തിരുത്തൽ ഊർജ്ജം പ്രസരിപ്പിച്ച് എം.ടി നടത്തിയ പ്രസംഗത്തിനു പിന്നാലെ എം. മുകുന്ദന്റെ വാക്കുകളും വൈറലായതോടെ 'ടോട്ടൽ കൺഫ്യൂഷനി'ലായി കേരളം. പരമ്പരാഗത മാധ്യങ്ങളും നവമാധ്യമങ്ങളുമൊക്കെ അത് ഏറ്റുപിടിക്കുന്നു. വ്യത്യസ്ത വിലയിരുത്തലുകൾ അരങ്ങുതകർക്കുന്നു. ജഗതി കഥാപാത്രം പറയുന്നതുപോലെ 'അത് എന്നെക്കുറിച്ചാണ് എന്നെക്കുറിച്ചു മാത്രമാണ്' എന്നും 'അത് എന്റേതല്ല' എന്നുമൊക്കെയുള്ള കമന്റുകൾ സാധൂകരണങ്ങളോടെ സാമൂഹിക മാധ്യമങ്ങളിൽ നിരക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എം.ടി. വാസുദേവൻ നായർ പറഞ്ഞ കാര്യങ്ങൾ ആരെ ലാക്കാക്കിയാണെന്നതാണ് പ്രാഥമിക തർക്ക വിഷയം. രാഷ്ട്രീയ നേതാക്കൾ മുതൽ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ ഈ സംവാദത്തിൽ പങ്കാളികളായി.
എം.ടിയും എം. മുകുന്ദനും മലയാള സാഹിത്യരംഗത്തെ മഹാമനീഷികൾ തന്നെ. ഏറെ ആരാധകരും വായനക്കാരുമുള്ളവർ. ഒരു കാലത്ത് തിളയ്ക്കുന്ന യൗവനത്തെ പ്രകോപിപ്പിച്ചവർ. നാലുകെട്ടും മഞ്ഞും മുതൽ താൻ എഴുതിയതിലൂടെയെല്ലാം മലയാളിക്കു പ്രിയങ്കരനായി മാറിയ എം.ടിയും സാഹിത്യപുരസ്‌കാരങ്ങൾ ഏറെ നേടിയ മുകുന്ദനുമൊക്കെ മലയാളിയുടെ മനസിൽ ഇടംപിടിച്ചവരാണ്. അതുകൊണ്ടുതന്നെ സാഹിത്യരചനയ്ക്കു പുറത്ത് അവർ പറയുന്ന വാക്കുകളും ആശയങ്ങളും ആളുകളെ ആകർഷിക്കും.സാഹിത്യകാരന്മാരുടെയും സാംസ്‌കാരിക നായകരുടെയും മാധ്യമപ്രവർത്തകരുടെയുമൊക്കെ ഇരട്ടത്താപ്പും സ്തുതിപാഠക സമീപനവും ഇന്ന് ഏറെ വിമർശനവിധേയമാകുന്നുണ്ട്. എന്നിട്ടും യാതൊരു കൂസലുമില്ലാതെ വിദൂഷകവേഷം കെട്ടിയാടുന്നു പലരും. എം.ടിയെയും മുകുന്ദനെയും ടി. പത്മനാഭനെയും പോലുള്ളവരെ അക്കൂട്ടത്തിൽപ്പെടുത്താനാവില്ല. നവതി പിന്നിട്ട എം.ടിക്കും എൺപതു പിന്നിട്ട മുകുന്ദനും ഇനിയും അധികമൊന്നും നേടാനില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരെയും ഭയപ്പെടാനുമില്ല.
