ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണവും വികസനവും ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുകയാണ്. പത്ത് വര്‍ഷത്തേക്കാണ് ചുമതല ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. ഇനി ടെഹ്റാനില്‍ കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും ഇറാന്‍ ഗതാഗതമന്ത്രി മെഹ്ര്‍ദാദ് ബസര്‍പാഷിന്റെയും സാന്നിദ്ധ്യത്തില്‍ ഇന്ത്യ പോര്‍ട്ട്സ് ഗ്‌ളോബലും ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനും ചേര്‍ന്ന് കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവച്ചു.
ചബഹാര്‍ തുറമുഖം ഇറാന്റെ ദക്ഷിണ തീരത്തെ സിസ്ഥാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ചബഹാറില്‍ രണ്ട് തുറമുഖങ്ങളാണ് ഉള്ളത്. ഷാഹിദ് കലന്താരി തുറമുഖവും ഷാഹിദ്-ബെഹെസ്തി തുറമുഖവും. ഇതില്‍ ഷാഹിദ് ബെഹെസ്തി തുറമുഖമാണ് കരാര്‍ പ്രകാരം പത്ത് വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് ലഭിക്കുക. മധ്യേഷ്യയിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള ചരക്ക് ഗതാഗതത്തിന് പാകിസ്ഥാനെയും ചൈനയെയും മറികടന്ന് ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടാന്‍ ഈ കരാര്‍ വഴിയൊരുക്കുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
ഇതുവരെ മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഇന്ത്യയില്‍ നിന്ന് ചരക്കുകള്‍ എത്തിക്കാന്‍ കൂടുതലും ആശ്രയിച്ചിരുന്നത് പാകിസ്ഥാനിലൂടെ കടന്നുപോകുന്ന റോഡായിരുന്നു. അതിന് പാകിസ്ഥാന്റെ അനുമതി ആവശ്യമായിരുന്നു. പലപ്പോഴും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമാകുന്ന ഘട്ടങ്ങളില്‍ ഈ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇനി അതിന്റെ ആവശ്യമില്ല എന്നതാണ് ഈ തുറമുഖം ലഭിച്ചതിന്റെ ഏറ്റവും തന്ത്രപ്രധാനമായ പ്രാധാന്യം.
ഇന്ത്യയുടെ അന്താരാഷ്ട്ര നോര്‍ത്ത് - സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോറായി ചബഹാര്‍ തുറമുഖം മാറും. ഇവിടെ നിന്ന് ചരക്കുകള്‍ കടല്‍, റെയില്‍, റോഡ് മാര്‍ഗം ഇറാന്‍, റഷ്യ, മദ്ധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനാകും. കരമാര്‍ഗം സാധനങ്ങള്‍ കൊണ്ടുപോകുന്ന ചെലവ് കപ്പല്‍ മാര്‍ഗമാകുമ്പോള്‍ ഏതാണ്ട് അറുപതു ശതമാനത്തോളം കുറയും. ചരക്കുകടത്തിന് വേണ്ടിവരുന്ന സമയത്തിന്റെ കാര്യത്തിലും അമ്പതു ശതമാനം കുറവുണ്ടാകും.
2003-ലായിരുന്നു ഈ തുറമുഖം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആദ്യം തുടങ്ങിയത്. പിന്നീട് പല കാര്യങ്ങളിലും ഒത്തുതീര്‍പ്പുണ്ടാകാതെ വന്നതിനാല്‍ നീണ്ടുപോയി. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച കരാറുകളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ചബഹാര്‍ തുറമുഖം ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്. അതേസമയം കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ അമേരിക്ക സുഖകരമല്ലാത്ത രീതിയിലാണ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുമായി കരാര്‍ ഒപ്പുവയ്ക്കുന്നവര്‍ക്കും ഉപരോധം ഉണ്ടായേക്കാമെന്ന് ഓര്‍മ്മ വേണമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി വക്താവ് പറഞ്ഞത്. പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയാലും ഇറാന് അവശ്യസാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് മറ്റൊരു രാജ്യത്തിന്റെയും അനുമതി കൂടാതെ എത്തിക്കാന്‍ ചബഹാര്‍ തുറമുഖം വഴി കഴിയും.
അമേരിക്കയ്ക്ക് അത്ര സുഖമുള്ള കാര്യമല്ല ഇത്. അതാണ് യു.എസിന്റെ പ്രതികരിച്ചതിന്റെ അടിസ്ഥാനം. മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ ചരക്കുനീക്കം പതിന്മടങ്ങ് വര്‍ധിക്കാനും ചബഹാര്‍ തുറമുഖം വഴിയൊരുക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. പാകിസ്ഥാനിലെ ഗ്വാദര്‍, ശ്രീലങ്കയിലെ ഹാംബന്‍തോട്ട തുറമുഖങ്ങളുടെ നിയന്ത്രണം ചൈനയ്ക്കാണ്. വ്യാപാര ആവശ്യത്തിനാണ് കരാറെങ്കിലും ചൈനീസ് ചാരക്കപ്പലുകള്‍ ഈ തുറമുഖങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങള്‍ നിരീക്ഷിക്കുക പതിവാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1