സംസ്ഥാന സർക്കാരും ഭരണത്തലവനായ ഗവർണറും തമ്മിലുള്ള അങ്കം കേരളത്തിൽ മുറുകുമ്പോൾ വിസ്മയത്തുമ്പത്താണു ജനങ്ങൾ. പൊതുസമൂഹത്തിന്റെ വെറുപ്പു സമ്പാദിച്ചുകൊണ്ടുള്ള ചക്കളത്തിപ്പോരാട്ടം തുടരുന്നതിലെ വിവേകശൂന്യത ഭരണതലപ്പത്തുള്ളവർ തിരിച്ചറിയുന്നതേയില്ല. ഇതുമൂലം നാടിനു നാണക്കേടും ജനങ്ങൾക്കു സൈ്വരക്കേടും അനുദിനം ഏറന്നു. ഭരിക്കുന്നവർക്കെതിരെ സമരം ചെയ്തു വീര്യം പ്രകടിപ്പിക്കുന്ന പാരമ്പര്യം മാറ്റിവയ്‌ക്കേണ്ടിവന്ന എസ്.എഫ്.ഐ ആകട്ടെ ഗവർണർക്കെതിരെ പോരാടാൻ കിട്ടിയ അസുലഭാവസരം മുതലാക്കാൻ നോക്കുന്നു.
അണ്ണാൻ എത്ര മൂത്താലും മരം കയറൽ നിർത്തില്ലെന്നതുപോലെ തന്നെ രാഷ്ട്രീയത്തിൽ മുഴുകി നടന്ന ചിലർക്കു ഗവർണറുടെ കസേരയിലിരുന്നാലും രാഷ്ട്രീയക്കളി വേണ്ടെന്നു വയ്ക്കാനാകില്ല. ബ്യൂറോക്രാറ്റ് ആയിരുന്ന ശേഷം തമിഴ്‌നാട് ഗവർണറായിരിക്കുന്ന ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോടു സദാ ഏറ്റുമുട്ടുന്നുണ്ട്. ഡൽഹിയിലേക്കു കണ്ണുനട്ടു ബി.ജെ.പിയിലെത്തിയ രവിക്കുമുണ്ട് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് തമിഴ്‌നാട്ടുകാർ പറയുന്നു. അതേസമയം, മതേതര നിലപാടിൽ അധിഷ്ഠിതമായ നിലവിലെ വിദ്യാഭ്യാസ രീതിക്കു പകരം ഹിന്ദുത്വയിൽ ഊന്നിയുള്ള വിദ്യാഭ്യാസ ബദൽ ദേശീയ തലത്തിൽ കെട്ടിപ്പടുക്കാനുള്ള ആർ.എസ്.എസ് അജൻഡയാണ് കേരള ഗവർണർ രജേന്ദ്ര ആർലേക്കറുടെ അസാധാരണ നീക്കങ്ങൾക്കു പ്രേരകമാകുന്നതെന്ന നിരീക്ഷണം പങ്കുവയ്ക്കുന്നു ഇടതുപക്ഷ നേതാക്കൾ. ഇപ്പോഴത്തെ ഏറ്റുമുട്ടലിനു മുഖ്യകാരണമായ ഭാരതാംബ വിവാദം തീർത്തും അനാവശ്യമാണെന്ന അഭിപ്രായവും വ്യാപകം.
തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രജേന്ദ്ര ആർലേക്കറും തമ്മിലുള്ള ഊഷ്മളത കണ്ടപ്പോൾ നല്ല ബന്ധം പ്രതീക്ഷിച്ചവർക്കു തെറ്റിയെന്നു മനസിലാകാൻ ഒട്ടും വൈകിയില്ല. ഗവർണർ മുൻകൈയെടുത്തു ഡൽഹിയിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമൊത്തു മുഖ്യമന്ത്രിക്കു പ്രാതൽ ഒരുക്കിയിരുന്നു. എന്നാൽ, രാജ്ഭവനിൽ ആർ.എസ്.എസ്. നേതാക്കളെ ക്ഷണിച്ചുവരുത്തി പ്രഭാഷണ പരമ്പരയ്ക്കു തുടക്കമിട്ട ഗവർണർ തന്റെ രാഷ്ട്രീയനിറം വൈകാതെ പുറത്തുകാട്ടി. കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷനോടെ സർക്കാർ ഗവർണർ പോര് പുതിയ തലത്തിലേക്കാണു കടന്നത്.
സംസ്ഥാനത്തിനുമാത്രമല്ല, ഈ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്നവർക്കും ഇതിനു കാരണമായ 'രാഷ്ട്രീയ ഈഗോ' യാതൊരു ഗുണവുമുണ്ടാക്കില്ലെന്നതു വ്യക്തം. ആരിഫ് മുഹമ്മദ് ഖാനുശേഷം രജേന്ദ്ര ആർലേക്കർ ഗവർണറായി എത്തിയപ്പോൾ കാര്യങ്ങൾ ഇത്തിരി കൂടി മോശമായിരിക്കുന്നു. ജനജീവിതം മെച്ചപ്പെടുത്താൻ കഴിയുന്ന എന്തിനെങ്കിലും വേണ്ടിയാണ് ഇവരുടെ കലാപമെന്ന് ആരും കരുതുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നോമിനിയായി കേരളത്തിലെത്തുന്ന ഗവർണർമാരും സർക്കാരും കളിക്കുന്നതു പച്ചയായ രാഷ്ട്രീയം മാത്രമാണെന്ന ചിന്ത പലരും പങ്കുവയ്ക്കുന്നു.
ഗുണമായാലും ദോഷമായാലും സർക്കാർ നയങ്ങൾ അതേപടി വായിക്കുന്ന ഗവർണർമാരെ കണ്ടുശീലിച്ച കേരളത്തിനൊരു മാറ്റമായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനെതിരേ രാജ്ഭവനിൽ പത്രസമ്മേളനം വിളിച്ച ആദ്യ ഗവർണറായി അദ്ദേഹം മാറി. സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ സർക്കാരിനു നിരന്തര തലവേദനയുമായി. ഒരു സമയത്തു ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്ന ബില്ലുമായി സർക്കാരിനു ഗവർണറെ നേരിടേണ്ടിവന്നു. ഇതിനിടെ എസ്.എഫ്.ഐ. പ്രവർത്തകരെ ഗവർണർ തെരുവിൽ നേരിടുന്ന അത്യപൂർവ സംഭവവുമുണ്ടായി. സർവകലാശാല ബിൽ അടക്കമുള്ള 10 ബില്ലുകൾ വർഷങ്ങളോളമാണ് ഒപ്പിടാതെ ഗവർണർ പിടിച്ചുവച്ചത്. ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണറെ നേരിടാനായി സർക്കാരിനു സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു.
കേരളത്തിൽനിന്നു മടങ്ങുന്നതുവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ കലഹം തുടർന്നു. നിയമവും ഭരണഘടനയും ചൂണ്ടിക്കാട്ടി ഗവർണർ സർക്കാരിനെ നേരിട്ടു. സർക്കാരാകട്ടെ, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനുമേൽ കേന്ദ്രം നിയമിച്ച ഗവർണർ നടത്തുന്ന അമിതാധികാര പ്രയോഗത്തിനെതിരേ ശക്തമായ പ്രചാരണം നടത്തി. ഗവർണർ ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നതായി ആരോപിച്ചു. സർക്കാരിനു നിരന്തര തലവേദന ആയിരുന്നെങ്കിലും ഗവർണറിൽ ഒരു മികച്ച 'പ്രതിപക്ഷ'ത്തെ കണ്ടു കൈയടിച്ചവരും ധാരാളമായിരുന്നു. എന്നാൽ, അത്തരം ജനകീയതയൊന്നുമല്ല പിന്നീടുവന്ന ആർലേക്കറുടെ പ്രവർത്തനത്തിൽ ജനത്തിന് കാണാൻ കഴിയുന്നത്.
ജൂൺ അഞ്ചിനു ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വയ്ക്കാനുള്ള തീരുമാനത്തെ സർക്കാർ എതിർത്തതോടെയാണു സർക്കാർ-ആർലേക്കർ പോര് പുതിയ ഘട്ടത്തിലേക്കു കടന്നത്. അന്നു രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ച കൃഷിമന്ത്രി പി. പ്രസാദ് സെക്രട്ടേറിയറ്റിൽ സമാന്തരമായി പരിസ്ഥിതിദിനം ആചരിച്ചു. പിന്നാലെ രാജ്ഭവനിൽ നടന്ന പൊതുപരിപാടിയിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും ഇറങ്ങിപ്പോക്ക് നടത്തി. ഇതിനു പിന്നാലെ, കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണറെ പങ്കടുപ്പിച്ചു ശ്രീപത്മനാഭ സേവാസമിതി നടത്തിയ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
മതചിഹ്നം ഉപയോഗിക്കരുതെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ പരിപാടിക്കുള്ള അനുമതി റദ്ദാക്കി. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചെന്നും ബാഹ്യസമ്മർദ്ദത്തിനു വഴങ്ങി ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്നും ആരോപിച്ച് അനിൽകുമാറിനെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു. രജിസ്ട്രാർക്കെതിരേ നടപടിയെടുക്കാൻ വി.സിക്ക് അധികാരമില്ലെന്നും വിഷയത്തിൽ സർക്കാർ ഇടപെടുമെന്നുമുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ പ്രതികരണം വന്നു. ഈ വിഷത്തിൽ വി.സിയുടെ നടപടി ചോദ്യം ചെയ്തു രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ സിൻഡിക്കേറ്റ് അനിൽകുമാറിന് അനുകൂലമായി തീരുമാനമെടുത്തു. പക്ഷേ, ഓഫീസിൽ കയറരുതെന്ന് രജസ്ട്രറോട് വിസി നിർദ്ദേശിച്ചിട്ടുണ്ട്. സസ്‌പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ അയക്കുന്ന ഒരു ഫയലും അംഗീകരിക്കേണ്ടതില്ലെന്നാണ് വിസിയുടെ ഉത്തരവ്.
ഈയൊരു പോര് ഇങ്ങനെ തുടരുമ്പോഴും ഗവർണറുമായി ഏറ്റുമുട്ടലിനു സർക്കാർ ആഗ്രഹിക്കുന്നില്ലെന്നതു പലപ്പോഴും വ്യക്തമായിട്ടുമുണ്ട്. പുതിയ ഗവർണറുടെ നടപടികളിൽ മുഖ്യമന്ത്രി പരസ്യപ്രതികരണത്തിനു മടിക്കുന്നു. എന്നാൽ, മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചില്ലെങ്കിലും സി.പി.എം, സി.പി.ഐ. മന്ത്രിമാരും പാർട്ടിയും ഗവർണർക്കെതിരേ രംഗത്തുണ്ട്. രാഷ്ട്രീയപ്പോര് തുടരാൻ തന്നെ സാധ്യത.
ഈയൊരു പോരിനു പിന്നിൽ ഇരുകൂട്ടരും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ വ്യത്യസ്തതയാണു പ്രധാന കാരണമെന്ന കാര്യം ജനങ്ങൾ മനസിലാക്കുന്നു. പക്ഷേ, നയങ്ങളിലും ശൈലിയിലും ഭിന്നത പുലർത്തുന്നവർ രാഷ്ട്രീയ മേൽക്കോയ്മയ്ക്കുവേണ്ടി നടത്തുന്ന ഏറ്റുമുട്ടൽ നാടിന്റെ രാഷ്ട്രീയത്തിന്് അപചയം വരുത്തുന്നു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ടുതന്നെ ഈയൊരു അസ്വസ്ഥത ജനങ്ങൾക്കു സമ്മാനിക്കുന്നതിൽ മുഖ്യപങ്ക് കേന്ദ്ര ഭരണകൂടത്തിനു തന്നെ.
കാവിപ്പുതപ്പുകൾ
ഇതിനിടെ, ആർ.എസ്.എസ് പോഷക സംഘടനയായ 'ശിക്ഷ സംസ്‌കൃതി ഉത്ഥാൻ ന്യാസി'ന്റെ നേതൃത്വത്തിൽ ജൂലൈ 25 മുതൽ 28 വരെ കൊച്ചിയിൽ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സർവകലാശാല വൈസ് ചാൻസലർമാർ മാർഗദർശികളായ സ്വാഗത സംഘമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സർവകലാശാലകളിലെ ഗവർണർമാരുടെ അമിതാധികാര പ്രയോഗത്തിനെതിരെ കേരള സർക്കാരും വിദ്യാർത്ഥി യുവജന സംഘടനകളും ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ആർ.എസ്.എസ് പരിപാടിയെന്നത് ശ്രദ്ധേയമാണ്. ഒക്ടോബറിൽ തുടങ്ങാനിരിക്കുന്ന ആർ.എസ്.എസിന്റെ ശതാബ്ദി വാർഷികാചരണത്തിലെ പ്രധാന അജൻഡകളിലൊന്നാണ് വിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ.
കേന്ദ്ര സർക്കാരിന്റെ വിവാദമായ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സർവകലാശാലകളെ ലക്ഷ്യമിട്ടാണ് കൊച്ചിയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും തമിഴ്‌നാട്ടിലും സമാനമായ പരിപാടി സംഘടിപ്പിക്കാൻ ആർ.എസ്.എസിന് പദ്ധതിയുണ്ടെന്നുമാണ് സൂചന. ആർ.എസ്.എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് ഉൾപ്പെടെ പ്രമുഖ സംഘ്പരിവാർ നേതാക്കൾ പങ്കെടുക്കുന്ന 'ശിക്ഷ സംസ്‌കൃതി ഉത്ഥാൻ ന്യാസി'ന്റെ പരിപാടിയിലെ മുഖ്യ ഇനമാണ് 28ന് ഇടപ്പള്ളി അമൃത വിശ്വവിദ്യാ പീഠത്തിൽ നടക്കുന്ന സർവകലാശാല ദേശീയ സമ്മേളനം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി കാവിപ്പുതപ്പുകൾ തുന്നിക്കുന്നത് വിസിമാരെക്കൊണ്ടു തന്നെയെന്ന ആരോപണം ഇതുമായി ബന്ധപ്പെട്ടുയരുന്നുമുണ്ട്.
മതേതര നിലപാടിൽ അധിഷ്ഠിതമായ നിലവിലെ വിദ്യാഭ്യാസ രീതിക്കു പകരം ഹിന്ദുത്വയിൽ ഊന്നിയുള്ള വിദ്യാഭ്യാസ ബദൽ മാതൃകയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് 'ശിക്ഷ സംസ്‌കൃതി ഉത്ഥാൻ ന്യാസ്'. ഉന്നത വിദ്യാഭ്യാസ ചരിത്ര ഗവേഷണ മേഖലകളിലാണ് തുടക്കത്തിൽ ആർ.എസ്.എസ് കൈവെക്കാൻ തുടങ്ങിയത്. എൻ.സി.ഇ.ആർ.ടിയിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്‌കൂൾ പാഠപുസ്തകങ്ങളിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലും ആർ.എസ്.എസ് സഹയാത്രികരും ഹിന്ദുത്വ ആശയങ്ങളും ഇരച്ചു കയറി. വിദ്യാഭ്യാസ നയം രൂപവത്കരിക്കാൻ നിയോഗിക്കപ്പെട്ടവരുടെ പട്ടികയിൽ ആർ.എസ്.എസ് മുഖപത്രത്തിന്റെ മുൻ പത്രാധിപർ ബൽദേവ് ശർമ ഉൾപ്പെട്ടത്, ചരിത്ര ഗവേഷണ കൗൺസിലിന്റെ തലപ്പത്ത് ചരിത്ര ഗവേഷണവുമായി ഒരു ബന്ധവുമില്ലാത്ത ആർ.എസ്.എസ് സഹയാത്രികൻ സുദർശന റാവുവിന്റെ നിയമനം, മതേതര ചിന്താഗതിക്കാരായ റോമില ഥാപ്പർ, ഇർഫാൻ ഹബീബ് തുടങ്ങിയവർ ഉൾക്കൊള്ളുന്ന ചരിത്ര കൗൺസിലിന്റെ ഉപദേശക സമിതി സർക്കാർ പിരിച്ചുവിട്ട നടപടി, തീവ്ര ആർ.എസ്.എസുകാരനായ ഡോ. ജഗദീഷ് കുമാർ ജെ.എൻ.യു വൈസ് ചാൻസലറായി നിയമിക്കപ്പെട്ടത്, സർവകലാശാല സിലബസിൽ സവർക്കറും ഗോൾവാൾക്കറും കടന്നു കൂടിയത്:
ആർ.എസ്.എസ് നേതൃത്വം തയ്യാറാക്കിയ പദ്ധതികളായിരുന്നു ഇതെല്ലാമെന്ന ആരോപണം ശക്തം.
വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർമാർക്ക് കൂടുതൽ അധികാരം നൽകുന്ന യു.ജി.സിയുടെ പുതിയ ചട്ടവും ആർ.എസ്.എസ് ആസൂത്രണമായി പലരും കാണുന്നു. സംസ്ഥാന സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ചട്ടം. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർ നിയമനം തർക്കമായ സാഹചര്യത്തിലാണ് യു.ജി.സി പുതിയ ചട്ടം കൊണ്ടുവന്നതെന്നത് ശ്രദ്ധേയം. ആരിഫ് മുഹമ്മദ് ഖാനും രാജേന്ദ്ര ആർലേക്കർക്കുമൊക്കെ ആവേശമേകിയിട്ടുണ്ടാകാം ഇത്തരം നടപടികൾ.
വിദ്യാഭ്യാസ രംഗത്ത് ആർ.എസ്.എസിന്റെ കൈകടത്തൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പരോക്ഷമായി കോൺഗ്രസ്സ് ഭരണകാലത്ത് തന്നെയുണ്ട് വിദ്യാഭ്യാസ പരിസരത്തെ കാവിവത്കരണത്തിനുള്ള അവരുടെ ശ്രമം. തീവ്രവാദ പ്രസ്ഥാനമെങ്കിലും സാംസ്‌കാരിക സംഘടനാ ലേബലിലാണ് അവരുടെ പ്രവർത്തനം. ഗാന്ധിവധത്തെ തുടർന്ന് അന്നത്തെ കേന്ദ്ര സർക്കാർ നിരോധിച്ച ആർ.എസ്.എസിന്, സാംസ്‌കാരിക സംഘടനയായി പ്രവർത്തിക്കുമെന്നും രാഷ്ട്രീയ രംഗത്ത് നിന്നു വിട്ടുനിൽക്കുമെന്നുമുള്ള ഉറപ്പിന്മേലാണ് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ് ഭായ് പട്ടേൽ നിരോധം നീക്കി പ്രവർത്തനാനുമതി നൽകിയത്. തുടർന്ന് കുറേക്കാലം പ്രത്യക്ഷത്തിൽ സാംസ്‌കാരിക മേഖലയിൽ ഒതുങ്ങി പ്രവർത്തനം.
ബി.ജെ.പിയുടെ ആദ്യപതിപ്പായ ജനസംഘത്തിന്റെ കാലത്തും ബി.ജെ.പി രൂപവത്കരണാനന്തരമുള്ള ഏതാനും വർഷക്കാലവും പിന്നിൽ നിന്ന് ചരടുവലിച്ചതല്ലാതെ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെട്ടിരുന്നില്ല ആർ.എസ്.എസ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതോടെയാണ് മറനീക്കി രാഷ്ട്രീയ മേഖലയിലേക്ക് കടന്നു വന്നതും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കൈവെക്കാൻ തുടങ്ങിയതും.
എൽ.കെ. അഡ്വാനിയെയും മുതിർന്ന മറ്റു ബി.ജെ.പി നേതാക്കളെയും മറികടന്ന് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള ചരടുവലികൾ നടത്തിയത് ആർ.എസ്.എസ് ആയിരുന്നതിനാൽ ഭരണ മേഖലയിലെ അവരുടെ കടന്നു കയറ്റം നിയന്ത്രിക്കാൻ മോദിക്ക് സാധിക്കുകയില്ലെന്ന് നിരീക്ഷകർ പറയുന്നു.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1