ഭരതൻ ഭരിക്കുന്ന ഭരണക്രമത്തെ എന്തു വിളിക്കാം എന്നാണെങ്കിൽ, കൂടുതൽ നല്ല ഒരു പേര് കണ്ടുകിട്ടുംവരെ നമുക്ക് അതിനെ 'ചെരിപ്പോക്രസി' എന്ന് വേണമെങ്കിൽ വിളിക്കാവുന്നതാണ്.
എക്കാലത്തേക്കും സാധ്യമായ മാതൃകാമനുഷ്യരെ അവതരിപ്പിക്കുന്നു രാമായണം. ഭാര്യ, ഭർത്താവ്, അമ്മ, അച്ഛൻ, സഹോദരൻ, സ്‌നേഹിതൻ, ഭക്തൻ, ഗ്യരു, യോദ്ധാവ്, രാജാവ്.... ഓരോ വിഭാഗത്തിലും സൽഗുണ സമ്പന്നർ ഒട്ടേറെയുണ്ട്. പക്ഷേ, മിക്ക ഇനത്തിലും ഉള്ളതിൽ അത്യുത്തമം ഏത് എന്ന് കണ്ടുപിടിക്കാൻ നമുക്ക് വിഷമമില്ല.
എന്നാൽ രാമായണത്തിൽ അവതരിപ്പിക്കപ്പെടുന്ന ഏറ്റവും നല്ല ഭരണം ആരുടെയായിരുന്നു എന്ന് സൂക്ഷ്മമായി ആലോചിച്ചു നോക്കിയിട്ടുണ്ടോ? പ്രത്യക്ഷത്തിൽ സർവ്വാത്മനാ പുകൾ പെറ്റത് രാമരാജ്യം തന്നെ. സർവ്വേശ്വരനേക്കാൾ നന്നായി ഭരിക്കാൻ ആർക്ക് സാധിക്കും!
ഉവ്വ്,ചിലർക്ക് ചിലപ്പോൾ കഴിയും എന്നാണ് പക്ഷേ, എല്ലാ രാമായണ മഹാകവികളും പറയാതെ പറയുന്നത്. ദൈവം തന്നെ അവതരിച്ചാലും 'മർത്യജന്മംകൊണ്ട് വിസ്മൃതനായ് വരും' എന്ന മുൻകൂർ ജാമ്യം തുഞ്ചത്തെഴുത്തച്ഛൻ പ്രത്യേകമായി എടുക്കുന്നുമുണ്ട്. ഈശ്വരൻതന്നെ വന്ന് അവതരിച്ചതായാലും ശരി, മാനുഷികചാപല്യങ്ങളെ ഇവിടെ വെച്ചുതന്നെ അതിജീവിച്ചിരിക്കണം, ഒരു നല്ല ഭരണകർത്താവ്!
അധികാരത്തിന്റെ എല്ലാ പ്രലോഭനങ്ങളെയും പൂർണ്ണമായും അതിജീവിച്ച ഒരാളേ ഈ ഇതിഹാസത്തിൽ ആകെ ഉള്ളൂ: ഭരതൻ. അതിനാലാണല്ലൊ ഈ ഭൂഖണ്ഡം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നത്. ഒരു ഭരണാധികാരി എന്ന നിലയിൽ പരമവിശുദ്ധിയുടെ പ്രകാശഗോപുരമാണ് അദ്ദേഹം.
ജ്ഞാനകർമ്മയോഗങ്ങളുടെ നിരന്തര സാധനയാൽ അറിവും കഴിവും നൂറു മേനി വിളഞ്ഞ ക്ഷേത്രം. സാക്ഷാൽ ധർമ്മക്ഷേത്രം! അങ്ങനെ ഒരാൾ ഭരിക്കുമ്പോഴത്തെ യോഗക്ഷേമങ്ങൾവേറെ ആർക്കും നൽകാൻ ആവില്ല എന്നാണ് ആർഷമതം, സാക്ഷാൽ ഈശ്വരാവതാരത്തിനുപോലും!
അങ്ങനെ ഒരു ഭരണക്രമത്തെ എന്തു വിളിക്കാം എന്നാണെങ്കിൽ, കൂടുതൽ നല്ല ഒരു പേര് കണ്ടുകിട്ടുംവരെ നമുക്ക് അതിനെ ('കോക്രോച്ച്' ശൈലിയിൽ) 'ചെരിപ്പോക്രസി' എന്ന് വിളിച്ചാലോ! അതായത് പരമകാരുണികനും നീതിമാനുമായ ദൈവത്തിന്റെ പാദുകങ്ങൾ സിംഹാസനത്തിൽ ഇരിക്കുന്ന കാലത്തെപൊറുതി.
ഭരതൻ പരമാധികാരമായി പ്രതിഷ്ഠിച്ചത് ആ സങ്കൽത്തെയാണല്ലോ. എന്നിട്ട്, അതിന്റെ വെറുമൊരു സേവകനായി തന്റെ സ്വന്തം സുഖങ്ങൾ എല്ലാം ഉപേക്ഷിച്ച് ഭൂമിയിൽ ഇന്നേവരെ ഉണ്ടായ ഏറ്റവും നല്ല ഭരണം കാഴ്ച വെച്ചു.
മറിച്ച്, രാമഭരണകാലത്ത് നിരപരാധിയായ ഗർഭിണിയെ, അത് സ്വന്തം ധർമ്മപത്രി ആയിരുന്നിട്ടുപോലും, കാട്ടിൽ കൊണ്ടുപോയി തള്ളുക വരെ ഉണ്ടായില്ലേ? അതും, എന്തു കുറ്റത്തിനെന്ന് അവരെ അറിയിക്കുകപോലും ചെയ്യാതെ! സാക്ഷാൽ രാജ്പത്‌നിപോലും ഇത്തരം ക്രൂരമായ അനീതിക്ക് ഇരയാകാം എങ്കിൽ പിന്നെ അവിടെമറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ!
സ്വന്തം ജീവിതം ത്യജിച്ച് രാജ്യഭാരം ഏറ്റെടുക്കാൻ മാത്രമല്ല തന്റെ അമ്മ ചെയ്ത തെറ്റിന് വേണ്ടത്ര പരിഹാരം ചെയ്തു കഴിഞ്ഞപ്പോൾ തന്റെ അധികാരം നിമിഷം വെച്ച് ഒഴിഞ്ഞു കൊടുക്കാനും ഭരതൻ തയ്യാറായി. പതിനാലു വർഷം നീണ്ട അധികാരത്തിന്റെ ആലശീലങ്ങൾ(ഹാങ്ങോവർ) ഒരു തരത്തിലും അദ്ദേഹത്തെ ബാധിച്ചില്ല എന്നർത്ഥം!
എന്റെ ചെറിയ അറിവിൽ ഇങ്ങനെ ഒരു ഇതിഹാസപാഠം ലോകത്ത് വേറെ എങ്ങും ഇല്ല. അധികാരത്തിന്റെ എച്ചിലിൽ വെറുമൊരു വറ്റിനു വേണ്ടി എന്ത് മഹാപാതകവും ചെയ്യാൻ തയ്യാറുള്ള കുഞ്ചിരാമന്മാരുടെ ഈ കാലത്ത് വേറെ ഏത് ഇതിഹാസം വായിച്ചാൽ പഠിഞ്ഞു കിട്ടും
ഇങ്ങനെ ഒരു പാഠം! പക്ഷേ, വായിച്ചാലേ പഠിയൂ! അല്ലാതെ, ചാറ്റ് ജിപിടിയിൽ ഏതാനും വരികളിൽ ഒരു രാമായണം (എഐ) ഭാഗം കാണാതെ പഠിച്ച് എത്ര തവണ എത്ര ഉറക്കെ അലറിയാലും കാര്യമൊന്നുമില്ല!
ഒരു ഭരണകർത്താവ് ജനിക്കുന്നത് ഈശ്വരനായിട്ടോ മനുഷ്യനായിട്ടോ ആകട്ടെ, ലൗകിക പ്രലോഭനങ്ങളെ അതിജീവിക്കാൻ ഇവിടെവെച്ചുതന്നെ പഠിക്കണം എന്ന് 'ബുധന്മാരുടെ മതം'!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
