ആ ഒറ്റ റിപ്പോര്‍ട്ടില്‍ പ്രതിഛായയില്‍ എപ്പോഴും തിളക്കം നിലനിര്‍ത്താന്‍ പരിശ്രമിച്ചിരുന്ന മലയാള സിനിമയുടെ സത്യങ്ങളും പൊയ്മുഖങ്ങളും മറനീക്കി പുറത്തുവന്നിരിക്കുന്നു. മലയാള ചലച്ചിത്ര മേഖലയിലെ ഇരുണ്ട സത്യങ്ങളടങ്ങിയ ജസ്റ്റിസ് കെ. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കപ്പെട്ടത് നാലര വര്‍ഷത്തിലേറെ കാലമാണ്. വലിയ ചര്‍ച്ചകള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ ഇപ്പോള്‍ ഇതാ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നാള്‍വഴികള്‍..
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി റിട്ട. ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയും നടി ശാരദ, റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ബി വല്‍സല കുമാരി എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനെ 2017 ല്‍ സര്‍ക്കാര്‍ നിയോഗിക്കുന്നത്. വിവിധ സിറ്റിംഗുകളിലൂടെ ചലച്ചിത്ര മേഖലയിലെ നിരവധി പേരുടെ മൊഴികള്‍ കമ്മീഷന്‍ രേഖപ്പെടുത്തുകയും തെളിവുകള്‍ കൈമാറുകയും ചെയ്തു.
2019 ഡിസംബര്‍ 31 ന് ജസ്റ്റിസ് കെ.ഹേമ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നീടിങ്ങോട്ടുള്ള നാളുകളില്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന ആവശ്യവുമായി പലരും രംഗത്ത് വന്നെങ്കിലും ആദ്യ ഘട്ടങ്ങളില്‍ പരാജയപ്പെടുകയായിരുന്നു ഫലം. 2020 ല്‍ വിവരാവകാശ കമ്മീഷന് മുന്നില്‍ അപേക്ഷ എത്തിയെങ്കിലും അവ തള്ളി. സ്വകാര്യത സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നുവെന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞത്.
ശേഷം വിവരാവകാശ കമ്മീഷന്‍ അപ്പലേറ്റ് അതോറിറ്റിക്ക് മുന്നില്‍ അപ്പീല്‍ എത്തിയതായിരുന്നു നിര്‍ണ്ണായക ഘട്ടം. ഹര്‍ജികളില്‍ വാദം കേട്ട അപ്പലേറ്റ് അതോറിറ്റി, സ്വകാര്യത സംബന്ധിച്ച ഭാഗങ്ങള്‍ ഒഴിവാക്കി ഹേമ കമ്മീഷന്‍ റഹപ്പോര്‍ട്ട് പുറത്തുവിടാന്‍ 2024 ജൂലൈ അഞ്ചിന് ഉത്തരവിട്ടു. അതിനു ശേഷം ജൂലൈ 19 ന് ഹൈക്കോടതിയിലേക്ക് ഹര്‍ജി എത്തിയതോടെയാണ് റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ വീണ്ടും അനിശ്ചിതത്വം ഉണ്ടായത്. 2017 ല്‍ രൂപീകരിച്ച കമ്മീഷന്‍ രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍മാണം, അഭിനയം, സംവിധാനം തുടങ്ങി പ്രധാന മേഖലകളിലെ 57 പേരുമായി നേരില്‍ക്കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ജൂലൈ 24 ന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇതു തടഞ്ഞു കൊണ്ട് ഇടക്കാല സ്റ്റേ ഉത്തരവിറക്കുകയായിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പിന്നീട് ഈ മാസം 13 ന് സിംഗിള്‍ ബെഞ്ച് തള്ളുകയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവരില്‍ ഒരാളായ നടി രഞ്ജിനി അപ്പീലുമായി കഴിഞ്ഞയാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതോടെ ശനിയാഴ്ച റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ വീണ്ടും തടസം നേരിടുകയായിരുന്നു.
രഞ്ജിനിയുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2024 ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2.30യ്ക്ക് പുറത്തുവിടാന്‍ തീരുമാനമായി. അതിനിടയില്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സ്റ്റേയിലൂടെ അടിയന്തരമായി തടയണമെന്ന രഞ്ജിനിയുടെ അഭിഭാഷകന്റെ ആവശ്യം സിംഗിള്‍ ബെഞ്ചും തള്ളിയ സാഹചര്യത്തില്‍ എല്ലാ അനിശ്ചിതത്വങ്ങളും നീങ്ങുകയായിരുന്നു.
ഈ റിപ്പോര്‍ട്ടില്‍ ആശങ്ക ആര്‍ക്കൊയാകും. സിനിമയെന്ന തൊഴിലിടത്തില്‍ ലിംഗനീതിയും തൊഴില്‍ സുരക്ഷയും ആഗ്രഹിക്കുന്ന ആരുമാകില്ല റിപ്പോര്‍ട്ടിനെ ഭയക്കുന്നത്. ഹേമ കമ്മീഷനെ നിയോഗിച്ച ഘട്ടത്തിലുണ്ടായിരുന്ന നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പോലും പിന്നോട്ട് പോയെന്നാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അടക്കം വിമര്‍ശനമുന്നയിച്ചത്. മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കിയത്.
സിനിമാ മേഖലയില്‍ നിന്ന് മുന്‍നിര അഭിനേത്രിമാരടക്കം 57 പേരാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്. ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
മലയാള സിനിമാ ലോകത്ത് എന്ത് നടക്കണം, നടക്കേണ്ടായെന്നു തീരുമാനിക്കാന്‍ ചില ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 15 പേരെങ്കിലും അടങ്ങുന്ന ശക്തമായ ലോബിയാണ് മലയാള സിനിമാ ലോകത്തുള്ളതെന്നായിരുന്നു വിവരം. ഇതിലൊരാള്‍ മാത്രം തീരുമാനിച്ചാല്‍പ്പോലും അവര്‍ക്കിഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്തുനിന്ന് ഇല്ലാതാക്കാന്‍ കഴിയും. ഇതില്‍ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ തലങ്ങളിലുള്ളവരുണ്ടെന്നും ചൂഷണം നേരിട്ടവര്‍ കമ്മിറ്റിക്കു തെളിവ് നല്‍കാതിരിക്കാന്‍ ഈ ലോബി ശ്രമിച്ചുവെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി വിവിധ മാധ്യമങ്ങള്‍ 2020ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പലപ്പോഴും ചിത്രീകരണം നടക്കുന്ന സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കാറില്ല. വസ്ത്രം മാറാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ ഉള്ള സൗകര്യംപോലും പലയിടത്തുമില്ല. ഇത്തരം കാര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണം. നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്കു ചെല്ലാന്‍ പറയും. അവരോട് ലൈംഗികതാത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ. ഇതിന്റെ വാട്‌സാപ്പ് ചാറ്റ്, സ്‌ക്രീന്‍ ഷോട്ടുകള്‍, എസ്.എം.എസ് സന്ദേശങ്ങള്‍ എന്നിവയുടെ നൂറിനടുത്ത് തെളിവുകള്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം കമ്മീഷന്‍ റിപ്പോര്‍ട്ടിന് മേല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന വിമര്‍ശനവും പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കം ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും റിപ്പോര്‍ട്ട് പുറത്തുവിടുന്നതിലും ഉണ്ടായില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. അതേസമയം മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാപ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവര്‍ത്തകരുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നതെന്നും റിപ്പോര്‍ച്ച് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍
* പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല
* കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
* സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍
* വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു
*വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും
* ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം.
*സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം.
* ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്.
* വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം
* വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കും
*വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം
* സിനിമ മേഖലയില്‍ വ്യാപക ചൂഷണം
*അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം
* പൊലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്
*അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍
*സംവിധായകര്‍ക്കെതിരേയും മൊഴി
*ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം
*വിസമ്മതിച്ചാല്‍ ഭീഷണി
*നഗ്‌നതാപ്രദര്‍ശനവും വേണം
*മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം
*ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്‍മാരും
*എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍
*വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും
* പ്രൊഡക്ഷന്‍ കണ്ടട്രോളര്‍ വരെ ചൂഷകരാകുന്നു
* രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കും
* വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും
* സെറ്റില്‍ ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യമില്ലാത്തതിനാല്‍ വെള്ളം പോലും കുടിക്കാതെ പിടിച്ചു നില്‍ക്കും.
* പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി
* സിനിമയില്‍ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കില്‍ റിപ്പീറ്റ് ഷോട്ടുകള്‍ നല്‍കും. 17 തവണ വരെ ഇത്തരത്തില്‍ റിപ്പീറ്റ് ഷോട്ടുകള്‍ എടുത്ത് ബുദ്ധിമുട്ടിച്ചു
*ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു
*മലയാളസിനിമയില്‍ തമ്പ്രാന്‍വാഴ്ച നടക്കുന്നു
* സ്ത്രീകളോട് പ്രാകൃത സമീപനം
*ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു
* അവസരത്തിനായി ശരീരം ചോദിക്കുന്നു
* പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു
* തുറന്ന് പറയുന്നവര്‍ക്ക് അവസരം ഇല്ലാതാക്കി
* സിനിമാ സെറ്റില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയം
* ഫോണ്‍ വഴിയും മോശം പെരുമാറ്റം
* അല്‍പ്പ വസ്ത്രംധരിച്ചാല്‍ അവസരം, ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1