സുഭാഷ് ചന്ദ്രബോസ് ബംഗാളികൾക്കു മാത്രമല്ല ഭാരതിയരുടെ മുഴുവൻ അഭിമാനമാണ്. അതുപോലെ ബംഗാളികളുടെ ആനന്ദവും അഭിമാനവുമായി മാറാൻ 2022 ൽ കൽക്കട്ടയ്ക്കു തിരിച്ചയാളാണ് ഡോ. സി.വി. ആനന്ദ ബോസ്. അതും അവിടെ ഗവർണറുടെ കുപ്പായം അണിഞ്ഞുകൊണ്ടുതന്നെ കോട്ടയം മന്നാനം സ്വദേശിയായ ഇദ്ദേഹം ചില്ലറക്കാരനൊന്നുമല്ല.
മുന്തിയ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, മാനേജ്‌മെന്റ് ഗുരു, ഭവന വിദഗ്ധൻ, അതി നൂതനാശയ വിദ്വാൻ, മർമം നോക്കി നർമ്മും വാരിവിതറാൻ കഴിയുന്നവൻ, വാഗ്മി എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്ര കഴിവുകളാൽ അനുഗ്രഹീതൻ. തീർന്നില്ല വിശേഷണങ്ങൾ, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ചു.
യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ, ജില്ലാ കളക്ടർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിച്ച് വിജയക്കൊടി നാട്ടിയതോടെ ഐക്യരാഷ്ട്രസഭയുമായി കൂടിയാലോചനാ പദവിയിലുള്ള ഹാബിറ്റാറ്റ് അലയൻസിന്റെ ചെയർമാനാൻ പദവിവാരെ പിന്നാലെ വന്നു എന്നാണ് ചരിത്രം.
അങ്ങിനെയുള്ള ഒരാൾക്ക് സാധാരണക്കാരെപ്പോലെയൊക്കെ ചുറ്റിത്തിരിഞ്ഞ് കാലം കഴിക്കാൻ കഴിയുമോ..? അപ്പോഴാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി ബംഗാളിൽ ഗവർണറാക്കി കുടിയിരുത്തുമെന്നു പറയുന്നത്. ഇടംവലം നോക്കാതെ ആ പദവി കരഗതമാക്കാൻ പാഞ്ഞു. ഗവർണർ കസേരയിൽ ഇരുന്നപ്പോഴെല്ലെ സംഗതിയുടെ കിടപ്പുവശം പിടികിട്ടിയത്. അവിടെ അന്നു ഭരിക്കുന്നത് മമതാ ബാനർജിയാണ്. പിന്നത്തെ സ്ഥിതി കുരങ്ങ് പാമ്പിനെ പിടിച്ചതുപോലായി. പിടിവിടാനും വയ്യപിടിമുറുക്കാനും വയ്യ. കക്ഷിയുടെ ജീവിതത്തിലിതുപോലൊരു അവസ്ഥ ഇതിനുമുമ്പൊന്നും ഉണ്ടായിക്കാണില്ല. ഇനി എങ്ങിനെ ജീവനും കൊണ്ട് പുറത്തുകടക്കും എന്ന ചിന്തമാത്രമായി.
മുൻ ബംഗാൾ ഗവർണർ രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻകർ ഒരു കണക്കിന് ബംഗാളിൽ നിന്നും രക്ഷപെട്ടു. സ്ഥാനക്കയറ്റം കിട്ടി എന്നു മാലോകർ കരുതിയ ഉപരാഷ്ട്രപതി സ്ഥാനത്താണ് എത്തിയത്. എരുതീയിൽ നിന്നും വറചട്ടിയിലേക്കു വീണ അനുഭവം ഉണ്ടായതോടെ രായ്ക്ക് രാമാനം രാജി എഴുതിക്കൊടുത്ത് സ്ഥലം കാലിയാക്കി.
അതുപോലെ
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി
നിൽക്കെ, ആനന്ദബോസും ഗവർണർ സ്ഥാനം ഇട്ടെറിഞ്ഞ് എവിടെയോ പോയി മറഞ്ഞു.
സർവ്വീസിൽ
നല്ല പേരുണ്ടാക്കിയ മുൻ വൈസ് ചാൻസിലർ ഡോ. കെ.എസ്. രാധാകൃഷ്ണനും ശ്രീലേഖയും
സെൻകുമാറുമൊക്കെ അധികാര വ്യാമോഹത്താൽ ചെന്നു ചാരി നിൽക്കുന്ന ഇടത്ത്
നിന്ന് മനസമാധനം നഷ്ടപ്പെട്ട് ഒരു നാൾ ഇതുപോലെ അപ്രത്യക്ഷരാകുന്ന കാഴ്ചയും
നമുക്ക് കൺകുളിർക്കെ കാണേണ്ടിവരുമെന്നത് മൂന്നതരം.!
അതുകൊണ്ട് മുന്തിയ ഇനം ഉദ്യോഗം ഭരിച്ച് അതിലും മുന്തിയ പെൻഷനും പറ്റി വയസുകാലത്ത് നാട്ടുകാർക്ക് നല്ല ഉപദേശം കൊടുത്തും കൊച്ചു മക്കളെ കളിപ്പിച്ചും ജീവിതം അനന്ദകരമാക്കാൻ നോക്കുയാണ് ഇനിയെങ്കിലും വേണ്ടത്. അല്ലാതെ വാഗ്ദാനപ്പെരുമഴയിൽ ബി.ജെ.പി വിളിച്ച് പാട്ടിലാക്കാൻ നോക്കി അതിൽ പെട്ടുപോയാൽ ആനന്ദ ബോസിന്റെതിലും കഷ്ടത്തിലാകാം നിങ്ങൾ എന്നറിയുക...!
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
