അനധികൃത കുടിയേറ്റത്തിന് ആദ്യ ആണിയടിച്ച് ട്രംപ്

JANUARY 22, 2025, 12:40 AM

അധികാരത്തിലേറിയതിന് പിന്നാലെ കുടിയേറ്റ വിഷയത്തില്‍ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയാന്‍ തെക്കന്‍ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചായിരുന്നു വരവ് അറിയിച്ചത്. 'സിബിപി വണ്‍' എന്ന ബോഡര്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനവും ട്രംപ് അവസാനിപ്പിച്ചു. നിയമപരമായി യുഎസിലേക്ക് കുടിയേറുന്നതിനായി ഏകദേശം ഒരു ദശലക്ഷത്തോളം ആളുകള്‍ ഉപയോഗിച്ച ആപ്പാണിത്.

എട്ട് തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നുള്ള പ്രവേശനം ഈ ആപ്പിലൂടെയായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ട്രംപ് ഭരണത്തിലേറിയതിന് മണിക്കൂറുകള്‍ക്കം തന്നെ ഇനി സേവനങ്ങള്‍ ലഭ്യമാകില്ലെന്ന അറിയിപ്പാണ് ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്. നിലവിലുള്ള അപ്പോയിന്‍മെന്റുകള്‍ റദ്ദ് ചെയ്തതായും ആപ്പിന്റെ അറിയിപ്പില്‍ പറയുന്നുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് തന്നെ കുടിയേറ്റ വിഷയത്തില്‍ നിലപാട് കടുപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം തന്നെയാണ് ശക്തമായ കുടിയേറ്റം രേഖപ്പെടുത്തിയ പല സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന്റെ കൂറ്റന്‍ വിജയത്തിന് വഴിവെച്ചത്. അധികാരത്തിലേറിയതിന് പിന്നാലെയും തന്റെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന വ്യക്തമായ സൂചനയാണ് ട്രംപ് നല്‍കിയത്. ' തെക്കന്‍ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അനധികൃത പ്രവേശങ്ങള്‍ അടിയന്തരമായി തന്നെ നിര്‍ത്തലാക്കും. ദശലക്ഷക്കണക്കിന് ക്രിമിനലുകളെ അവര്‍ വന്നിടത്തേക്ക് തന്നെ ഞങ്ങള്‍ കയറ്റിവിടും', സ്ഥാനാരോഹണത്തിന് പിന്നാലെ നടന്ന അഭിസംബോധനയില്‍ ട്രംപ് വ്യക്തമാക്കി.

ബൈഡന്‍ ഭരണകുടത്തിന്റെ കുടിയേറ്റ നയങ്ങളേയും ട്രംപ് അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പോയ സര്‍ക്കാര്‍ അമേരിക്കയുടെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ട്രംപ് കുറ്റപ്പെടുത്തി.

അതേസമയം കുടിയേറ്റ നയത്തിന്റെ ഭാഗമായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കാനും അഭയാര്‍ത്ഥി പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും, അഭയാര്‍ത്ഥികള്‍ മെക്‌സിക്കോയില്‍ തുടരണമെന്ന് നിര്‍ദ്ദേശിക്കാനുമെല്ലാം ട്രംപ് ഭരണകുടം പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഈ വിശാലമായ പദ്ധതികല്‍ ഏത് രീതിയിലായിരിക്കും ട്രംപ് സര്‍ക്കാര്‍ നടപ്പാക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

യുഎസിലെ തന്റെ വരവില്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ നിര്‍ണായകമായ പല ഉത്തരവുകളിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വച്ചിരുന്നു. അതില്‍ ഏറെ പ്രധാന്യമുള്ള ഒരു വിഷയങ്ങളില്‍ ഒന്നാണ് ജന്മാവകാശ പൗരത്വം നിയമം ഒഴിവാക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ തന്നെ ട്രംപ് ഇക്കാര്യത്തില്‍ ഒരു സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ അതിന്റെ ശരിവയ്ക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്.

ജന്മവകാശ പൗരത്വ നിയമം എടുത്തുകളയാനാണ് യുഎസ് പ്രസിഡന്റിന്റെ തീരുമാനം. യുഎസില്‍ ജനിച്ചുവീഴുന്ന, രാജ്യത്തെ പൗരത്വമുള്ള ആളുകളുടെ കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമമായിരുന്നു ഇത്. എന്നാല്‍ വൈറ്റ് ഹൗസ് ലിസ്റ്റ് ചെയ്ത നിര്‍ണായക എകിസ്‌ക്യൂട്ടീവ് ഓര്‍ഡറുകളുടെ കൂട്ടത്തില്‍ ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കാനുള്ള തീരുമാനവുമുണ്ട്.

'അമേരിക്കന്‍ പൗരത്വത്തിന്റെ അര്‍ത്ഥവും മൂല്യവും സംരക്ഷിക്കല്‍' എന്ന പേരിലാണ് ഈ ഉത്തരവ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎസില്‍ ജനിച്ചവരാണെങ്കിലും അതിന്റെ അധികാരപരിധിക്ക് വിധേയരല്ലാത്തവര്‍ ജന്മാവകാശ പൗരത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായാണ് വ്യക്തമാക്കുന്നത്. ഇതോടെ യുഎസിലെ കുടിയേറ്റക്കാര്‍ മുഴുവന്‍ വലിയ ആശങ്കയിലാണ്.

അതില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗമായ ഇന്തോ-അമേരിക്കന്‍ സമൂഹമാണ് വളരെ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ഈ നിയമം ഒഴിവാക്കിയാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഈ വിഭാഗക്കാരെയാണ്. എച്ച്-1ബി വിസ ഉടമകള്‍, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ (നിയമപരമായ സ്ഥിരതാമസക്കാര്‍), വിദ്യാര്‍ത്ഥി അല്ലെങ്കില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ പോലുള്ള താല്‍ക്കാലിക വിസ ഉടമകള്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ എന്നിവര്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികളെ ഇത് ബാധിക്കും.

ഈ നീക്കം യുഎസില്‍ അവസരങ്ങള്‍ തേടുന്നതില്‍ നിന്ന് നിരവധി ഇന്ത്യന്‍ പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍ എന്നിവരെ നിരുത്സാഹപ്പെടുത്തുകയും കാനഡയോ ഓസ്ട്രേലിയയോ പോലുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യക്കാരുടെ വരവ് കുറയ്ക്കുകയും ചെയ്യും.

യുഎസ് സെന്‍സസ് ബ്യൂറോയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2024 ലെ കണക്കനുസരിച്ച് ഇന്ത്യന്‍ അമേരിക്കക്കാര്‍ രാജ്യത്ത് 5.4 ദശലക്ഷത്തിലധികം വരും. ഇത് യുഎസ് ജനസംഖ്യയുടെ 1.47 ശതമാനമാണ് എന്നാണ് കണക്കാക്കുന്നത്. ഇവരില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗം ആദ്യ തലമുറ കുടിയേറ്റക്കാരാണ്, ബാക്കിയുള്ളവര്‍ യുഎസില്‍ ജനിച്ച പൗരന്മാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്താണ് ജന്മാവകാശ പൗരത്വ നിയമം?

യുഎസില്‍ ജനിച്ചവര്‍ സ്വയമേവ ഒരു അമേരിക്കന്‍ പൗരനാകും എന്നതാണ് ജന്മാവകാശ പൗരത്വം. കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി രാജ്യത്ത് ഈ നിയമം നിലവിലുണ്ട്. 1868-ല്‍ അംഗീകരിച്ച 14-ാം ഭേദഗതിയിലാണ് ഈ നിയമം ഉള്‍പ്പെടുത്തിയത്. മുമ്പ് അടിമകളായി ഇവിടെ എത്തിയ ആളുകള്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും പൗരത്വം നല്‍കുന്നതിനാണ് ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയത് എന്നാണ് കരുതപ്പെടുന്നത്.

ഇനി അമേരിക്കയുടെ സുവര്‍ണകാലമായിരിക്കുമെന്നും ഇന്ന് മുതല്‍ രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കുമെന്നും ലോകരാജ്യങ്ങള്‍ അമേരിക്കയെ ബഹുമാനത്തോടെ നോക്കിക്കാണുമെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam