രാഷ്ട്രീയത്തിൽ കളം മാറ്റവും കരുനീക്കങ്ങളും പതിവാണ്. പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ആദർശശുദ്ധിയുമൊക്കെ രാഷ്ട്രീയരംഗത്തുനിന്ന് എന്നേ നിഷ്‌ക്രമിച്ചു. കാറ്റിനൊത്തു തൂറ്റുന്നതും ഓളത്തിനൊത്തു നീങ്ങുന്നതുമാണ് പ്രായോഗിക രാഷ്ട്രീയം. അത് സമർഥമായി പ്രയോഗിക്കാനറിയാവുന്നവർ രക്ഷപ്പെടും. അതാണു ചുറ്റുപാടും കാണാനാവുന്നത്. ആദർശത്തിന്റെ വലിയ ബിംബങ്ങൾപോലും തവിടുപൊടിയായി മാറുന്നതു നാം കാണുന്നു. നവമാധ്യങ്ങളിലൂടെ പലരുടെയും പുറംപൂച്ചുകൾ പുറത്തുവരുന്നു.
പൊതുജനസമക്ഷം നേതാവിന്റെ പ്രതിച്ഛായ നിർമിതിക്ക് പല ടെക്‌നിക്കുകളുമുണ്ട്. പാർട്ടികളുടെ പ്രതിച്ഛായ നിർമാണത്തിന്റെയും തെരഞ്ഞെടുപ്പു വിജയത്തിന്റെയുമൊക്കെ മൊത്തക്കച്ചവടം എടുത്തിട്ടുള്ളവരുമുണ്ട്. പ്രശാന്ത് കിഷോറിനെപ്പോലുള്ളവർ. ചില തന്ത്രങ്ങളൊക്കെ വിജയിച്ചെന്നിരിക്കും. പലതും പാളും. പക്ഷേ പിടിച്ചുനിൽക്കാൻ അവർ പല അടവുകളും പ്രയോഗിക്കും. പാർട്ടി വളർത്താൻ അടിത്തട്ടുമുതലുള്ള പ്രവർത്തനമൊക്കെ വലിയ തൊല്ല പിടിച്ച ഇടപാടാണ്. അതുകൊണ്ടു തന്ത്രജ്ഞരുടെ ചില മർമാണി പ്രയോഗങ്ങളാണ് ചിലർക്കു പ്രിയം. ചിലതൊക്കെ ശരിയായെന്നുവരാം.
കേരളത്തിലും രാഷ്ട്രീയ ഗോദയിൽ കളികളും കരുനീക്കങ്ങളും തകൃതിയായി നടക്കുന്നു. സൂക്ഷ്മ പരിശോധനയിൽപോലും പലതും തിരിച്ചറിയാൻ പ്രയാസമാവും. നേതാക്കൾ പലർക്കും സ്വന്തം പിആർ ടീമുകൾ ഉണ്ട്. മാധ്യമരംഗത്തുനിന്നുതന്നെ വന്നവരാണ് പലരും. അല്ലാത്തവരുമുണ്ട്. പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവാണു പ്രധാനം. ഉപദേശത്തിനൊപ്പം സ്വന്തം തലമണ്ടകൂടി ഉപയോഗിക്കുന്നവർ വിജയിക്കും. അല്ലെങ്കിൽ മണ്ട ഉൾപ്പെടെ മറിഞ്ഞുവീഴും.
തദ്ദേശ തെരഞ്ഞെടുപ്പു അടുത്തു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനും അധികം നാളില്ല. അതിനു മുന്നോടിയായുള്ള തന്ത്രപരമായ ചുവടുവയ്പുകൾ പാർട്ടികളും നേതാക്കളും തുടങ്ങിക്കഴിഞ്ഞു. മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിനപ്പുറം പല അടവുകളും അണിയറയിൽ രൂപപ്പെടുന്നു. സി.പി.എം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം കൊല്ലത്തു നടക്കുകയാണ്. സംസ്ഥാന ഭരണത്തിൽ മൂന്നാം ഊഴമെന്ന സ്വപ്‌നം പലരും പങ്കുവയ്ക്കുന്നു. എതിരാളികൾ തന്നെ ഇത്തരമൊരു സാധ്യത ചൂണ്ടിക്കാണിക്കുന്നു. അതോടെ നേതാക്കൾ മാത്രമല്ല പാർട്ടി അണികളും ആവേശത്തിലാണ്. ജി. സുധാകരനെപ്പോലെ എന്തെങ്കിലുമൊക്കെ പറയാൻ ധൈര്യം കാട്ടുന്നവർ പാർട്ടിയിൽ വിരളവുമാണ്.
