ആഹ്‌ളാദാഭിമാന നിറവോടെ തൃശൂരിൽ ബിജെപിക്ക് 'അക്കൗണ്ട് ' തുറക്കാനായതിനാൽ തിരുവോണത്തിന് മുമ്പുതന്നെ കേന്ദ്ര ബജറ്റിലൂടെ കേരളത്തിലേക്ക് ഐശ്വര്യ ശോഭ പ്രസരിക്കുമെന്ന പ്രതീക്ഷ അടിമുടി പാളിയപ്പോൾ ഏറ്റവും അങ്കലാപ്പിലായിരിക്കുന്നത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്നെ. ധനമന്ത്രി നിർമ്മല സീതാരാമൻ കേരളത്തെ പാടേ മറന്നതെന്തെന്ന ചോദ്യത്തിനു മറുപടി നൽകാനുള്ള മുഖ്യ ബാധ്യത ഫലത്തിൽ അദ്ദേഹത്തിന്റെ ചുമലിലായി.
എയിംസ് കേരളത്തിൽ കൊണ്ടുവരുമെന്നതുൾപ്പെടെ സുരേഷ് ഗോപി മുന്നേ നടത്തിയ അവകാശവാദങ്ങൾ ദിശ നഷ്ടമായ സ്ഥിതിയിലായിരിക്കുന്നു.' നാക്കിന് ബ്രേക്കില്ലാത്ത അദ്ദേഹം എന്തെങ്കിലുമൊക്കെ വിട്ടു പറയുമോ എന്ന ഭയം പാർട്ടിയിൽ പലർക്കുമുണ്ട്. സ്വയം നിയന്ത്രണം വേണമെന്ന് സുരേഷ് ഗോപിയോട് പറയാനുള്ള തലയെടുപ്പ് കേരളത്തിൽ ആർക്കുമില്ലെന്ന പ്രശ്‌നവുമുണ്ട് ' സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.
'ഒ.രാജഗോപാൽ റെയിൽവേ സഹമന്ത്രിയായതിന്റെ ഗുണം കേരളത്തിനു ലഭിച്ച കാര്യം സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ രണ്ടു മന്ത്രിമാർ ഉണ്ടായിട്ടും എന്തു നേട്ടം സംസ്ഥാനത്തിനുണ്ടായെന്ന ചോദ്യം ഉയരുക സ്വാഭാവികം. '
മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിന്റെ പരമ ലക്ഷ്യം, സർക്കാരിനെ താങ്ങിനിർത്തുന്ന പാർട്ടികളെ തൃപ്തിപ്പെടുത്തുകയെന്നതാണെന്നു വ്യക്തം. എൻ.ഡി.എ സഖ്യകക്ഷിയായതെലുഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു ഭരിക്കുന്ന ആന്ധ്രാപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് ഭരിക്കുന്ന ബിഹാറിൽ ദേശീയപാത വികസനത്തിന് 26,000 കോടി രൂപയും കേന്ദ്ര ബജറ്റിൽ അനുവദിച്ചു. എന്നാൽ കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടുന്നു യു.ഡി.എഫും എൽ.ഡി.എഫും.
എൻ.ഡി.എ ഇതര പാർട്ടികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങൾക്കും അവഗണനയെപ്പറ്റി പരാതിയുണ്ടന്നാണ് സൂചന. മോദിയുടെ രാഷ്ട്രീയ പാപ്പരത്തം വെളിവാക്കുന്നതാണ് ബജറ്റെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചിരുന്നു. രണ്ട് സഹമന്ത്രിമാർ സംസ്ഥാനത്തുനിന്നുള്ള സാഹചര്യത്തിൽ ടൂറിസം, റെയിൽവേ രംഗങ്ങളിൽ വലിയ പ്രതീക്ഷകൾ കേരളത്തിനുണ്ടായിരുന്നത് സ്വാഭാവികം.
ബിഹാറിൽ പട്‌ന പൂർണിയ, ബക്‌സർ ബദൽപുർ, ബോധ്ഗയ വൈശാലി എന്നീ മൂന്ന് എക്‌സ്പ്രസ് വേകളും ഗംഗാനദിക്ക് കുറുകെ ബക്‌സറിൽ പുതിയ രണ്ടുവരി പാലവും പ്രഖ്യാപിച്ചു. പിർപൈന്തിയിൽ 2400 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതിപദ്ധതിയുമുണ്ട്. ബിഹാറിന് വിവിധ പദ്ധതികൾക്ക് നീക്കിവച്ചിരിക്കുന്നത് 37,500 കോടി രൂപ. ആന്ധ്രാപ്രദേശിൽ തലസ്ഥാന നഗര വികസനത്തിന് ധനസഹായവും പിന്നോക്കമേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായവും ഉദാരമായുണ്ട്. ആന്ധ്രയിലെ പോളാവരം ജലസേചന പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുമെന്നും അതിനായുള്ള സാമ്പത്തിക സഹായം നൽകുമെന്നും ധനമന്ത്രി ഉറപ്പാക്കുന്നു. കേരളത്തിനാകട്ടെ ടൂറിസം രംഗത്തുപോലുമില്ല പദ്ധതികൾ.
സാമ്പത്തിക പ്രതിസന്ധി മാറ്റാൻ 24,000 കോടിയുടെ പാക്കേജ്, സിൽവർ ലൈൻ, ഉയർന്ന ജി.എസ്.ടി വിഹിതം, റബറിന് 250 രൂപ താങ്ങുവില തുടങ്ങിയവ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് മുഖ്യമായും കേരളം മുന്നോട്ടുവച്ചിരുന്നത്. ഫലമുണ്ടായില്ല. കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് സംബന്ധിച്ചുമില്ല ബജറ്റിൽ പ്രഖ്യാപനം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് 5,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളത്തിന്റെ ആവശ്യത്തിലുണ്ടായിരുന്നതും പരിഗണിക്കപ്പെട്ടില്ല. 8,867 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 5,595 കോടി രൂപ സംസ്ഥാനമാണ് വഹിക്കുന്നത്. ഇതു കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല. 818 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതമായുള്ളത്.
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാത, റെയിൽവേ സംവിധാനങ്ങളുടെ നവീകരണം എന്നിവയും കേരളം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്രവിഹിതത്തിന്റെ കുടിശികയായ 3,686 കോടി രൂപ ലഭ്യമാക്കണമെന്നും ജി.എസ്.ടി വിഹിതം കൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ജി.എസ്.ടി നടപ്പാക്കിയതിനുശേഷം കേരളത്തിന്റെ നികുതി വരുമാന വളർച്ച ഉദ്ദേശിച്ചത്ര മുന്നേറാത്തത് ജി.എസ്.ടി നികുതി സംവിധാനത്തിന്റെ പോരായ്മയാണെന്നാണ് സംസ്ഥാനം വിലയിരുത്തുന്നത്. ഇതു കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് 60 ശതമാനവും കേന്ദ്രത്തിന് 40 ശതമാനവും ജി.എസ്.ടി ലഭിക്കുന്ന തരത്തിൽ പരിഷ്‌കരണം വേണമെന്നായിരുന്നു നിർദേശം. കേന്ദ്ര ധനമന്ത്രി അതൊന്നും അറിഞ്ഞമട്ടില്ല.
സംസ്ഥാനത്തിന് പ്രളയദുരിതം നേരിടാനുള്ള സഹായം, കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്, തലശ്ശേരി -മൈസൂരു, നിലമ്പൂർ -നഞ്ചൻകോട് റെയിൽ പാതകൾ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതാ നിർമാണത്തിന് ധനസഹായം, ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ ചെലവിട്ട 6,000 കോടി രൂപയ്ക്ക് തുല്യതുക ഉപാധിരഹിത വായ്പയെടുക്കാൻ അനുമതി തുടങ്ങിയ ആവശ്യങ്ങളും നിരസിക്കപ്പെട്ടു.
ഇടനാഴി കിനാവ്
ബജറ്റിൽ കേന്ദ്രം പുതിയ വ്യവസായ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തിൽ മുൻപു പ്രഖ്യാപിച്ച വ്യവസായ ഇടനാഴിക്ക് അവഗണന. പദ്ധതിക്ക് ഇനിയും അനുമതിയില്ല. ബെംഗളൂരു - ഹൈദരാബാദ് വ്യവസായ ഇടനാഴിയാണ് പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിക്കുള്ള സ്ഥലമേറ്റെടുപ്പിന് എല്ലാ നടപടിയും കേരളം പൂർത്തിയാക്കിക്കഴിഞ്ഞു. പദ്ധതി അംഗീകരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം കത്തയച്ചെങ്കിലും മറുപടി പോലും ലഭിച്ചിരുന്നില്ല.
ചെന്നൈ -ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാണ് നിർദിഷ്ട കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലെ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് കോർപറേഷനും സംസ്ഥാന സർക്കാരും സംയുക്തമായാണ് വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കേണ്ടത്.
നിർദിഷ്ട ഇടനാഴിയുടെ ഭാഗമായ അങ്കമാലിയിലെ ഗ്ലോബൽ സിറ്റി അഥവാ ഗിഫ്റ്റ് സിറ്റിയുടെ ഭൂമിയേറ്റെടുക്കലിന് ആവശ്യമുള്ള 840 കോടി രൂപ ഏതു സമയത്തും കൈമാറാമെന്ന് കിഫ്ബി സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിക്കായി കേന്ദ്രത്തെ പലവട്ടം സമീപിച്ചത്.
പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് (ഐ.എം.സി) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം തേടിയും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രണ്ടിനോടും അനുകൂല പ്രതികരണമുണ്ടായില്ല. കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ വ്യവസായ ഇടനാഴി വരുമ്പോൾ അതു കേരളത്തിനും മുതൽക്കൂട്ടാകണമെങ്കിൽ ഇവിടത്തെ വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകേണ്ടതാവശ്യം.
കേന്ദ്രം നിർദേശിച്ച കൺസൽറ്റൻസി കമ്പനിയുടെ പഠന റിപ്പോർട്ടിന്റെയും പല ഘട്ടത്തിലെ ഉന്നതതല ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ഗ്ലോബൽ സിറ്റി പദ്ധതി തയ്യാറാക്കിയത്. അനുമതിയാകാത്തതിനാൽ ഒന്നര വർഷമായി കൺസൽറ്റൻസി പ്രവർത്തനവും നിലച്ചിരിക്കുന്നു.
പാലക്കാട് ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് (ഐ.എം.സി)
മൂന്നിടങ്ങളിലായി 1710 ഏക്കർ ഭൂമി വേണ്ടതിൽ 1273 ഏക്കർ 1944 കോടി രൂപ മുടക്കി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രത്തെ വിശ്വസിച്ചു ചെലവിട്ട ഈ തുക ഇപ്പോൾ സംസ്ഥാന സർക്കാരിനു ബാധ്യതയായി.
കേരളത്തിൽ നിന്ന് ഒരു എംപിയെ തന്നാൽ സംസ്ഥാനത്ത് വൻ വികസനം വരുത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി നേതാക്കൾ വാഗ്ദാനം ചെയ്തത്. തൃശൂരിൽ നിന്ന് സുരേഷ് ഗോപി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് വാഗ്ദാനം മോദിയും കൂട്ടരും മന:പ്പൂർവം വിസ്മരിച്ചു. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടതു പോലെ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നപ്പോൾ കേരളത്തിന്റെ അക്കൗണ്ട് പൂട്ടുകയായിരുന്നു മോദി സർക്കാർ എന്നാണ് ഇപ്പോഴത്തെ വിമർശനം.
2014ൽ കേരളത്തിന് വാഗ്ദാനം ചെയ്തതാണ് എയിംസ്. ഇതിനായി കോഴിക്കോട് കിനാലൂരിൽ കേരള സർക്കാർ ഭൂമി കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം സ്വാസ്ഥ്യ സുരക്ഷയോജന പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ 22 എയിംസുകൾ തുടങ്ങാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തെ മാറ്റിനിർത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി നിരന്തരം പകർച്ച വ്യാധികൾ വേട്ടയാടുന്ന കേരളത്തിന് ഇത്തവണ എന്തായാലും എയിംസ് പ്രഖ്യാപനമുണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്.
വിഴിഞ്ഞം തുറമുഖ അനുബന്ധ വികസനത്തിന് 5,000 കോടിയുടെ പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടാത്തത് മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന നിരീക്ഷണമുണ്ട്. തുറമുഖ അനുബന്ധ പദ്ധതികൾ നടപ്പായിക്കഴിഞ്ഞാൽ സംസ്ഥാനത്തിനും രാജ്യത്തിനും വൻസാമ്പത്തിക നേട്ടമുണ്ടാകുമെന്ന് വിഴിഞ്ഞം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1