റെ ശാകുന്തളം. ആ പറ്റിക്കലിന്റെ നിതാന്തസ്മരണയാണ് കേൾവിയിൽത്തന്നെ അന്തരംഗത്തെ അഭിമാനപൂരിതമാക്കുന്ന ഭാരതം എന്ന പേര്.
വേഴ്ച ഇച്ഛാനുസരണമാണോ എന്ന കാര്യം കോടതിയുടെ പരിശോധനയ്ക്ക് വിടാം. വസ്തുതകളെ അടിസ്ഥാനമാക്കി നിശ്ചയിക്കേണ്ട കാര്യമാണത്. വിഷയം ഭ്രൂണഹത്യയിലേക്കു വരുമ്പോൾ ഞാൻ മാങ്കൂട്ടത്തിലിനെ പൂർണമായും കൈയൊഴിയുന്നു. ജീവന്റെ മൂല്യമറിയാത്ത കിരാതനായി ഒരു ജനപ്രതിനിധി മാറിയത് ഭയത്തോടെയേ കാണാൻ കഴിയൂ. ധർമബോധം അപര്യാപ്തമാണെങ്കിലും നിയമത്തോട് അയാൾ വിധേയനായിരിക്കണം. ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നത് സാമാജികന്റെ പ്രതിജ്ഞയാണ്.
ജീവിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ ഉറപ്പാണ്. ഗർഭഛിദ്രത്തെ സംബന്ധിക്കുന്ന 1973ലെ റോ വേഴ്‌സസ് വേഡ് ഇന്നും അമേരിക്കയിലെ പൊതുമണ്ഡലത്തിൽ സജീവമായ ചർച്ചാവിഷയമാണ്. ഗർഭത്തിന് ഉത്തരവാദിയാരെന്ന് ഇനി കണ്ടെത്താൻ പ്രയാസമാണെങ്കിലും ഗർഭഛിദ്രത്തിന് ഉത്തരവാദിയാരെന്ന കാര്യത്തിൽ വ്യക്തതയുണ്ട്. ഒരു തുമ്പ് കൂട്ടിമുട്ടിയാൽ എല്ലാ തുമ്പുകളും സ്വയം കൂട്ടിമുട്ടുന്ന പ്രകൃതം നിയമത്തിനുണ്ട്. അതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും കുറേ ഓടേണ്ടിവരും.
ഓടുന്ന മാങ്കൂട്ടത്തിലിനൊപ്പം ഞാനുണ്ട്. നിയമവുമായി സംഘർഷത്തിലാകുന്നവരുടെ അവകാശമാണ് ഓട്ടം. കള്ളനും പോലീസും കളിയുടെ രീതി തന്നെ ഓടിയൊളിക്കുന്ന കള്ളനെ പിന്തുടർന്നെത്തുന്ന പോലീസ് പിടിക്കുകയെന്നതാണ്. അങ്ങനെ പിടിക്കുന്നതിൽ കേരള പോലീസ് സമർത്ഥരാണ്. ബംഗ്‌ളാദേശ് അതിർത്തിയിലെ ഗ്രാമത്തിൽ ഒളിജീവിതത്തിലായിരുന്ന തടിയന്റവിട നസീറിനെ കേരളത്തിലിരുന്ന് വലയിലാക്കിയ പോലീസാണ് നമ്മുടേത്. പിന്നെയാണോ രാഹുൽ മാങ്കൂട്ടത്തിൽ? ഓട്ടത്തിന്റെ ഗതിയും വേഗതയും നിശ്ചയിക്കുന്നതിനുള്ള പ്രാപ്തി പോലീസിനുണ്ട്. തൊട്ടു തൊട്ടില്ല എന്ന അകലത്തിൽ പോലീസെത്തി എന്നൊക്കെ വാർത്ത പ്രചരിപ്പിച്ച ചാനലുകൾ പ്രേക്ഷക റേറ്റിങ്ങിന്റെ ഉയർച്ചയ്‌ക്കൊപ്പം പോലീസിന്റെ റേറ്റിങ് താഴ്ത്തുകയായിരുന്നു.
പോലീസിന്റെ അനുധാവനവാർത്തകൾ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ചാനലുകൾ വാസ്തവത്തിൽ പോലീസിന്റെ പ്രവർത്തനത്തിനു തടസമാകുകയായിരുന്നു. മുംബൈയിലെ ഭീകരാക്രമണവേളയിൽ ദ്രുതകർമസേനയുടെ നീക്കങ്ങൾ നിമിഷംപ്രതി ടെലികാസ്റ്റ് ചെയ്ത ചാനലുകൾ ഹോട്ടലിൽ ഒളിച്ചിരിക്കുന്ന ഭീകരരെ സഹായിക്കുകയായിരുന്നുവെന്ന ആക്ഷേപമുണ്ടായി. അകത്ത് പതിയിരിക്കുന്ന ഭീകരരും ടിവി കാണുന്നുണ്ടായിരുന്നു. ഓട്ടത്തിലാണെങ്കിലും രാഹുൽ മാങ്കൂട്ടത്തിലും ടിവി കാണുന്നുണ്ടായിരിക്കുമല്ലോ. മാങ്കൂട്ടത്തിൽ പോലീസിനെയാണോ പോലീസ് മാധ്യമപ്രവർത്തകരെയാണോ മാധ്യമപ്രവർത്തകർ പ്രേക്ഷകരെയാണോ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതെന്ന ചോദ്യമുണ്ട്.
കള്ളനും പോലീസും കളിയിൽ ഒളിച്ചുകളിയും ഒത്തുകളിയുമുണ്ട്. നിഷ്‌കാസിതന്റെ അവകാശമാണ് അജ്ഞാതവാസം. ആരും കണ്ടാൽ തിരിച്ചറിയുന്ന എം.എൽ.എയെ ഇത്രദിവസം ഓടിയിട്ടും പിടിക്കാൻ കഴിയാതിരുന്നതിന് വിശദീകരണം നൽകേണ്ടത് ആഭ്യന്തരമന്ത്രിയാണ്. മുൻകൂർ ജാമ്യത്തിൽ അവസാനത്തെ കോടതിയും ഉത്തരവ് പറയുന്നതുവരെ കാത്തിരുന്നതാണെങ്കിൽ അക്കാര്യം പറയാമായിരുന്നു. ദുർവ്യയവും പേരുദോഷവും ഒഴിവാക്കാമായിരുന്നു. മാങ്കൂട്ടത്തിലിനോട് കാണിച്ച ഔദാര്യം പോലീസ് മറ്റുള്ളവരോട് കാണിക്കാറില്ല. മുൻകൂർ ജാമ്യഹർജി വാദത്തിനെടുക്കുംമുമ്പേ പ്രതിയെ അറസ്റ്റ് ചെയ്തു എന്ന കാര്യം കോടതിയെ അറിയിക്കുകയും അതോടെ ഹർജി തള്ളുകയും ചെയ്യുന്നതാണ് പതിവ്. ഒളിത്താവളങ്ങളും ഒത്താശ്ശക്കാരും ഇല്ലാത്ത സാധാരണക്കാരുടെ അവസ്ഥയാണിത്. മാങ്കൂട്ടത്തിൽ കീഴടങ്ങാൻ വരുന്നു എന്ന കരക്കമ്പി വിശ്വാസത്തിലെടുത്ത് ഹോസ്ദുർഗ് കോടതിയിലെ മജിസ്‌ട്രേറ്റിനെവരെ കളിപ്പിച്ച നാടകം എന്തിനായിരുന്നു?
രാഹുൽ മാങ്കൂട്ടത്തിലിന് കാശിക്ക് പോകണമെന്നു തോന്നിയാൽ പോലീസിനെ അറിയിക്കണമെന്നുണ്ടോ? വാറണ്ടുമായി പോലീസ് വരുമ്പോൾ വീട് പൂട്ടിക്കിടന്നാൽ അതിന്റെ അർത്ഥം പ്രതി ഒളിവിൽ പോയെന്നാണോ? യാത്രയ്ക്കുമുമ്പേ പോലീസ് സ്റ്റേഷനുകളിൽ കയറി വാറണ്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനുള്ള നിയമപരമായ ബാധ്യത പൗരനില്ല. പോലീസ് വിളിക്കുമ്പോഴൊക്കെ ഫോൺ അറ്റൻഡ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവും പൗരനില്ല. അജ്ഞാതനായി കഴിയണമെന്നു തോന്നുമ്പോൾ അങ്ങനെ കഴിയുന്നതിനുള്ള അവകാശം സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ ഭാഗമാണ്. തോറോയുടെ വാൽഡൻപോലെ ലളിതവും എകാന്തവുമായ ജീവിതം ചിലരെങ്കിലും ചിലപ്പോഴെങ്കിലും ആഗ്രഹിക്കാതിരിക്കില്ല.
അങ്ങനെയൊരു ആഗ്രഹവുമായി മുങ്ങുന്ന നേരത്ത് പോലീസ് അന്വേഷിക്കുകയും കാണാത്തതിന്റെ അടിസ്ഥാനത്തിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്യുമോ? അതിനും ചില നടപടിക്രമങ്ങളുണ്ട്. തടസ്സങ്ങൾ നീങ്ങി അന്തരീക്ഷം തെളിയുമ്പോൾ മാത്രമാണ് അറസ്റ്റ് എങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇനി ഒളിവിൽ കഴിയേണ്ട കാര്യമില്ല. പക്ഷേ അയാൾക്ക് പൊതുജനസമക്ഷം ഇറങ്ങാൻ കഴിയില്ലെന്നതാണ് അയാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ. അധികാരത്തന്റെ കനി പാകമായി വരുമ്പോൾ കാക്ക കൊത്തിക്കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടിവരുന്നതിനേക്കാൾ വലിയ നിർഭാഗ്യം എന്തുണ്ട്?
കോടതിയിൽ കീഴടങ്ങാൻ അവസരം നൽകാതെ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യണമെന്ന പോലീസിന്റെ വാശി കേവലം പ്രസ്റ്റീജിന്റെ പ്രശ്‌നം മാത്രമായിരുന്നുവോ? പിടിക്കപ്പെടുന്നതിനും അറസ്റ്റ് രേഖപ്പെടുത്തുന്നതിനും ഇടയിലുള്ള അന്തരാളഘട്ടത്തിൽ പോലീസിന് ചില ആചാരങ്ങളുണ്ട്. അത് എ.ംഎൽ.എയ്ക്ക് ബാധകമാവില്ലെങ്കിലും പോലീസിന് മുറ തെറ്റിക്കാനാവില്ലല്ലോ.
ഡോ. സെബാസ്റ്റ്യൻപോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
