അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ബഹളം നടക്കുമ്പോൾ, നമ്മുടെ കൊച്ചു കേരളത്തിലെ പാലക്കാട്ട് ജനാധിപത്യം കാത്തുസൂക്ഷിക്കാനുള്ള പാതിരാജാഗ്രതയിലായിരുന്നു പോലീസ്. മൂന്നരവർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിതരണത്തിനായി കൊണ്ടുവന്ന 'കുഴൽപ്പണക്കേസ്' ഇ.ഡി.ക്ക് റിപ്പോർട്ട് ചെയ്തശേഷം പിണറായിയുടെ പോലീസ് ഇത്രയും കാലം മിണ്ടാതിരുന്നതെന്തെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. കേരളാ ഹൈക്കോടതിയിൽ 'കുഴൽപ്പണക്കേസ്' അന്വേഷണത്തിലാണെന്നു ഇ.ഡി. രേഖാമൂലം അന്ന് പറഞ്ഞുവെങ്കിലും, പിന്നീട് അതിനെക്കുറിച്ച് കേരളാസർക്കാർ ചെറുവിരലനക്കിയില്ല. ഇപ്പോൾ സി.പി.എം. ബി.ജെ.പി.ഡിലീനു തെളിവായുള്ള കുഴൽപ്പണക്കേസ്, കോൺഗ്രസ്-ബി.ജെ.പി. ധാരണയുണ്ടെന്ന മട്ടിൽ പുനർ വ്യാഖ്യാനിക്കുന്ന മന്ത്രി എം.ബി. രാജേഷിന്റെ മാധ്യമങ്ങളുടെ മുമ്പാകെയുള്ള 'മലക്കം മറിയൽ' കണ്ട് രാഷ്ട്രീയ കേരളം തന്നെ ഞെട്ടിക്കഴിഞ്ഞു.
ചോളി കെ പീച്ചേ ക്യാഹെ...
കോൺഗ്രസിന്റെ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരടക്കമുള്ളവർ താമസിക്കുന്ന പാലക്കാട്ടെ, ഹോട്ടൽ മുറികളിൽ നടത്തിയ 'പോലീസ് പരിശോധന' കേരളത്തിൽ ജനാധിപത്യത്തിന്റെ പാതിരാക്കൊലപാതകമായേ വ്യവഹരിക്കാൻ കഴിയൂ. ഷാഫി പറമ്പിലിന് ബി.ജെ.പിയുടെ ഹവാല ഏജന്റ് ധർമ്മരാജൻ 4 കോടിരൂപ നൽകിയെന്ന നുണയുടെ ബലത്തിലാണ് ഇപ്പോൾ ഇടതുമുന്നണിയുടെ പാലക്കാട്ടെ പ്രചരണം മുന്നേറുന്നത്. സീറ്റ് കിട്ടാത്ത കോൺഗ്രസുകാരെ സ്ഥാനാർത്ഥിയാക്കിയ സി.പി.എമ്മിന്റെ അടവുനയം, ഭരണമുന്നണിക്ക് ഗുണം ചെയ്യുമോയെന്ന കാര്യം സംശയമാണ്.
രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനിയാണെന്നായിരുന്നു ഇടതിന്റെ ആദ്യ ന്യായം. പാർട്ടിയിലെ അസംതൃപ്തരായവരുടെ കൊഴിഞ്ഞു പോക്ക് കൃഷ്ണദാസിന്റെ 'ഇറച്ചിക്കട, പട്ടി' തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ തടഞ്ഞുനിർത്താൻ കഴിഞ്ഞുവെന്ന് സി.പി.എം. ആശ്വസിക്കുന്നുണ്ട്. പഴയ മുത്തങ്ങാ സമരത്തിൽ ടി. ശിവദാസ മേനോന്റെ ചോര വടിച്ചെടുത്ത് സ്വന്തം ശരീരത്തിൽ പുരട്ടി മാധ്യമങ്ങൾക്കു മുമ്പിൽ പ്രച്ഛന്നവേഷം കളിച്ചയാളാണ് കൃഷ്ണദാസെന്ന് ഒരു മുഖ്യധാരാ പത്രം തന്നെ കുറ്റപ്പെടുത്തിയിരുന്നു. അറവുകാരൻ ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നതുപോലെയുള്ള ഒരു ശരീരഭാഷ പാർട്ടി വിടാൻ പോയ ഷുക്കൂറിനെ ചാനലുകൾക്കു മുമ്പിൽ ഹാജരാക്കുമ്പോൾ സഖാവിന് ഉണ്ടായിരുന്നുവെന്നതിന് അന്നത്തെ ദൃശ്യങ്ങൾ തന്നെ സാക്ഷി.