വിവാദ വിഷയങ്ങളിൽ വലിഞ്ഞു കയറി അഭിപ്രായപ്രകടനങ്ങളൊന്നും നടത്താത്ത ആളാണ് എം.ടി. തന്റെ സാഹിത്യസപര്യയിൽ മുഴുകിയിരുന്ന അദ്ദേഹം അപൂർവം അവസരങ്ങളിലേ സാമൂഹിക വിഷയങ്ങളെക്കുറിച്ചും പ്രത്യേകിച്ചും രാഷ്ട്രീയമാനമുള്ള കാര്യങ്ങളെക്കുറിച്ചും അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളൂ. നോട്ടു നിരോധനകാലത്തായിരുന്നു അവയിലൊന്ന്. പിന്നീടിപ്പോൾ കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എഴുതി തയാറാക്കി നടത്തിയ പ്രസംഗവും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ആ പ്രസംഗമെന്നതാണ് എം.ടിയുടെ വാക്കുകളുടെ ഗൗരവം വർധിപ്പിച്ചത്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് എങ്ങനെ നിലവിലെ നേതാക്കളിൽനിന്ന് വ്യത്യസ്തനാകുന്നുവെന്ന് എം.ടി. ചൂണ്ടിക്കാട്ടി. ഇ.എം.എസ് നേതൃപൂജകളിൽ വിശ്വസിച്ചിരുന്നില്ലെന്നും സ്വന്തം തെറ്റുകൾ അംഗീകരിക്കാൻ മനസുണ്ടായിരുന്നതിനാലാണ് അദ്ദേഹം മഹാനായ നേതാവായതെന്നും തുടർന്നു പറഞ്ഞു.
കോളിളക്കം
അധികാരപ്രമത്തതയെക്കുറിച്ചും സ്വാതന്ത്ര്യത്തെയും സർവാധിപത്യത്തെയുംകുറിച്ചു എം.ടി പറഞ്ഞ വാക്കുകൾ വലിയ കോളിളക്കമാണുണ്ടാക്കിയത്. നേതൃപൂജയ്‌ക്കെതിരേ എം.ടി ആഞ്ഞടിച്ചെന്നും അതു സംസ്ഥാനത്തെ ഭരണനേതൃത്വത്തെ ലക്ഷ്യമിട്ടാണെന്നുമൊക്ക ഒരു കൂട്ടർ വിശദീകരിച്ചു. ഏയ്, അതൊന്നുമല്ല എം.ടി പറഞ്ഞത് അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ കാര്യമെന്നായി മറ്റൊരു കൂട്ടർ. എം.ടി നേരിട്ടു വിശദീകരണത്തിനൊന്നും ഒരുങ്ങിയില്ലെങ്കിലും സാഹിത്യ നിരൂപകൻ എൻ.വി. സുധീറിലൂടെ നടത്തിയ പ്രതികരണം ആരെയാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കുന്നതായിരുന്നു. എന്നിട്ടും ആശയക്കുഴപ്പം നിലനിന്നു. ഇതിനിടെ പാർട്ടി പത്രം എം.ടിയുടെ പേരിലുള്ള ഒരു വിശദീകരണം കൊടുത്തതോടെ പിന്നെയും ആശയക്കുഴപ്പമായി.
അതിപ്പോഴും തുടരുന്നു. അതിനിടെയാണ് എം. മുകുന്ദൻ എം.ടിയുടെ വിമർശനത്തിനു ചുവടുപിടിച്ച് തുടരഭിപ്രായ പ്രകടനം നടത്തിയത്. എം.ടിയുടെ വാക്കുകൾ അലയടിച്ച കോഴിക്കോട് സാഹിത്യോത്സവം തന്നെയായിരുന്നു വേദി.
'അധികാരത്തിലിരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെനിന്ന് എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോടു പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനങ്ങൾ വരുന്നുണ്ട്.' എന്ന മുകുന്ദന്റെ വാക്കുകളാണ് അധികാരപ്രമത്തതയ്‌ക്കെതിരേയുള്ള മറ്റൊരു അസ്ത്രമായി വിശേഷിപ്പിക്കപ്പെടുന്നത്. കീരീടങ്ങൾ വാഴുന്ന കാലമാണിതെന്നും ഇതിനിടെ മനുഷ്യത്വത്തിന്റെ വില തിരിച്ചറിയണമെന്നും മുകുന്ദൻ പറഞ്ഞു.എം.ടിയും മുകുന്ദനും പറഞ്ഞത് ഒന്നുതന്നെ. അവർ ആരുടെയും പേരെടുത്തു പറഞ്ഞില്ല. അതുകൊണ്ടുതന്നെ അത് ആരെക്കുറിച്ചാണെന്നു പലർക്കും പല രീതിയിൽ പറയാനായേക്കും.
അതു ഞാനല്ലെന്നും ഞങ്ങളുടെ ആളല്ലെന്നും പറയുന്നവർക്കുതന്നെ അതേക്കുറിച്ചു നല്ല ബോധ്യമുണ്ടാവും. പക്ഷേ അങ്ങനെ പറയാൻ അവർ ബാധ്യസ്ഥരാണെന്നതും മറ്റൊരു കാര്യം. ജനാധിപത്യ വ്യവസ്ഥയിൽ വിമർശനത്തിനു വേദി ഉണ്ടാകണമെന്നും പലർക്കും സഹിഷ്ണുതയില്ലെന്നും വ്യക്തിപൂജ വേണ്ടെന്നുമൊക്കെ മുകുന്ദൻ പറഞ്ഞു. എന്തിനാണ് ചോരപ്പുഴ ഒഴുക്കുന്നതെന്നു ചോദിച്ച മുകുന്ദൻ 'ചോരയൊഴുക്കാൻ അവസരം നൽകരുതെ'ന്നും അഭിപ്രായപ്പെട്ടു. നേതൃസ്തുതികളിൽ അഭിരമിക്കുന്ന നേതാക്കൾ ഉണ്ട് എന്നു താൻ പറയുന്നില്ലെന്നും കേരള സർക്കാർ ചില നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കൂടി പറഞ്ഞു മുകുന്ദൻ മൂൻകൂർ ജാമ്യവും എടുത്തു.
ഭരണകർത്താക്കളുടെ അധികാര ദുഷിപ്പിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്നതായിരുന്നു എം.ടിയുടെ പ്രസംഗമെന്ന് അതു കേട്ടവർക്കു സംശയമേയില്ല. ഇത് പിണറായി വിജയനെ ഉദ്ദേശിച്ചുകൊണ്ടാണെന്ന് വലിയൊരു വിഭാഗം പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും മറ്റു ചിലരും അഭിപ്രായപ്പെട്ടത്. പക്ഷേ പ്രസംഗം കേട്ട പലർക്കും എം.ടി വിമർശിച്ചത് പിണറായി വിജയനെ ആണെന്നാണ് തോന്നിയത്.
ആരെ ലക്ഷ്യമാക്കി?
എം.ടി ലക്ഷ്യംവച്ചത് ആരെ? പിണറായിയെയോ അതോ മോദിയെയോ? നേതൃപൂജ വിമർശത്തിൽ ചർച്ച കൊഴുത്തത് പല കേന്ദ്രങ്ങളെയും ഹരം കൊള്ളിച്ചതും ചിലരെ അസ്വസ്ഥമാക്കിയതും കേരളം കണ്ടു. പ്രസംഗമെന്തായാലും എഴുതി തയാറാക്കിയത് എം.ടി തന്നെയാണെന്ന് സൂചിപ്പിക്കും വിധം അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് എൻ.ഇ. സുധീർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 'ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്,' കെ.എൽ.എഫ് വേദിയിലെ പ്രസംഗത്തിനുശേഷം എം.ടി തന്നോട് ഇങ്ങനെ പറഞ്ഞുവെന്നും ആ കുറിപ്പിൽ സുധീർ എഴുതി.
എം.ടിയുടെ പ്രസംഗം പിണറായിയെ തന്നെയാണുദ്ദേശിച്ചതെന്ന് ഉറപ്പിച്ച രീതിയിലുള്ള പല പ്രതികരണങ്ങൾ വേറെ കോണുകളിൽനിന്ന് ഉയർന്നിരുന്നു. അങ്ങനെ ചെയ്യാൻ എം.ടി കാണിച്ച ധൈര്യത്തെ ഇക്കൂട്ടർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. അതിലൊരാൾ ചലച്ചിത്ര നടൻ ഹരീഷ് പേരടിയാണ്. 'ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് അദ്ദേഹ'മെന്നാണ് എം.ടിയെ ഹരീഷ് പേരടി ഫേസ്ബുക്കിൽ വിശേഷിപ്പിച്ചത്.
സമാനമാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്റെയും പ്രതികരണം. സർവ്വാധികാരിയെന്ന് അഹങ്കരിക്കുന്നവരുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്കുനേർ നിന്ന് എം.ടി ചോദിച്ചുവെന്നാണ് ജോയ് മാത്യു കുറിച്ചത്.
മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരനുണ്ടെങ്കിൽ അത് എം.ടി യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇതൊക്കെ സമുന്നത നേതാവായി തുടരുന്ന പിണറായി വിജയനെതിരെ വലതുമാധ്യമങ്ങൾ കെട്ടിച്ചമക്കുന്നതാണെന്ന് ആരോപിച്ച് പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ രംഗത്തുവന്നിരുന്നു. വലതുമാധ്യമങ്ങളാണ് ഇതിനുപിന്നിലെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഒത്തിരി നാളുകൾക്കുശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനിൽനിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നതെന്നാണ് എം.ടിയുടെ പ്രസംഗത്തെപ്പറ്റി ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഫെയ്‌സ്ബുക്കിൽ കുറിച്ചത്. 'എം.ടിക്ക് നന്ദി... അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം... മൂർച്ചയുള്ള ശബ്ദം... കാതുള്ളവർ കേൾക്കട്ടെ... അധികാരം അടിച്ചമർത്താൻ ഉള്ളതല്ല... അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ...' എന്നും അദ്ദേഹം കുറിച്ചു.
മാതൃഭൂമി ദിനപത്രത്തിന്റെ 'കാകദൃഷ്ടി' എന്ന കാർട്ടൂൺ കോളത്തിൽ 'രണ്ടാമൂഴം കൊണ്ടേ പോകൂ' എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുടെ വിമർശനത്തെ അവതരിപ്പിച്ചത്. കാലത്തിന്റെ ചുവരെഴുത്താണ് എം.ടി വായിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. അധികാരം എങ്ങനെ മനുഷ്യനെ നശിപ്പിക്കുന്നുവെന്നും അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും നയിക്കുവെന്നും നാം കാണുന്നു. പ്രതിഷേധങ്ങളെ ഭയക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു. ഇതൊക്കെ കണ്ട് എം.ടിയെപ്പോലെയുള്ള ഒരാൾ പ്രതികരിച്ചതിൽ വലിയ സന്തോഷമുണ്ട്. എം.ടിയുടെ വിമർശം മുഖ്യമന്ത്രിയുടെ സ്തുതിപാഠകർ കേൾക്കണം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി അദ്ദേഹം പറഞ്ഞ മൂർച്ചയേറിയ വാക്കുകൾ ഒരുകാരണവശാലും ബധിരകർണങ്ങളിൽ പതിക്കരുതെന്നും സതീശൻ പറഞ്ഞു.
എം.ടിയുടെ വാക്കുകൾ പിണറായിക്ക് നേരെയാണെന്ന്് കോൺഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. അത് ഇ.പി. ജയരാജനും മനസിലായിട്ടുണ്ടെങ്കിലും കാര്യം പറഞ്ഞാൽ പണിപോകുമെന്ന ഭയമാണ് അദ്ദേഹത്തിനെന്നാണ് മുരളീധരൻ പ്രതികരിച്ചത്.
എന്നാൽ, ഇത് വേണ്ടാത്ത വിവാദമാണെന്നും എം.ടി. സൂചിപ്പിച്ചത് മോദിയെയാണെന്നുമുള്ള നിലപാടിൽ അടിയുറച്ച് നിൽക്കുകയാണ് ഇ.പി. അദ്ദേഹം അത് ഇന്ന് വീണ്ടും ആവർത്തിക്കുകയും ചെയ്തിരുന്നു. എം.ടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിന്റെയും സജി ചെറിയാന്റെയും പ്രതികരണം. നവകേരള സദസിലെ പിന്തുണ കണ്ട് വിറളി പിടിച്ചവർ എം.ടിയുടെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചുവെന്നും മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് മാധ്യമങ്ങൾ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്നുമാണ് സജി ചെറിയാന്റെ നിരീക്ഷണം.
വാക്കും വിവക്ഷയും
അതേസമയം, ഇ.എം.എസിനെ ഉദാഹരിച്ചുകൊണ്ടു എങ്ങനെയാണ് അധികാരം ജനക്ഷേമത്തിനു വേണ്ടി പ്രയോഗിക്കേണ്ടതെന്നാണ് എം.ടി പറഞ്ഞതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പ്രതികരിച്ചു. എം.ടിയുടെ വാക്കുകൾക്ക് അപ്പുറം ബാക്കിയെല്ലാം വിവക്ഷകളാണ്. അതിൽ നിന്ന് പലർക്കും പല അർഥങ്ങളും കണ്ടുപിടിക്കാം. ആ രീതിയിൽ കണ്ടുപിടിക്കപ്പെട്ട അർഥങ്ങളാണെന്നേ പറയാൻ പറ്റൂ.
അധികാരത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട പ്രസ്താവമായിരുന്നു നിശ്ചയമായിട്ടുമത്. അധികാരം പ്രധാനമായും പ്രയോഗിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ്, അല്ലാതെ സ്വാർഥ ലക്ഷ്യങ്ങൾക്കുവേണ്ടിയോ അവരവരുടെ അധികാരം പ്രകടിപ്പിക്കുന്നതിനുവേണ്ടിയോ അല്ലായെന്നുള്ള ഒരു പൊതുവായ അഭിപ്രായപ്രകടനമായിട്ടാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രി അവിടെ ഇരിക്കുന്നത് കൊണ്ട് ആ രീതിയിലുള്ള വ്യാഖ്യാനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്, നടത്തുന്നുണ്ട്. പക്ഷേ ആ രീതിയിൽ കാണണമെന്നില്ല.
പല രീതിയിലും അതിനെ വ്യാഖ്യാനിക്കാമായിരിക്കും. അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടോയെന്ന് എം.ടി.യോട് തന്നെ ചോദിക്കണം. ഇ.എം.എസിനെ മാതൃകയാക്കണമെന്ന് എം.ടി ഉദ്ദേശിച്ചിട്ടുണ്ട്. ഇ.എം.എസ് തീർച്ചയായും ഒരു മാതൃകയാണ്. ഒരു വിമോചന പ്രസ്ഥാനമെന്ന നിലയ്ക്കാണ് കമ്യൂണിസം വരുന്നത്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് കമ്യൂണിസം പ്രവർത്തിക്കേണ്ടത്.കമ്യൂണിസം അതിന്റെ അടിസ്ഥാന മൂല്യങ്ങൾ പുലർത്തുകയും നിലനിർത്തുകയും വേണമെന്നാണ് എം.ടി പറഞ്ഞത്. അത് ഒരു പോസിറ്റീവ് ആയാണ് അദ്ദേഹം പറഞ്ഞത്. കമ്യൂണിസ്റ്റ് മൂല്യങ്ങൾ എല്ലാക്കാലത്തും കമ്യൂണിസ്റ്റുകൾ പുലർത്തേണ്ടതുണ്ട്. എന്നാൽ അതിൽ നിന്ന് അകന്നു പോകുന്നതായി എം.ടി പറഞ്ഞിട്ടില്ല.
അമിതാധികാര പ്രയോഗത്തിനെതിരായ സാമാന്യ പ്രസ്താവം എന്ന നിലയ്ക്കാണ് അത് എടുക്കേണ്ടത്. അങ്ങനെയെങ്കിൽ അത് ഇന്ത്യയുടെ ഇന്നത്തെ സന്ദർഭത്തെയും കണക്കിലെടുക്കണം. ഇന്ത്യയിൽ ഇപ്പോൾ അങ്ങേയറ്റത്തെ അമിതാധികാര പ്രയോഗമാണ് നടക്കുന്നത്. ആ സാഹചര്യത്തിൽ എന്തുകൊണ്ടു കമ്യൂണിസ്റ്റ് മൂല്യങ്ങൾ പ്രധാനമാകുന്നു. എന്തുകൊണ്ട് യഥാർഥമായ തുല്യതയ്ക്കു വേണ്ടിയും വിമോചനത്തിനു വേണ്ടിയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രധാനമാകുന്നു? എന്തുകൊണ്ട് അത് അപചയിച്ചുകൂടാ? എന്തുകൊണ്ട് അത് നിലനിൽക്കുകയും നിലനിൽക്കുന്ന അധികാര വ്യവസ്ഥയ്‌ക്കെതിരേ പൊരുതുകയും വേണം? എന്നുള്ള പ്രസ്താവമായി വ്യാഖ്യാനിക്കാം. നമ്മൾ കേരള സന്ദർഭം മാത്രമായി ചുരുക്കേണ്ടതില്ല.
ഒരാളെയും ചൂണ്ടിപ്പറയുകയോ എടുത്തുപറയുകയോ അല്ല അദ്ദേഹം ചെയ്തതെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.എം.ടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തോന്നിയിട്ടില്ലെന്നും എം.ടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നുമാണ് സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രതികരണം. എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ല, അത് അദ്ദേഹം തന്നെ പറയണം. എം.ടിയുടെ വിമർശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാമെന്ന മറ്റൊരു സംശയവുമുണ്ട് സ്പീക്കർക്ക്. മാധ്യമങ്ങളാണ് ആദ്യം സ്വയം വിമർശനം നത്തേണ്ടത്. ഇ.എം.എസ് ജീവിച്ചിരിക്കുമ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ലെന്നും ഷംസീർ പറഞ്ഞു.ചർച്ചകളെല്ലാം ഇങ്ങനെയാണെന്നിരിക്കേ തന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ലെന്ന് എം.ടി. ദേശാഭിമാനിയോട് പ്രതികരിച്ചതായി പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 'മാധ്യമങ്ങൾ കൽപ്പിച്ച് പറയുന്ന വിവാദത്തിനും ചർച്ചയ്ക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണ് ഞാൻ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴക്കേണ്ടതില്ല,' എന്ന് എം.ടി പറഞ്ഞുവെന്നാണ് ദേശാഭിമാനിയുടെ റിപ്പോർട്ട്.
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ സാമാന്യ ജനത്തിനൊരു സന്ദേഹമുണ്ട്: എന്തുകൊണ്ട് ഇവർക്കൊക്കെ കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞുകൂടാ. ഉത്കൃഷ്ട രചനകളിലൂടെയും അഭ്രപാളികളിലെ അപൂർവ മികവുകളിലൂടെയും മലയാളിക്കു മറാക്കാനാവാത്ത പലതും സംഭാവന ചെയ്ത പഴയകാല പത്രാധിപർ കൂടിയായ എം.ടിക്കും നാലു പതിറ്റാണ്ടിലധികം ന്യൂഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ കൾച്ചറൽ അറ്റാഷെയായി ജോലി ചെയ്യുകയും മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെയും കേശവന്റെ വിലാപത്തിലൂടെയും മലയാളിയെ ഹരം പിടിപ്പിക്കുകയും ചെയ്ത എം. മുകുന്ദനും കാലത്തിന്റെയും കേരളത്തിന്റെയും സ്പന്ദനങ്ങൾ നന്നായറിയാം. സമകാലിക പ്രശ്‌നങ്ങളെക്കുറിച്ചു കാല്പനികത കൂടാതെ നടത്തുന്ന തുറന്നു പറച്ചിലുകളാവും കൂടുതൽ കരണീയം. ഇനി ഒന്നും നേടാനും നഷ്ടപ്പെടാനുമില്ലാത്ത എം.ടിക്കും മുകുന്ദനും അതു സാധിക്കുന്നില്ലെങ്കിൽ മറ്റാരാകും അതിനൊക്കെ തുനിയുക?
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1