വോട്ട് ചെയ്തതിന് ശേഷം വിരലുകളില്‍ മഷി പുരട്ടുക പതിവാണ്. എന്നാല്‍ വോട്ടെടുപ്പ് ദിനം വിരലില്‍ മഷി പുരട്ടുന്നതിന്റെ കാരണവും അതിന്റെ ചരിത്രവും എത്ര പേര്‍ക്കറിയാം?
ഇന്ത്യയില്‍ 1962 മുതലാണ് മഷി ഉപയോഗിക്കാന്‍ ആരംഭിച്ചത്. അതിനുശേഷമുള്ള എല്ലാ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തവരെ തിരിച്ചറിയാനുള്ള അടയാളമായി ഇത് ഉപയോഗിച്ചുവരുന്നുണ്ട്. പൗര ധര്‍മ്മത്തിന്റെയും ജനാധിപത്യത്തില്‍ പങ്കാളികള്‍ ആകുന്നതിന്റെയും അടയാളമായാണ് ഈ ഇലക്ടറല്‍ സ്റ്റെയിന്‍ അല്ലെങ്കില്‍ ഇലക്ടറല്‍ മഷിയെ കണക്കാക്കുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും വോട്ടര്‍മാരുടെ വിരലുകളില്‍ ഈ മഷിയടയാളം പുരട്ടാറുണ്ട്. കള്ളവോട്ടുകളും ഒരാള്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്നത് തടയാനുമാണ് വോട്ടറുടെ ഇടത് ചൂണ്ടുവിരലില്‍ ഈ മഷിയടയാളം രേഖപ്പെടുത്തുന്നത്. 1961ല്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ റൂള്‍ 49കെ പ്രകാരമാണ് ഇത്തരത്തില്‍ വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടുന്നത്. ഇത് പെട്ടെന്ന് മായിച്ചു കളയാന്‍ സാധിക്കാത്ത മഷിയാണ്.
ഇത് സാധാരണയായി ലഭ്യമാകുന്ന തരം മഷിയല്ല. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ലബോറട്ടറിയായ ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ (എന്‍പിഎല്‍) 1961-ലാണ് ഈ മഷി വികസിപ്പിച്ചെടുത്തത്. 1962-ല്‍ കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമായ മൈസൂര്‍ പെയിന്റ്സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡിന് ഈ മഷി ഉത്പാദിപ്പിക്കുന്നതിനുള്ള പേറ്റന്റ് നേടി. ആദ്യം, ഗ്ലാസ് ബോട്ടിലുകളില്‍ മഷി നിറച്ച് വിതരണം ചെയ്യുകയായിരുന്നു പതിവ്.
എന്നാല്‍ സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ, മഷി ആമ്പര്‍ കളറുകളിലുള്ള പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് മാറി. ഇത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ എളുപ്പമാകുകയും ചെയ്തു. ഈ മഷിയില്‍ സില്‍വര്‍ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെയും നഖത്തിലെയും രാസവസ്തുക്കളുമായി പ്രവര്‍ത്തിച്ച്, പുരട്ടിയ ഉടന്‍ തന്നെ ഒരു സെമി-പെര്‍മനന്റ് മാര്‍ക്കായി മാറുന്നു. വോട്ടര്‍മാര്‍ക്ക് മഷി എളുപ്പത്തില്‍ മായിച്ചു കളയാനും സാധിക്കില്ല. ഈ അടയാളം ആഴ്ചകളോളം നിലനില്‍ക്കുകയും ചെയ്യും. ഇത് ഏതെങ്കിലും തരത്തില്‍ ചര്‍മത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിട്ടില്ല, കൂടാതെ വാട്ടര്‍ റെസിസ്റ്റന്റുമാണ്.
ഈ മഷി മലേഷ്യ, കാനഡ, കംബോഡിയ, ഘാന, ഐവറി കോസ്റ്റ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, നൈജീരിയ, പാപുവ ന്യൂ ഗിനിയ, നേപ്പാള്‍, മഡഗാസ്‌കര്‍, നൈജീരിയ, സിംഗപ്പൂര്‍, ദുബായ്, മംഗോളിയ, സിയറ ലിയോണ്‍, ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക്ക് തുടങ്ങി മുപ്പതോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇടത് ചൂണ്ടുവിരല്‍ നീട്ടാനോ നിര്‍ദേശങ്ങള്‍ക്കനുസൃതമായി മഷി പുരട്ടാനോ വോട്ടര്‍ വിസമ്മതിച്ചാലോ, വിരലില്‍ സമാനമായ മറ്റൊരു അടയാളം ഉണ്ടെങ്കിലോ അവരെ വോട്ടുചെയ്യാന്‍ അനുവദിക്കില്ല. മഷിയടയാളം പെട്ടെന്ന് മായുന്ന വിധത്തില്‍ വോട്ടര്‍ എന്തെങ്കിലും കൃത്രിമത്വം ചെയ്‌തെന്ന് മനസിലാക്കിയാലും അവരെ വോട്ടു ചെയ്യുന്നതില്‍ നിന്ന് തടയും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1