മഹാത്മാഗാന്ധിജിയുടെ ശവസംസ്‌കാരച്ചടങ്ങിനുശേഷം, ഡൽഹിയിൽ ഇത്രയും ജനക്കൂട്ടം ഉണ്ടായ മറ്റൊരു സംഭവം ഇന്ദിരഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങായിരുന്നു.
ഇന്ദിരാഗാന്ധി
കൊല്ലപ്പെട്ട വാർത്ത അറിഞ്ഞശേഷം ഉമ്മൻചാണ്ടി ഏറെനേരം ആലോചനയിൽ അമർന്നു
പോയി. അപ്പോൾ എ.കെ. ആന്റണി ചെന്നൈയിലായിരുന്നു. തമിഴ്‌നാട്ടിലെ
കോൺഗ്രസ്സിന്റെ ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ. അന്നവിടെ കോൺഗ്രസ് നേതാക്കളും
പ്രവർത്തകരുമായി കൂടിക്കാഴ്ചയും ചർച്ചകളുമായിരുന്നു. ആന്റണി
തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും ലക്ഷദ്വീപിന്റെയും വടക്കു കിഴക്കൻ
സംസ്ഥാനങ്ങളുടെയും ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയാണ്.
ലോക്‌സഭാ
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കാലമാണ്. പ്രധാനമന്ത്രിയായ ഇന്ദിരാ വടക്കേ
ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഓരോ മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന്
പാർട്ടിയിൽ ആലോചന നടന്നിരുന്നത് ആന്റണി ഉമ്മൻചാണ്ടിയോട് പറഞ്ഞിരുന്നു.
തമിഴ്‌നാട്ടിൽ ഇന്ദിരാ മത്സരിക്കുന്നതിനെക്കുറിച്ചു കൂടി ആലോചിക്കാനാണ് അപ്പോൾ ചെന്നൈയിലെത്തിയതുതന്നെ. ''സത്യമൂർത്തി ഭവനിൽ എത്തിയ സംസ്ഥാന പാർട്ടിനേതാക്കൾക്കും പ്രവർത്തകർക്കും ഇന്ദിരാജി തമിഴ്‌നാട്ടിൽ മത്സരിക്കുമെന്ന വിവരം ഏറെ ആവേശം പകർന്നെന്നും തലേന്ന് വിളിച്ചപ്പോൾ ആന്റണി അതേക്കുറിച്ച പറയുകയും ചെയ്തു. മധുരയാണ് സംസ്ഥാന നേതാക്കൾ നിർദേശിച്ചതത്രെ. അങ്ങനെ ചർച്ചകൾ നടക്കുമ്പോഴാണ് ഡൽഹിയിൽ നിന്ന് സന്ദേശമെത്തുന്നത്. ഇന്ദിരാജിക്ക് വെടിയേറ്റു എന്ന വാർത്ത.
''പിന്നീട് എല്ലാം യാന്ത്രികമായിരുന്നു. കൂടിക്കാഴ്ച അവസാനിപ്പിച്ചു. ആരോ തമിഴ്‌നാട് സർക്കാറുമായി ബന്ധപ്പെട്ടു. സംസ്ഥാന നേതാക്കൾ പ്രത്യേക വിമാനം ഏർപ്പാടുചെയ്തു. അവർക്കൊപ്പം ഡൽഹിയിലെത്തി. ആ ദിവസത്തെ ഡൽഹിയിലെ അന്തരീക്ഷം ഒരിക്കലും മറക്കാൻ കഴിയില്ലെന്നു ആന്റണി ഏറെ വിഷമത്തോടെ പറഞ്ഞതും ഉമ്മൻ ചാണ്ടി ഓർത്ത്പോയി.
ഒരിക്കൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ മണ്ണെണ്ണയുടെ നികുതി കൂട്ടണമെന്ന് ആരോ ശുപാർശ ചെയ്തു. ആ നിർദേശം അടങ്ങിയ ഫയൽ ഇന്ദിരാഗാന്ധി വലിച്ചെറിഞ്ഞു. ജനങ്ങളുടെ നാഡിമിടിപ്പ് അറിയാവുന്നതിനാലാണ് ഇന്ദിരാ നികുതികൂട്ടാൻ തയ്യാറാകാതിരുന്നത്.