കാലുമാറി
വരുന്നവന് കിരീടം നൽകുന്ന പതിവ് രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. എന്നാൽ തലേ
ദിവസം വരെ മുഖ്യമന്ത്രിയെ തേജോവധം ചെയ്തുവന്ന ഡോ. പി.സരിൻ എന്ന
കോൺഗ്രസിന്റെ സോഷ്യൽ മീഡിയ അഡ്മിനെ ചുവപ്പുവെള്ളത്തിൽ മുക്കിയെടുത്ത
സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രം പാലക്കാട്ട് പാളിപ്പോകുമെന്നു
തന്നെയാണ് റിപ്പോർട്ടുകൾ.
പാലക്കാട് ജില്ലയിൽ ഇപ്പോൾ സി.പി.എമ്മിനെ
നിയന്ത്രിക്കുന്നവരിൽ പ്രധാനി 2023ൽ കോൺഗ്രസ് വിട്ടുവന്ന ഇ.എൻ. സുരേഷ്
ബാബുവാണ്. ഈയിടെ ജില്ലാ നേതൃത്വത്തിനെതിരെയുള്ള യോഗത്തിൽ പാർട്ടിയുടെ 37
ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരിൽ 28 പേരും പങ്കെടുത്തതായി
റിപ്പോർട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിക്ക് വഴങ്ങിയും ജില്ലാ നേതൃത്വത്തിന് വഴങ്ങാതെയുമുള്ള ഒരു തന്ത്രമാണ് ഇവിടെ പാർട്ടി വിമതർ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുമൂലം കൊഴിഞ്ഞാമ്പാറ 2ലെ ലോക്കൽ സമ്മേളനം മൂന്നു തവണയാണ് മാറ്റിവച്ചത്. പാർട്ടിയുടെ പ്രാദേശികഘടകം ചാണകവെള്ളം തളിച്ച് പുറത്താക്കിയ ഒരു നേതാവ് ഇപ്പോഴും ഭരണത്തിലെ ഒരു മുഖ്യസ്ഥാനത്തുള്ളതും പാലക്കാട്ടെ സി.പി.എം. കാരെ വിറളിപിടിപ്പിക്കുന്നു. ഈ നേതാവ് 'ചോളീ കെ പീച്ചേ ക്യാഹേ' എന്ന പാട്ടിന്റെ അകമ്പടിയോടെ, ഒരു വനിതാ നേതാവിനെ അപമാനിച്ചുവെന്ന ആരോപണം പാർട്ടി അന്വേഷണത്തിൽ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും, മുഖ്യന്റെ തണലിൽ ആ നേതാവ് തലസ്ഥാനത്ത് സർക്കാർ ബോർഡ് വച്ച കാറിൽ സഞ്ചരിക്കുന്നത് പാർട്ടിയിലെ നിഷ്പക്ഷരെ ചൊടിപ്പിച്ചിട്ടുമുണ്ട്.
വടി വിഴുങ്ങിയ വൈരുദ്ധ്യങ്ങൾ
ദേശീയതലത്തിൽ സി.പി.എം. കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിലാണ്. കേരളത്തിലാകട്ടെ സി.പി.എമ്മും കോൺഗ്രസും എതിർ ചേരിയിലാണ്. 'ഇന്ത്യാ രാജ്യം' വിസ്തൃതമായ ഒരു ക്യാൻവാസായതുകൊണ്ട് ഈ വൈരുധ്യം ജനങ്ങൾ സഹിക്കും. എന്നാൽ കേരളത്തിലെ സി.പി.എം.ന്റെ ജില്ലാ നേതൃത്വങ്ങൾ തന്നെ പരസ്പരം പോരാടിയാലോ? ജനങ്ങളെകൊണ്ട് വടി വിഴുങ്ങിക്കുന്ന ഒരു നാറിയ ഏർപ്പാടായേ പലരും അതിനെ കാണുകയുള്ളൂ. എസ്.എഫ്.ഐക്കാർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സിദ്ധാർത്ഥന്റെ പിതാവിന് മുഖ്യമന്ത്രി വാക്ക് നൽകിയിരുന്നു. ആ പാവത്തിന്റെ കൊലയാളികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിദ്ധാർത്ഥന്റെ അമ്മ ഈയിടെ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുമ്പിൽ
സമരത്തിനെത്തിയിരുന്നു. ആ പാവം സ്ത്രീയുടെ കണ്ണുനീരു കാണാൻ മുഖ്യധാരാ മാധ്യമങ്ങൾ മടിച്ചു നിൽക്കുകയാണുണ്ടായത്. മകനെ നഷ്ടപ്പെട്ട സിദ്ധാർത്ഥന്റെ അമ്മയുടെ അതേ ക്യൂവിലാണ് കോന്നിയിലെ മഞ്ജുഷ എന്ന വീട്ടമ്മയും നീതിക്കുവേണ്ടി യാചനയോടെ സർക്കാരിനു മുമ്പിൽ നിൽക്കുന്നത്. എന്നാൽ പത്തനംതിട്ടയിലെ ജില്ലാ സെക്രട്ടറി മഞ്ജുഷയെ സാന്ത്വനിപ്പിക്കാൻ അവരുടെ വീട്ടിൽ ഓടിയെത്തുമ്പോൾ, കണ്ണൂരിലെ ജില്ലാ നേതൃത്വമാകട്ടെ ദിവ്യയ്‌ക്കെതിരെ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന പരാതിയുയരുന്നു.
ദിവ്യയുടെ ജാമ്യ ഹർജിയെ ചൊവ്വാഴ്ച പ്രോസിക്യൂഷൻ എതിർത്തുവെങ്കിലും, അവർക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാക്കുറ്റം കൂടുതൽ ബലപ്പെടുത്താൻ തയ്യാറായില്ലെന്ന് മഞ്ജുഷക്കുവേണ്ടി വാദിക്കുന്ന ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ റാൽഫ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ചെങ്ങളായിയിലെ നിർദ്ദിഷ്ട പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രശാന്തന്റെ പേര് പറയാനോ, അയാളുടെ നവീൻ ബാബുവിനെതിരെയുള്ള അഴിമതിയാരോപണം കോടതിയിൽ പരാമർശിക്കാനോ പ്രോസിക്യൂഷൻ സന്നദ്ധരാകാത്തത് എന്തുകൊണ്ടാണാവോ? ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കൽ കോളേജിലെ ജോലിക്കാരനായ പ്രശാന്തിന് കോടികൾ മുടക്കേണ്ട പെട്രോൾ പമ്പിന് അപേക്ഷിക്കാനുള്ള മുതൽ മുടക്ക് എവിടെ നിന്നാണെന്ന ചോദ്യവും കണ്ണൂരിലെ ചില സഖാക്കളുടെ ചുണ്ടിലുണ്ട്.
കളക്ടർ കള്ളം പറയുന്നുണ്ടോ?
കണ്ണൂർ കളക്ടറും പൊതു സമൂഹത്തിന്റെ മുമ്പിൽ ഇപ്പോൾ അത്ര പുണ്യവാളനൊന്നുമല്ല. നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം ബന്ധുക്കൾ എത്തുന്നതിനുമുമ്പ് നടത്താൻ കളക്ടർ ഉത്തരവ് നൽകിയത് സംശയമുയർത്തിയതായി കളക്‌ട്രേറ്റിലെ ഉദ്യോഗസ്ഥർക്കു തന്നെ അഭിപ്രായമുണ്ട്. മാത്രമല്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച (ഒക്‌ടോ.5) വരെ നവീൻബാബുവിന്റെ വീട്ടുകാർക്ക് നൽകാതെ അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നതെന്തുകൊണ്ട് ?
നവീൻബാബു റെയിൽവേസ്റ്റേഷനിലേയ്‌ക്കോ, പുറത്തേയ്‌ക്കോ പോയതിന്റെ സിസിടിവി ഫുട്ടേജുകൾ കസ്റ്റഡിയിലെടുക്കാൻ പോലീസിന് ഉത്തരവ് നൽകാനും കളക്ടർ തയ്യാറാകാത്തത് ആരെയോ സംരക്ഷിക്കാനല്ലേ എന്ന ചോദ്യവും ഉയരുന്നു. ഒക്‌ടോബർ 4ന് റിലീവ് ചെയ്യാനിരുന്ന ഏ.ഡി.എമ്മിനെ കളക്ടർ തടഞ്ഞുവച്ചത് എന്തിനുവേണ്ടിയായിരുന്നു? യാത്രയയപ്പ് വേണ്ടെന്നു പറഞ്ഞ നവീൻ ബാബുവിന് യാത്രയയപ്പ് നൽകിയേ തീരുവെന്നു മാത്രമല്ല, രാവിലെ നടത്താനിരുന്ന യാത്രയയപ്പ് ആർക്കോ വേണ്ടി ഉച്ചകഴിഞ്ഞ നേരത്താക്കിയതും കളക്ടറായിരുന്നു. എന്തിനായിരുന്നു ഇതെല്ലാമെന്ന ചോദ്യങ്ങൾ നവമാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു.
ദിവ്യയുടെ സ്റ്റേജിലെ പ്രകടനം കണ്ട് ചിരിയടക്കാൻ പാടുപെടുന്ന കളക്ടറുടെ 'വെള്ളവും ചായയും' കുടിച്ചിരിക്കുന്ന ആ ഇരിപ്പ് എന്തെല്ലാമോ സൂചനകൾ നൽകുന്നില്ലേ? ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരുടെ സംഘടന കളക്ടറെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കരുതേയെന്ന അഭ്യർത്ഥന നടത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, സെക്രട്ടറിയേറ്റിനു മുമ്പിൽ ഒരു പറ്റം ജീവനക്കാർ 'പിച്ചച്ചട്ടിയെടുത്ത്' മറിയക്കുട്ടിച്ചേടത്തിയെ പോലെ സമരം തുടങ്ങിക്കഴിഞ്ഞു.
ഭരണാനുകൂലികളായ ജീവനക്കാരുടെ സംഘടനയിൽപെട്ടവർ അനൗദ്യോഗികമായി സർക്കാരിനെ വിമർശിച്ചു തുടങ്ങിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ അനൗദ്യോഗികമായ ഒത്തുചേരൽ പാടില്ലെന്ന സർക്കാർ കൽപ്പനയ്ക്കു പിന്നിൽ ഈ കൂട്ടായ്മകളെ നിയന്ത്രിക്കാനുള്ള നീക്കമാണുള്ളത്. കേരളത്തിന്റെ പൊതു കടം ഇപ്പോൾ 4.14 ലക്ഷം കോടിയാണ്. ഇന്നലെ (ചൊവ്വ) ശമ്പളവും പെൻഷനും നൽകാൻ സർക്കാർ 1000 കോടി രൂപ കൂടി പൊതു വിപണിയിൽ നിന്ന് കടമെടുത്തു കഴിഞ്ഞു.
കടംവാങ്ങി, വാങ്ങി ഇതെങ്ങോട്ട് എന്ന ചോദ്യം സർക്കാർ ജോലിക്കാരുടെ ഉള്ളിലും മുഴങ്ങി തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന കായിക മേളയുടെ നടത്തിപ്പിനും പിച്ചച്ചട്ടിയുമായി സംഘാടക സമിതി രംഗത്തുണ്ട്. 10 കോടി രൂപ ചെലവ് വരുന്ന കായിക മേളയ്ക്ക് വിദ്യാർത്ഥികളിൽ നിന്നു പിരിച്ച 2 കോടി രൂപ മാത്രമേ ഇപ്പോൾ സംഘാടകരുടെ കൈവശമുള്ളൂ.
കാവിനിറത്തിലുമുണ്ടോ സിൽവർലൈൻ?
പാലക്കാട്ടെ കെ.പി.എം. റീജൻസി ഹോട്ടലിലാണ് കേരളാ പോലീസ് പാതിരാ പരിശോധനയ്‌ക്കെത്തിയതെങ്കിലും, അവിടെ താമസിക്കുന്ന പി.കെ. ശ്രീമതി ടീച്ചറുടെ മുറി പരിശോധിക്കുകയുണ്ടായില്ല. കൊടകര കുഴൽപ്പണകേസിൽ മൂന്ന് വർഷം മുമ്പ് ഒരു അന്വേഷണോദ്യോഗസ്ഥൻ കേന്ദ്ര ഏജൻസിക്ക് നൽകിയ കത്ത് ഇപ്പോൾ പുറത്തുവന്നതിനു പിന്നിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള എസ്.എഫ്.ഐ.ഒ.യുടെ തുടർനടപടികളെ ചെറുക്കലാണെന്ന് നവമാധ്യമങ്ങൾ പറയുന്നുണ്ട്. മാത്രമല്ല, യു.ഡി.എഫും ബി.ജെ.പി. സംസ്ഥാന ഘടകവും എതിർക്കുന്ന സിൽവർ ലൈൻ പദ്ധതി ഈ തെരഞ്ഞെടുപ്പ് നാളുകളിൽ ട്രാക്ക് മാറ്റിയാൽ നടപ്പാക്കുമെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നിലും എന്തോ ദുരൂഹതയുണ്ട്. റെയിൽവേയുടെ കൈവശമുള്ള ഭൂമിയിലൂടെ, ബ്രോഡ്‌ഗേജാക്കി രൂപാന്തരം പ്രാപിക്കുന്ന സിൽവർലൈൻ സംബന്ധിച്ച വിശദീകരണങ്ങൾ ഇനിയും വരേണ്ടതുണ്ട്.
പക്ഷെ നാടാകെ നാട്ടിയ മഞ്ഞക്കുറ്റികളും അതിനായി ചെലവഴിച്ച കോടികളും അങ്ങനെയങ്ങ് മറക്കാനാകുമോ? ഇതു സംബന്ധിച്ച കേസുകളിൽ ഇപ്പോഴും കോടതി കയറി ഇറങ്ങുന്നവരുടെ 'ശാപം' ഭരിക്കുന്നവരുടെ മേൽ വീഴില്ലേ? വികസനത്തിന്റെ ആസനം ചെന്നിരിക്കുന്നത് കുത്തകകളുടെ കസേരകളിലാകയാൽ, ഇവിടെ ന്യായാന്യായങ്ങൾക്ക് എന്ത് പ്രസക്തി അല്ലേ
ആന്റണി ചടയമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1