ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിക്ക് എന്താണ് പ്രസക്തി? അംഗബലം കൊണ്ട് വലിയതോതിൽ ഇല്ല. ഏഴ് സീറ്റുകൾ മാത്രമേയുള്ളൂ അവിടെ. പക്ഷെ, രാജ്യ തലസ്ഥനത്തെ മേൽക്കൈ ഏത് പാർട്ടിക്കും അഭിമാന പ്രശ്‌നമാണ്. പ്രത്യേകിച്ച് ബി.ജെ.പിക്ക്. ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരുപോലെയാണ് മോദിയും അരവിന്ദ് കെജ്രിവാളും.
ആംആദ്മി പാർട്ടി നിയമസഭയിലേക്ക് ജയിച്ച ശേഷവും 2019ൽ ലോകസ്ഭയിൽ ഏഴ് സീറ്റും ബി.ജെ.പിയെ ജയിപ്പിച്ചവരാണ് ഡൽഹി വോട്ടർമാർ. തുടർച്ചയായി മൂന്നാം വട്ടവും ക്ലീൻ സ്വീപ് എന്ന ബി.ജെ.പിയുടെ മോഹം തകർക്കുയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇത്തവണ പതിവ് വിട്ട് ആം ആദ്മിയും കോൺഗ്രസും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി സീറ്റ് ധാരണയിൽ എത്തി. അത് ബി.ജെ.പിയെ ചെറുക്കാനുള്ള ലക്ഷ്യത്തോടെയാണ്. ധാരണ ഇങ്ങനെ: എഎപി നാല് സീറ്റിലും കോൺഗ്രസ് മൂന്നിലും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം എല്ലാ മണ്ഡലങ്ങളിലും 50%ൽ കൂടുതലായിരുന്നു. രണ്ടാം സ്ഥാനത്ത് വന്ന സ്ഥാനാർഥികൾക്ക് ഒരു മണ്ഡലത്തിലും 30% വോട്ട് പിടിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസും എഎപിയും വോട്ട് വിഭജിപ്പിച്ചപ്പോൾ ബി.ജെ.പിയുടെ ഭൂരിപക്ഷവും വലുതായി. എഎപിയും കോൺഗ്രസും ഒരുമിച്ചാലുള്ള ഇന്ത്യാമുന്നണിയേക്കാൾ വോട്ട് വിഹിതം ഓരോ മണ്ഡലത്തിലും ബി.ജെ.പിക്ക് ഉണ്ട്. സംഘബലം ശക്തികൂട്ടുമെന്നല്ലേ. ഇത്തവണ ധാരണയിലാകുമ്പോൾ ബി.ജെ.പിയുടെ സർവാധിപത്യത്തെ വീഴ്ത്താൻ പറ്റുമെന്നതാണ് ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസം.
ചാന്ദ്‌നി ചൗക്ക്, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി എന്നിവയാണ് ഡൽഹിയിലെ ലോക്‌സഭാ മണ്ഡലങ്ങൾ. അഞ്ച് മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ കോൺഗ്രസ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. രണ്ടിടത്ത് എഎപിയും. നോർത്ത് ഈസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് 60% കൂടുതലായിരുന്നു കഴിഞ്ഞകുറി വോട്ട്. തനിച്ച് മത്സരിക്കാതെ മുന്നണിയാകാം എന്ന തീരുമാനത്തിലേക്ക് എഎപിയും കോൺഗ്രസും എത്തിയത് തന്നെ ബി.ജെ.പിക്ക് ചെറുതല്ലാത്ത തലവേദനയുണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യ മുഴുവൻ മോദി-രാഹുൽ എന്നതാണ് ചിത്രമെങ്കിൽ ഡൽഹിയിൽ അങ്ങനെയല്ല. മോദി-കെജ്രിവാൾ എന്നത് മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുണ്ടായ അറസ്റ്റും 50 ദിവസത്തെ ജയിൽവാസത്തിനും ശേഷം സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യം കെജ്രിവാളിനെ ഒരു ജേതാവിനെ പോലെയാണ് പുറത്തേക്ക് എത്തിച്ചത്. അതുകൊണ്ട് അവിടത്തെ സ്റ്റാർ കാംപെയിനർ കെജ്രിവാൾ തന്നെ. മോദിക്ക് കിട്ടുന്ന ആൾക്കൂട്ടത്തേക്കാൾ വാർത്താമൂല്യം കെജ്രിവാളിന്റെ ആൾക്കൂട്ടത്തിന് മാധ്യമങ്ങളിൽ പോലും ലഭിക്കുന്നു. അത് അവഗണിക്കാൻ കഴിയാത്തതുകൊണ്ടുകൂടിയാണ്. ജയിലിൽ ആയപ്പോഴും കെജ്രിവാൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. നിലപാടുകൊണ്ട് ബി.ജെ.പിയെയും മോദിയെയും വെല്ലുവിളിച്ചു.
മോദി വികസനത്തെ കുറിച്ച് പറയുന്നു. ജയിലിനുള്ള മറുപടി വോട്ടിലൂടെ നൽകുമെന്ന് കെജ്രിവാൾ തിരിച്ചടിക്കുന്നു. അറസ്റ്റ് തന്നെ രാഷ്ട്രീയ ആയുധമാക്കിയാണ് കെജ്രിവാളിന്റെ പോരാട്ടം. ഡൽഹി മദ്യനയം സംബന്ധിച്ച കേസ് ആണ് അറസ്റ്റിന് കാരണം. കേസിന്റെ ശരിതെറ്റുകൾ ഇപ്പോൾ സുപ്രിംകോടതിയും പരിശോധിച്ചിട്ടില്ല. പക്ഷെ, തെരഞ്ഞെടുപ്പ് കാലത്ത്, ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടത് നീതീകരിക്കത്തക്കതല്ലെന്നതിൽ സുപ്രീംകോടതിക്ക് സംശയമേയുണ്ടായില്ല.
ജനാധിപത്യം പുലരണം എന്നതായിരിക്കും കോടതിയുടെ മാനദണ്ഡം. വോട്ടെടുപ്പ് കഴിഞ്ഞാൽ, ജൂൺ ഒന്നിന് കെജ്രിവാൾ ജയിലിലേക്ക് മടങ്ങും. അതും ഒരു ജേതാവിനെ പോലെ ഉത്സവാഘോഷത്തോടെയായിരിക്കും. ജാമ്യം ലഭിച്ച മെയ് 10 മുതൽ ജൂൺ ഒന്നുവരെയുള്ള കാലയളവ് കെജ്രിവാൾ ആ താരപദവി രാഷ്ട്രീയമായി നന്നായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഡൽഹിയിലെ മധ്യവർഗ മനസ്സിനെ ഒരിക്കൽ നിർണായകമായി സ്വാധീനിച്ച കെജ്രിവാളിനെ അത്രവേഗം എഴുതിത്തള്ളാൻ കഴിയില്ല.
മോദി-കെജ്രിവാൾ പോരിനിടയിൽ കോൺഗ്രസ് തമസ്‌കരിക്കപ്പെടുന്നുണ്ട്. 15 കൊല്ലം തുടർച്ചയായി ഡൽഹി ഭരിച്ച ഒരു പാർട്ടി ചിത്രത്തിൽ ഇല്ലാതെ പോകുന്നതിന്റെ സങ്കടം പാർട്ടി അണികൾക്കുമുണ്ട്. കോൺഗ്രസിനെ വെല്ലുവിളിച്ചായിരുന്നല്ലോ കെജ്രിവാളിന്റെ ഉദയവും വളർച്ചയും. സഖ്യമുണ്ടാക്കിയതിൽ കോൺഗ്രസ് നേതാക്കളിലും അണികളിലും എതിർപ്പുള്ളവർ ഉണ്ടായി. ചിലർ ബി.ജെ.പിയിലേക്ക് പ്രതിഷേധിച്ച് ചേക്കേറി. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അരവിന്ദർ സിങ് ലോവ്‌ലി തന്നെ ബി.ജെ.പിയിൽ ചേർന്നു. ഹൈക്കമാൻഡിനെ നിശിതമായി വിമർച്ചുകൊണ്ട്.
എന്നാൽ, ജൂൺ 25ന് വോട്ടെടുപ്പിലേക്ക് അടുക്കുമ്പോൾ അപസ്വരങ്ങൾ കുറയുന്നു എന്നാണ് വാർത്തകൾ. തെരഞ്ഞെടുപ്പ് റാലികൾ സംയുക്തമായി നടക്കുന്നു. അതിലേക്ക് ഇരുപാർട്ടികളുടെയും അണികൾ മടികൂടാതെയെത്തുന്നു. ബി.ജെ.പി പടർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ 'സ്‌നേഹത്തിന്റെ കട' തുറക്കാൻ എഎപി-കോൺഗ്രസ് സംഖ്യത്തിന് സാധിച്ചാൽ ഡൽഹി വ്യത്യസ്തമായ മറ്റൊരു രാഷ്ട്രീയ ചിത്രം നൽകും. അങ്ങനെ സംഭവിച്ചുകൂടാതെയില്ല. കാരണം, 2019ൽ ഏഴ് സീറ്റിലും ബി.ജെ.പി ജയിച്ച് ഒട്ടും വൈകാതെയായിരുന്നു ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ആകെയുള്ള 70 സീറ്റിൽ 62ലും ജയിച്ചാണ് കെജ്രിവാൾ വീണ്ടും മുഖ്യമന്ത്രിയായത്. കോൺഗ്രസിന് അന്ന് അക്കൗണ്ട് തുറക്കാനേ ആയില്ല.
എഎപിയുമായുള്ള ചങ്ങാത്തം ഉള്ളതുകൊണ്ടുതന്നെ പി.സി.സി അധ്യക്ഷന്റെ രാജിയെ കോൺഗ്രസ് ഗൗനിക്കുന്നേയില്ല. കനയ്യ കുമാർ, ഉദിത് രാജ്, രാജ് ബബ്ബാർ എന്നീ പാർട്ടിയുടെ മൂന്നുപേരും ജയിക്കും എന്ന് കോൺഗ്രസ് പ്രതീക്ഷകൊടുക്കുന്നു. കനയ്യ കുമാറിന്റെയും ഉദിത് രാജിന്റെയും സ്ഥാനാർത്ഥിത്വം ലോക്‌സഭ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. കോൺഗ്രസിന് ഭാവിയിൽ ഡൽഹിയിൽ സംഘടനാ പ്രതാപം തിരിച്ചുപിടിക്കണം എന്ന ആഗ്രഹം കൂടിയുണ്ട്.
ജയിച്ചാലും തോറ്റാലും അതിന്റെ കടിഞ്ഞാൺ ഈ നേതാക്കളിലേക്ക് ആയിരിക്കും. ജെഎൻയുവിലൂടെയായിരുന്നല്ലോ കനയ്യ കുമാറിന്റെ വളർച്ച. സ്വാധീന ശക്തിയായ ചെറുപ്പക്കാരനിലൂടെ ഭാവി രാഷ്ട്രീയത്തെ നിർണയിക്കാൻ കഴിയും എന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. ദളിത് ആക്ടിവിസ്റ്റ് എന്ന തലത്തിൽനിന്ന് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായ ഉദിത് രാജിൽനിന്നും ആശാവഹമായ നേട്ടമാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
ചൗക്കിദാർ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1