നിയമസഭയിൽ 'ബാല സൂര്യോദയം'; ലോക്‌സഭയിൽ സ്വപ്‌ന വ്യാപാരം

FEBRUARY 8, 2024, 12:34 AM

കേരള നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനും പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനുമുള്ള പൊതുഘടകം അതിന്റെ രാഷ്ട്രീയ നിറം തന്നെ. ബജറ്റ് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തികനിലയുടെ നേർകണ്ണാടിയാണെന്നാണ് വയ്പ്. അതിൽ പ്രതിഫലിക്കുന്നത് നിലവിലെ സാമ്പത്തികസ്ഥിതിയും ഭാവിയിലെ പ്രതീക്ഷകളുമാണ്; അഥവാ അങ്ങനെയായിരിക്കണം. നിലവിലെ സ്ഥിതിക്ക് ഉത്തരവാദികൾ മുമ്പത്തെയും ഇപ്പോഴത്തെയും ഭരണാധികാരികളാണെങ്കിൽ നാളത്തെ സ്ഥിതിക്ക് ഉത്തരം പറയേണ്ടത് ഇന്നത്തെ നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നവരാണ്. അതു തിരിച്ചറിയുമ്പോഴേ യാഥാർഥ്യബോധമുള്ള ബജറ്റുകൾ രൂപപ്പെടൂ.

സാമ്പത്തികരംഗത്ത് രാജ്യം വലിയ നേട്ടം അവകാശപ്പെടുന്ന കാലമാണിത്. എന്നാൽ സംസ്ഥാനത്തിന്റെ സ്ഥിതി അതല്ല, കീശ കീറിയിരിക്കുകയാണെന്ന കാര്യം പരോക്ഷമായെങ്കിലും ധനമന്ത്രി തന്നെ പലതവണ സമ്മതിച്ചിട്ടുണ്ട്. ക്ഷേമപെൻഷനുകൾ പോലും കുടിശ്ശികയായി. പക്ഷേ ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ കുഴപ്പം കൊണ്ടാണെന്ന് സംസ്ഥാന ഭരണാധികാരികൾ പറയുന്നു. അതൊന്നും ശരിയല്ലെന്ന് കേന്ദ്രവും പറയുന്നു. സമരം ചെയ്ത് സാമ്പത്തിക അവകാശം നേടിയെടുക്കാനാണ് സംസ്ഥാന ഭരണ നേതാക്കളുടെ ഭാവം. തർക്കം തുടരുമ്പോഴും യാഥാർത്ഥ്യം പണമില്ലായ്മതന്നെ. ചാനൽ ചർച്ചകളിലും മാധ്യമ വിലയിരുത്തലുകളിലും തലനാരിഴ കീറി വിദഗ്ധർ സാമ്പത്തിക ആരോഗ്യം പരിശോധിക്കുമ്പോഴും സാധാരണ ജനത്തിന് ഇതെക്കുറിച്ചെല്ലാം ആശക്കുഴപ്പം ബാക്കിനിൽക്കുന്നു.

ബജറ്റ് അവതരണത്തിന് വലിയ വാർത്താപ്രധാന്യം ലഭിക്കുന്നത് അതിലെ ചില നൂതന പദ്ധതികളുടെയും പ്രഖ്യാപനങ്ങളുടെയും പേരിലാണ്. പിന്നെ ചില പതിവു മാധ്യമ കൗതുകങ്ങളുമുണ്ട്. ധനമന്ത്രി കൊണ്ടുവരുന്ന പെട്ടി, അതിന്റെ നിറം, ധനമന്ത്രിമാരുടെ വേഷം തുടങ്ങി പലതും. ആറു ബജറ്റുകൾ അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഓരോ തവണയും ധരിച്ച സാരിയെക്കുറിച്ചുവരെ ഇത്തവണ മാധ്യമങ്ങൾ വാർത്തയുണ്ടാക്കി.

vachakam
vachakam
vachakam

കണക്കവതരണത്തിന്റെ വിരസത നീക്കാൻ കവിതയും കഥയുമൊക്കെ ചില ധനമന്ത്രിമാർ മേമ്പൊടിയായി ചേർക്കാറുണ്ട്. നിർമല സീതാരാമൻ കഴിഞ്ഞ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ പക്ഷേ ഇത്തവണ കൂടുതലും ഉദ്ധരിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹദ് വചനങ്ങൾ തന്നെ. ഒമ്പതു തവണ ധനമന്ത്രി മോദിയെ പരാമർശിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള നിർമല സാധാരണ ബജറ്റ് പ്രസംഗത്തിൽ തമിഴ് കവികളുടെ കവിതകളാണ് ഉദ്ധരിക്കാറുണ്ടായിരുന്നത്. പക്ഷേ,സർക്കാരിന്റെ പത്തുവർഷത്തെ നേട്ടം നിരത്തുമ്പോൾ മോദി സ്തുതി ഒഴിവാക്കുവതെങ്ങനെ?

