വില പേശുമ്പോഴും അൻപോടെ അൻവർ

JANUARY 16, 2025, 1:32 AM

നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ രാഷ്ട്രീയ ശരികൾ തേടുന്നവർക്ക് മുന്നിൽ ഒരു പ്രഹേളികയായി മാറുന്നുവോ! സമകാലിക രാഷ്ട്രീയത്തിൽ മായക്കാഴ്ചകൾ സമ്മാനിക്കുന്ന ഈ 57 കാരൻ, സമീപകാലത്ത് കേരളം കണ്ട ഏറ്റവും മെയ് വഴക്കമുള്ള ബിസിനസുകാരനായ രാഷ്ട്രീയക്കാരനാണ്. ഒപ്പം രാഷ്ട്രീയക്കാരിലെ ബിസിനസുകാരനും.

ഒരു കാലത്ത് പി.സി. ജോർജും മറ്റും പയറ്റിയ വിരട്ടൽ രാഷ്ട്രീയത്തിന്റെ പുതു മാതൃകയായി അൻവറിന്റെ ചുവടുവയ്പുകളെ കാണുന്നവരുണ്ട്. പിണറായി വിജയനെന്ന വൻമരത്തെ ആക്രമിച്ചു കൊണ്ടാണ് അന്ന് പി.സി. ജോർജും കളം നിറഞ്ഞത്. പിണറായിസത്തിനെതിരെ തന്നെ അൻവറിക്കയും! ഏതെങ്കിലും പ്രത്യയശാസ്ത്ര സന്ദേഹങ്ങൾ അലട്ടുന്നതിനാലണോ അദ്ദേഹം കൂടുവിട്ട് കൂടുമാറാൻ പക്ഷിക്കൂടുകൾ തേടി ഇക്കഴിഞ്ഞ മാസങ്ങളിലത്രയും അലഞ്ഞത് ? ആ പ്രയാണ വഴികൾ ഒന്നു ശ്രദ്ധിച്ചാലറിയാം, ബിസിനസുകാരനായ ഒരു ഒറ്റയാന്റെ കൗശലമുള്ള കരു നീക്കങ്ങൾ.

ആദ്യം ഡി.എം.കെയുമായി ചങ്ങാത്തം

vachakam
vachakam
vachakam

പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്ന് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകി. തമിഴ്‌നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ചെന്നൈയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. പുതിയ പാർട്ടി രൂപവത്കരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പിന്നെ കാണുന്നത്, പശ്ചിമ ബംഗാളിൽ ചെന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്ന ശേഷം പതിനഞ്ചാം കേരള നിയമ സഭയുടെ പതിമൂന്നാം സമ്മേളനത്തിന് തൊട്ടു മുൻപ് നടത്തിയ നാടകീയ രാജി. അതും യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്.

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പു വന്നാൽ യു.ഡി.എഫിന് ആരാവണം സ്ഥാനാർത്ഥി എന്നു കൂടി  അൻവർ പ്രഖ്യാപിച്ചു കളഞ്ഞു. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ നിർദ്ദേശിച്ചുകൊണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചതിന് നേരത്തെ താൻ മാപ്പു ചോദിച്ച സാക്ഷാൽ പ്രതിപക്ഷ നേതാവിനേയും അൻവർ വെട്ടിലാക്കി.

നിലമ്പൂർ എന്ന രാഷ്ട്രീയക്കളം

vachakam
vachakam
vachakam

അല്ലെങ്കിലും ജയിക്കാനിടയുള്ള നിലമ്പൂരിൽ അൻവറിന്റെ പിന്തുണ കൊണ്ട് ജയിച്ചു എന്ന ചീത്തപ്പേര് കേൾക്കാൻ കോൺഗ്രസ് നേതൃത്വത്തിന് വലിയ താൽപ്പര്യമില്ല. നിലമ്പൂരിൽ അൻവറിനെ കാണാനില്ലെന്ന ആരോപണം 2016 മുതൽ കോൺഗ്രസ് ഉന്നയിച്ചു വരുന്നതാണ്. ആര്യാടൻ ഷൗക്കത്തിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത ശേഷം അൻവറിനെതിരെ കോൺഗ്രസ് പ്രചാരണം കടുപ്പിച്ചപ്പോൾ, ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിൽ നിന്ന് ഫെയ്‌സ്ബുക്ക് ലൈവിൽ വന്ന അൻവറിന് സ്വർണ ഖനി ബിസിനസിനാണ് താൻ നാട്ടിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് വിശദീകരിക്കേണ്ടി വന്നു.

ഇപ്പോൾ, മലയോര മേഖലയുടെ ഒന്നാകെ സംരക്ഷണം എന്ന മുദ്രാവാക്യവും ഒരു ക്രൈസ്തവ സ്ഥാനാർത്ഥി നിലമ്പൂരിൽ വേണമെന്ന ജാതീയ നീക്കവും അൻവറിലെ രാഷ്ട്രീയ കൗശലക്കാരനെ പുറത്തു കൊണ്ടുവരുന്നു. നിലമ്പൂരിൽ എൽ.ഡി.എഫ് വീണ്ടും സ്വതന്ത്ര പരീക്ഷണത്തിന് തയ്യാറാകുമോ എന്ന ചോദ്യമുയരുന്നുണ്ട്. പാർട്ടി ചിഹ്നമെങ്കിൽ എം. സ്വരാജിന്റെ പേരും പരിഗണനയിലുണ്ട്. പോരാട്ടത്തിന് തയ്യാറെന്ന് എം.വി. ഗോവിന്ദനും വ്യക്തമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മൂന്ന് മുന്നണികളും തയ്യാറെടുക്കുന്നതിനിടെയാണ് രാഷ്ട്രീയ മണ്ഡലത്തിൽ മാറ്റത്തിന് കേരളം ഒരുങ്ങുമോ എന്നറിയാനുള്ള അരങ്ങുണരുന്നത്.

അതിനിടെ, ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി.വി അൻവർ വ്യക്തമാക്കിയതോടെ മൂന്നുമുന്നണികളും ആരെ സ്ഥാനാർഥിയാക്കുമെന്ന ചർച്ച തുടങ്ങിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് 14 മാസം മാത്രമേയുള്ളൂവെന്നതിനാൽ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് വെക്കാനും സാധ്യതയുണ്ട്. മറിച്ചാണെങ്കിൽ, എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂരിൽ കളമൊരുങ്ങുന്നത്. നാലിൽ മൂന്നിലും ജയിച്ചത് യു.ഡി.എഫായിരുന്നു. അതും സിറ്റിങ് സീറ്റുകൾ. എൽ.ഡി.എഫ് അവരുടെ സിറ്റിങ് സീറ്റായ ചേലക്കര നിലനിർത്തി. തൃക്കാക്കര, പുതുപ്പള്ളി ഏറ്റവും ഒടുവിൽ പാലക്കാടും യു.ഡി.എഫിനൊപ്പം നിന്നു. എന്നാൽ നിലമ്പൂരിൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ നിർണായകമായിരിക്കും.

vachakam
vachakam
vachakam

ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടം നിലമ്പൂരിൽ പ്രാവർത്തികമായാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരളം മറ്റൊരു ഉപതിരഞ്ഞെടുപ്പു കൂടി നേരിടും. സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ സീറ്റ് കൈവിട്ടു പോകാതിരിക്കാൻ ഏറെ കരുതലോടെയായിരിക്കും കോൺഗ്രസ് ഹൈക്കമാൻഡും നീങ്ങുക. ഉപതിരഞ്ഞെടുപ്പിൽ വി.എസ്. ജോയിക്കുവേണ്ടി തഴയപ്പെട്ടാൽ ആര്യാടൻ ഷൗക്കത്ത് എന്ത് നിലപാട് എടുക്കുമെന്നതും കാത്തിരുന്ന് കണേണ്ടതാണ്. നിലവിൽ ഷൗക്കത്തും ജോയിയും സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ സമവായമെന്ന നിലയിൽ മറ്റൊരു സ്ഥാനാർഥി വന്നുകൂടായ്കയില്ല.

മൂന്നു പതിറ്റാണ്ട് കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു നിലമ്പൂർ. ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് ആധിപത്യം സ്ഥാപിച്ച് ആര്യാടൻ വിരമിച്ച ശേഷം ഈ മണ്ഡലം ഇടത്തേക്ക് ചാഞ്ഞത് പി.വി. അൻവറിലൂടെയാണ്. 2016ൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെതിരെ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പി.വി. അൻവർ മണ്ഡലം പിടിച്ചെടുത്തത്.

