ഭിന്നിപ്പും പിളർപ്പും ആഘോഷമാക്കി സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞു കളിച്ചതിന്റെ അഭിമാനം പങ്കുവച്ച് കേരള കോൺഗ്രസിന്റെ ഷഷ്ഠിപൂർത്തി ആഘോഷിക്കപ്പെടുന്നത് കുതിപ്പിന്റെ ലാഞ്ചനയകന്നു പ്രകടമായ കിതപ്പോടെ. ഒത്തൊരുമയുടെ സ്ഥാനിക ഊർജ്ജവും ആശയദാർഢ്യത്തിന്റെ ഗതികോർജ്ജവും കൈമോശം വന്ന പ്രസ്ഥാനത്തിന്റെ സംഭവബഹുല ചരിത്രം പോലുമറിയാതെയുള്ള അവകാശവാദവുമായി ഗ്രൂപ്പ് നേതാക്കൾ ഇതിനിടെ ഉൽസാഹക്കമ്മിറ്റികളുമായി കളം നിറയുന്നതിന്റെ തമാശ കേരളം ആസ്വദിക്കുന്നു.
വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയെന്നു കെ.എം.മാണി കേരള കോൺഗ്രസിനെ വിശേഷിപ്പിച്ചപ്പോൾ ആവോളം കയ്യടിക്കുകയും അഭിമാനബോധത്തോടെ ആ അതുല്യ നിരീക്ഷണം പങ്കുവയ്ക്കുകയും ചെയ്തു പാർട്ടി പ്രവർത്തകർ. പക്ഷേ, പാതി മാത്രം ശരിയായ സിദ്ധാന്തമായിരുന്നു അതെന്നും വളർച്ചയെന്നത് കിനാവിലൊതുങ്ങിയെന്നും അവർ വൈകിയാണു തിരിച്ചറിഞ്ഞത്. പിളർപ്പിനു കാരണമാകുന്ന തർക്കങ്ങളുടെയൊക്കെ ഒരു വശത്തു മാണിയായിരുന്നു. പിളർന്നവർ തളരുകയോ പിന്നീടു മാണിക്കൊപ്പം ചേരുകയോ ചെയ്‌തെന്നതു ശരി. കൂടെനിന്നവരെല്ലാം മറുകണ്ടം ചാടിയപ്പോഴും അവസരമറിഞ്ഞു നീങ്ങി കേരള കോൺഗ്രസ്(എം) പാർട്ടിയെ ശക്തമാക്കാൻ ചിലപ്പൊഴെല്ലാം മാണിക്കു കഴിഞ്ഞു.
എങ്കിലും മാണിയുടെ മുഖ്യമന്ത്രിക്കസേര ഉൾപ്പെടെ കേരള കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിൽ നിന്ന് മഹാത്ഭുതങ്ങൾക്കായി നോമ്പു നോറ്റ വലിയൊരു വിഭാഗം ജനങ്ങൾ നിരാശാഗർത്തത്തിലാണ്ട ചരിത്രം ബാക്കിയായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യ പ്രാദേശിക പാർട്ടിയെന്ന വിശേഷണം പേറി ആറു പതിറ്റാണ്ട് മുൻപ് രൂപം കൊണ്ട ശേഷം അധ്വാനവർഗ സിദ്ധാന്തവുമായി കർഷകർക്കായുള്ള മുന്നേറ്റ യത്‌നത്തിലൂടെ കേരളത്തിലെ അവഗണിക്കാനാകാത്ത രാഷ്ട്രീയശക്തിയായി കേരള കോൺഗ്രസ് വളർന്നത് ചരിത്ര യാഥാർത്ഥ്യം. പക്ഷേ, 'ആരംഭത്തിൽ ഉണ്ടായ ശക്തി പാർട്ടിക്ക് അതേ രീതിയിൽ തന്നെ ഉൾക്കൊള്ളാൻ കഴിയുമോ എന്നും, അതല്ലേ ഇന്ന് കേരളത്തിന് അത്യാവശ്യം എന്നും ചിന്തിക്കേണ്ട അവസരമാണിത്' എന്ന് പാർട്ടിക്ക് വയസ് അറുപതു തികയുന്ന വേളയിൽ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ പി.സി. തോമസ് ചൂണ്ടിക്കാട്ടുന്നത് സമകാലിക സാഹചര്യങ്ങൾ ഉൾക്കൊണ്ടു തന്നെ.
അമീബിയയെപ്പോലെ പിളർന്ന പ്രസ്ഥാനം 'അനീമിയ 'ബാധിച്ച അവസ്ഥയിലായിട്ടു പതിറ്റാണ്ടുകളായിരിക്കുന്നു. ഏത് പേരിൽ അറിയപ്പെടുന്ന 'കേരളാ കോൺഗ്രസി'ൽ ഉൾപ്പെട്ടവർ ആയാലും, അവരെല്ലാവരും ഈ രീതിയിൽ ഒന്നാലോചിക്കേണ്ടതല്ലേ? എന്ത് ത്യാഗവും സഹിച്ച് കേരളാ കോൺഗ്രസ് പ്രവർത്തകർ യോജിച്ച് ഒറ്റ പാർട്ടിയായി 1964ൽ ഉണ്ടായ അതേ 'കേരളാ കോൺഗ്രസ്' എന്ന നിലയിൽ ചങ്കൂറ്റത്തോടെ നിന്നാൽ, കേരളത്തിലെ കൃഷിക്കാർക്കും, തൊഴിലാളികൾക്കും, സാധാരണക്കാർക്കും ഏറെ പ്രയോജനം ഉണ്ടാകുന്നതും, കേരളത്തിന്റെ വികസനത്തിന് വലിയതോതിൽ മുന്നോട്ട് കുതിച്ചു പോകുവാൻ കഴിയുന്നതുമായ സാഹചര്യം ഉണ്ടാകും എന്നതിൽ സംശയമില്ല തോമസിന്റെ വാക്കുകൾ.
അടുത്ത ഒരു വർഷം കൊണ്ടെങ്കിലും കേരളാ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ 1964ലെ അതേ ശൈലിയിൽ ശക്തമാക്കാനും, അതുവഴി കേരളത്തിന് വൻ നേട്ടമുണ്ടാക്കാനും കേരളാ കോൺഗ്രസിനെ സ്‌നേഹിക്കുന്ന എല്ലാവരും തുനിയണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന ആരു ഗൗനിക്കുമെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. കോൺഗ്രസ് നേതാവ് പി.ടി. ചാക്കോ (പി.സി. തോമസിന്റെ പിതാവ്) ആഭ്യന്തരമന്ത്രിയായിരിക്കവേ തൃശൂരിൽ അപകടത്തിൽപ്പെട്ടപ്പോൾ കാറിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന പ്രചാരണമാണ് കേരള കോൺഗ്രസിന്റെ പിറവിക്കു ഹേതുവായത്. മന്ത്രിസ്ഥാനം രാജിവച്ച ചാക്കോ ഹൃദയസ്തംഭനത്തെത്തുടർന്നു മരിച്ചതോടെ കോൺഗ്രസുമായി തെറ്റിയ കെ.എംജോർജും ആർ.ബാലകൃഷ്ണപിള്ളയും അടക്കമുള്ള നേതാക്കൾ എൻ.എസ്.എസിന്റെ പിന്തുണയോടെ കേരള കോൺഗ്രസ് രൂപീകരിച്ചു. കെ.എം. ജോർജ് പാർട്ടി ചെയർമാനായി.
കോട്ടയം തിരുനക്കര മൈതാനത്ത് 1964 ഒക്ടോബർ ഒൻപതിന് മന്നത്തു പത്മനാഭൻ പ്രഖ്യാപിച്ച 'കേരളാ കോൺഗ്രസ്' മുന്നോട്ടുവച്ചത്, 'ദേശീയ വീക്ഷണമുള്ള ഒരു പ്രാദേശിക കക്ഷി' എന്ന നിലയിൽ പ്രവർത്തിക്കും എന്ന വാഗ്ദാനമാണ്. അതിനോട് അന്ന് ജനങ്ങൾ പ്രതികരിച്ചത് 1965ലെ തെരഞ്ഞടുപ്പിൽ ഉജ്വല വിജയം നൽകിക്കൊണ്ടാണ്. എല്ലാ പാർട്ടികളും ഒറ്റയ്ക്ക് മത്സരിച്ച ആ വർഷം സി.പി.എമ്മിന് 40 സീറ്റും, കോൺഗ്രസിന് 34 സീറ്റും ലഭിച്ചപ്പോൾ കേരളാ കോൺഗ്രസിന് 25 സീറ്റും ഒരു സ്വതന്ത്രനും, ഉൾപ്പെടെ 26 സീറ്റു കിട്ടി. 1965ലെ തിരഞ്ഞെടുപ്പിൽ 26 സീറ്റുനേടി കേരള കോൺഗ്രസ് ആദ്യ ചുവടുവച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിനു കഴിഞ്ഞില്ല.
അടിയന്തരാവസ്ഥക്കാലത്ത് കേരള കോൺഗ്രസ് നേതാക്കളായ കെ.എം. ജോർജും ബാലകൃഷ്ണപിള്ളയും ജയിലിലായി. അച്യുതമേനോൻ സർക്കാരിൽ ചേരാനുള്ള നിർദേശം ഇന്ദിരാ ഗാന്ധി മുന്നോട്ടുവച്ചു. കേരള കോൺഗ്രസ് മന്ത്രിസഭയിൽ ചേരാനുള്ള തീരുമാനമെടുത്തതോടെ പാർട്ടിയിൽ തർക്കങ്ങളും ആരംഭിച്ചു. പാർട്ടി ചെയർമാനും പാർലമെന്ററി പാർട്ടി നേതാവും ഒരാളാകാൻ പാടില്ലെന്ന നിർദേശവുമായി വന്നു കെ.എം. മാണി. കെ.എം. ജോർജ് പാർട്ടി ചെയർമാൻ ആയതിനാൽ 1975 ഡിസംബർ 26ന് കെ.എം. മാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബാലകൃഷ്ണപിള്ളയും മന്ത്രിയായി.
ഭിന്നതകൾ മറ നീക്കിയത് ഈ ഘട്ടത്തിലാണ്. വൈകാതെ പിള്ള രാജിവച്ചു. പകരം മന്ത്രിയായ കെ.എം. ജോർജ് 1976 ജൂൺ 26ന് അന്തരിച്ചു. മാണിയുടെ ചതിയിൽ മനം നൊന്താണ് സ്ഥാപക ചെയർമാൻ മരിച്ചതെന്ന് ബാലകൃഷ്ണപിള്ള ആരോപിച്ചത് തർക്കങ്ങൾ രൂക്ഷമാക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ മാണി ആഭ്യന്തരമന്ത്രിയായി. കേരള കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനത്തേക്കും മാണിയെത്തി.
വിട്ടുപോയ കുതിര
കരുണാകരനു സ്ഥാനം ഒഴിയേണ്ടിവന്നപ്പോൾ ആന്റണി മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പ് കേസിനെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നപ്പോൾ പകരം പി.ജെ. ജോസഫ് മന്ത്രിയായി. മാണി കേസ് ജയിച്ചു തിരികെയെത്തിയപ്പോൾ ജോസഫ് രാജിവച്ചു. പകരം പാർട്ടി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് പിളർപ്പുകളിൽനിന്ന് പിളർപ്പുകളിലേക്ക് പാർട്ടിയെ നയിച്ചത്. കുതിരയെന്ന പാർട്ടിചിഹ്നത്തിനായുള്ള തർക്കമാകട്ടെ തീർപ്പാകാതെ നീണ്ടു. കെ.എം. ജോർജിന്റെ മരണത്തിനു മുൻപ് ജോർജിന്റെയും മാണിയുടെയും ഗ്രൂപ്പുകളാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്. ജോർജിന്റെ മരണത്തോടെ 77ൽ ബാലകൃഷ്ണപിള്ള പുതിയ പാർട്ടിയുണ്ടാക്കി.
77ലെ തിരഞ്ഞെടുപ്പിൽ മാണി യു.ഡി.എഫിലും പിള്ള ഇടതുപക്ഷത്തുമായി. 1979ൽ കെ.എം. മാണിയുമായി തെറ്റി പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി രൂപീകരിച്ചു. ടി.എം. ജേക്കബ് ജോസഫിനൊപ്പമായിരുന്നു. 1980ൽ ആന്റണി ഗ്രൂപ്പ് കോൺഗ്രസ് ഇടതുപക്ഷത്തെത്തിയപ്പോൾ മാണിയും ജോസഫും ഇടതുപക്ഷത്തെത്തി. 1982ൽ യു.ഡി.എഫിലേക്ക് തിരിച്ചുപോയപ്പോൾ മാണിയും ജോസഫും ബാലകൃഷ്ണപിള്ളയും ഒരുമിച്ചു. 1987ൽ മാണിയും ജോസഫും വീണ്ടും വേർപിരിഞ്ഞ് യു.ഡി.എഫിൽ തന്നെ നിലകൊണ്ടു. ടി.എം. ജേക്കബ് മാണിക്കൊപ്പം നിന്നു. പിള്ള ജോസഫിനൊപ്പവും. 1989ൽ ജോസഫും പിള്ളയും പിളർന്ന് കേരള കോൺഗ്രസ്(ബി) നിലവിൽവന്നു.
1989ൽ ഇടതു മുന്നണിയിലേക്ക് പോയ ജോസഫിനൊപ്പം പി.സി. ജോർജും ഉണ്ടായിരുന്നു. 1993ൽ ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ടപ്പോൾ ജേക്കബ് ഗ്രൂപ്പ് നിലവിൽ വന്നു. 95ൽ പിള്ള ഗ്രൂപ്പിൽനിന്ന് ജോസഫ് എം. പുതുശേരി പിളർന്ന് പുതിയ പാർട്ടിയുണ്ടാക്കി. പിന്നീട് പുതുശേരി മാണിയുടെ പാർട്ടിയിലെത്തി. 2003ൽ വീണ്ടും പിളർപ്പ്. മാണിയുമായി അകന്ന് പുറത്തുപോയ പി.സി. തോമസ് ഐ.എഫ.്ഡി.പി എന്ന പുതിയ പാർട്ടിയുണ്ടാക്കി. മൂവാറ്റുപുഴയിൽനിന്ന് ജയിച്ച് എൻ.ഡി.എ മന്ത്രിസഭയിലെത്തി. കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായി നിന്ന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു.
ജോസഫിൽനിന്ന് അകന്ന് പി.സി. ജോർജ് കേരള കോൺഗ്രസ് സെക്യുലർ പാർട്ടിയുണ്ടാക്കിയെങ്കിലും പിന്നീട് മാണിയുമായുള്ള ശത്രുത അവസാനിപ്പിച്ച് കേരള കോൺഗ്രസിലെത്തി പാർട്ടി വൈസ് ചെയർമാനായി. 2010ൽ ജോസഫും ഇടതു മുന്നണിവിട്ട് മാണിക്കൊപ്പമെത്തി. മാണി ചെയർമാൻ, പി.ജെ. ജോസഫ് വർക്കിങ് ചെയർമാൻ, പി.സി. ജോർജ് വൈസ് ചെയർമാൻ. മന്ത്രിസ്ഥാനം കിട്ടാതെ വന്നതോടെ പി.സി. ജോർജ് മാണിയുമായി ഉടക്കി. ചീഫ് വിപ്പ് പദവി നൽകിയെങ്കിലും പാർട്ടിക്കുള്ളിലെ സംഘർഷം വർധിച്ചു. ഒടുവിൽ പി.സി. ജോർജ് പാർട്ടിവിട്ട് സ്വന്തം ജനപക്ഷം പാർട്ടിയുണ്ടാക്കി. ഇരു മുന്നണികളും പിന്തുണ നൽകാതെവന്നതോടെ ബി.ജെ.പി ചേരിയിലെത്തി.
