ദൈവപുത്രന്റെ കുരിശാരോഹണ വേളയിൽ വിലാപത്തിലാണ്ട അനുചര വൃന്ദം ഏശയ്യ പ്രവാചകനെ ഉദ്ധരിച്ച് അന്യോന്യം ചോദിച്ചിട്ടുണ്ടാകും: 'നമ്മൾ കേട്ടത് ആരു വിശ്വസിച്ചു'. ഇതേ സജീവ വചനം ഇപ്പോൾ വയനാടിനെ ചൂഴ്ന്നു നിൽക്കുമ്പോൾ കേരളം ആദരപൂർവം തിരിച്ചറിയുന്നു ആധുനിക കാലത്ത് പ്രവാചക ദൗത്യമേറ്റെടുത്ത മാധവ് ഗാഡ്ഗിലിനെ.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്തും മേപ്പാടി ചൂരൽമലയിലുമായുണ്ടായത്. മുണ്ടക്കൈ ഏറെക്കുറെ അപ്പാടെയും ചൂരൽമലയുടെ സിംഹഭാഗവും മലവെള്ളപ്പാച്ചിലിൽ മാഞ്ഞില്ലാതായിരിക്കുന്നു. എത്ര പേർ ഉരുൾപൊട്ടലിൽ ഒലിച്ചു പോയെന്നും എത്ര പേർ രക്ഷപ്പെട്ട് മറ്റു സ്ഥലങ്ങളിൽ അഭയം തേടിയെന്നും കൃത്യമായ വിവരമില്ലാത്തതിനാൽ മരണസംഖ്യ തിട്ടപ്പെടുത്താൻ ദിവസങ്ങൾ വേണ്ടിവന്നേക്കുമെന്ന ദയനീയാവസ്ഥ. കണ്ണീർ മഴയുമായി വയനാട്ടിൽ ഹൃദയമർപ്പിക്കുന്നു ആഗോള മലയാളി സമൂഹം.
പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് വയനാട് മോചിതമാകുന്നതിനു മുമ്പാണ് കൂടുതൽ മാരകമായ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോ മീറ്റർ ദൂരമേ ചൂരൽമലയിലേക്കുള്ളൂ. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു 17 ജീവൻ നഷ്ടമാകുകയും 57 വീടുകൾ പാടേ തകരുകയും ചെയ്ത പുത്തുമല ദുരന്തം. ഏക്കർ കണക്കിന് കൃഷിയും ആരാധനാലയങ്ങളും ക്വാർട്ടേഴ്‌സുകളും പോസ്റ്റ് ഓഫീസും നിരവധി വാഹനങ്ങളും വീടുകളും തകർന്നടിയുകയും ചെയ്തു.
അന്ന് കാണാതായ അഞ്ച് പേർ എവിടെയെന്നത് നാടിന്റെ നെഞ്ചിൽ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുന്നു. ഇടുക്കി അടിമാലി ഉരുൾപൊട്ടലിന്റെ അമ്പതാം വർഷം കൂടിയാണിത്. 1974 ജൂലൈ 26നായിരുന്നു 33 പേർ മരച്ച ഹൈറേഞ്ചിലെ ഈ ദുരന്തം. 70 പേരുടെ ജീവൻ നഷ്ടമായ പെട്ടിമുടി ഉരുൾപൊട്ടൽ നടന്നിട്ടു നാലു വർഷമേ ആയിട്ടുള്ളൂ. ലയങ്ങളിൽ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളായിരുന്നു മരിച്ചവരിലേറെയും.
നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠന പ്രകാരം പാലക്കാട് ജില്ലയിലെ 324.62 കിലോ മീറ്റർ പ്രദേശമാണ് സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ എറ്റവും മുന്നിൽ. രണ്ടാമത് പാലക്കാട് ജില്ലയിലെ തന്നെ മണ്ണാർക്കാട്. മൂന്നാം സ്ഥാനത്താണ് വയനാട്. പക്ഷേ, സമീപ കാലത്തായി കൂടുതൽ ഉരുൾപൊട്ടലുകൾ സംഭവിക്കുന്നത് വയനാട്ടിലും സമീപ പ്രദേശങ്ങളിലുമാണെന്നത് സംബന്ധിച്ച് കൂടുതൽ പഠനം അനിവാര്യം.
മനുഷ്യനിർമ്മിതം
വയനാട് ദുരന്തം മനുഷ്യനിർമിതമാണെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി(ഡബ്ല്യുജിഇഇപി) ചെയർമാനായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടുന്നത് കൃത്യമായ ഡാറ്റയുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണ്. നിർണായക പാരിസ്ഥിതിക ശുപാർശകൾ നടപ്പാക്കുന്നതിൽ കേരള സർക്കാരിന്റെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിലും ഇത്തരം ദുരന്തങ്ങൾ തടയാൻ രൂപകൽപ്പന ചെയ്ത സമിതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് സംസ്ഥാന സർക്കാരിനെ അദ്ദേഹം ആവർത്തിച്ചു വിമർശിക്കുന്നുമുണ്ട്.
പാനൽ റിപ്പോർട്ടിൽ പാരിസ്ഥിതിക സംവേദനക്ഷമതയുടെ അടിസ്ഥാനത്തിൽ മൂന്ന് തലങ്ങളായി പശ്ചിമഘട്ട പ്രദേശത്തെ തരംതിരിച്ചിട്ടുണ്ട്. ഇപ്പോൾ ദുരന്തം ബാധിച്ച പ്രദേശങ്ങൾ അതീവ ലോല മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടുന്നു. അതീവ ലോല പ്രദേശങ്ങളിൽ ഒരു വികസനപ്രവർത്തനങ്ങളും നടക്കാൻ പാടില്ലായിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഈ സോണുകൾ തേയിലത്തോട്ടങ്ങൾക്കായി ഉപയോഗിച്ചിരുന്നു. അതിനുശേഷം റിസോർട്ടുകളുടെയും കൃത്രിമ തടാകങ്ങളുടെയും നിർമാണം ഉൾപ്പെടെ വിപുലമായ വികസനം നടന്നിട്ടുണ്ട്.
ദുരന്തസ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെ ക്വാറികൾ പ്രവർത്തിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഈ ക്വാറികൾ മിക്കതും ഇപ്പോൾ പ്രവർത്തനരഹിതമാണെങ്കിലും, അവയുടെ പ്രവർത്തന കാലയളവിൽ ഉണ്ടായ ആഘാതങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും കനത്ത മഴയിൽ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്‌തെന്ന് ഗാഡ്ഗിൽ പറയുന്നു. തലങ്ങും വിലങ്ങുമായുള്ള ക്വാറികൾ വയനാട്ടിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആവർത്തിച്ചുള്ള ദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന പാനൽ റിപ്പോർട്ട് സർക്കാർ തള്ളിക്കളയുകയായിരുന്നു.
ഇക്കോ ടൂറിസത്തിന്റെ മറവിൽ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യ വികസനവും നടത്തി ദുർബലമായ പരിസ്ഥിതിയെ ശല്യപ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള നിർദ്ദേശവും സർക്കാർ കൗതുകപൂർവം പരിഗണിച്ചു വരികയായിരുന്നു. പാനൽ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവമേറിയതും ക്രിയാത്മകവുമായ നടപടികൾ ഉണ്ടായില്ലെങ്കിൽ, കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമായ മഴയും വരൾച്ചയും ഉണ്ടാക്കുന്ന ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമെന്നതിൽ തനിക്ക് സംശയമേയില്ലെന്നാണ് പുണെയിലെ വസതിയിൽ നിന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്.
വിശദ പഠനത്തിനും വ്യാപകമായ അഭിപ്രായ രൂപീകരത്തിനും ശേഷമാണ് 2011 ഓഗസ്റ്റ് 31 ന് ഗാഡ്ഗിൽ സമിതി 522 പേജുള്ള റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. സമിതി പരിഗണിച്ച കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ ഇവയാണ്: മണ്ടക്കൽ-പനത്തടി, പൈതൽമല, ബ്രഹ്മഗിരി-തിരുനെല്ലി, പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്റെ ഭാഗങ്ങൾ, കുറുവ ദ്വീപ്, കുറ്റിയാടി-പെരിയ-കൽപ്പറ്റ, നിലമ്പൂർ-മേപ്പാടി, സൈലന്റ് വാലി, മണ്ണാർക്കാട് ശിരുവാണി-മുത്തുക്കുളം, നെല്ലിയാമ്പതി-പറമ്പിക്കുളം, പീച്ചി-വാഴാനി, പൂയ്യംകുട്ടി-തട്ടേക്കാട്-ഇടമലയാർ, മൂന്നാർ-ഇരവിക്കുളം-ചിന്നാർ, ഏലമലക്കാടുകൾ, പെരിയാർ-റാന്നി-കോന്നി-ഗൂഡ്രീക്കൽ, കുളത്തൂപ്പുഴ-തെന്മല, അഗസ്ത്യമല-നെയ്യാർ-പേപ്പാറ.
ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ടു സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്കയുന്നയിക്കുകയും വിവിധ രാഷ്ട്രീയകക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയുംചെയ്തതിനെത്തുടർന്ന് കേന്ദ്ര ആസൂത്രണക്കമ്മീഷനംഗം കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്ത്വത്തിലംഗീകരിക്കുന്ന നിലപാടാണ്, കസ്തൂരിരംഗൻ സമിതിയും മുന്നോട്ടുവച്ചത്. എന്നാൽ സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു.
ഫലത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന്റെ അന്തഃസത്ത ഉൾക്കൊള്ളാതെയും പരിസ്ഥിതിസംരക്ഷണത്തിനുള്ള മാർഗ്ഗങ്ങൾ വ്യക്തമായി നിർദ്ദേശിക്കാതെയുമുള്ളതായി ഈ റിപ്പോർട്ട്. വിവിധ സംസ്ഥാന സർക്കാരുകളുടെയും കുടിയേറ്റക്കാരുടെ പേരിൽ ചില എൻ.ജി.ഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങൾ വരുത്തിയത്. അതേ സമയം, പരിസ്ഥിതി സംവേദകമേഖലകളിലെ വികസന പ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശന നിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും അനുവദിക്കുവാൻ പാടില്ലെന്നും സമിതി നിർദ്ദേശിക്കുന്നുമുണ്ട്.
ഒരേയൊരു പി.ടി
ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ മന്ത്രിസഭയുടെ കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാനായി 2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ വിദഗ്ദ്ധസമിതിയെ നിയോഗിച്ചത്. 2018, 2019, 2021 വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായ പ്രളയങ്ങൾ ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ശിക്ഷയായിരുന്നു. മാധവ് ഗാഡ്ഗിൽ 10 വർഷം മുൻപേ സൂചന നൽകിയതാണ് ഈ ദുരന്തങ്ങൾ. പശ്ചിമഘട്ടം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിൽ കടുത്ത ദുരന്തം ഉണ്ടാകുമെന്ന് മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാറി വരുന്ന സർക്കാരുകൾ അദ്ദേഹത്തിന്റെ റിപ്പോർട്ട് അട്ടിമറിച്ചു. കേരളത്തിലെ പ്രളയത്തിന് വളരെ മുമ്പ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
'പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി; അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും' അന്ന് ഗാഡ്ഗിൽ പറഞ്ഞിരുന്നു.
പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കണമെന്നും ക്വാറികളും ഖനനവും നിയന്ത്രിക്കണമെന്നും പരിസ്ഥിതി അനുകൂല നിലപാടുകൾ ഉണ്ടാകണമെന്നും മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അന്ന് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫും ഭരണം നടത്തിയിരുന്ന യു.ഡി.എഫും ഒന്നിച്ചെതിർത്തു. സമുദായ നേതാക്കളുടെ ഒത്താശയോടെ കലാപങ്ങളുണ്ടായി. ജനങ്ങൾ തെരുവിലിറങ്ങി ഗാഡ്ഗിൽ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധിച്ചു. സർക്കാർ സ്ഥാപനങ്ങൾ അഗ്‌നിക്കിരയാക്കി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് പറഞ്ഞ ഇടുക്കി എംപിയായിരുന്ന പി.ടി. തോമസിന്റെ ശവഘോഷയാത്ര കട്ടപ്പനയിൽ നടത്തി. പി.ടി.തോമസിന് കോൺഗ്രസ് പാർട്ടി 2014ൽ ലോക്‌സഭാ സീറ്റ് നിഷേധിച്ചതിന്റെ കാരണവും അതു തന്നെയായിരുന്നു.
'നമ്മുടെ അതിക്രമങ്ങൾക്കു വേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു.' തന്റെ പ്രവചനത്തിലെ 53:5ൽ ഏശയ്യ പറഞ്ഞത് പശ്ചിമ ഘട്ട പ്രദേശത്തിന്റെ കാര്യത്തിൽ ശരിയായെന്ന് നാട് തിരിച്ചറിയുന്നു. പക്ഷേ 'അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നൽകില്ല; അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചുമില്ല.' വയനാട് ദുരന്തത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞ് ദുരിതബാധിതർക്ക് ആശ്വാസമേകാൻ ശ്രമിക്കുന്നതോടൊപ്പം നാടിന് മുന്നിലുള്ള ദുരന്ത സാഹചര്യങ്ങളെക്കുറിച്ചും ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1