സി.പി.എം ഒരു ധർമ്മ സങ്കടമുനമ്പിലാണ്. മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായി എ.കെ ബാലൻ അത് പരസ്യമായി തന്നെ പറഞ്ഞു. ഇങ്ങനെ:
'ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒരു ഔപചാരിക ചിഹ്നമുണ്ട്. അത് നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ വല്ല ഈനാംപേച്ചിയോ, എലിപ്പെട്ടിയോ ആയിരിക്കും ചിഹ്നം. മര്യാദയുള്ള ചിഹ്നങ്ങളൊക്കെ ഇതിനകം തന്നെ ഇലക്ഷൻ കമ്മിഷൻ മറ്റുള്ളവർക്ക് കൊടുത്തുകഴിഞ്ഞു. ചിഹ്നം സംരക്ഷിക്കണമെങ്കിൽ നിശ്ചിത ശതമാനം വോട്ടും നിശ്ചിത ശതമാനം എംപിമാരും വേണം.'
കാര്യം വളരെ ഗൗരവമുള്ളതാണെന്ന് വ്യക്തം. ദേശീയ പാർട്ടി പദവി നിലനിർത്തുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് അതി പ്രധാനമാണ്. എ.കെ ബാലൻ പ്രവർത്തകരെ പേടിപ്പിച്ചതുപോലെ, പൊടുന്നനെ ചിഹ്നം ഈനാംപേച്ചിയൊന്നും ആകില്ല. പക്ഷെ ദേശീയ പാർട്ടി പദവി തുലാസിലാണ്. ഇപ്പോൾ തന്നെ കമ്മിഷന്റെ ഔദ്യാര്യത്തിലാണ് ആ മേൽവിലാസം.
എന്താണ് അംഗീകാരത്തിന്റെ മാനദണ്ഡം:
1. ലോക്‌സഭ അല്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ പോൾ ചെയ്ത വോട്ടിന്റെ ആറ് ശതമാനമെങ്കിലും ലഭിക്കണം. മാത്രമല്ല അതിൽ കുറഞ്ഞത് നാല് ലോക്‌സഭാ അംഗങ്ങൾ ഉണ്ടാവുകയും വേണം.
2. ലോക്‌സഭാ സീറ്റുകളിൽ കുറഞ്ഞത് രണ്ട് ശതമാനം എങ്കിലും വേണം. മാത്രമല്ല, കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽനിന്നെങ്കിലും സ്ഥാനാർത്ഥികൾ ഉണ്ടാകണം.
3. നാല് സംസ്ഥാനങ്ങളിൽ എങ്കിലും ഒരു സംസ്ഥാന പാർട്ടി എന്ന അംഗീകാരം വേണം.
ഈ മൂന്ന് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിച്ചാൽ മതി. ദേശീയ പാർട്ടി അംഗീകാരം ലഭിക്കും. ഇതാണ് സി.പി.എമ്മിന്റെ മുന്നിലുള്ള വെല്ലുവിളി. ബംഗാളിലും ത്രിപുരയിലും ഉലഞ്ഞുപോയ സി.പി.എമ്മിന് ശക്തമായ വേരുള്ളത് കേരളത്തിൽ മാത്രമാണ്. നിലവിലെ ലോക്‌സഭയിൽ സി.പി.എമ്മിന് മൂന്ന് എം.പിമാരേയുള്ളൂ. തമിഴ്‌നാട്ടിൽനിന്ന് രണ്ടും കേരളത്തിൽനിന്ന് ഒന്നും.
കേരളത്തിൽനിന്ന് പരമാവധി എംപിമാരെ നേടിയെടുക്കുകയെന്ന ലക്ഷ്യം അതുകൊണ്ടുതന്നെ വളരെ പ്രധാനമായി പാർട്ടി കണക്കാക്കുന്നു. 15 മണ്ഡലങ്ങളിൽ ആണ് സി.പി.എം കേരളത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ സ്വതന്ത്രരെ സ്വതന്ത്ര ചിഹ്നനത്തിൽ ഇത്തവണ മത്സരിപ്പിക്കുന്നില്ല. കാരണം വോട്ട് ശതമാനം കൂട്ടുമ്പോൾ സ്വതന്ത്രരുടെ വോട്ട് പാർട്ടി ശതമാനക്കണക്കിൽ ഉൾപ്പെടുത്തില്ല എന്നത് തന്നെ. തമിഴ്‌നാട്ടിൽ ഡി.എം.കെ-കോൺഗ്രസ് മുന്നണിയുടെ ഭാഗമാണ് സി.പി.എം. കഴിഞ്ഞ തവണ കിട്ടിയ രണ്ട് സീറ്റ് നിലനിർത്തുക എന്നത് അവർക്ക് അനിവാര്യമാണ്.
ആദ്യഘട്ടത്തിൽ സി.പി.എം 44 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. അതിൽ കേരളത്തിലെ 15ഉം ബംഗാളിലെ 17ഉം ഉൾപ്പെടും. കൂടാതെ തമിഴ്‌നാട്, ത്രിപുര, ആന്ധ്ര പ്രദേശ്, ബിഹാർ, കർണാടകം, അസം, ജാർഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽനിന്നുകൂടി സി.പി.എം മത്സരിക്കുന്നു.
ബംഗാളിൽ സി.പി.എമ്മിന്റെ കഷ്ടകാലം അവസാനിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ ഒരു എം.പിയെ പോലും, 30 വർഷം തുടർച്ചയായി ഭരിച്ച പാർട്ടിക്ക് അവിടെ ഉണ്ടാക്കാനായില്ല. കോൺഗ്രസുമായി ധാരണയുണ്ടാക്കിയിട്ടും രക്ഷ കിട്ടിയില്ല. ഇത്തവണയും കോൺഗ്രസുമായി ധാരണയിലാണ് മത്സരം. തമിഴ്‌നാടിന് പുറമെ രാജസ്ഥാൻ, അസം, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിൽ കൂടി ഇന്ത്യാ സംഖ്യത്തിന്റെ ഭാഗമായോ മറ്റ് പാർട്ടികളുടെ പിന്തുണയോടെയോ മത്സരിക്കുന്നു.
ഇതിൽ നാല് പേരെ ജയിപ്പിക്കുകയും നാല് സംസ്ഥാനങ്ങളിൽ പോൾ ചെയ്ത വോട്ടിന്റെ ആറ് ശതമാനം നേടുകയും ചെയ്താൽ ഈനാംപേച്ചി ഭയം സി.പി.എമ്മിനെ വിട്ടൊഴിയും. അതായത് കമ്മീഷൻ നിശ്ചയിച്ച ആദ്യ മാനദണ്ഡം പാലിക്കാൻ കഴിയും. 12 എംപിമാർ ഉണ്ടെങ്കിൽ രണ്ടാമത്തെ മാനദണ്ഡമായ രണ്ട് ശതമാനം എംപിമാരുടെ ഗണത്തിൽപെടുത്തി ദേശീയ പാർട്ടി പദവി നിലനിർത്താൻ കഴിയൂ. ഇപ്പോഴത്തെ നിലയിൽ അത് സാധ്യമാകണമെങ്കിൽ കേരളത്തിൽനിന്ന് പരമാവധി ജയിക്കണം. തമിഴ്‌നാട്ടിലെ രണ്ട് പോയാലും 12 പേരെ കേരളത്തിൽ ജയിപ്പിച്ച് പാർട്ടിയുടെ അംഗീകാരം നിലനിർത്താം.
ചിഹ്നം നിലനിർത്തുക എന്നത് പ്രധാനമാണെങ്കിലും സി.പി.എമ്മും ഇടതുപാർട്ടികളും ദേശീയ തലത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ എക്കാലവും ശ്രദ്ധ നേടിയതായിരുന്നു. ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് ഇടതുപാർട്ടികൾ വഹിച്ച പങ്ക് വളരെ വലുതാണ്. അതിന് മുമ്പ് ദേവെ ഗൗഡയെ പ്രധാനമന്ത്രിയാക്കിയുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാർ രൂപീകരിക്കണതിലും ഇടതുപാർട്ടികൾക്ക് മികച്ച റോൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിലൂടെ സി.പി.എമ്മിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്നത് രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ പ്രധാനമായ ഒന്നാണ്.
ഇതുപോലെ പ്രധാനമാണ് മഹാരാഷ്ട്രയിൽ ശരദ് പാവറിന്റെയും ഉദ്ദവ് താക്കറെയുടെയും ഭാവി. രണ്ട് നേതാക്കളുടെയും പാർട്ടി നേതാക്കളെ കൈവിട്ട അവസ്ഥയിലാണ്. എന്നാൽ, ജനം തങ്ങളുടെ കൂടെയുണ്ടെന്ന് സ്ഥാപിക്കുക ഈ നേതാക്കളുടെ ആവശ്യവും. ഉദ്ദവിനെ വിട്ട് മറ്റ് എം.എൽ.മാരെയും കൊണ്ടാണ് ഏക്‌നാഥ് ഷിൻഡെ ബി.ജെ.പിക്കൊപ്പം ചേക്കേറിയത്. ഉദ്ദവിന് ഓർക്കാപ്പുറത്ത് കിട്ടിയ അടി. ബി.ജെ.പിയുമായി ഏറ്റുമുട്ടലിൽ ഉള്ള ഉദ്ദവിന് പിന്തുണ നൽകാൻ തീവ്രഹിന്ദുത്വവാദക്കാരായ ശിവസേന അണികൾ തയ്യാറാകുമോ എന്നതിന്റെ ഉത്തരമാകും ഈ തെരഞ്ഞെടുപ്പ്.
ശരത് പവാർ ദേശീയ രാഷ്ട്രീയത്തിലും മഹാരാഷ്ട്രിയിലും ഒരുപോലെ അതികായനായിരുന്നു ദീർഘകാലം. കോൺഗ്രസിൽ ആയിരുന്നപ്പോഴും പിന്നീട് സോണിയാ വിരുദ്ധ മുദ്രാവാക്യം മുഴക്കി കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിച്ചപ്പോഴും അതിൽ മാറ്റമുണ്ടായില്ല. പവാറിനോട് ഒരുവാക്ക് പോലും പറയാതെ പാതിരാത്രിയിൽ ഫഡ്‌നാവിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അജിത് പവാർ ഒരിക്കൽ ഞെട്ടിച്ചിരുന്നു. 2019ൽ അങ്ങനെ ഉപമുഖ്യമന്ത്രിയായി.
പക്ഷെ 80 മണിക്കൂർ മാത്രമായിരുന്നു അതിന്റെ ആയുസ്സ്. പിന്നീട് എൻ.സി.പിയിൽ തന്നെ തിരിച്ചുവന്നു. എങ്കിലും അജിത്തിന്റെ ചാഞ്ചാട്ടം ബി.ജെ.പി പാളയത്തിൽ തന്നെയായിരുന്നു. അതാണ് ഒരിക്കൽ കൂടി അദ്ദേഹത്തെ ബി.ജെ.പി പക്ഷത്ത് എത്തിച്ചത്. കൊണ്ടുപോകുമ്പോൾ എൻ.സി.പി പാർട്ടിയെ ഒന്നാകെ കൂടെക്കൂട്ടുകയും ചെയ്തു. ശരദ് പവാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരമിക്കൽ പ്രായത്തിലാണെന്ന് അജിത്തിന് അറിയാം. അണികളും അങ്ങനെ തന്നെ തീരുമാനിക്കുകയാണെങ്കിൽ ഈ തെരഞ്ഞെടുപ്പോടെ ശരത്പവാറിന്റെ രാഷ്ട്രീയ ജീവിതത്തിന് പൂർണ വിരാമമാകും.
ചൗക്കിദാർ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1