ചെസിൽ ഒന്നാം റാങ്കിലെത്തിയ പ്രഗ്‌നാനന്ദയുടെ നേട്ടവും കേന്ദ്ര സർക്കാരിന്റെ നേട്ടപ്പട്ടികയിൽപെടുത്തി. നാട്ടുകാരുടെ നേട്ടം സർക്കാരിന്റെ നേട്ടമാകുമ്പോൾ നാട്ടുകാരുടെ കോട്ടവും കൂടി സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. 2047 ആകുമ്പോൾ വികസിത ഭാരതം സാധ്യമാകുമെന്ന് പറയുമ്പോൾ അതിലേക്ക് ഇനിയും രണ്ടിലേറെ ദശാബ്ദങ്ങൾ കൂടി കടക്കേണ്ടതുണ്ടെന്നത് മറക്കരുത്. അതിനകം എത്രയോ പൊതുതെരഞ്ഞെടുപ്പുകൾ നടക്കേണ്ടിയിരിക്കുന്നു. കടത്തിൽ മുങ്ങി നക്ഷത്രമെണ്ണുമ്പോഴും കേരള ബജറ്റിലും ഇത്തരം പുറംപൂച്ചുകൾ കുറവല്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷവും സാമ്പത്തിക വിദഗ്ധരുമെല്ലാം ഒറ്റക്കെട്ടായി പറയുന്ന സാഹചര്യത്തിലും ചില മേനി പറച്ചിലുകളാണ് ധനമന്ത്രി ബാലഗോപാലും നടത്തുന്നത്.

സംസ്ഥാനത്ത് 'സൂര്യോദയ സമ്പദ്ഘടന'യാണെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കേരള വിരുദ്ധർ എന്നത് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. അടുത്ത മൂന്നു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം കോടി രുപയുടെ വികസനമാണ് അദ്ദേഹം ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനത്തെക്കുറിച്ച് ബജറ്റ് രേഖയിൽവിശദീകരിക്കുന്നു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന കാര്യം ആവർത്തിച്ചത് വലിയൊരു വിഭാഗത്തെ വീണ്ടും ആശങ്കയുടെ മുൾമുനയിലാക്കി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ നൽകിയ ഊന്നൽ ആശാസ്യം. പക്ഷേ, യാഥാർത്ഥ്യബോധത്തോടെ നടപ്പാക്കേണ്ടിയിരിക്കുന്നു. വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്തത് സ്വന്തം പാളയത്തിൽ തന്നെ മണിക്കൂറുകൾക്കുള്ളിൽ വിമർശന വിധേയമായി.

vachakam
vachakam
vachakam

കേരളത്തെ സംബന്ധിച്ചിടത്തോളം കാർഷിക മേഖലയെ അവഗണിച്ചൊരു നയം അത്യന്തം അപകടകരമാണ്. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 42 കർഷകർ ആത്മഹത്യ ചെയ്തുവെന്ന് കൃഷിമന്ത്രി പി. പ്രസാദാണ് നിയമസഭയിൽ വെളിപ്പെടുത്തിയത്. ജീവനൊടുക്കിയ കർഷകരുടെ ആശ്രിതർക്ക് ജില്ലാ കളക്ടറുടെ റിപ്പോർട്ട് പ്രകാരം ധനസഹായം നൽകുന്നുണ്ടെന്നും മന്ത്രി പറയുന്നു. അതൊക്കെ മതിയോ? കർഷകർക്കും സംരഭകർക്കും മനസ്സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമല്ലേ ഉണ്ടാകേണ്ടത്?

അതിദാരിദ്ര്യ നിർമാർജനത്തിനായി അമ്പതുകോടി രൂപ ഈ ബജറ്റിലും നീക്കിവച്ചിട്ടുണ്ട്. അതിദാരിദ്ര്യം ഇന്നും ഒരു യാഥാർത്ഥ്യമാണെന്ന വസ്തുതയാണിത് വ്യക്തമാക്കുന്നത്. ബജറ്റ് പ്രസംഗങ്ങളുടെ അവതരണ ഭംഗിയോ കണക്കിലെ കളികളോ അല്ല ജനജീവിതത്തിൽ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റമാണ് പ്രധാനമെന്ന കാര്യം നിയമസഭയിലെ ബജറ്റ് ചർച്ചയിലെങ്കിലും വ്യക്തമാക്കപ്പെടട്ടെ എന്നാശംസിക്കാം.         

ബാബു കദളിക്കാട്‌

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam