പ്രവാസികൾക്കായി നാം ഒരുക്കുന്നത് പകർച്ചവ്യാധികളുടെ മൺസൂൺ ഫെസ്റ്റോ

JULY 17, 2024, 8:05 PM

പ്രവാസികളിൽ പലരും അവധിക്കു വരുമ്പോൾ കേരളം പകർച്ചവ്യാധികളുടെ മൺസൂൺ ഫെസ്റ്റ് ഒരുക്കിക്കഴിഞ്ഞു. തിരക്കിന്റെ ലോകത്തുനിന്നും അവധിയെടുക്കുന്ന പ്രവാസികൾ വിമാനക്കമ്പനികളുടെ പെരുംകൊള്ളയിൽ മനംനൊന്താണ് നാട്ടിലെത്തുന്നത്. ഇവിടെ എത്തുമ്പോഴാകട്ടെ, റോഡുകളിൽ സാമാന്യമര്യാദ പോലും പാലിക്കാത്തവർ എൻ.ആർ.ഐ. കുടുംബങ്ങളുടെ സൈ്വര്യവരയാത്ര പോലും ഭംഗപ്പെടുത്തുന്നു.

പലപ്പോഴും യാത്ര ചെയ്യുമ്പോൾ ഹോട്ടൽ ഭക്ഷണം ഒഴിവാക്കാനാവാത്ത സ്ഥിതിയിലായിരിക്കും പ്രവാസികൾ. അവർക്കു മുമ്പിൽ വേറെ വഴികളില്ല. എന്നാൽ, പല ഹോട്ടലുകളും മറ്റും പഴയ ശുചിത്വം ഇപ്പോൾ പാലിക്കുന്നതേയില്ല. ഹോട്ടൽ ജീവനക്കാരിൽ പലരും അന്യസംസ്ഥാനതൊഴിലാളികളാണ്. അവരുടെ 'ആരോഗ്യസ്ഥിതി' ഉറപ്പുവരുത്തേണ്ടവരാണ് ഹോട്ടൽ ഉടമകളും അധികൃതരും. പകർച്ചപ്പനി പോലെയുള്ള രോഗം ബാധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് അവധി കൊടുക്കാതെ പണിയെടുപ്പിക്കുന്ന കാലമാണിത്.

പണിക്കാശ് പോകാതിരിക്കാൻ തൊഴിലാളികളും എങ്ങനെയും ജോലിയ്‌ക്കെത്തുകയും ചെയ്യും. ലാഭം മാത്രം നോക്കി ഹോട്ടൽ നടത്തുന്ന പലരും, ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെക്കുറിച്ചൊന്നും അധികം വ്യാകുലപ്പെടുന്നതേയില്ല. ഈ ആമുഖ വാക്കുകളത്രയും പ്രവാസികൾക്ക്  വേണ്ടി കുറിച്ചതാണ്.

vachakam
vachakam
vachakam

പകർച്ചവ്യാധികൾ കേരളം കീഴടക്കിക്കഴിഞ്ഞു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ   ഇക്കാര്യത്തിൽ ജാഗ്രതയുള്ളവരാക്കി മാറ്റേണ്ട ആരോഗ്യവകുപ്പിന്റെ സ്ഥിതിയാകട്ടെ  ദയനീയമാണ്. പെരുമഴയോടൊപ്പം, പകർച്ച വ്യാധികളും തിമിർത്തു  പെയ്യുകയാണിപ്പോൾ. ഈ അവസ്ഥയുണ്ടാകുമെന്ന് നേരത്തെ സർക്കാർ തന്നെ തയ്യാറാക്കിയ കണക്കുകളുണ്ട്.

ദേശീയതലത്തിലുള്ള കണക്കനുസരിച്ച് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കേരളമായിരുന്നു മുന്നിൽ. 173 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചുവെങ്കിൽ പോയവർഷം പനി  ബാധിതരുടെ എണ്ണം 59,288 ആയിരുന്നു. ഈ വർഷം ജൂണിൽ മാത്രം പനി ബാധിച്ച് 78 പേർ മരിച്ചു. ജൂലൈ 13 വരെയുള്ള കണക്കനുസരിച്ച് പനി ബാധിച്ച് 43 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 2024ൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 78 പേർ. ഇക്കാലയളവിൽ രോഗബാധിതരുടെ എണ്ണമാകട്ടെ 36,457. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ഇതേ കണക്ക് അരലക്ഷം കടന്നതായി അനൗദ്യോഗിക വാർത്തകളുണ്ട്.

കണക്കിലെ കളികളും വെള്ളം ചേർക്കലും

vachakam
vachakam
vachakam

കേരളത്തിലെ ആതുരാലയങ്ങളിൽ 40 ശതമാനം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. ശേഷിച്ച 60 ശതമാനവും സ്വകാര്യ മേഖലയിലാണ്. രോഗികളുടെ എണ്ണവും മറ്റും ദിവസേന സർക്കാരനെ അറിയിക്കാൻ സ്വകാര്യമേഖലയിലെ ആശുപത്രികൾ ബാധ്യസ്ഥരാണ്. പക്ഷെ അതൊന്നും കൃത്യമായി നടക്കാറില്ല. 2023 ജനവരി മുതൽ ജൂലൈ വരെയുള്ള പകർച്ചവ്യാധി ഹോട്‌സ്‌പോട്ടുകൾ പ്രഖ്യാപിച്ചത് 2024 ജൂലൈ ആദ്യവാരത്തിലാണെന്നറിയുമ്പോൾ, ഇക്കാര്യത്തിലുള്ള സർക്കാരിന്റെ  പിടിപ്പുകേട് പ്രകടമാണ്. വേറൊരു തമാശ കൂടിയുണ്ട്. ആരോഗ്യവകുപ്പിന്റെ ഡയറക്ടറേറ്റിന് ഒരു വെബ്‌സൈറ്റുണ്ട്. ആ സൈറ്റിൽ ഈ പഴഞ്ചൻ കണക്ക് 'ന്യൂ' എന്ന ലേബൽ നൽകിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

'പടി' കടത്തിവിട്ട രോഗദുർഭൂതങ്ങൾ വീണ്ടും

പകർച്ച വ്യാധികളിൽ പലതിനെയും കേരളം പടികടത്തിവിട്ടതായിരുന്നു. എന്നാൽ, 2002ൽ  ചെള്ളുപനി, 2004ൽ കരിമ്പനി, 2013ൽ മങ്കി പോക്‌സ് എന്നിവ തിരിച്ചെത്തി. ഇന്ന് (ബുധൻ) മലപ്പുറത്ത് മലമ്പനി ബാധിതരെ കണ്ടെത്തിക്കഴിഞ്ഞു. കോളറ വീണ്ടും നെയ്യാറ്റിൻ കരയിൽ പ്രത്യക്ഷപ്പെട്ടത് ഇക്കഴിഞ്ഞ ജൂലൈ 8നാണ്. പഴയ രോഗങ്ങളോടൊപ്പം 'ന്യൂജെൻ' രോഗങ്ങളും കേരളത്തിൽ വ്യാപകമായിക്കഴിഞ്ഞു. വെസ്റ്റ് നൈൽ പനി, അമീബിക് മസ്തിഷ്‌ക്ക ജ്വരം തുടങ്ങിയ പുതിയ മാരകരോഗങ്ങൾക്കു മുമ്പിൽ പകച്ചുനിൽക്കുകയാണ് സാധാരണക്കാരും ദരിദ്രരുമായ മനുഷ്യർ. 

vachakam
vachakam
vachakam

രോഗ ചികിത്സയ്ക്കായി കേരളം ചെലവഴിക്കുന്നതിൽ മൂന്നിലൊന്നും ആശുപത്രി വാസത്തിനാണ്. ഓരോ വ്യക്തിക്കും ആശുപത്രി വാസത്തിന് 250 രൂപയും മരുന്നിന് 400 രൂപയുമെന്നതാണ്   വിശദമായുള്ള കണക്ക്. നമ്മുടെ പ്രതിമാസ പ്രതിശീർഷക ചെലവ് (എം.പി.സി.ഇ) ഇന്ത്യയിൽ ഏറ്റവും ഉയർന്നതാണ്. 5924 രൂപയാണ് ഈ പട്ടികയിലുള്ള കേരളത്തിന്റെ എം.പി.സി.ഇ. തൊട്ടുതാഴെ പഞ്ചാബുണ്ട്.

പഞ്ചാബിലെ ഗ്രാമീണ മേഖലയിൽ 5315 രൂപയാണ് എം.പി.സി.ഇ. കേരളത്തിന്റെ ഗ്രാമീണ മേഖലയിൽ ഏറ്റവും താഴെത്തട്ടിലുള്ള ഓരോരുത്തരും മാസം തോറും ചെലവഴിക്കുന്നത് 2916 രൂപ മാത്രമാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 5 ശതമാനമാണിവർ. നഗരങ്ങളിൽ താഴെത്തട്ടിലുള്ള 5 ശതമാനം പേരുടെ ഇതേ കണക്കിലുള്ളത് 3078 രൂപയാണ്. ജനങ്ങളുടെ വരുമാന വർധനയ്ക്കുള്ള സാധ്യതകൾ കണ്ടെത്താനോ വികസിപ്പിക്കാനോ യാതൊരു ഇടപെടലും ഇപ്പോൾ സർക്കാരിന്റെ  ഭാഗത്തുനിന്നില്ല.

കർക്കിടക്കെടുതികൾക്കൊപ്പം രോഗങ്ങളും

വടക്കൻ കേരളത്തെ വിറപ്പിച്ച നിപ്പയുടെ ഉറവിടം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  നെയ്യാറ്റിൻകരയിൽ പൊട്ടിപ്പുറപ്പെട്ട കോളറയടക്കമുള്ള പകർച്ച വ്യാധികളുടെ ഉറവിടങ്ങളും ഇനിയും അജ്ഞാതമാണ്.

വേനൽക്കാലത്ത് വന്നെത്തിയ ജലജന്യ രോഗങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുമ്പോഴാണ് മഴക്കാല ജലജന്യ രോഗങ്ങൾ ചിറകുവിരിച്ചെത്തിയത്. എറണാകുളം ജില്ലയിലെ വേങ്ങൂരിൽ കടുത്ത വേനലിൽ പടർന്ന മഞ്ഞപ്പിത്തം നിയന്ത്രിക്കുന്നതിൽ ഭരണകൂടം അമ്പേ പരാജയമായി. 253 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ച വേങ്ങൂരിൽ 4 പേർ മരിക്കുക പോലും ചെയ്തു. നാട്ടുകാർ പിരിവെടുത്ത് പല പാവപ്പെട്ട കുടുംബാംഗങ്ങളെയും ചികിത്സിക്കേണ്ട ഗതികേടും. വേങ്ങൂർകാർ അനുഭവിക്കേണ്ടിവന്നു. ഇതിനിടയിലാണ് 'ഭംഗിക്കൊരു താറാവിൻ മുട്ട'യെന്നപോലെ സ്ഥിരമായി ഈ ഗ്രാമത്തിൽ കലിതുള്ളിയെത്തുന്ന കാട്ടുമൃഗങ്ങൾ.

കാട്ടാനക്കൂട്ടങ്ങൾ ഇവിടെ സ്ഥിരം കാഴ്ചയാണിപ്പോൾ. മഞ്ഞപ്പിത്തത്തോടൊപ്പം വൈറൽ പനി ബാധിതരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പഴകിയ ഭക്ഷണം, മലിനമായ കുടിവെള്ളം എന്നിങ്ങനെ വേങ്ങൂർ നിവാസികളിലേക്ക് പകർച്ചവ്യാധികളെത്തിക്കുന്ന  പലവഴികളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്തുകളെ ഒരു കൈ സഹായിക്കാൻ ഭരണകർത്താക്കൾ ഇതുവരെ സന്നദ്ധരായിട്ടില്ല. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ഹോട് സ്‌പോട്ടുകളുള്ള (54)  എറണാകുളം ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധം ഇന്ന് കടലാസിൽ മാത്രമാണ്! 

ആമയിഴഞ്ചാൽ തോടും നഗരസഭയും

ഓരോ നഗരങ്ങളും കൂടുതൽ വികസനം നേടുമ്പോൾ, അവിടെയെല്ലാം വസിക്കുന്ന പൊതുജനങ്ങൾ വിസ്മരിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. അധികൃതർ പരസ്പരം പഴിചാരി ഇത്തരം  ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് തടിയൂരുകയാണിപ്പോൾ. കേരളത്തിന്റെ പെരുമ മറുനാട്ടിലെത്തിക്കാൻ കലാമണ്ഡലം പോലെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളുടെ സംഘങ്ങളെ വിദേശ നാടുകളിലേക്ക് അയയ്ക്കാൻ തത്രപ്പെടുന്ന ഭരണകൂടം അവരുടെ മൂക്കിനു താഴെയുള്ള ആമയിഴഞ്ചാൻ തോടുകൾ പോലെയുള്ള രോഗവാഹിനികൾ ഇല്ലാതാക്കാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. ഒരു പാവം കരാർ തൊഴിലാളിയുടെ മരണമുണ്ടാകുമ്പോൾ, ആ വീട്ടിൽ പോയി 'കണ്ണു തുടച്ച്' കരഞ്ഞു കാണിക്കുക. മാത്രമല്ല, നഗരസഭാധികൃതർ ചെയ്യേണ്ടത്.

ജോയി എന്ന ഹതഭാഗ്യന്റെ മൃത ദേഹം കണ്ടെത്തിയ തകരപ്പറമ്പ് എന്ന സ്ഥലത്തെ വീട്ടമ്മ പറഞ്ഞത്, ഒരു ഗ്ലാസ് പച്ചവെള്ളം പോലും കുടിക്കാൻ കഴിയാത്തവിധം  ദുർഗന്ധപൂരിതമാണ് അവിടമെന്നാണ്. തോട് ശൂചീകരിക്കാൻ റെയിൽവേയ്ക്ക് മൂന്ന് കത്തുകളയച്ചിരുന്നുവെന്നാണ് മേയറുടെ  ന്യായം. കഴിഞ്ഞ 13 വർഷമായി 12 കോടി രൂപ ആമയിഴഞ്ചാൻ തോട് ശുചീകരിക്കാൻ തിരുവനന്തപുരം നഗരസഭ ചെലവഴിച്ചിട്ടുണ്ട്. ഈ കോടികളെല്ലാം ആരുടെ കീശയിലേക്ക് പോയി ? 2015ൽ 'ഓപ്പറേഷൻ അനന്ത' എന്ന പേരിൽ കനാലുകളുടെ ശുചീകരണം തലസ്ഥാനത്ത് നടത്തിയിരുന്നു. എന്നാൽ, പിന്നാലെ വന്ന നഗരസഭാധികൃതർ, ആ ശുചീകരണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ പിന്തുടർന്നില്ലെന്ന് ഇപ്പോഴത്തെ ദുരവസ്ഥ സൂചിപ്പിക്കുന്നു.

'സ്മാർട് സിറ്റി' പദ്ധതിയനുസരിച്ച് താറുമാറായിക്കിടക്കുന്ന റോഡുകളും, അടഞ്ഞുപോയ ഓടുകളുമെല്ലാം 'ആമയിഴഞ്ചാൻ ദുരന്തം' കൂടുതൽ ഭീകരമാകാൻ കാരണമായി. ഈ ദുരന്തത്തിൽ തിരുവനന്തപുരം  കോർപ്പറേഷൻ, ഇറിഗേഷൻ വകുപ്പ്, റെയിൽവേ എന്നിവർ കൂട്ടുപ്രതികളാണ്. മാലിന്യ മുക്ത കേരളം, വികേന്ദ്രീകൃത മാലിന്യ നിർമ്മാർജ്ജനം, ഹരിതകർമ്മ സേന തുടങ്ങിയ ഓമനപ്പേരുകളിട്ട ഇവന്റുകൾ കൊണ്ട് ഈ മലപോലെ കുന്നു കൂടുന്ന മാലിന്യങ്ങൾ ദുരീകരിക്കാനോ, പകർച്ചവ്യാധികൾ മിന്നൽ പ്രളയം തീർക്കുന്ന അഴുക്കുചാലുകൾ വൃത്തിയാക്കാനോ കഴിയില്ല. 'റെയിൽവേ' പലപ്പോഴും അവരായിരിക്കുന്ന പ്രദേശം, അവരുടെ 'സാമ്രാജ്യം' പോലെയാണ് കരുതുന്നത്. മൂന്ന് റെയിൽവേ ലൈനുകൾ കടന്നുപോകുന്ന അഴുക്കുചാലുകൾ കാലത്തിനനുസരിച്ച് വിപുലീകരിക്കാനൊന്നും അവർ മെനക്കെടാറില്ല.

ഇത്തരം നിർമ്മാണ ജോലികൾ നടത്താൻ കൃത്യമായ ആസൂത്രണം വേണ്ടിവരും. അതൊന്നും റെയിൽവേ അധികൃതർ കാര്യമാക്കാറില്ല. എല്ലാ ദിവസവും ജനത്തിന്റെ നെഞ്ചത്തു കൂടിയാലും തീവണ്ടിയോടിച്ചാൽ മതിയെന്ന ധാർഷ്ട്യം അനുവദിക്കാനാവില്ല. റെയിൽവേ ഡിപ്പാർട്ടുമെന്റിനെ അതാതു പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാകാതിരിക്കാൻ സംസ്ഥാന ഭരണകൂടം ഗൗരവമായ നിലപാടുകളെടുക്കേണ്ടതുണ്ട്. നാളെ (വ്യാഴം) തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു കൂട്ടുന്ന സർവകക്ഷിയോഗം ഈ ദിശയിലേക്കുള്ള ആദ്യചുവടായി മാറട്ടെ.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam