ലോകത്ത് എന്നും എങ്ങും ഉള്ള കൂട്ടർ ആണല്ലോ മരഞ്ചാടികൾ. ഏതെങ്കിലും ഒരു മരത്തിന്റെ ഒരു കൊമ്പിൽ അമർന്നിരിക്കാൻ അവർക്ക് പറ്റില്ല. തുടരെത്തുടരെ ചാടിക്കൊണ്ടേയിരിക്കണം. അടുത്ത മരത്തിൽ കൂടുതൽ പഴങ്ങളുണ്ട് എന്നാവാം വിചാരം. ഒരു വിചാരവും ഇല്ലെങ്കിലും ചാടും. കാരണം അതൊരു ജന്മാന്തരപ്രേരണയാലാണ്.
ലോകത്ത് എങ്ങുമുള്ള മറ്റൊരു കൂട്ടരാണ് രാഷ്ട്രീയക്കാരും. പക്ഷേ, അവരിൽ മഹാഭൂരിപക്ഷവും ഒരു പാർട്ടിയിൽനിന്ന് വേറൊരു പാർട്ടിയിലേക്ക് ചാടാറില്ല. ഇങ്ങനെ ചാടുന്ന രാഷ്ട്രീയക്കാർ നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളൂ. ആയാറാമും ഗയാറാമും അല്ലാത്ത, ആകാൻ തയ്യാറല്ലാത്ത, ഒരു റാമും നമ്മുടെ ചുറ്റുവട്ടത്ത് ഇല്ല എന്ന അവസ്ഥയാണ്!
ഞാൻ ഇതേപ്പറ്റി അല്പം ശാസ്ത്രീയമായി ആലോചിച്ചുനോക്കി: എന്തേ നമ്മുടെ നാട്ടിൽ മാത്രം ഇങ്ങനെ ഒരു പ്രത്യേകത? എനിക്ക് കണ്ടുകിട്ടിയ മറുപടിയാണ് താഴെ: മഹത്തായ ഒരു ദർശനത്തിന്റെ അനന്തരാവകാശികൾ ആണല്ലോ നാം. വേദങ്ങൾ, ശാസ്ത്രങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഉപനിഷത്തുകൾ....
ചെറുപ്പത്തിൽ എന്റെ സുഹൃത്ത് കൂടി ആയ ഒരു തത്വശാസ്ത്ര പ്രൊഫസറെ ഈയിടെ കണ്ടുകിട്ടിയപ്പോൾ അദ്ദേഹമാണ് ശരിയായ വെളിപാട് തന്നത്. 'നമുക്ക് എവിടെയും നിൽക്കാം, എന്തും പറയാം, എന്തും ചെയ്യാം! കാരണം, എല്ലാം ഒന്നുതന്നെയാണ്. ഒരു പശുവിനെ കുറച്ചു കാലം കറന്ന് ചുരത്തൽ കുറയുമ്പോൾ മറ്റൊരു പശുവിനെ കറക്കാവുന്നതാണ്. അത് നമ്മുടെ ജന്മാവകാശം! എന്തുകൊണ്ട് എന്നാൽ എല്ലാ പശുക്കളും ഭഗവാന്റെ ആണ്. ഭക്തർക്ക് ഏതിനെ വേണമെങ്കിലും കറക്കാം. പശു മിഥ്യ, പാൽ യാഥാർത്ഥ്യം!'
പ്രൊഫസറുമായി തമ്മിൽ പിരിഞ്ഞതിൽ പിന്നെയും ഞാൻ ഇതിനെപ്പറ്റി ഓർത്തു. ഇപ്പറഞ്ഞതിനെ സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം സ്വയം ഉദാഹരിച്ചില്ല എങ്കിലും പശ്ചാത്തലകാര്യങ്ങൾ എനിക്ക് അറിയാമായിരുന്നു. എനിക്കറിയാം എന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. പഠിക്കുന്ന കാലത്ത് ഒരു പാർട്ടിയിൽ തുടങ്ങി, ആ പശുവിനെ ആരോരും അറിയാതെ അല്പസ്വല്പം കറന്ന് അതു കുടിച്ച് വലുതായി. ഈ പരിപാടി വ്യാപിപ്പിച്ച് പശുക്കളുടെ എണ്ണം കൂട്ടി വലിയ ആളായി. സമ്പാദ്യം, സ്ഥാനമാനങ്ങൾ....
അപ്പോഴാണ് വടക്കേ പാടത്ത് വേറൊരു പശുക്കൂട്ടത്തെ കാണുന്നത്. എണ്ണവും വണ്ണവും കൂടുതൽ. ധാരാളം കറക്കാം എന്ന് ഉറപ്പ്. ഉടനെ അങ്ങോട്ട് മാറി. കാര്യം കുശാൽ! പക്ഷേ അവിടെ പശുക്കളെ മേയ്ക്കുന്നവർ ഇദ്ദേഹത്തെക്കാൾ മിടുക്കർ. അവർ ഇദ്ദേഹത്തെ തൊഴുത്തിന്റെ നാലയലത്തു കയറ്റിയില്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല എന്ന് കണ്ടപ്പോൾ തിരികെ ചാടാൻ തഞ്ചം നോക്കുകയാണ് ഇപ്പോൾ! താൻ ഒരിക്കൽ ഉപേക്ഷിച്ചു പോയ പശുക്കളുടെ ചന്തവും പാരമ്പര്യവും വിവരിച്ചു തുടങ്ങിയിരിക്കുന്നു!
സനാതനധർമ്മം എന്നാൽ ഈ അദൈ്വത ഭാവനയാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്റെ നിന്റെ എന്ന ഭേദം പാടില്ല. വിവരമില്ലാത്തവർ മരം ചാടി എന്നൊക്കെ വിളിച്ചെന്നിരിക്കും. അതൊന്നും സാരമാക്കാൻ ഇല്ല. പൂച്ചകൾ അപ്പം പങ്കുവയ്ക്കാൻ കൊണ്ടുവരുന്ന കാലം അവസാനിക്കും വരെ തങ്ങളുടെ കാര്യത്തിന് ഒരു കുഴപ്പവും വരില്ല എന്ന് ഇക്കൂട്ടർക്ക് അറിയാം.
വെറുതെയാണോ വാനരൻ എന്ന പേര് ഒറ്റനോട്ടത്തിൽ മനുഷ്യരെപ്പോലെ ഇരിക്കുന്നവൻ എന്നർത്ഥം. പക്ഷെ, മനുഷ്യക്കോലം ആണ് എങ്കിലും മനുഷ്യൻ അല്ല! അദൈ്വത വേദാന്തമാണ് യഥാർത്ഥ കുറ്റവാളി. 'ബ്രഹ്മസത്യം ജഗൻമിഥ്യ ബ്രായും ബ്രെസ്റ്റും കണക്കിനേ!' (കുഞ്ഞുണ്ണി മാസ്റ്റർക്ക് നമസ്‌കാരം!)
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1