രാജ്യത്തെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ അവർ മനസ്സിലാക്കിയിരുന്നു. എന്നും അവരോട് സഹാനുഭൂതി പുലർത്തിയിരുന്നു. ആദിവാസികൾക്ക് വനഭൂമിയിൽ അവകാശം നൽകുന്ന നിയമത്തിന്റെ പോലും തുടക്കം കുറിച്ചത് ഇന്ദിരായുടെ കാലത്താണ്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ സമുന്നത സ്ഥാനം നേടിയെടുത്തതും ഇന്ദിരാഗാന്ധിയുടെ കാലത്തായിരുന്നു.
ഡൽഹി വിറങ്ങലിച്ച സന്ദർഭം
ഏതാണ്ട് 25 വെടിയുണ്ടകൾ ഇന്ദിരാഗാന്ധിയുടെ ശരീരത്തിൽ പതിഞ്ഞിരുന്നു. മറ്റു സുരക്ഷാ ഭടന്മാർക്ക് അതുവരെ തിരിച്ച് ഒരു വെടിപോലും പൊട്ടിക്കാനായിരുന്നില്ല. സത്വന്ത് സിംഗ് തന്റെ യന്ത്രത്തോക്കിലെ ഉണ്ടകൾ ഇന്ദിരയുടെ ദേഹത്തേക്ക് പായിപ്പിച്ചുകൊണ്ടിരുന്ന നേരത്ത്, ഏറ്റവും പിന്നിലുണ്ടായിരുന്നു രാമേശ്വർ ദയാൽ ഓടി മുന്നോട്ടുവന്നു.
ദയാൽ അടുത്തെത്തിയതും സത്വന്ത് സിംഗിന്റെ തോക്കിൽനിന്നുമുതിർന്ന ഉണ്ടകൾ അയാളുടെ കാലിലും തുടയിലും തുളച്ചുകയറി, നിമിഷനേരം കൊണ്ട് ആ മനുഷ്യൻ തറയിൽ വീണുപോയി.
അപ്പോഴേക്കും ഇന്ദിരയുടെ അനുചരരെല്ലാം അവിടേക്ക് ഓടിയെത്തി. വെടിയുണ്ടകളേറ്റ് അരിപ്പപോലെ ആയിരുന്ന ഇന്ദിരയുടെ ശരീരം കണ്ടു പരിഭ്രാന്തരായ അവർ പരസ്പരം എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. ഈ സമയം നമ്പർ വൺ അക്ബർ റോഡിൽ നിന്നിരുന്ന പോലീസ് ഓഫീസർ ദിനേശ് കുമാർ ഭട്ട്, ബഹളം കേട്ട് അങ്ങോട്ടോടിവന്നു.
ആ ഓഫീസറ കണ്ടതോടെ ബിയാന്ത് സിംഗും സത്വന്ത് സിംഗും തങ്ങളുടെ തോക്കുകൾ താഴെയിട്ടു. 'ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്തുകഴിഞ്ഞു, ഇനി നിങ്ങൾക്ക് ചെയ്യാനുള്ളത് നിങ്ങൾ ചെയ്‌തോ..! '
ഒട്ടും
മടിക്കാതെ നാരായൺ സിംഗ് മുന്നോട്ടുവന്ന് ബിയാന്ത് സിംഗിനെ
കീഴ്‌പ്പെടുത്തി, നിലത്തേക്ക് മറിച്ചിട്ടു. ഗാർഡ്രൂമിൽ നിന്ന് ഓടിവന്ന
ഐടിബിപി ഭടൻ സത്വന്ത് സിംഗിനെയും കീഴടക്കി. പ്രധാനമന്ത്രിയുടെ വസതിക്ക്
സമീപം സദാ ഒരു ആംബുലൻസ് തയ്യാറായി നിൽക്കുമെങ്കിലും, അന്ന് അതിന്റെ ഡ്രൈവർ
അപ്രത്യക്ഷനായിരുന്നു.
ഇന്ദിരയുടെ ഉപദേഷ്ടാവായിരുന്ന മഖൻലാൽ ഫോത്തേദാർ
ബഹളം വെച്ചു കൊണ്ട് അവിടെത്തി. ''ആരെങ്കിലും ഒരു കാറും കൊണ്ട് ഓടിവാ''
എന്ന് നിർദേശിച്ചു. വെളുത്ത ഒരു ആംബുലൻസ് കാർ വന്നു. അതിന്റെ
പിൻസീറ്റിലേക്ക് ആർ.കെ. ധവാനും സബ് ഇൻസ്‌പെക്ടർ ദിനേശ് ഭട്ടുംചേർന്ന്
ഇന്ദിരഗാന്ധിയെ കിടത്തി. മുൻ സീറ്റിൽ ധവാൻ,ഫോത്തേദാർ, ഡ്രൈവർ എന്നിവർ
ഇരുന്നു.
വണ്ടി പുറപ്പെടാൻ തുടങ്ങുമ്പോഴേക്കും ഈ ബഹളമൊക്കെകേട്ട് അകത്ത് നൈറ്റ് ഗൗണിൽ നിന്നിരുന്നസോണിയ ഗാന്ധി, ' മമ്മീ.. മമ്മീ.. ' എന്നലറിവിളിച്ചുകൊണ്ട് നഗ്‌നപാദയായി പുറത്തേക്കോടിവന്നു. കാറിനുള്ളിൽ വെടിയേറ്റുകിടന്ന ഇന്ദിരയെക്കണ്ടപ്പോൾ അതേ വേഷത്തിൽ തന്നെ സോണിയയും പിൻസീറ്റിൽ കേറി. ചോരയിൽ കുളിച്ച ഇന്ദിരയുടെ തല സോണിയ തന്റെ മടിയിലേക്ക് എടുത്തുവെച്ചു.
നാലുകിലോമീറ്റർ ദൂരം അംബാസഡറിൽ പറന്നുപോകുന്നതിനിടെ
ആരും ഒരക്ഷരം മിണ്ടിയില്ല. എഐഐഎംഎസ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും
സോണിയാ ഗാന്ധിയുടെ നൈറ്റ് ഗൗൺ ഇന്ദിരയുടെ ചോരയാൽ കുളിച്ചുകഴിഞ്ഞിരുന്നു.
ഒമ്പതര
മണിക്ക് കാർ കാഷ്വാലിറ്റിയിലെത്തി. അവിടെ ഇന്ദിരയുടെ ബ്ലഡ് ഗ്രൂപ്പായ ഒ
നെഗറ്റീവ് അവിടെ ആവശ്യത്തിന് സ്റ്റോക്കുണ്ടായിരുന്നു. എന്നാൽ, അവർ കാറിൽ
അവിടെ എത്തുന്നന്നതിനിടെ നമ്പർ വൺ സഫ്ദർജംഗ് മാർഗിലുള്ള വസതിയിൽ നിന്ന്
ആരും തന്നെ ആശുപത്രിയിൽ വിളിച്ച് ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ടെന്നോ,
കാറിൽ പ്രധാനമന്ത്രിയെ അങ്ങോട്ട് കൊണ്ടുവരുന്നുണ്ടെന്നോ ഒന്നും
പറഞ്ഞിരുന്നില്ല. എമർജൻസി വാർഡിന്റെ വാതിൽ തുറന്ന് ഇന്ദിരയെ അകത്തേക്ക്
സ്‌ട്രെച്ചറിൽ എടുക്കുന്നതിനിടെ മൂന്നുമിനിറ്റ് നഷ്ടപ്പെട്ടു. അവിടെ
ഉണ്ടായിരുന്ന സ്‌ട്രെച്ചറിൽ ഇന്ദിരയെ ആകെത്തേക്ക് കൊണ്ടുപോയി.
അതുകണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഒരുനിമിഷം സ്തംഭിച്ചുനിന്നു. അവർ ആശുപത്രിയിലെ ഏറ്റവും പരിചയസമ്പന്നനായ കാർഡിയോളജിസ്റ്റിനോട് കാര്യങ്ങൾ ഫോണിലൂടെ അറിയിച്ചു. മിനിറ്റുകൾക്കുള്ളിൽ ഡോ. ഗുലേറിയ, ഡോ. എം.എം. കപൂർ തുടങ്ങിയ വിദഗ്ധർ ഇന്ദിരക്കടുത്തെത്തി.
ഇസിജിയിൽ നേരിയ ആക്ടിവിറ്റി കാണിക്കുന്നുണ്ടായിരുന്നുവെങ്കിലും, പൾസ് കിട്ടുന്നുണ്ടായിരുന്നില്ല. കണ്ണിലെ കൃഷ്ണമണികൾ ഡൈലേറ്റ് ചെയ്തുതുടങ്ങി. ഡോക്ടർമാർ വായിലൂടെ ട്യൂബിട്ട് ശ്വാസകോശത്തിലേക്ക് നേരിട്ട് ഓക്‌സിജൻ എത്തിക്കാനും, തലച്ചോറിലേക്കുള്ള ഓക്‌സിജൻ പ്രവാഹം നിലനിർത്താനും ശ്രമിച്ചുകൊണ്ടിരുന്നു. 80 ബോട്ടിൽ രക്തമാണ് ഇന്ദിരാഗാന്ധിക്ക് ഒന്നിനുപിറകെ ഒന്നായി കയറ്റിയത്.
ഡോ. ഗുലേറിയ അതേപ്പറ്റി പിന്നീട്പറഞ്ഞത് ഇങ്ങനെയാണ്.
വെടിയേറ്റ
നിലയിൽ ഇന്ദിരാ ഗാന്ധിയെ ആദ്യം കണ്ടപ്പോൾ തന്നെ അവർ മരിക്കാൻ പോവുകയാണ്
എന്നെനിക്ക് തോന്നിയിരുന്നു. ഞാൻ ആദ്യം ഇസിജി എടുത്തു. അപ്പോഴേക്കും എല്ലാം
അവസാനിച്ചിരുന്നു. ഉടൻ അദ്ദേഹം അന്നത്തെ ആരോഗ്യമന്ത്രി ശങ്കരാനന്ദിനെ
വിളിച്ച് എന്തുചെയ്യണം എന്ന് ചോദിച്ചു. മരിച്ചതായി അറിയിക്കട്ടെ എന്ന്
ചോദിച്ചപ്പോൾ അദ്ദേഹം വേണ്ട എന്ന് പറഞ്ഞു.
ഇന്ദിരയുടെ ശരീരം ഹാർട്ട്
ലങ് മെഷീനുമായി ബന്ധിപ്പിക്കപ്പെട്ടു. മരിച്ചു എന്ന തോന്നൽ
ഡോക്ടർമാർക്കൊക്കെ ഉണ്ടായിരുന്നിട്ടും, ഇന്ദിരയെ ആശുപത്രിയുടെ എട്ടാം
നിലയിലെ ഓപ്പപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയി. ഇന്ദിരയുടെ കരളിന്റെ
വലതുഭാഗം തുളച്ചുകൊണ്ട് വെടിയുണ്ടകൾ കടന്നുപോയിരുന്നു. വൻകുടലിലും
വെടിയുണ്ടകളേറ്റ പന്ത്രണ്ട് മുറിവുകളെങ്കിലും ഉണ്ടായിരുന്നു. ചെറുകുടലിനും
കാര്യമായ ക്ഷതമേറ്റുകഴിഞ്ഞിരുന്നു. ശ്വാസകോശത്തിലും വെടിയുണ്ടകൾ
തുളച്ചുകയറിയിരുന്നു. ഒപ്പം, വാരിയെല്ലുകളും ഒടിഞ്ഞുപോയിട്ടുണ്ടായിരുന്നു.
ആകെ ഒരു അവയവം മാത്രമാണ് വെടിയുണ്ടകളേൽക്കാതെ രക്ഷപ്പെട്ടത്. അത്,
ഇന്ദിരയുടെ ഹൃദയമായിരുന്നു.
ആശുപത്രിയിൽ വെച്ച് ഇന്ദിരാ ഗാന്ധിയുടെ
മരണം സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ വൈകുന്നേരമാകും വരെ ആ വിവരം സർക്കാർ പരമ
രഹസ്യമാക്കിവെച്ചു.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു ശേഷം സിഖുകാരിൽ നിന്ന്
ഇന്ദിരാഗാന്ധിക്കു നേരെ അക്രമണമുണ്ടാകാൻ സാധ്യതയുണ്ട് എന്ന ഇന്റലിജൻസ്
റിപ്പോർട്ട് ഐബിയിൽ നിന്ന് വന്നിരുന്നു. പ്രധാനമന്ത്രിയുടെ വസതിയ്ക്കരികിൽ
ഡ്യൂട്ടിയിലുള്ള എല്ലാ സിഖ് ഭടന്മാരെയും അവിടെ നിന്ന് മാറ്റണം എന്നും അവർ
നിർദേശിച്ചിരുന്നു.
എന്നാൽ, ഇങ്ങനെയൊരു നിർദേശവുമായുള്ള ഫയൽ ഇന്ദിരയുടെ മേശപ്പുറത്ത് എത്തിയപ്പോൾ ഒരൊറ്റ ചോദ്യമാണ് ഇന്ദിര ചോദിച്ചത്,
'നമ്മൾ മതേതരത്വം ഉയർത്തിപ്പിടിക്കുന്നവല്ലേ..?
'സിഖ്
സുരക്ഷാ സൈനികരെ ഡ്യൂട്ടിയിൽ നിന്ന് നീക്കുക എന്ന നിർദേശത്തിന് ഇന്ദിര
വഴങ്ങിയില്ല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതരത്വമൂല്യങ്ങൾ
അതിലംഘിച്ചുകൊണ്ട് അങ്ങനെയൊരു വിവേചനം കാണിക്കാൻ അവർ വിസമ്മതിച്ചു.
ഇന്ദിരാജിയുടെ
മൃതദേഹം സഫ്ദർജങ് റോഡിലെ വസതിയിലും പിന്നീട് തീൻമൂർത്തിഭവനിലും
പൊതുദർശനത്തിന് വെച്ചു. വൈകുന്നേരം രാജീവ്ഗാന്ധി എത്തി. അദ്ദേഹം
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരുടെ യോഗം
വിളിച്ചുചേർത്തശേഷം പാർട്ടി ഭാരവാഹികളുടെയോഗവും രാജീവ്ഗാന്ധി
വിളിച്ചിരുന്നു. അക്രമം തടയാൻ പാർട്ടി നേതാക്കൾ ശ്രദ്ധിക്കണമെന്നാണ്
രാജീവ്ഗാന്ധി നിർദേശിച്ചത്.
കേരള നേതാക്കൾ ഡൽഹിയിലേക്ക്
അന്ന് 12 മണിയോടെയാണ് ആന്റണിയുടെ ഫോൺ വരുന്നത്. ഔദ്യോഗികമായി സ്ഥിരീകരണം വന്നില്ല എങ്കിലും ഇന്ദിരാജി നമ്മെ വിട്ടുപിരിഞ്ഞു. അത് കേട്ടതോടെ ഉച്ച കഴിഞ്ഞുള്ള വിമാനത്തിൽ ഡൽഹിക്ക് പോകാൻ കരുണാകരനും ഉമ്മൻചാണ്ടിയും തച്ചടി പ്രഭാകരനും അടിയോടിയും ഉടൻ റെഡിയായി.
വിമാനയാത്രയ്ക്കിടയിൽ ആരും ഒന്നും സംസാരിക്കുന്നില്ല.രാത്രിയാണ് ഡൽഹിയിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്നും കേരള ഹൗസിലേക്ക് കാറിൽ പോകുമ്പോൾ ജനക്ഷോഭത്തിന്റെ ലക്ഷണങ്ങൾ ഡൽഹി നഗരത്തിൽ കാണാമായിരുന്നു.
അതിരാവിലെ തന്നെ തീൻ മൂർത്തി ഭവനിൽ എത്തി ഉമ്മൻചാണ്ടിയും മറ്റു സഹയാത്രികരും. പൂക്കൾക്ക് നടുവിൽ ഐശ്വര്യമാർന്ന മുഖം കൊലയാളികൾ ഇക്കണ്ട വെടിയുണ്ടകൾ മുഴുവൻ പായിച്ചിട്ടും ആ മുഖത്തെ ഐശ്വര്യം തെല്ലും കുറഞ്ഞിരുന്നില്ല. ദുഃഖങ്ങളെല്ലാം ഉള്ളിൽ കടിച്ചമർത്തിക്കൊണ്ട് അക്ഷോഭ്യനായി നിൽക്കുകയാണ് രാജീവ് ഗാന്ധി. തൊട്ടടുത്ത് സോണിയ ഗാന്ധിയും ഉണ്ട്. രാഹുലും പ്രിയങ്കയും ശവമഞ്ചത്തോട് ഒട്ടിച്ചേർന്ന് ഇരിക്കുകയാണ്.
ഗാന്ധിജിയുടെ ശവസംസ്‌കാരച്ചടങ്ങിനുശേഷം ഡൽഹിയിൽ ഇത്രയും ജനക്കൂട്ടം ഉണ്ടായ മറ്റൊരു സംഭവമില്ല. രാജീവ്ഗാന്ധി ചിതയ്ക്ക് തീകൊളുത്തും വരെ, ആന്റണിയും കരുണാകരനും ഉമ്മൻചാണ്ടിയുമൊക്കെ ഉണ്ടായിരുന്നു. ''തീൻമൂർത്തി ഭവനിൽ പൊതുദർശനത്തിനുവെച്ച നിലയിലാണ് ഇന്ദിരാജിയുടെ മുഖം അവസാനമായി കാണുന്നത്.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1