കോൺഗ്രസുകാരെപ്പോലെ തമ്മിൽത്തല്ല് അവിടെ കുറവാണ്. കുറഞ്ഞപക്ഷം പ്രകടമായെങ്കിലും.
കേരളത്തിന്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ് സർക്കാരിന് പത്തിരുപത് വർഷംകൂടി ലഭിച്ചാൽ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാനാകുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. ഫാസിസത്തെക്കുറിച്ചുള്ള പുതിയ ചില നിർവചനങ്ങളും പാർട്ടിയുടെ ഇപ്പോഴത്തെ താത്വികമുഖമായ ഗോവിന്ദൻ മാഷ് ഇടയ്ക്കിടെ വെളിപ്പെടുത്തുന്നുണ്ട്. കടിച്ചാൽ പൊട്ടാത്ത പല കാര്യങ്ങളും പറയുന്നതിൽ അദ്ദേഹത്തെ കടത്തിവെട്ടാൻ ഇപ്പോൾ പാർട്ടിയിൽ മറ്റാരുമില്ല.
കുത്തക മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കാൻ മതധ്രുവീകരണം വഴി ഹിന്ദുത്വ അജൻഡയും അമിതാധികാര വാഴ്ചയും സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നു ഗോവിന്ദൻ മാഷ് പറയുമ്പോൾ സന്ദേശം സിനിമയിൽ ശങ്കരാടിയോട് ബോബി കൊട്ടാരക്കര പറയുന്ന ഡയലോഗ് പലർക്കും ഓർമവരും.നിയോ ഫാസിസ്റ്റ് പ്രയോഗത്തെക്കുറിച്ചൊക്കെ അദ്ദേഹത്തിന്റെ വിശദീകരണമുണ്ട്. അടിയന്തരാവസ്ഥ വന്നപ്പോഴും അതു ഫാസിസമാണെന്നു പാർട്ടി പറഞ്ഞിട്ടില്ലെന്നും അത് അർധ ഫാസിസമായിരുന്നുവെന്നും പാർട്ടി സെക്രട്ടറി പറയുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പതാകാജാഥ പ്രയാണം കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു എം.വി. ഗോവിന്ദന്റെ ഈ താത്വിക വിശകലനങ്ങൾ.
ഇതോടു ചേർത്തുവച്ചു വായിക്കാവുന്ന മറ്റൊരു വാർത്ത ഏതാനും ദിവസം മുമ്പു വന്നിരുന്നു. സി.പി.എം 24-ാം പാർട്ടി കോൺഗ്രസിനുവേണ്ടി തയാറാക്കിയ കരടു പ്രമേയത്തിലെ ഒരു വിഷയമാണത്. ബി.ജെ.പിയും ആർ.എസ്.എസും ഫാസിസ്റ്റല്ല എന്നതായിരുന്നു പാർട്ടി നിലപാട്. സി.പി.എമ്മും ബി.ജെ.പിയുമായുള്ള ചില രഹസബാന്ധവങ്ങളാണ് ഇതിനു പിന്നിലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ആരോപിക്കുന്നു. സി.പി.ഐയും ഈ നിലപാടിനെ എതിർക്കുന്നുണ്ട്. സീതാറാം യെച്ചൂരിയുടെ വിയോഗത്തിനുശേഷം പാർട്ടി ലൈനിൽ വന്നിട്ടുള്ള മാറ്റമായും ഇതിനെ കാണുന്നവരുണ്ട്. യെച്ചൂരി കോൺഗ്രസിനോടും ഇന്ത്യാ സഖ്യത്തോടും കാട്ടിയിരുന്ന മമത സി.പി.എമ്മിലെ ചില അധികാരകേന്ദ്രങ്ങൾക്ക് അത്ര പിടിച്ചിരുന്നില്ല.
സി.പി.എം കരുക്കൾ സമർഥമായി നീക്കുമ്പോൾ യു.ഡി.എഫ് ആകെ ആശയക്കുഴപ്പത്തിലാണ്. പ്രത്യേകിച്ചു കോൺഗ്രസ്. ഉന്നത നേതാക്കളുടെ കടിപിടി സകല സീമകളും ലംഘിച്ചപ്പോഴാണ് ഹൈക്കമാൻഡ് മുതിർന്ന നേതാക്കൾ എല്ലാവരെയും ഡൽഹിക്കു വിളിപ്പിച്ചത്. അവിടെ ചെന്നപ്പോൾ സ്വതസിദ്ധമായ കോൺഗ്രസ് ശൈലിയിൽ അവരെല്ലാം ഐക്യം പ്രകടിപ്പിച്ചു. മാധ്യമങ്ങൾക്കുമുന്നിൽ കെട്ടിപ്പിടിച്ചും കൈകോർത്തും പടം പിടിക്കാൻ നിന്നു. ഒരു പ്രശ്‌നവുമില്ലന്ന് പറഞ്ഞു. സീനിയർ നേതാക്കളുടെ യോഗത്തിൽ വി.എം. സുധീരനും പി.ജെ കുര്യനുമൊക്കെയുണ്ടായിരുന്നു. എല്ലാവരും ചേർന്നിരുന്ന് പടമെടുത്തു പത്രത്തിലും കൊടുത്തു. ഇതുകൊണ്ടൊന്നും ഐക്യം സാക്ഷാത്കരിക്കപ്പെടുമെന്നു തോന്നുന്നില്ല. അതു ഹൈക്കമാൻഡിനും മനസിലായിട്ടുണ്ട്. തങ്ങൾ തമ്മിൽ പ്രശ്‌നമൊന്നുമില്ലെന്ന് നേതാക്കളെല്ലാം പറഞ്ഞെങ്കിലും പൊതുജനത്തിന്റെ തോന്നൽ അങ്ങനെയല്ലല്ലോ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പാർട്ടി ലൈൻ വിട്ടു പറയുന്നവരെയും പ്രവർത്തിക്കുന്നവരെയും കൈകാര്യം ചെയ്യുമെന്നൊക്കെ ഹൈക്കമാൻഡ് മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും കേരളത്തിലെത്തുമ്പോൾ നേതാക്കൾ അതൊക്കെ മറക്കും. 'പടിക്കൽ കൊണ്ടുചെന്നു കലം ഉടയ്ക്കാൻ' കോൺഗ്രസിലെ ചില നേതാക്കൾക്ക് നല്ല മിടുക്കാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന നാളുകളിൽ ചില നേതാക്കൾ നടത്തിയ പ്രസ്താവനകൾ തുടർന്നുണ്ടായ തെരഞ്ഞെടുപ്പു പരാജയത്തെ നിർണായകമായി സ്വാധീനിച്ചിരുന്നു. ഇതിൽനിന്നൊന്നും ആരും പാഠം പഠിക്കുന്നില്ലെന്നതാണ് ശശി തരൂരിന്റെയും മുല്ലപ്പള്ള രാമചന്ദ്രന്റെയുമൊക്കെ ചില നിലപാടുകൾ വ്യക്തമാക്കുന്നത്.
ശശി തരൂർ ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനവും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഈയിടെ വലിയ വിവാദമായി.
കേന്ദ്രമായാലും സംസ്ഥാനമായാലും നല്ലതു ചെയ്താൽ നല്ലതെന്നു പറയണമെന്ന സാമാന്യ നീതിയാണ് തരൂർ കാട്ടിയത്. ആരു കേട്ടാലും അതു ന്യായം എന്നു പറയും. പക്ഷേ അത്ര നിഷ്‌കളങ്കമായിരുന്നോ തരൂരിന്റെ ആ പ്രശംസ എന്ന് രാഷ്ട്രീയ നിരീക്ഷകർ പലരും സംശയിക്കുന്നു. കോൺഗ്രസിലാകട്ടെ പലരും അതു പരസ്യമായി പറയാൻ മടിച്ചെന്നു മാത്രം.
ലേഖനമെഴുതാനും പ്രസംഗിക്കാനുമുള്ള തരൂരിന്റെ മികവ് എല്ലാവരും അംഗീകരിക്കും. പക്ഷേ അടിച്ചു കളിച്ചു വളർന്ന രാഷ്ട്രീയക്കാരനല്ലാത്തതിന്റെ ചില പോരായ്മകൾ അദ്ദേഹത്തിനുണ്ട്. വിശ്വപൗരനെന്ന തൊങ്ങലും സവിശേഷമായ വ്യക്തിത്വവും ശശി തരൂരിന് ധാരാളം ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ കോൺഗ്രസിലാണ് തന്റെ അടിത്തറ എന്ന് അദ്ദേഹം പലപ്പോഴും മറന്നുപോകുന്നതുപോലെ തോന്നും.
തിരുവനന്തപുരത്തുനിന്നു ലോക്‌സഭയിലേക്ക് ആവർത്തിച്ചു ജയിക്കുന്നത് കോൺഗ്രസുകാരുടെ വോട്ടു കൊണ്ടു മാത്രമല്ല എന്ന് ശശി തരൂർ പറയുമ്പോൾ ആ ലോക്‌സഭാ മണ്ഡലത്തിലെ രാഷ്ട്രീയത്തിന്റെ പ്രത്യേകതകൂടി മനസിലാക്കേണ്ടതുണ്ട്. എൽ.ഡി.എഫിൽനിന്ന് സി.പി.ഐ സ്ഥിരം മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അല്ലെങ്കിൽതന്നെ പല ലോക്‌സഭാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ സ്ഥാനാർഥികൾ പലരും ജയിക്കുന്നത് പാർട്ടി വോട്ടുകൾ കൊണ്ടുമാത്രവുമല്ല. തരൂർ സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയത് മുഖ്യമന്ത്രി ഉൾപ്പെടെ സി.പി.എമ്മിലെ പലർക്കു നന്നായി ബോധിച്ചു. പിന്തുണയും അഭിനന്ദവും ഒഴുകിയെത്തി. ഡി.വൈ.എഫ്.ഐ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാൻ രാജ്യസഭാംഗം റഹിം ഉൾപ്പെടെ ഓടിയെത്തി. കൂടരഞ്ഞിയിൽ മലയോര ഹൈവേ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും തരൂരിനെ പ്രശംസിക്കാൻ മറന്നില്ല. മറ്റു പല നേതാക്കളും ഇതോടെ ഉഷാറായി. തരൂർ മഹാത്മ്യം അവരും പുകഴ്ത്തി. പക്ഷേ സംഗതി കോൺട്രാ ആകുമോ എന്നു വൈകാതെ തരൂർ തിരിച്ചറിഞ്ഞു.
ഇതിനിടെ പപ്പരാസികൾ പല നിഗമനങ്ങളും നടത്തി. തരൂർ ബി.ജെ.പിയിലേക്കെന്നൊക്കെ ചിലർ നിരീക്ഷിച്ചു. കാര്യങ്ങളുടെ പോക്കു പന്തിയല്ലെന്നു കണ്ട തരൂർ ആദ്യം ഖണ്ഡിച്ചത് ബി.ജെ.പി ബന്ധം തന്നെ. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയെത്തുടർന്ന് തരൂർ ആകെ കളം മാറി ചവിട്ടിയിരിക്കുകയാണ്. തരൂരിനെപ്പോലൊരാളെ അത്ര നിസാരമായി തഴയാനാവില്ലെന്ന് ഹൈക്കമാൻഡിനു മാത്രമല്ല, കേരളത്തിലെ ലോ കമാൻഡിനും അറിയാം.
ശശി തരൂരിന് ഇപ്പോൾ നോട്ടം കേരളത്തിലാണ്. താൻ കോൺഗ്രസ് രാഷ്ടീയത്തിലേക്കു കടന്നുവന്ന സാഹചര്യമല്ല ഇപ്പോൾ കേന്ദ്രത്തിലെന്ന് അദ്ദേഹത്തിനു നന്നായറിയാം.
കേന്ദ്രഭരണത്തിലെത്താനുള്ള ദുർഘടവഴികളെക്കുറിച്ചും അദ്ദേഹത്തിനു ബോധ്യമുണ്ടാകും. അപ്പോൾപ്പിന്നെ കേരളത്തിൽ മുഖ്യമന്ത്രിയായാൽ കൊള്ളാം എന്ന് ശശി തരൂർ ചിന്തിക്കുന്നതിൽ അത്ഭുതമില്ല. അതിനുള്ള ചില ഗൃഹപാഠങ്ങൾ അദ്ദേഹം നേരത്തേ തുടങ്ങിയിരുന്നു. കൈയിലെടുക്കേണ്ടവരെ കണ്ടും കേട്ടും എല്ലാവർക്കും സ്വീകാര്യനുമായി അരങ്ങു പിടിച്ചുവരികയായിരുന്നു. അതിനിടെയാണ് ലേഖനവും ഇന്റർവ്യൂവും എല്ലാം കൂടി കുഴപ്പത്തിൽ ചാടിച്ചത്. ബുദ്ധിയുള്ള വരാലിനെക്കുറിച്ചുള്ള നാടൻപ്രയോഗം അങ്ങിനെ തരൂരിന്റെ കാര്യത്തിലും പലരും പറയാൻ തുടങ്ങി.
ഇതുകൊണ്ടൈാന്നും തരൂരിനെ എഴുതിത്തള്ളാനാവില്ല. പോയ ബുദ്ധി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. തരൂരിനെ പുകഴ്ത്തിയ പിണറായി വിജയനും രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാക്കളുമെല്ലാം രാഷ്ട്രീയക്കളി തന്നെയാണു കളിക്കുന്നത്. കേരളത്തിലെ അടുത്ത സർക്കാർ രൂപീകരണത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ഇനിയും പൂർണമായി ഉരുത്തിരിഞ്ഞു വന്നിട്ടില്ല. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പല അത്ഭുതങ്ങൾക്കും വഴിയൊരുക്കും. അതിനായി നമുക്കു കാത്തിരിക്കാം.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1