ഉമ്മൻ ചാണ്ടിയുടെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെത്തുടർന്ന് കെ. കരുണാകരൻ രൂപീകരിച്ച ഡി.ഐ.സിയിലേക്ക് പോയ ടി.എം. ജേക്കബ് പിന്നീടു യു.ഡി.എഫിലേക്ക് തിരിച്ചുവന്നു. അടുത്ത തവണ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായി. മന്ത്രിയായിരിക്കെ അന്തരിച്ചതിനെത്തുടർന്ന് മകൻ അനൂപ് ജേക്കബ് മന്ത്രിയായി. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ആന്റണി രാജു അടക്കമുള്ള നേതാക്കൾ ഇടതുമുന്നണിയിലേക്ക് പോയതായിരുന്നു അടുത്ത പിളർപ്പ്. ജോസഫിന്റെ ഒപ്പമുണ്ടായിരുന്ന ഇവർ ഇടതു പക്ഷത്തേക്ക് മാറിയെങ്കിലും ജോസഫ് പോയില്ല. ജനാധിപത്യ കേരള കോൺഗ്രസ് എന്ന ആ പാർട്ടിയിൽ നിന്നു പിന്നീട് പി.ജെ. ജോസഫിനൊപ്പം ചേർന്ന ഫ്രാൻസിസ് ജോർജ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ(എം) സിറ്റിംഗ്് എം.പി ആയിരുന്ന തോമസ് ചാഴികാടനെ കോട്ടയത്തു തോൽപ്പിച്ച് എം. പി ആയി.
കെ.എം. മാണിയുടെ മരണത്തോടെ പാർട്ടിയിൽ വീണ്ടും കലാപക്കൊടി ഉയർന്നിരുന്നതിന്റെ അനുബന്ധമായാണ് ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്(എം) ഇടതുമുന്നണിയിലെത്തിയത്. ജോസ് കെ.മാണി വിഭാഗം 2020ൽ എൽ.ഡി.എഫിന്റെ ഭാഗമായെങ്കിലും ജോസഫ് വിഭാഗം യു.ഡി.എഫിൽ തുടർന്നു. കെ.എം.മാണി അന്തരിച്ചപ്പോൾ ഒഴിവുവന്ന ചെയർമാൻ പദവിയെച്ചൊല്ലിയുള്ള ഏറ്റുമുട്ടൽ കേരള കോൺഗ്രസിനെ വീണ്ടും പിളർപ്പിലെത്തിച്ചു. ചെയർമാനെ തിരഞ്ഞെടുക്കാൻ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തിൽ ജോസ് കെ.മാണി ബദൽ യോഗം വിളിക്കുകയായിരുന്നു. കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിൽ ജോസ് കെ.മാണിയെ കേരള കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുത്തു.
ഇടതു മുന്നണിയിലെത്തി നിയമസഭയിലേക്കു തോറ്റെങ്കിലും ജോസ് കെ.മാണിക്കു രാജ്യസഭാംഗത്വം ലഭിച്ചു. കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (ജേക്കബ്) എന്നീ വിഭാഗങ്ങളാണ് ഇപ്പോൾ യു.ഡി.എഫിലുള്ളത്. കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) എന്നിവർ എൽ.ഡി.എഫിലാണ്. പി.സിജോർജിന്റെ കേരള ജനപക്ഷം സെക്കുലർ ബി.ജെ.പിയിൽ ലയിച്ചു. ഇപ്പോൾ നിയമസഭയിൽ അഞ്ചു കേരള കോൺഗ്രസുകൾക്കു പ്രാതിനിധ്യമുണ്ട്.
ജോസ് കെ.മാണി നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിനു (എം) മാത്രമാണ് സംസ്ഥാന പാർട്ടിയെന്ന അംഗീകാരമുള്ളത്. കേരള കോൺഗ്രസിന് (എം) 2 എം.പിമാരും 5 എം.എൽ.എമാരും നിലവിലുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധി ആന്റണി രാജുവാണ്. എൽ.ഡി.എഫിന്റെ ഘടക കക്ഷിയായ സ്‌കറിയ തോമസ് ഗ്രൂപ്പിന് എം.എൽ.എ ഇല്ല. യു.ഡി.എഫിന്റെ ഭാഗമായ പി.ജെ ജോസഫ് വിഭാഗത്തിനു രണ്ട് എം.എൽ.എമാർ ഉണ്ട്. ജേക്കബ് ഗ്രൂപ്പിന് അനൂപ് ജേക്കബ് ആണ് എം.എൽ.എയായുള്ളത്. അന്തരിച്ച ആർ.ബാലകൃഷ്ണ പിള്ളയുടെ ഗ്രൂപ്പിന് കെ.ബി.ഗണേഷ് കുമാർ മന്ത്രിയായുണ്ട്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1