ഇതേസമയം, ഇടതുമുന്നണി നിലമ്പൂരിനെ ഒരു ടെസ്റ്റ് ഡോസായിത്തന്നെ കാണും. മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്ന് പറയാറായിട്ടില്ല എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. നിലമ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകി വിജയിപ്പിക്കുന്നത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കണ്ടതാണ്. 2021ൽ ശക്തമായ മത്സരം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വി.വി. പ്രകാശിനെതിരെ 2791 വോട്ട് നേടിയാണ് അൻവർ ജയിച്ചത്.

അൻവറിലൂടെ വിജയിച്ചു എന്നതിനാലും അൻവറിലൂടെ തന്നെ കൈ പൊള്ളിയ ചുറ്റുപാടിലും പാർട്ടി ഇത്തവണ സി.പി.എം സ്വന്തം സ്ഥാനാർത്ഥിയെ പരീക്ഷിച്ചേക്കാം. മുതിർന്ന നേതാവിനെ തന്നെ നിർത്തി സീറ്റ് നിലനിർത്തി അൻവറിസം തകർക്കാൻ പാർട്ടിക്ക് അവസരമാകും അത്. അൻവറിന്റെ പേരിലല്ല ഇന്നോളം ജയിച്ചതെന്ന് അണികളെ ബോധ്യപ്പെടുത്താൻ സി.പി.എമ്മിന് വിജയം അനിവാര്യമാണ്. സിറ്റിങ് സീറ്റ് കൈവിട്ടാൽ സി.പി.എമ്മിന് അത് വരാനിരിക്കുന്ന രണ്ട് തിരഞ്ഞെടുപ്പുകളിലേയും സാധ്യതയ്ക്ക് മങ്ങലേൽപിക്കും. ബി.ജെ.പി വലിയ പ്രതീക്ഷ വച്ചുപുലർത്താത്ത മണ്ഡലമാണെങ്കിലും സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മത്സരമായതിനാൽ മുതിർന്ന നേതാക്കൾ കളത്തിലിറങ്ങിയേക്കാം.

എന്തായാലും നിലമ്പൂർ മത്സരഫലം നിർണായകമാകുക അൻവറിനാകും. യു.ഡി.എഫ് തോറ്റാൽ മുന്നണിയിൽ കയറിപ്പറ്റുക അൻവറിന് ദുഷ്‌കരമാണ്. മറിച്ച് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് തിരിച്ചുപിടിച്ചാൽ അൻവറിന് യു.ഡി.എഫിലേക്കുള്ള വരവ് എളുപ്പമാകും. നിലമ്പൂരിന് പകരം മലബാറിൽ മറ്റൊരിടത്ത് അടുത്ത തവണ അൻവറിന് അങ്കത്തിനിറങ്ങാം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ടാണ് താൻ പണ്ട് പറഞ്ഞ ആരോപണങ്ങൾക്ക് വി.ഡി. സതീശനോട് ക്ഷമചോദിച്ച് അൻവർ നാടകീയ തിരിച്ചുവരവ് നടത്തിയത്.

കോൺഗ്രസുകാരനായി തുടങ്ങി സി.പി.എമ്മിന്റെ കണ്ണിലുണ്ണിയായ മാറിയ അൻവറിന്റെ കരിയർ ഗ്രാഫിൽ ഇന്നോളം വലിയ വീഴ്ചകളില്ല. രാഷ്ട്രീയ അസ്വാരസ്യങ്ങൾക്കിടെ, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് നിയമസഭാ മണ്ഡലത്തിൽ മുസ്ലീം ലീഗ് നേതാവ് പി.കെ.ബഷീറിനെതിരെ സ്വതന്ത്രനായി മത്സരിച്ചു കൊണ്ടാണ് അദ്ദേഹം ആദ്യം രാഷ്ട്രീയ നിറം മാറിയത്. എന്നാൽ, ഈ നാടകമത്രയും അവസാനം എത്തി നിൽക്കുന്നത് ഇടതുഭരണം തീരും മുൻപ് ഉപതെരഞ്ഞെടുപ്പ് എന്ന ചെക്ക് വയ്ക്കുന്ന, പിണറായിസത്തെ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ അഗ്‌നി പരീക്ഷണത്തിന് വിട്ടു കൊടുക്കുന്ന അൻവർ മാജിക്കിൽ തന്നെ!

പ്രിജിത് രാജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam